പൊതുപ്രവേശന പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍; അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം

പൊതുപ്രവേശന പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍; അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പബ്ലിക് എക്‌സാമിനേഷന്‍സ് ( പ്രിവെന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) അമെന്‍ഡ്‌മെന്റ് ബില്‍ എന്ന പേരിലുള്ള ബില്‍, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബിൽ അവതരണം.

പ്രതിപക്ഷവും രാജ്യത്തെ യുവാക്കളും ആവശ്യപ്പെട്ട ബില്ലാണ് സർക്കാർ അവതരിപ്പിക്കുന്നതെന്നും, പ്രതിപക്ഷം ഈ ബില്ലുമായി സഹകരിക്കണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു. തുടർന്ന് ശബ്ദ വോട്ടോടെ ബിൽ അവതരിപ്പിക്കാൻ അനുമതി നൽകി. ബില്ലിന്മേൽ ഒരു മണി വരെ നിർദേശങ്ങൾ സമർപ്പിക്കാമെന്ന് സ്പീക്കർ ഓം ബിർല അറിയിച്ചു. വളരെ പ്രധാനപ്പെട്ട ബില്ലാണ്. നിങ്ങൾ ആവശ്യപ്പെട്ട ചർച്ചയാണ് നടക്കാൻ പോകുന്നത്. നിങ്ങൾക്ക് പറയാനുള്ള നിർദേശങ്ങളെല്ലാം സഭയിൽ വെക്കാവുന്നതാണെന്നും സ്പീക്കർ വ്യക്തമാക്കി.

പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. എന്നാല്‍ രാജ്യതലസ്ഥാനത്ത് നിഷ്‌കളങ്കരായ വിദ്യാര്‍ഥികളുടെ രക്തമൊഴുകിയെന്ന് രാജ്യസഭയില്‍ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ടുമണി വരെ നടപടികള്‍ നിര്‍ത്തിവെച്ചു. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയും വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്‍ സുഗന്ധതൈലം പൂശല്‍ മാത്രമാണെന്നും, വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണം കൊണ്ടുവരുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി അഭിപ്രായപ്പെട്ടു.

പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍, ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്തുവര്‍ഷം തടവും പത്ത് കോടി രൂപ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിചാരണക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കും. കേസുകളില്‍ മൂന്നുമാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.

യുഎഇയില്‍ തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍; 20 ശതമാനം സാധ്യതകളും ഈ മേഖലയില്‍

യുഎഇയില്‍ തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍; 20 ശതമാനം സാധ്യതകളും ഈ മേഖലയില്‍

അബുദാബി: യുഎഇയിലെ വ്യവസായ, ഊര്‍ജ്ജ മേഖലകളില്‍ തൊഴില്‍ മേഖലകളില്‍ വന്‍മാറ്റം. മേഖലയില്‍ നൂതന സാങ്കേതിക വൈദഗ്ധ്യത്തില്‍ ആവശ്യം വര്‍ദ്ധിക്കുമ്പോഴുണ്ടാകുന്ന മാറ്റമാണ് തൊഴില്‍ മേഖലയില്‍ പ്രതിഫലിക്കുന്നത്. സാങ്കേതിക അറിവുകളുള്ള ജീവനക്കാര്‍ക്ക് ആവശ്യക്കാരേറുന്നു. നിലവിലുള്ള തൊഴിലുകളില്‍ 20 ശതമാനവും റോബോട്ടിക്‌സ് ഓപ്പറേഷന്‍ സൂപ്പര്‍വൈസര്‍, എഐ സിസ്റ്റംസ് ക്വാളിറ്റി അഷുറന്‍സ് ടെക്‌നീഷ്യന്‍ തുടങ്ങിയവ പുതിയ തരം തസ്തികകളായി മാറുമെന്ന് യുഎഇ ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയം പുറത്തുവിട്ട ‘എമിറേറ്റ്‌സ് സ്‌കില്‍സ് ഇന്‍ഡിക്കേറ്റേഴ്‌സ്’ പ്രകാരം നിലവിലുള്ള 87 ശതമാനം ജോലികളിലും അഡ്വാന്‍സ്ഡ് എന്‍ജിനീയറിങ്, സെയില്‍സ് മേഖലകളിലും വിദഗ്ധര്‍ക്ക് ആവശ്യക്കാരേറും. നിര്‍മ്മിത ബുദ്ധിയും നാലാം വ്യവസായ വിപ്ലവവുമാണ് ഈ മാറ്റത്തിന് വേഗം കൂട്ടുന്നത്.

