റെയില്‍വേ ട്രാക്കിലൂടെ എട്ടുകിലോമീറ്റര്‍ കാര്‍ ഓടിച്ച് യുവതി; വിഡിയോ വൈറല്‍, കേസ്‌

റെയില്‍വേ ട്രാക്കിലൂടെ എട്ടുകിലോമീറ്റര്‍ കാര്‍ ഓടിച്ച് യുവതി; വിഡിയോ വൈറല്‍, കേസ്‌

ഹൈദരബാദ്: റെയില്‍വേ ട്രാക്കിലൂടെ യുവതി കാര്‍ ഓടിച്ചതിനെ തുടര്‍ന്ന് ഏറെ നേരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈദരബാദിലെ ശങ്കര്‍പ്പള്ളിക്കടുത്തുള്ള റെയില്‍വേ ട്രാക്കിലൂടെയാണ് യുവതി എട്ടുകിലോമീറ്ററോളം ദൂരം കാര്‍ ഓടിച്ചത്. സംഭവത്തില്‍ യുവതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

34കാരിയായ വോമിക സോണി ഉത്തര്‍ പ്രദേശുകാരിയാണ്. ട്രാക്കിലൂടെ കാര്‍ ഓടിക്കുന്നത് കണ്ട് റെയില്‍വേ ജീവനക്കാര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ട്രാക്കിലൂടെ വാഹനം ഓടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കാര്‍ നിര്‍ത്തിയ യുവതി നാട്ടുകാരെയും പൊലീസുകാരെയും കല്ലെറിയുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും വോമികയ്ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഐടി ജീവനക്കാരിയാണ് യുവതി, സംഭവത്തില്‍ യുവതിക്കെതിരെ റെയില്‍വേ പൊലീസ് കേസ് എടക്കുമെന്നും അധികൃതര്‍ അറിയിച്ചു. യുവതിയുടെ കാര്‍ ഓടിക്കലിനെ തുടര്‍ന്ന് രണ്ട് ഗുഡ്‌സ് ട്രെയിനുകളും രണ്ട് പാസഞ്ചര്‍ ട്രെയിനുകളും അരമണിക്കൂറോളം നേരം തടസ്സപ്പെട്ടതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു

ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര്‍ കൊല്ലപ്പെട്ടു

ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര്‍ കൊല്ലപ്പെട്ടു

ഗസ്സയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. മരിച്ചവരില്‍ എട്ട് പേര്‍ കുട്ടികളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗസ്സയില്‍ ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യവസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇസ്രായേൽ സേന തന്നെ ഗാസയിലേക്കുളള അവശ്യവസ്തുക്കള്‍ തടഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഭക്ഷണം കാത്തുനിക്കുന്നവര്‍ക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തുന്നത്. അതേസമയം മെയ് മാസം മുതല്‍ ഇസ്രായേൽ ഇത്തരത്തില്‍ നടത്തിയ ആക്രമണത്തില്‍ 450 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 3500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതിനിടെ ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടഷന്റെ സഹായ വിതരണത്തിനെതിരെ യുനിസെഫ് രംഗത്തെത്തിയിരുന്നു.

ഭക്ഷണം വാങ്ങാന്‍ സ്ത്രീകളും കുട്ടികളും തിരക്ക് കൂട്ടുന്നത് അപകടം വരുത്തിവെയ്ക്കുന്നുവെന്നാണ് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ ചൂണ്ടിക്കാണിക്കുന്നത്.ബെല്‍ജിയത്തില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തിലും ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചയായേക്കും. നിലവില്‍ ഇസ്രായേലും ഹമാസുമായി ചര്‍ച്ചകള്‍ നടക്കുന്നില്ല. ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇടപെടുന്നുണ്ടെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി വ്യക്തമാക്കി.

