‘കേരളത്തിന്റെ വിജയം’; എല്ലാവര്‍ക്കും നന്ദി, കേസ് റദ്ദാക്കണമെന്ന് കന്യാസ്ത്രീകളുടെ കുടുംബം

‘കേരളത്തിന്റെ വിജയം’; എല്ലാവര്‍ക്കും നന്ദി, കേസ് റദ്ദാക്കണമെന്ന് കന്യാസ്ത്രീകളുടെ കുടുംബം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ നന്ദി പറഞ്ഞ് കന്യാസ്ത്രീകളുടെ കുടുംബം. ജാമ്യം ലഭിച്ചത് ആശ്വാസകരമെന്ന് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെയും സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളം കാത്തിരുന്ന വിധിയാണെന്ന് രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രണ്ടുപേര്‍ ജാമ്യം നില്‍ക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

‘ജാമ്യം ലഭിക്കാനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി. കേരളത്തിലെ ജാതി മത ഭേദമന്യേ അവരുടെ ജാമ്യത്തിനായി പ്രാര്‍ഥന നടത്തി. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഇടപെട്ടു. ആരുടെയും പേര് എടുത്തുപറയുന്നില്ല. എല്ലാവര്‍ക്കും ഒറ്റവാക്കില്‍ നന്ദി’ അറസ്റ്റിലായ കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.

എല്ലാവരും ആഗ്രഹിച്ച നിമിഷമാണ് ഇതെന്നായിരുന്നു അങ്കമാലി എംഎല്‍എ റോജി എം ജോണിന്റെ പ്രതികരണം. ഇവരുടെ വിഷമം എല്ലാദിവസവും തങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെതിരെ എടുത്ത കേസ് എത്രയും വേഗം റദ്ദ് ചെയ്യണമെന്ന് ജോണ്‍ബ്രിട്ടാസ് എംപി പറഞ്ഞു. ജാമ്യം ലഭിക്കുംവരെ ഇവിടെ നില്‍ക്കുമെന്ന് കന്യാസ്ത്രീകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ഥനയുടെ ഫലം കണ്ടുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചതില്‍ സന്തോഷം ഉണ്ട്. നീതിയും ന്യായവും അവരുടെ ഭാഗത്തായിട്ടുപോലും ഛത്തീസ്ഗഡ് സര്‍ക്കാര്‍ അവരെ വേട്ടയാടിയതായും അദ്ദേഹം പറഞ്ഞു. ഒന്‍പത് ദിവസമായി ഇന്ത്യ കണ്ട പ്രത്യേക പോരാട്ടമാണ് ഛത്തീസ്ഗഡില്‍ കണ്ടതെന്നും കെസി പറഞ്ഞു.

എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. രാഷ്ട്രീയ സാമൂഹിക മേഖലയിലെ വിവിധ വ്യക്തികള്‍ ജാമ്യം ലഭിക്കാന്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചു. വേണ്ട രീതിയില്‍ ഇടപെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍കക്ക് നന്ദി. കേസ് എത്രയും വേഗം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനപ്രകാരം നല്‍കപ്പെട്ട മതസ്വാതന്ത്യം ധ്വംസിക്കപ്പെടരുത്. ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമാണ് രാജ്യത്തെ വിവിധ ഇടങ്ങളില്‍ കാണുന്നത്. ക്രിസ്ത്യന്‍ സമൂഹം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ല. പൗരന്‍മാര്‍ എന്നനിലയില്‍ ഭരണഘടന അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ ആവശ്യമായ നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകുന്നത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. കോടതി ഉത്തരവ് ജയിലില്‍ എത്തുന്നതോടെ ഇവര്‍ ജയില്‍ മോചിതരാകും.