അതേസമയം, പരമ്പരാഗത ഭരണനിര്‍വ്വഹണ, ഓഫീസ് സഹായ തസ്തികകള്‍ ഉള്‍പ്പെടുന്ന 13 ശതമാനം ജോലികളും ഡിജിറ്റല്‍ വല്‍ക്കരണവും ഓട്ടോമേഷനും കാരണം വരുംദിവസങ്ങളില്‍ കുറഞ്ഞുവരും. ആഗോള വിപണിയില്‍ യുഎഇയുടെ മത്സരശേഷി നിലനിര്‍ത്തുന്നതിനായി വിദ്യാഭ്യാസ രംഗത്തെയും തൊഴില്‍ വിപണിയുടെ ആവശ്യകതകളെയും പരസ്പരം ബന്ധിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നും അധികൃതര്‍ പറഞ്ഞു.

‘ലോകകപ്പിൽ രോഹിത് ശർമ- വൈഭവ് സൂര്യവംശി ഓപ്പണിങ്’

‘ലോകകപ്പിൽ രോഹിത് ശർമ- വൈഭവ് സൂര്യവംശി ഓപ്പണിങ്’

മുംബൈ: അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തണമെന്നും രോഹിത് ശർമയ്ക്കൊപ്പം കൗമാര വിസ്മയത്തെ ഓപ്പണറാക്കി ഇറക്കണമെന്നും മുൻ ഇന്ത്യൻ താരവും ഇതിഹാസവുമായ ഫാറൂഖ് എൻജിനീയർ. നിലവിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലാണ് രോഹതിനൊപ്പം ഏകദിനത്തിൽ ഓപ്പണർ. ​ഗില്ലിനെ നാലാം സ്ഥാനത്തിറക്കണമെന്നും ഫാറൂഖ് എൻജിനീയർ വ്യക്തമാക്കി.

‘ശുഭ്മാൻ ​ഗില്ലും വൈഭവ് സൂര്യവംശിയും അടങ്ങുന്ന ബാറ്റിങ് നിര ടീമിനു അനുയോജ്യമായ അവസ്ഥ സൃഷ്ടിക്കും. ​ഗിൽ ക്ലാസ് കളിക്കാരനാണ്. നിലവിലെ ടീമിൽ ഏറ്റവും മികച്ച ബാറ്റർ ​ഗില്ലാണെന്നാണ് എന്റെ പക്ഷം. അതിനാൽ ​ഗിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം.’ ‌

‘പന്ത് വായുവിൽ ഉയർത്തിയടിക്കുന്ന ശൈലിയല്ല ​ഗില്ലിന്റേത്. അതിനാൽ ഏകദിനങ്ങളിൽ ഒരു ഇടം കൈയൻ- വലം കൈയൻ കോംപോ നിലനിർത്തുന്നതാകും ഉചിതം. അതിനാൽ രോഹിത് കളിക്കുന്നുണ്ടെങ്കിൽ (അദ്ദേഹം കളിക്കണം എന്നു തന്നെയാണ് എന്റെ ആ​ഗ്രഹം) അദ്ദേഹം സൂര്യവംശിയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യട്ടെ.’

‘സൂര്യവംശിയെപ്പോലെ ഒരു ബാറ്റർ ഓപ്പണറാകുന്നതാണ് കൂടുതൽ നല്ലത്. ഫീൽഡിലെ വിടവുകൾ കൃത്യമായി കണ്ടെത്താൻ അദ്ദേഹത്തിനു സാധിക്കും. വിരാട് കോഹ്‍‍ലി മൂന്നാമതും ​ഗിൽ നാലാം സ്ഥാനത്തും ഇറങ്ങുന്നതോടെ ഇന്ത്യക്ക് ശക്തമായ ബാറ്റിങ് നിരയെയാണ് ലഭിക്കുക.’

‘സൂര്യവംശിയെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് കൊണ്ടുവരാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഏകദിനവും ടി20യും തമ്മിൽ ആളുകൾ എന്തിനാണ് ഇത്രയധികം വേർതിരിച്ചു കാണുന്നതെന്നു എനിക്കു മനസിലാകുന്നില്ല. അദ്ദേഹം നിരന്തരം റൺസ് കണ്ടെത്തുന്നു. കൂടാതെ ഇന്നിങ്സ് ഓപ്പൺ ചെയ്യാനുള്ള ആത്മവിശ്വാസവും സൂര്യവംശിയ്ക്കുണ്ട്. വിജയങ്ങൾ സമ്മാനിക്കാൻ കെൽപ്പുള്ള ബാറ്ററാണ് സൂര്യവംശി. ഓപ്പണിങിൽ മികച്ച തുടക്കം നൽകുമ്പോൾ ബാക്കിയുള്ള താരങ്ങൾക്ക് ഇന്നിങ്സ് പടുത്തുയർത്താനു വലിയ സ്കോറിലേക്ക് എത്തിക്കാനും ആവശ്യത്തിനു സമയം കിട്ടും.’