ശമ്പളം നൽകിയില്ല; ആശുപത്രി ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് കോടതി

ശമ്പളം നൽകിയില്ല; ആശുപത്രി ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് കോടതി

ദുബൈ: മാസങ്ങൾ ആയി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പളം നൽകാനായി ആശുപത്രി ഉപകരണങ്ങൾ ലേലത്തിൽ വിൽക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ എന്നിവർ നൽകിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിർഹമാണ് ശമ്പളമായി ജീവനക്കാർക്ക് നൽകാനുള്ളത്.

ശമ്പളം കൃത്യമായി നൽകുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റി എന്ന് കോടതിക്കു ബോധ്യമായതോടെയാണ് സാധനങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ടത്. അടുത്ത മാസം 8ന് റാസ് അൽ ഖോർ ( Ras Al Khor ) പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടക്കും. നേരത്തെ ആശുപത്രി ഉപകരണങ്ങൾ കണ്ടു കെട്ടാൻ കോടതി ഉത്തരവിട്ടിരുന്നു.2024 മാർച്ചിൽ കോടതി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു ആശുപത്രയിൽ കണക്കെടുപ്പ് നടത്തിയിരുന്നു. 16.65 മില്യൺ ദിർഹം വിലമതിക്കുന്ന ആശുപത്രി ഉപകരണങ്ങൾ ഉണ്ടെന്നാണ് ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നത്.

എക്സ്-റേ മെഷീനുകൾ, ഓട്ടോമേറ്റഡ് അനലൈസറുകൾ, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങൾ, രോഗി കിടക്കകൾ, ഇൻഫ്യൂഷൻ പമ്പുകൾ എന്നിവയുൾപ്പെടെ മുഴുവൻ ഉപകരണങ്ങളും ലേലത്തിലൂടെ വിൽക്കും. ലേലത്തിൽ ഏതെങ്കിലും തരത്തിൽ എതിർപ്പുള്ളവർക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ അനുബന്ധ രേഖകൾ സമർപ്പിക്കാമെന്നും കോടതി അറിയിച്ചു.

ജി മെയില്‍ ഉപയോക്താക്കളെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടു, സ്ഥിരീകരിച്ച് ഗൂഗിള്‍; അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്

ജി മെയില്‍ ഉപയോക്താക്കളെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടു, സ്ഥിരീകരിച്ച് ഗൂഗിള്‍; അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്

ജി മെയില്‍ പാസ്‌വേഡുകള്‍ ഉള്‍പ്പെടെ, ആഗോള തലത്തില്‍ വലിയ ഡാറ്റ ചോര്‍ച്ച ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് ഗൂഗിള്‍. ഗുഗിളിന് നേരെ ഹാക്കിങ് ശ്രമം ഉണ്ടായെന്നും ജി മെയില്‍ അക്കൗണ്ട് ഉള്‍പ്പെടെ സുരക്ഷിതമാക്കണം എന്നുമാണ് ഏറ്റവും പുതിയ നിര്‍ദേശം. റഷ്യന്‍ ഹാക്കര്‍മാരാണ് ഹാക്കിങ്ങ് ശ്രമത്തിന് പിന്നിലെന്ന് ഗൂഗിളിന്റെ ത്രെറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ്, സിറ്റിസണ്‍ ലാബ് എന്നിവ ചൂണ്ടിക്കാട്ടുന്നത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇമെയില്‍ വിലാസങ്ങള്‍ക്ക് സമാനമായവ ഉപയോഗിച്ച് ഉന്നത പ്രൊഫൈലുകളുള്ള വ്യക്തികള്‍ , സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ഹാക്കിങ് ശ്രമങ്ങളെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം. ഇമെയിലുകളില്‍ ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്നതിനായി കലണ്ടര്‍, പിഡിഎഫ് എന്നിവയും ഉണ്ടായിരുന്നു എന്നും ഗൂഗിള്‍ വിശദീകരിക്കുന്നു.

സന്ദേശത്തിനൊപ്പം അറ്റാച്ച്‌മെന്റായി ലഭിക്കുന്ന പിഡിഎഫില്‍ ചേര്‍ത്തിട്ടുള്ള യുആര്‍എല്‍ ക്ലിക്ക് ചെയ്യുന്നിടത്ത് ആണ് ഹാക്കിങ് ആരംഭിക്കുന്നത്. ഉപയോക്താക്കളെ ആപ്പ്-സ്പെസിഫിക് പാസ്‌വേഡ് (എസ്എപി) സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലിങ്ക് ലക്ഷ്യമിടുന്നത്. ‘ഡോക്യുമെന്റ് തുറക്കാന്‍’ ആപ്പ്-സ്പെസിഫിക് പാസ്‌വേഡിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിടാനും നിര്‍ദേശിക്കുന്നു. ഈ വിവരം ലഭിച്ചുകഴിഞ്ഞാല്‍, അധിക പരിശോധനയൊന്നും ആവശ്യമില്ലാതെ ഹാക്കര്‍മാര്‍ക്ക് ഉപയോക്താവിന്റെ ജിമെയില്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന നിലയില്‍ ആണ് പ്രവര്‍ത്തനങ്ങള്‍.

ജി മെയില്‍ സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്.

പാസ്‌വേഡുകള്‍ അത്യാവശ്യമല്ലാതെ ആപ്പുകള്‍ ഉപയോഗിക്കരുത്. ഇത്തരം ആപ്പുകള്‍ കാലഹരണപ്പെട്ടതാണെന്നും മിക്ക സാഹചര്യങ്ങളിലും ഉപയോഗമില്ലാത്തവയാണെന്നുമാണ് ഗുഗിള്‍ പറയുന്നത്.

സന്ദേശങ്ങള്‍ എത്ര വിശ്വസനീയമാണെന്ന് തോന്നിയാലും ആപ്പ്-സ്പെസിഫിക് പാസ്‌വേഡ് പങ്കുവയ്ക്കരുത്.

ജി മെയില്‍ അക്കൗണ്ടുമായി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ബന്ധിപ്പിക്കുമ്പോള്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഗൂഗിള്‍ ഉപയോഗിക്കുക.

നിങ്ങളുടെ ജി മെയില്‍ അക്കൗണ്ടിന്റെ പ്രാധാന്യം അനുസരിച്ച് ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് പ്രൊട്ടക്ഷന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക.

ഇപ്പോഴുണ്ടായിരിക്കുന്ന ഹാക്കിങ് ശ്രമം ചെറിയ ഒരു വിഭാഗത്തെയാണ് ബാധിച്ചിട്ടുള്ളത് എങ്കിലും വ്യാപകമായ തട്ടിപ്പിന്റെ തുടക്കമായി ഇതിനെ വിലിയിരുത്താമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്നും പാസ്വേഡുകളോ ആക്സസ് കോഡുകളോ ഒരിക്കലും പങ്കിടരുത് എന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു.

ശുഭാംശു ശുക്ല ഇന്ന് ബഹിരാകാശത്തേയ്ക്ക് കുതിക്കും; ആക്‌സിയം 4 ദൗത്യം ഇന്ന്

ശുഭാംശു ശുക്ല ഇന്ന് ബഹിരാകാശത്തേയ്ക്ക് കുതിക്കും; ആക്‌സിയം 4 ദൗത്യം ഇന്ന്

ഫ്ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യം ഇന്ന്. സാങ്കേതിക കാരണങ്ങളാല്‍ ആറു തവണ നീട്ടിയ ദൗത്യം ഇന്നത്തേയ്ക്ക് നിശ്ചയിക്കുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നാണ് ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേയ്ക്ക് പുറപ്പെടുക. നാളെ വൈകീട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന സംഘം 14 ദിവസം അവിടെ തുടരും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്സിയം-4. നാസ, ആക്സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ആക്സിയം മിഷന്‍ 4 ഒരുക്കിയിരിക്കുന്നത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ബഹിരാകാശ ദൗത്യത്തിനായി കുതിക്കുക.

നാസയിലെ മുന്‍ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് ബഹിരാകാശ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഐഎസ്ആര്‍ഒ പ്രതിനിധിയായി ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല, പോളണ്ടിലെ ഇഎസ്എ (യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി) പ്രോജക്റ്റ് ബഹിരാകാശയാത്രികന്‍ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിവ്‌സ്‌കിയും ഹംഗറിയിലെ ടിബോര്‍ കപുവുമാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റ് രണ്ട് പേര്‍.

അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് വ്യോമസേന(ഐഎഎഫ്)യിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് സ്വന്തമാകുക. വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റാണ് മുപ്പത്തിയൊമ്പതുകാരനായ ശുഭാംശു. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയാണ്. 2019ല്‍ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് ശുഭാംശു ശുക്ലയെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മോനോട്ട് പരിശീലനകേന്ദ്രത്തില്‍ പരിശീലനവും നേടി. എഎക്സ്4 ദൗത്യത്തിലെ അനുഭവസമ്പത്ത് ഗഗന്‍യാന് പ്രയോജനം ചെയ്യുമെന്ന് ശുക്ല പറഞ്ഞു. അമേരിക്കന്‍ സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്. ഈ കമ്പനിയുമായി സഹകരിച്ചാണ് ശുഭാംശുവിന്റെ യാത്ര.

പുതിയ പൊലീസ് മേധാവി ആര്? നിര്‍ണായക യോഗം നാളെ

പുതിയ പൊലീസ് മേധാവി ആര്? നിര്‍ണായക യോഗം നാളെ

ഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം നാളെ നടക്കും. കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷം മൂന്നുപേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സര്‍ക്കാരിന് നല്‍കും.

ചുരുക്കപ്പട്ടിക സീല്‍ ചെയ്ത കവറില്‍ മുഖ്യമന്ത്രിക്ക് കൈമാറാനായി ചീഫ് സെക്രട്ടറിയുടെ പക്കല്‍ കൊടുത്തുവിടുകയാണ് പതിവ്. അല്ലെങ്കില്‍ സംസ്ഥാനം ചുമതലപ്പെടുത്തുന്ന ദൂതന് കൈമാറും. പട്ടിക മന്ത്രിസഭയില്‍ വെച്ചശേഷമാകും പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക.

അതല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് തന്നെ തീരുമാനമെടുക്കാനുള്ള വ്യവസ്ഥയുമുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന് ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് കേരളം പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ചിട്ടുള്ളത്. ഗതാഗത കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍ ആണ് പട്ടികയിലെ ഒന്നാമന്‍. നിലവില്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖറാണ് പട്ടികയില്‍ രണ്ടാമതുള്ളത്.

ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവി സുരേഷ് രാജ് പുരോഹിത്, പൊലീസ് ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് ആറംഗ പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഉദ്യോഗസ്ഥര്‍. ഇതില്‍ നിതിന്‍ അഗര്‍വാളും റവാഡ ചന്ദ്രശേഖറും അടുത്ത വര്‍ഷം വിരമിക്കും. പൊലീസ് മേധാവി പദവി ലഭിച്ചാല്‍ ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടിക്കിട്ടും.

സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ ഒന്നാമത്തെയാളും, മറ്റ് ആരോപണങ്ങള്‍ ഒന്നുമില്ലാത്ത ഓഫീസര്‍ എന്നതും നിതിന്‍ അഗര്‍വാളിന് സാധ്യത കൂട്ടുന്നു. ഡല്‍ഹി സ്വദേശിയായ നിതിന്‍ അഗര്‍വാള്‍ ബിഎസ്എഫ് മേധാവി പദവിയില്‍ നിന്നാണ് കേരള കേഡറിലേക്ക് തിരിച്ചെത്തിയത്. ഈ മാസം 30 നാണ് നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്ന ചടങ്ങില്‍ തന്നെ പുതിയ പൊലീസ് മേധാവിക്ക് അധികാരക്കൈമാറ്റവും നടക്കും.