by Midhun HP News | Jul 8, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.
തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്‍ എത്തിയതായും സൗദിയിലെ എന്ത്യന്‍ എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
by Midhun HP News | Jul 8, 2025 | Latest News, ദേശീയ വാർത്ത
ഭോപ്പാല്‍: നിയമനം ലഭിച്ചതിന് ശേഷം ഡ്യൂട്ടി ചെയ്യുകയോ പരീശീലനത്തില്‍ പങ്കെടുക്കുകയോ ചെയ്യാതെ 12 വര്‍ഷം 35 ലക്ഷം രൂപ ശമ്പളം കൈപ്പറ്റി പൊലീസ് കോണ്‍സ്റ്റബിള്‍. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ നിന്നുള്ള പൊലീസുകാരന് 2011-2012 കാലഘട്ടത്തിലാണ് നിയമനം ലഭിച്ചത്.
പൊലീസ് സേനയില്‍ ചേര്‍ന്നതിന് ശേഷം സാഗര്‍ ജില്ലയില്‍ നിര്‍ബന്ധിത പരിശീലനത്തിനായി അയച്ചെങ്കിലും അഭിഷേക് അതില്‍ പങ്കെടുത്തിരുന്നില്ല. പകരം തന്റെ വീട്ടിലേയ്ക്ക് പോവുകയാണ് ചെയ്തത്. വീട്ടിലെത്തിയ അഭിഷേക് തന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി സര്‍വീസ് ഫയല്‍ സ്പീഡ് പോസ്റ്റ് വഴി അയച്ചു കൊടുത്തു. ഭോപ്പാലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യാതൊരു പരിശോധനയും കൂടാതെ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. അങ്ങനെയാണ് 12 വര്‍ഷമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്നത്.
2011-12ബാച്ച് കോണ്‍സ്റ്റബിള്‍മാരുടെ സര്‍വീസ് റെക്കോര്‍ഡുകള്‍ അവലോകനം ചെയ്തപ്പോഴാണ് ക്രമക്കേട് പുറത്ത് വന്നത്. സര്‍വീസ് റെക്കോര്‍ഡ് പരിശോധനയില്‍ ഡ്യൂട്ടി റെക്കോര്‍ഡുകള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്‌റ്റേഷനില്‍ ഹാജരാകുകയും 12 വര്‍ഷമായി ലഭിച്ച ശമ്പളം തവണകളായി തിരികെ നല്‍കുമെന്നും വ്യക്തമാക്കി. ഒരു ലക്ഷം രൂപ ഇതിനകം ഇയാള്‍ തിരികെ ന്ല്‍കി. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
by Midhun HP News | Jul 7, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ചിട്ടിക്കമ്പനിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്ന പരാതിയില്‍ ബംഗളൂരുവില്‍ ആലപ്പുഴ സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ കേസ്. രാമമൂര്‍ത്തിനഗര്‍ പ്രവര്‍ത്തിക്കുന്ന എ ആന്‍ഡ് എ ചിറ്റ് ഫണ്ട്‌സ് ഉടമ ടോമി എ വര്‍ഗീസ്, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്ക് എതിരെയാണ് പരാതി. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് പണവും ലാഭവിഹിതവും നല്‍കിയില്ലെന്നാണ് പരാതി.
മുന്നൂറോളം നിക്ഷേപകരില്‍ നിന്നായി 40 കോടിയോളം രൂപയാണ് ചിട്ടിക്കമ്പനിയുടെ പേരില്‍ പിരിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി പി ടി സാവിയോ എന്നയാൾ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെ 265 പേരും പരാതിയുമായെത്തി. തട്ടിപ്പിന് ഇരയായവരില്‍ ഒന്നരക്കോടി രൂപ വരെ നിക്ഷേപം നടത്തിയവരുണ്ടെന്നാണ് വിവരം.