‘ഷോർട്ട് ലെങ്ത് പന്തുകൾ പോലും സിക്സടിക്കാൻ മികവുള്ള താരമാണ് സൂര്യവംശി. സ്വന്തം തെറ്റുകളിൽ നിന്നു പാഠം പഠിച്ച് മുന്നേറാൻ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. സ്വയം നിയന്ത്രിക്കാനും പരിശീലിച്ചിട്ടുണ്ട്. അമിതമായി പരിശീലനത്തിൽ തളച്ചിട്ട് കൗമാര താരത്തിന്റെ പ്രതിഭയെ ഇല്ലാതാക്കരുത്. കോച്ചിങ് ബുക്കിലെ പരമ്പരാ​ഗത രീതിക്കു വഴങ്ങുന്ന താരമല്ല സൂര്യവംശി. മാത്രമല്ല ആ സ്റ്റൈൽ കോച്ചിങൊക്കെ കാലഹരണപ്പെട്ടതുമാണ്.’

‘സൂര്യവംശി പ്രതിഭയാണ്. വിവിയൻ റിച്ചാർഡ്സും സമാന മികവുകൾ കാണിച്ച താരമാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബാറ്ററാണ് വിവ്. സൂര്യവംശിയുമായി മുന്നോട്ടു പോകുക. അദ്ദേഹം ഇന്ത്യൻ ടീമിനു വലിയ സമ്പത്തായി മാറും’- ഫാറൂഖ് എൻജിനീയർ വ്യക്തമാക്കി.

അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ എസ്‌ഐടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവന്‍

അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ എസ്‌ഐടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവന്‍

ഡല്‍ഹി: ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് എസ്‌ഐടിയില്‍ നിയമിച്ചത്. തിരുവനന്തപുരം സ്വദേശിയും ലഖ്‌നൗ റേഞ്ച് ഐജിയുമായ എസ് കിരണിന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുക.

അയോധ്യ ഡിഐജി സോമെന്‍ ബര്‍മ, എസ്എസ്പി ഗൗരവ് ഗ്രോവര്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. അയോധ്യ സംഭാവനക്കൊള്ള അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുതിയ സംഘം രൂപീകരിക്കാന്‍ ഈ മാസം 13നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്. നേരത്തേ ലഖ്നൗ ഡിവിഷണല്‍ കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥനുമായ വിജയ് വിശ്വാസ് പന്തും സ്‌പെഷ്യല്‍ സെക്രട്ടറി (ധനകാര്യം) നീല്‍ രത്തന്‍ കുമാറുമാണ് കേസ് അന്വേഷിച്ചിരുന്നത്.

സംഭാവനക്കൊള്ള ക്രിമിനല്‍ക്കുറ്റമാണെന്നും അതിനാല്‍ പ്രത്യേക സാങ്കേതിക പരിശോധനകള്‍ തന്നെ ആവശ്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. ക്രിമിനല്‍ അന്വേഷണവും സാങ്കേതിക പരിശോധനയും കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പുതിയ എസ്‌ഐടി സുപ്രീംകോടതിയില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

2008 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ്. കിരണ്‍ ജനുവരിയിലാണ് ലഖ്‌നൗ റേഞ്ച് ഐജിയായി ചുമതലയേറ്റെടുത്തത്. നേരത്തേ നോയിഡ, ഝാന്‍സി, സുല്‍ത്താന്‍പുര്‍, പ്രതാപ്ഗഢ് തുടങ്ങിയ ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍പോളിലെ സേവനത്തിന് മെഡല്‍ ഓഫ് എക്‌സലന്‍സ് ലഭിച്ചിട്ടുണ്ട്. ഏഴുവര്‍ഷത്തോളം ഡല്‍ഹിയില്‍ സിബിഐയിലും പ്രവര്‍ത്തിച്ചു. ഫ്രാന്‍സില്‍ ഇന്റര്‍പോള്‍ ആസ്ഥാനത്തെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞാണ് കിരണ്‍ ലഖ്‌നൗ ഐജിയായി സ്ഥാനമേറ്റത്.

ചോദ്യചോര്‍ച്ച തടയല്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും; പ്രതിപക്ഷം പിന്തുണച്ചേക്കും

ചോദ്യചോര്‍ച്ച തടയല്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും; പ്രതിപക്ഷം പിന്തുണച്ചേക്കും

ഡല്‍ഹി: പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പബ്ലിക് എക്‌സാമിനേഷന്‍സ്
(പ്രിവെന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) അമെന്‍ഡ്‌മെന്റ് ബില്‍ എന്നു പേരിട്ടിരിക്കുന്ന ബില്‍, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് അവതരിപ്പിക്കുന്നത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ എല്ലാം അംഗങ്ങളും പങ്കെടുക്കണമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അഭ്യര്‍ത്ഥിച്ചു.