‘സൗജന്യ വിമാന ടിക്കറ്റ് നൽകാമെന്ന പരസ്യത്തിൽ വീഴരുത്; സൈബർ തട്ടിപ്പിൽ നിന്ന് രക്ഷപെടാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം’

‘സൗജന്യ വിമാന ടിക്കറ്റ് നൽകാമെന്ന പരസ്യത്തിൽ വീഴരുത്; സൈബർ തട്ടിപ്പിൽ നിന്ന് രക്ഷപെടാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം’

ദുബൈ: എമിറേറ്റ്‌സ് വിമാനങ്ങളിലെ യാത്രാ ടിക്കറ്റ് സമ്മാനമായി നൽകാമെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന തട്ടിപ്പിനെതിരെ യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. സൗജന്യമായി ടിക്കറ്റ് നൽകാമെന്ന വ്യാജേന എമിറേറ്റ്‌സ് എയർ ലൈൻസിന്റെ ഔദ്യോഗിക ചിഹ്നങ്ങളും മറ്റും ഉപയോഗിച്ചാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത്. ഈ തട്ടിപ്പിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും പണവും നഷ്ടമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വിവിധ ബാങ്കുകളുടെ പേരിൽ വ്യാജ സന്ദേശം അയച്ചാണ് തട്ടിപ്പ് ആരംഭിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് ബാങ്ക് ബോണസ് ആയി എമിറേറ്റ്‌സ് വിമാനങ്ങളിലെ യാത്രാ ടിക്കറ്റ് സൗജന്യമായി നൽകുന്നു എന്നാകും സന്ദേശം. ചിലപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യതാൽ 50 % വരെ ഇളവ് നൽകും എന്ന തരത്തിലും സന്ദേശം ലഭിക്കും. തുടർന്ന് തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വിലപ്പെട്ട വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടും.

വിവിധ ബാങ്കുകളുടെ പേരിൽ വ്യാജ സന്ദേശം അയച്ചാണ് തട്ടിപ്പ് ആരംഭിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് ബാങ്ക് ബോണസ് ആയി എമിറേറ്റ്‌സ് വിമാനങ്ങളിലെ യാത്രാ ടിക്കറ്റ് സൗജന്യമായി നൽകുന്നു എന്നാകും സന്ദേശം. ചിലപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യതാൽ 50 % വരെ ഇളവ് നൽകും എന്ന തരത്തിലും സന്ദേശം ലഭിക്കും. തുടർന്ന് തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വിലപ്പെട്ട വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടും.

കമ്പനിയുടെത് എന്ന് തോന്നിക്കുന്ന വ്യാജ വെബ്സൈറ്റുകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും ലിങ്കുകൾ വഴിയും തട്ടിപ്പ് നടക്കുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങൾക്ക് സന്ദേശം ലഭിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ യൂസർ നെയിം @emirates_off1cial എന്നായിരിക്കും. യഥാർത്ഥത്തിൽ @emirates എന്നാണ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ യൂസർ നെയിം. വെബ്സൈറ്റുകൾ കേന്ദ്രികരിച്ചും ഈ തട്ടിപ്പ് നടക്കുന്നുണ്ട്. എമിറേറ്റ്‌സിന്റെ ഔദ്യോഗിക സൈറ്റുകളുടെ യു ആർ എൽ www.emirates.com എന്നാണ്. പക്ഷെ തട്ടിപ്പുകാർ അയക്കുന്നത് emirates-off1cial.com എന്നായിരിക്കും.

ചിലപ്പോൾ ബാങ്കുമായി ബന്ധപ്പെട്ടും വ്യാജ യു ആർ എൽ ലഭിച്ചേക്കാം ഉദാഹരത്തിന് login.bank-secure[.]com എന്നായിരിക്കും തട്ടിപ്പുകാർ അയക്കുന്ന ലിങ്ക്. ഇതിൽ ക്ലിക്ക് ചെയ്യുന്നത് വഴി സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. കാഴ്ചയിൽ ഒരു പോലെ തോന്നുമെങ്കിലും ഇവയുടെ സ്പെല്ലിങ് കൃത്യമായി പരിശോധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

വിവിധ നിക്ഷേപ പദ്ധതികളിൽ പണം അടച്ചാൽ വലിയ വരുമാനവും ഫ്രീ ആയി വിമാന ടിക്കറ്റ് നൽകാം എന്ന തരത്തിലും തട്ടിപ്പ് നടത്തുന്നുണ്ട്. ഇങ്ങനെ നിക്ഷേപിക്കുന്ന പണവുമായി തട്ടിപ്പുകാർ മുങ്ങിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എങ്ങനെ തട്ടിപ്പിൽ നിന്ന് രക്ഷപെടാം

സന്ദേശം ലഭിക്കുന്ന അക്കൗണ്ടുകൾ ബ്ലൂ ടിക്ക് ലഭിച്ചിട്ടുള്ള കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ട് ആണോ എന്ന് പരിശോധിക്കുക. വെബ്സൈറ്റുകളുടെ യു ആർ എല്ലിന്റെ സ്പെല്ലിങ് ശരി ആണോ എന്ന് ഉറപ്പ് വരുത്തുക. തട്ടിപ്പുകാരുടെ സൈറ്റുകളിൽ നിറയെ അക്ഷര പിഴവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അവയും നിരീക്ഷിക്കുക.

ScamAdviser.com എന്ന വെബ്സൈറ്റിലൂടെയും യു എ ഇയിൽ ഉള്ളവർക്ക് staysafe.csc.gov.ae/ എന്ന സൈറ്റിലൂടെയും നിങ്ങൾക്ക് ലഭിച്ച ലിങ്കുകൾ യഥാർത്ഥമാണോ എന്ന് പരിശോധിക്കാം.

കമ്പനികളുടെ ഔദ്യോഗിക സൈറ്റുകൾ, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയോ അയക്കുന്ന സന്ദേശം മാത്രമാണ് ശരിയായിട്ടുള്ളത്. ബാക്കി എല്ലാം തട്ടിപ്പുകാർ നിങ്ങളെ കുടുക്കാനായി വിരിക്കുന്ന വലകളാണ്.തട്ടിപ്പ് നടന്നു എന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കുക. ഒരു പക്ഷെ നിങ്ങളുടെ പണം പൊലിസിന് കണ്ടെത്തി നൽകാൻ സാധിച്ചേക്കും.

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സുരക്ഷാ സേന വധിച്ചു; ഓപ്പറേഷന്‍ ‘അഖാല്‍’ തുടരുന്നു

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സുരക്ഷാ സേന വധിച്ചു; ഓപ്പറേഷന്‍ ‘അഖാല്‍’ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം. തീവ്രവാദികള്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷന്‍ ‘അഖാല്‍’ എന്ന പേരിലായിരുന്നു സൈനിക നീക്കം.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ മൂന്ന് തീവ്രവാദികളെ വധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍. ജൂലൈ 28ന് ശ്രീനഗറിനു സമീപം ദച്ചിന്‍ഗാമിലെ ലിഡ് വാസിലെ വനമേഖലയില്‍ നടത്തിയ ‘ഓപ്പറേഷന്‍ മഹാദേവി’ലൂടെയാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഷിം മൂസ, ജിബ്രാന്‍, ഹംസ അഫ്ഗാനി എന്നിവരെ സൈന്യം വധിച്ചത്.

മരിച്ച സ്ത്രീ ജീവനോടെ! മരണ സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷകന്‍ ഭര്‍ത്താവ്; ബിഹാറിലെ വോട്ടര്‍പട്ടിക പുനഃപരിശോധനയിലെ വിവരങ്ങള്‍

മരിച്ച സ്ത്രീ ജീവനോടെ! മരണ സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷകന്‍ ഭര്‍ത്താവ്; ബിഹാറിലെ വോട്ടര്‍പട്ടിക പുനഃപരിശോധനയിലെ വിവരങ്ങള്‍

പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പുനഃപരിശോധിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീട് തോറും കയറിയിറങ്ങുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ പരിശോധനയില്‍ പുറത്തുവരുന്നത്. മൂന്ന് മാസം മുമ്പ് മരിച്ചെന്ന് പറയുന്ന സ്ത്രീ ഇപ്പോഴും ജീവനോടെയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.

കഴിഞ്ഞ മാസം പട്‌നയിലെ ഗ്രാമപ്രദേശമായ ധനാറുവയില്‍ താമസിക്കുന്ന ശിവരഞ്ജന്‍ കുമാറിന്റെ വീട്ടില്‍ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി ബിഎല്‍ഒ എത്തിയപ്പോഴാണ് നിഷ കുമാരി എന്ന സ്ത്രീയെ ജീവനോടെ കണ്ടെത്തിയത്. നിഷ കുമാരി മരിച്ചതായാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്. മെയ് 5ന് സംസ്ഥാന സര്‍ക്കാര്‍ മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ റവന്യൂ, ലാന്‍ഡ് റിഫോംസ്, രജിസ്‌ട്രേഷന്‍ വകുപ്പാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ഉദ്യോഗസ്ഥന്‍ മനസിലാക്കി. വിവരാവകാശ നിയമപ്രകാരമാണ് നിഷയുടെ മരണസര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തത്.

എന്നാല്‍ തന്റെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ആരാണെന്നറിയാനായിരുന്നു പിന്നീട് നിഷയുടെ ശ്രമം. ഇതിനായി ബിഡിഒ(ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍) ധനാറുവയ്ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. അപ്പോഴാണ് നിഷയെ ശരിക്കും ഞെട്ടിയത്. മരണസര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത് നിഷയുടെ ഭര്‍ത്താവ് തന്നെയായിരുന്നു. അംഗന്‍വാരി സേവിക അംഗം, പഞ്ചായത്ത് സചിവ്, മുഖിയ എന്നിവരുടെ ഒപ്പും സീലുമില്ലാതെ എങ്ങനെയാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതൊന്നും ഇല്ലാതെ എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് ബ്ലോക്ക് ഓഫീസിലെ ഒരു ജീവനക്കാരന്‍ ചോദിക്കുന്നു. ദമ്പതികള്‍ക്കിടയില്‍ വളരെ കാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് ശിവരഞ്ജന്‍ ഭാര്യ മരിച്ചതായി പ്രഖ്യാപിച്ചെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

പത്താം ദിവസം മോചനം; ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

പത്താം ദിവസം മോചനം; ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്‍മേലാണ് ഇന്നലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നു ചുണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. അതേസമയം കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരായ അമൃതോദോസ് വാദിച്ചു. ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്നുവെന്ന് പറയാനാകില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടാത്തതിനാല്‍ അവര്‍ ജയിലില്‍ തുടരേണ്ട കാര്യമില്ല. കന്യാസ്ത്രീകള്‍ക്ക് ഒരുതരത്തിലുമുള്ള ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കന്യാസ്ത്രീകള്‍ക്കെതിരെ എന്തുതെളിവാണ് ഉളളതെന്ന് കോടതി ചോദിച്ചപ്പോഴാണ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരെ പരാതി നല്‍കിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കായി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിര്‍ത്തു.

മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റിലായ അന്നുമുതല്‍ ഇവര്‍ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ്.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ: വിധി ഇന്ന്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ: വിധി ഇന്ന്

ഡല്‍ഹി: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പ്രത്യേക എന്‍ഐഎ കോടതി ഇന്ന് വിധി പറയും. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.

സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കു വന്നപ്പോഴാണ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയില്‍ പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വാദത്തിനിടെ കേസ് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു.

ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും ഇക്കാര്യം ഉറപ്പു നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയര്‍ന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.