25 വര്‍ഷമായി രാമമൂര്‍ത്തിനഗറില്‍ താമസിച്ചു വന്നിരുന്ന ടോമിയും കുടുംബവും അടുത്തിടെ ഇവിടം വിട്ടിരുന്നു. ബന്ധുവിനു സുഖമില്ലാത്തതിനാല്‍ നാട്ടിലേക്ക് പോകുന്നു എന്നറിയിച്ച് ബംഗളൂരുവിട്ട ഇവരെ കുറിച്ച് പിന്നീട് വിവരമില്ലാതിരുന്നതോടെയാണ് നിക്ഷേപകര്‍ പൊലീസിനെ സമീപിച്ചത്. ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. ഓഫീസിലുള്ള ജീവനക്കാര്‍ക്കും ഉടമകള്‍ എവിടെ എന്നതിനെ കുറിച്ചുള്ള സൂചനകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
5 ലക്ഷം വരെയുള്ള ചിട്ടിയായിരുന്നു നേരത്തെ എ ആന്‍ഡ് എ ചിറ്റ് ഫണ്ട്‌സ് നടത്തിയിരുന്നത്. പതിയെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു സ്ഥിര നിക്ഷേപം സ്വീകരിച്ചു തുടങ്ങുകയായിരുന്നു.
by Midhun HP News | Jul 7, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കവുമായി ബന്ധപ്പെട്ട് ഇന്ത്യ – യുഎസ് ചര്‍ച്ചകളില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ ഉടന്‍ മിനി ട്രേഡ് ഡീല്‍ ഒപ്പുവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മിനി ട്രേഡ് ഡീലില്‍ ഉണ്ടാക്കുന്ന ധാരണ വിശാലമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതിയ ധാരണ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ യുഎസ് വ്യാപാരങ്ങളില്‍ ശരാശരി താരിഫ് പത്ത് ശതമാനം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തിലെ സമഗ്രമായ ഉഭയകക്ഷി വ്യാപാരകരാറുകള്‍ സംബന്ധിച്ച ചര്‍ച്ച ട്രംപ് പ്രഖ്യാപിച്ച താരിഫ് നിരക്കുകളുടെ താത്കാലിക മരവിപ്പിക്കല്‍ കാലാവധി പൂര്‍ത്തിയാകുന്ന ജൂലൈ 9ന് ശേഷം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉയര്‍ന്ന താരിഫ് താരിഫ് നിരക്കുകള്‍ നിലവില്‍ വരുന്ന ജൂലൈ 9 ന് മുന്‍പ് തന്നെ യുഎസ് വിവിധ രാജ്യങ്ങളുമായി നിരവധി കരാറുകള്‍ ഒപ്പവയ്ക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ വലിയ കരാറുകള്‍ ഉണ്ടാകുമെന്ന സൂചനയും ട്രഷറി സെക്രട്ടറി നല്‍കുന്നു. താരിഫ് നിരക്കുകള്‍ സംബന്ധിച്ച നടപടികള്‍ യുഎസ്എയുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് മുന്നോട്ട് പോകുന്നില്ലെങ്കില്‍ ഏപ്രില്‍ 2 ന് പ്രഖ്യാപിച്ച നിരക്കുകളിലേക്ക് മടങ്ങേണ്ടിവരുമെന്ന സൂചനയും ട്രഷറി സെക്രട്ടറി നല്‍കുന്നു. ഓഗസ്റ്റ് ഒന്നാണ് ഇതിനുള്ള സമയ പരിധിയായി സ്‌കോട്ട് ബെസെന്റ് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, പകരച്ചുങ്കത്തില്‍ യുഎസ് നിലപാട് വ്യക്തമാക്കിക്കൊണ്ട് 12 രാജ്യങ്ങള്‍ക്കുള്ള കത്തുകള്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അവര്‍ നേരിടേണ്ടിവരുന്ന താരിഫ് നിരക്കുകള്‍ വിശദീകരിക്കുന്ന കത്തുകള്‍ക്കാണ് അന്തിമ രൂപം ആയതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഏതെല്ലാം രാജ്യങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് ഈ കത്തുകള്‍ എന്ന് ട്രംപ് വെളിപ്പെടുത്തിയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
by Midhun HP News | Jul 5, 2025 | Latest News, ദേശീയ വാർത്ത
ഇന്ന് ജൂലൈ 5, ജാപ്പനീസ് ബാബാ വാന്‍ഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനത്തിൽ സൂചിപ്പിച്ച ദിവസമാണ് ഇന്ന്. ജപ്പാനിൽ ഇന്ന് പുലർച്ചെ 4.18ന് ഒരു മഹാദുരന്തം സംഭവിക്കും മഹാ നഗരങ്ങൾ കടലിൽ വീഴും. പ്രവചനം വന്നതിന് പിന്നാലെ അഞ്ഞൂറിലധികം ചെറു ചലനങ്ങൾ തെക്കുപടിഞ്ഞാറൻ ടൊകാര ദ്വീപിനെ പിടിച്ചുലച്ചത് ജനങ്ങൾക്കിടയിൽ കൂടുതല്‍ ആശങ്ക പരത്തിയിരുന്നു. എന്നാൽ റിയോ തത്സുകിയുടെ പ്രവചന സമയം പിന്നിട്ടിട്ടും ജപ്പാനിൽ എവിടേയും വലിയ ദുരന്തങ്ങളൊന്നും അധികൃതർ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ എല്ലായിടത്തും സുരക്ഷിതരാണെന്നും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