ഭാവിയില്‍ മത്സരപരീക്ഷകളിലെ ചോദ്യചോര്‍ച്ച തടയുക ലക്ഷ്യമിട്ട് കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട ബില്‍. രാജ്യത്തെ യുവതലമുറയുടെ ശബ്ദം കേട്ടശേഷം, വിദ്യാര്‍ത്ഥികളുടെ ഭാവിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത ചരിത്രപരമായ തീരുമാനങ്ങളെയും, പൊതു പരീക്ഷ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയിലും പങ്കെടുക്കാന്‍ എല്ലാ എംപിമാരോടും അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്രമന്ത്രി റിജിജു എക്‌സില്‍ കുറിച്ചു.

പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍, ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്തുവര്‍ഷം തടവും പത്ത് കോടി രൂപ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിചാരണക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കും. കേസുകളില്‍ മൂന്നുമാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.

രാജ്യത്ത് ആവര്‍ത്തിക്കുന്ന പരീക്ഷ ക്രമക്കേടുകള്‍ തടയാനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചേക്കുമെന്നാണ് സൂചന. ഇന്ത്യ മുന്നണിയുടെ രാവിലെ ചേരുന്ന യോ​ഗത്തിൽ ഇതിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. ബില്ലിനെ പിന്തുണച്ചാലും, വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേർക്കുണ്ടായ പെല്ലറ്റ് ആക്രമണം അടക്കമുള്ള കടുത്ത നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. പെല്ലെറ്റ് ആക്രമണത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത്, പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാകും ?; ഡല്‍ഹി സന്ദര്‍ശനത്തില്‍ അഭ്യൂഹം

ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാകും ?; ഡല്‍ഹി സന്ദര്‍ശനത്തില്‍ അഭ്യൂഹം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍. ഫഡ്‌നാവിസിന്റെ അടിയന്തര ഡല്‍ഹി സന്ദര്‍ശനമാണ് ഈ അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ഫഡ്‌നാവിസിനെ കേന്ദ്രമന്ത്രി പദവിയില്‍ നിയോഗിച്ചേക്കുമെന്ന ശിവസേന( യുടിബി) നേതാവിന്റെ പ്രതികരണവും അഭ്യൂഹങ്ങളെ ശക്തമാക്കിയിട്ടുണ്ട്.

സോളാര്‍പൂര്‍ പണ്ഡര്‍പൂരിലെ വിത്തല്‍-രുക്മിണി ക്ഷേത്രത്തില്‍ ആഷാദി ഏകാദശി പൂജകള്‍ക്ക് എത്തിയതായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസും ഭാര്യ അമൃതയും. പ്രാര്‍ത്ഥനകളും മറ്റ് ഔദ്യോഗിക പരിപാടികളും പൂര്‍ത്തിയാക്കി ഫഡ്‌നാവിസും ഭാര്യയും ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു.

വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച സാഹചര്യത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി വരാന്‍ സാധ്യത വളരെ കൂടുതലാണെന്ന് ശിവസേന (യുടിബി നേതാവ്) സഞ്ജയ് റാവത്ത് പറഞ്ഞു. ‘നരേന്ദ്രമോദി സര്‍ക്കാരില്‍ ഫഡ്‌നാവിസ് പ്രധാന പദവി വഹിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്.”ഉന്നത വിദ്യാഭ്യാസം നേടിയ, അഭിഭാഷകനായ, വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുള്ള നേതാവാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. വളരെയേറെ പാണ്ഡിത്യമുള്ള ഫഡ്‌നാവിസിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന ഊഹാപോഹങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫഡ്‌നാവിസിന് ഡല്‍ഹിയില്‍ പ്രധാന ഉത്തരവാദിത്തം ഏല്‍പ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല’. സഞ്ജയ് റാവത്ത് പറഞ്ഞു.

ഫഡ്‌നാവിസിന്റെ രാഷ്ട്രീയ മേലാളന്മാര്‍ ഡല്‍ഹിയിലാണ്. അവര്‍ പറയുന്നത് അദ്ദേഹത്തിന് അനുസരിക്കാതിരിക്കാനാകില്ല. വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്ന ഭയം മൂലമാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭം രാജ്യത്തെ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചെങ്കിലും, ഉദ്ധവ്- രാജ് താക്കറെമാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത റാലി ഞായറാഴ്ച മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു.