by Midhun HP News | Feb 24, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: മഹാകുംഭമേളയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ കേസെടുത്തു. 13 എഫ്‌ഐഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് മഹാകുംഭമേള ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വൈഭവ് കൃഷ്ണ സ്ഥിരീകരിച്ചു.
2025 ഫെബ്രുവരി 26ന് നടക്കാനിരിക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരങ്ങളും പൊലീസ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പു നല്‍കി. പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കും. എല്ലാ ക്രമീകരണങ്ങളും സുഗമമായി നടക്കണം. എത്ര വലിയ ജനക്കൂട്ടമാണെങ്കിലും പൂര്‍ണമായും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യ ധാം റെയില്‍വെ സ്‌റ്റേഷനില്‍ സുഗമമായ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കാന്‍ വിപുലമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ട്രെയിന്‍ എത്തുമ്പോള്‍ മാത്രമേ ഭക്തരെ പ്ലാറ്റഫോമിലേയ്ക്ക് പോകാന്‍ അനുവദിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. 350ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനുകളെക്കുറിച്ചുള്ള അറിയിപ്പുകള്‍ കൃത്യമായി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
by Midhun HP News | Feb 24, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇരു വിപണികളും 2024 സെപ്റ്റംബര്‍ അവസാനം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഇതുവരെ 13 ശതമാനമാണ് ഇടിഞ്ഞത്.
ഉപഭോക്താക്കളുടെ ആവശ്യകത കുറഞ്ഞതും താരിഫ് ഭീഷണികളും അമേരിക്കയില്‍ വിപണി ഇടിയാന്‍ കാരണമാക്കിയിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ഉയര്‍ത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്. അമേരിക്കയില്‍ ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് അമേരിക്കന്‍ വിപണിയെ സ്വാധീനിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയും താഴ്ന്നത്. സെന്‍സെക്‌സ് 75000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഓഹരി വിപണിയില്‍ വിദേശനിക്ഷേകര്‍ സ്‌റ്റോക്ക് വിറ്റഴിക്കുന്നത് തുടരുകയാണ്. ഇതിന് പുറമേ കമ്പനികളുടെ മോശം മൂന്നാം പാദ ഫലങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം സണ്‍ഫാര്‍മ, ബിപിസിഎല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
അതേസമയം രൂപ നേട്ടത്തിലാണ്. ഒരു പൈസയുടെ നേട്ടത്തോടെ 86.67 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം നടക്കുന്നത്. ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് ഗുണമായത്.
by Midhun HP News | Feb 22, 2025 | Latest News, ദേശീയ വാർത്ത
വിജയവാഡ: അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ ആഗോള വിപണിയിലേക്ക് കൂടുതല്‍ എണ്ണ വരുന്നതിനാല്‍, ഭാവിയില്‍ ഇന്ധന വില കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ് പുരി. എണ്ണവില കുറയുന്നത് വിലക്കയറ്റം കുറയാന്‍ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ യുഎസ് ഭരണകൂടവുമായി ഇന്ത്യ ബന്ധം സ്ഥാപിച്ചത് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യ-അമേരിക്കന്‍ ബന്ധം കൂടുതല്‍ ആഴത്തിലാകാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അര്‍ജന്റീന ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഇപ്പോള്‍ ആവശ്യത്തിന് എണ്ണ ഉണ്ട്. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച രാജ്യങ്ങള്‍ പോലും അവരുടെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരാകും എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ കൂടുതല്‍ എണ്ണ കുഴിച്ചെടുക്കുന്നതിനുള്ള നടപടികള്‍ക്ക് ആണ് ട്രംപ് ഭരണകൂടം തുടക്കമിട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്. അതിനാല്‍, ആഗോള തലത്തില്‍ ഊര്‍ജ്ജ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നു. കൂടുതല്‍ ഇന്ധനം വിപണിയില്‍ എത്തും. അത് വില കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ആവശ്യത്തിന് ഇന്ധനം ലഭ്യമാകുമ്പോള്‍, അത് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം തുടര്‍ന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കുറഞ്ഞ വിലയ്ക്ക് ആവശ്യത്തിന് എണ്ണ സംഭരിക്കുക എന്നതാണ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം.ഡി-ഡോളറൈസേഷന്‍ ഒരു ലക്ഷ്യമല്ല. ഈ എണ്ണ ഇടപാടുകളില്‍ ഭൂരിഭാഗവും ഡോളറിലാണ്. എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
പ്രതിദിനം 30 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിച്ചിരുന്ന ബ്രസീല്‍ എണ്ണ ഉല്‍പ്പാദനം കൂട്ടിയിട്ടുണ്ട്. ബ്രസീല്‍ ഇപ്പോള്‍ പ്രതിദിനം 140,000 മുതല്‍ 150,000 ബാരല്‍ വരെ അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗയാന, കാനഡ പോലുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വരുന്നുണ്ട്. അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണ്. പ്രതിദിനം 1.3 കോടി ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അവര്‍ 16 ലക്ഷം ബാരല്‍ കൂടി ഉല്‍പ്പാദിപ്പിക്കുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പെട്രോള്‍ വില കുറഞ്ഞ ഒരേയൊരു രാജ്യം ഇന്ത്യയാണ്.2022 ഫെബ്രുവരി മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ നിരവധി രാജ്യങ്ങളില്‍ പെട്രോള്‍ വിലയില്‍ വര്‍ധന ഉണ്ടായി. പാകിസ്ഥാനില്‍ മാത്രം 48 ശതമാനം വര്‍ധനയാണ് ഉണ്ടായത്. അമേരിക്കയില്‍ ഇത് 14.2 ശതമാനമാണ്. എന്നാല്‍ ഇന്ത്യയില്‍ 0.7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്നും ഹര്‍ദീപ് എസ് പുരി കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Feb 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മാവേലിക്കര വസൂരിമാല ഭഗവതിക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കോടതി നോട്ടീസ് അയച്ചു.
ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ ഉത്സവത്തിനായി ത്രിപുരയില്‍ നിന്നും ആനയെ കൊണ്ടു വരാന്‍ നീക്കം നടത്തിയിരുന്നു. ഇതിനെതിരെ ആന പ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി വേറെ സംസ്ഥാനത്തു നിന്നും ആനയെ കൊണ്ടു വരുന്നത് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ക്ഷേത്രം ഭാരവാഹികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്, ഹൈക്കോടതിയുടെ ഉത്തരവില്‍ സുപ്രീംകോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചത്. സംസ്ഥാനത്ത് നാട്ടാന പരിപാലനച്ചട്ടം ലംഘിക്കുന്നു, 7 വര്‍ഷത്തിനിടെ 154 നാട്ടാനകള്‍ ചരിഞ്ഞു എന്നീ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
by Midhun HP News | Feb 21, 2025 | Latest News, ദേശീയ വാർത്ത
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാത്രി പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ ഹൈവേയില്‍ വെച്ച് ദന്തന്‍പൂരിന് സമീപമാണ് സംഭവം. ഗാംഗുലിയുടെ വാഹനവ്യൂഹത്തിലേക്ക് ലോറിയിടിച്ച് കയറുകയായിരുന്നു.
ഗാംഗുലി ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. താരം സഞ്ചരിച്ചിരുന്ന റേഞ്ച് റോവര്‍ കാറിലേക്ക് ലോറിയിടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് വാഹനം പെട്ടെന്ന് നിര്‍ത്തി. പിന്നാലെ ഗാംഗുലിയുടെ കാറിന് പിന്നില്‍ വാഹനവ്യൂഹത്തിലെ മറ്റ് കാറുകളും വന്നിടിക്കുകയായിരുന്നു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഗാംഗുലിയുടെ വാഹനവും ലോറിയും അമിതവേഗതയിൽ ആയിരുന്നില്ലയെന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. വാഹനവ്യൂഹത്തിലുണ്ടായിരുന്ന രണ്ട് കാറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം യാത്ര തടസപ്പെടുകയും പിന്നീട് തുടരുകയും ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ എല്ലാം പങ്കെടുത്ത ശേഷമാണ് ഗാംഗുലി വീട്ടിലേക്ക് മടങ്ങിയത്. ബര്‍ദ്വാന്‍ സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ ഗാംഗുലി പങ്കെടുത്തു.
by Midhun HP News | Feb 20, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷിബു ജോയ് (46) ആണ് മരിച്ചത്. കൊല്ലം ചിറ്റുമല സ്വദേശി കരീംതോട്ടുവ ഷിബു ജോയ് 20 വർഷമായി പ്രവാസിയാണ്. ദമ്മാം വെസ്കോസ കമ്പനി ജീവനക്കാരനാണ്. രാവിലെ ജോലി സ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ദമ്മാം തദാവി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
ഷിബു ജോയിയുടെ ആകസ്മിക വിയോഗവാർത്ത സഹപ്രവർത്തകർക്കിടയിൽ ദുഖം പടർത്തി. മരണവിവരമറിഞ്ഞ് ഒ.ഐ.സി.സി നേതാക്കൾ ആശുപത്രിയിലെത്തി. ദമ്മാമിലെ ഒ.ഐ.സി.സി യുടെ രൂപവത്കരണ കാലം മുതൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന ഷിബു ജോയ് സൈബർ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. ഭാര്യ: സോണി. രണ്ട് മക്കളുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹികപ്രവർത്തകൻ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്. ഷിബു ജോയിയുടെ നിര്യാണത്തിൽ കൊല്ലം ജില്ലാ ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി.
Recent Comments