രണ്ടാഴ്ചയ്ക്കിടെ ജപ്പാനിൽ 1,000ൽപരം ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതുമൂലം എവിടെയും സുനാമി മുന്നറിയിപ്പോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അടിസ്ഥാനരഹിതമായ പ്രവചനങ്ങൾക്ക് വഴങ്ങരുതെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും, പ്രധാന ദ്വീപുകളുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതൽ ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നൽകിയിട്ടുള്ളതായ് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയ്തു. പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി. വ്യാഴാഴ്ചയും തെക്കുപടിഞ്ഞാറൻ ജപ്പാനിൽ 5.5 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ടോകര ദ്വീപ് ആണ് പ്രകമ്പനത്തിന്റെ കേന്ദ്രം. ടോക്കിയോയിൽ നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെയാണിത്. തോഷിമ ഗ്രാമത്തില്‍ 6 തീവ്രതയുള്ള ഒരു ഭൂചലനം രേഖപ്പെടുത്തി. 1919 മുതലുള്ള കണക്ക് പരിശോധിച്ചപ്പോള്‍ ഇവിടെ ഇത്ര തീവ്രതയുള്ള ഭൂചലനം ആദ്യമാണെന്ന് ജപ്പാൻ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
ജപ്പാനിലെ നിലവിലെ ശാസ്ത്രീയ അറിവ് ഉപയോഗിച്ച്, ഭൂകമ്പത്തിന്റെ കൃത്യമായ സമയം, സ്ഥലം അല്ലെങ്കിൽ സ്കെയിൽ പ്രവചിക്കാൻ പ്രയാസമാണെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടർ ആയതക എബിറ്റ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയോ തത്സുകിയുടെ പ്രവചനത്തിനെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട നിലയിലായിരുന്നു ടോക്കറ ദ്വീപുകളിലെ ജനങ്ങൾ. അതേസമയം പ്രവചന സമയം കഴിഞ്ഞിട്ടും ദുരന്തങ്ങൾ ഒന്നും റിപ്പോർട്ട് ചെയാത്തതിന്റെ ആശ്വാസത്തിലാണ് ജപ്പാനിലെ ജനങ്ങൾ. എന്നാൽ തത്സുകിയുടെ പ്രവചനത്തിന് പിന്നാലെ ധാരാളം വിനോദസഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയത് അവിടുത്തെ ടൂറിസത്തെ മോശമായ രീതില്‍ ബാച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയൊ തത്സുകി ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18 സംഭവിക്കുമെന്നായിരുന്നു റിയോ തത്സുകിയുടെ പുസ്തകത്തിലുള്ള ഒരു പ്രവചനം. ഇതിനെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടന്നത് . തത്സുകിയുടെ പ്രവചനം പറയുന്നത് വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്ന് ചിലര്‍ വാദിച്ചു. കടല്‍ തിളച്ചുമറിയണമെങ്കില്‍ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുനാമിയുടേയും സൂചനയാണെന്നുമുള്ള തരത്തിലും ആളുകള്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.
by Midhun HP News | Jul 5, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയത്തില്‍ 13 മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ടെക്സസില്‍ സമ്മര്‍ ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികളുമുണ്ട്. കെര്‍ കൗണ്ടിയില്‍ രാത്രിയോടെ വെള്ളപ്പൊക്കമുണ്ടായത്. 25 സെന്റീമീറ്ററില്‍ അധികം മഴ പെയ്തതിനെ തുടര്‍ന്ന് ഗ്വാഡലൂപ്പെ നദിയില്‍ വൊള്ളം പൊങ്ങുകയായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.
വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കുറഞ്ഞത് 400 പേരെങ്കിലും സ്ഥലത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരച്ചിലിനായി ഒമ്പത് രക്ഷാസംഘം, 14 ഹെലികോപ്റ്ററുകള്‍, 12 ഡ്രോണുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും ചിലരെ മരങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തുന്നുണ്ടെന്നും ഡാന്‍ ചാട്രിക് പറഞ്ഞു. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.
Recent Comments