ജെഇഇ മെയിന്‍ രണ്ടാം സെഷന്‍ പരീക്ഷ: അപേക്ഷ ഫെബ്രുവരി 25 വരെ

ജെഇഇ മെയിന്‍ രണ്ടാം സെഷന്‍ പരീക്ഷ: അപേക്ഷ ഫെബ്രുവരി 25 വരെ

ഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ 2025 രണ്ടാം സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. jeemain.nta.nic.in വഴി ഫെബ്രുവരി 25ന് രാത്രി ഒന്‍പത് വരെ അപേക്ഷ നല്‍കാം. അപേക്ഷാഫീസ് 25ന് രാത്രി 11.50 വരെ അടയ്ക്കാം. ഏപ്രില്‍ ഒന്നിനും എട്ടിനും ഇടയ്ക്കാണ് പരീക്ഷ.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. ജെഇഇ മെയിന്‍ 2025 സെഷന്‍ 1 എഴുതിയ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, അവരുടെ മുന്‍ അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരീക്ഷാ ഫീസ് അടയ്ക്കാം. അവര്‍ക്ക് പേപ്പര്‍, പരീക്ഷാ മാധ്യമം, നഗര മുന്‍ഗണന എന്നിവ മാറ്റാനും കഴിയും.

പുതിയ വിദ്യാര്‍ഥികള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ജെഇഇ മെയിന്‍ രണ്ടാം സെഷനായി ഓണ്‍ലൈനായി അപേക്ഷിക്കുകയും വേണം. ഒരു വിദ്യാര്‍ഥിക്ക് ഒരു അപേക്ഷാ ഫോം മാത്രമേ പൂരിപ്പിക്കാന്‍ അനുവാദമുള്ളൂ.

പരീക്ഷാകേന്ദ്രങ്ങളെപ്പറ്റിയുള്ള മുന്‍കൂര്‍ അറിയിപ്പ്, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡിങ്, പരീക്ഷാ ഫലപ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട തീയതികള്‍/വിജ്ഞാപനങ്ങള്‍ തുടങ്ങിയവ പോര്‍ട്ടലില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എന്‍ഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടി), കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ (സിഎഫ്ടിഐ), സംസ്ഥാനസര്‍ക്കാര്‍ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍ എന്നിവയിലെ വിവിധ ബിരുദതല എന്‍ജിനിയറിങ്/സയന്‍സ്/ ആര്‍ക്കിടെക്ചര്‍/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് മുഖ്യമായും പരീക്ഷയുടെ പരിധിയില്‍ വരുന്നത്. എന്‍ഐടി കാലിക്കറ്റ്, ഐഐഐടി കോട്ടയം എന്നിവയാണ് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ സ്ഥാപനങ്ങള്‍.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യിലെ എന്‍ജിനീയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍ ഉള്‍പ്പെടെയുള്ള വിവിധ ബിരുദ പ്രോഗ്രാമുകളുടെ (ബാച്ച്ലര്‍, ഡ്യുവല്‍ ഡിഗ്രി, ഇന്റഗ്രേറ്റഡ്) പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് എഴുതാന്‍ അര്‍ഹതയുള്ളവരെ കണ്ടെത്തുന്ന പരീക്ഷകൂടിയാണ് ജെഇഇ മെയിന്‍ പേപ്പര്‍ ഒന്ന് പരീക്ഷ.

കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, എട്ടു വയസ്സുകാരിയെ സ്‌കൂളിന് സമീപം വെച്ച് കൂട്ടബലാത്സംഗം ചെയ്തു

കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, എട്ടു വയസ്സുകാരിയെ സ്‌കൂളിന് സമീപം വെച്ച് കൂട്ടബലാത്സംഗം ചെയ്തു

മാണ്ഡ്യ: കര്‍ണാടകയില്‍ എട്ടു വയസ്സുള്ള ബാലികയെ സ്‌കൂള്‍ വളപ്പിന് സമീപം വെച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. മാണ്ഡ്യ സിറ്റിയിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപമാണ് ജനുവരി 31 ന് ക്രൂരത നടന്നത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയെ കേക്ക് കാണിച്ച് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയശേഷം, കത്തി കാണിച്ച് ഭയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അമിതരക്തസ്രാവം ഉണ്ടായത് കുട്ടിയുടെ അമ്മായിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മാണ്ഡ്യ പൊലീസ് കുട്ടിയോട് സംഭവത്തെപ്പറ്റി ചോദിച്ചറിഞ്ഞു. സ്‌കൂള്‍ അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു. കുട്ടിയുടെ മൊഴി വ്യക്തമല്ലെന്നും, കുട്ടിക്ക് കൗണ്‍സലിങ് നല്‍കി വരികയാണെന്നും മാണ്ഡ്യ എസ്പി മല്ലികാര്‍ജുന്‍ ബലദന്തി അറിയിച്ചു. മൂന്ന് ആണ്‍കുട്ടികളാണ് ആക്രമിച്ചതെന്നാണ് കുട്ടി പറയുന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ടു കുട്ടികളുടെ പേരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ ആ കുട്ടികള്‍ അന്നേദിവസം സ്‌കൂളില്‍ വന്നിട്ടില്ലെന്ന് വ്യക്തമായി. കുട്ടിയെ ഉപദ്രവിച്ചത് കുട്ടികളാണോ മുതിര്‍ന്നവരാണോ എന്നതും വ്യക്തമല്ല. അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും, വിശദമായ അന്വേഷണം നടത്തിവരികയാണെന്നും മാണ്ഡ്യ എസ്പി വ്യക്തമാക്കി.

ഗ്രാമി പുരസ്കാരം 2025: ചരിത്രം കുറിച്ച് ബിയോൺസേ

ഗ്രാമി പുരസ്കാരം 2025: ചരിത്രം കുറിച്ച് ബിയോൺസേ

ലോസ് ഏഞ്ചൽസ്: 67-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച റാപ് ആൽബത്തിനുള്ള പുരസ്കാരം ഡോയിച്ചി സ്വന്തമാക്കി. അലി​ഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ എന്ന ആൽബത്തിനാണ് ഡോയിച്ചിക്ക് പുരസ്കാരം ലഭിച്ചത്. ഇതോടെ റാപ്പ് ആല്‍ബത്തിനുളള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയായി ഡോയിച്ചി. മികച്ച പോപ്പ് വോക്കൽ ആൽബത്തിനുള്ള പുരസ്കാരം ഷോർട്ട് ആൻഡ് സ്വീറ്റ് എന്ന ആൽബത്തിലൂടെ സബ്രീന കാർപന്റർ നേടി.

‘കൗബോയ് കാർട്ടർ’ എന്ന ആൽബത്തിലൂടെ മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്‌കാരം ബിയോൺസേക്ക് ലഭിച്ചു. ഇതോടെ 50 വർഷത്തിനിടെ കൺട്രി വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയായി ബിയോൺസേ മാറി. ഒപ്പം ഈ വർഷത്തെ ഗ്രാമി അവാർഡിൽ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയെന്ന നേട്ടവും ബിയോൺസേക്കാണ്. പതിനൊന്ന് നോമിനേഷനുകളാണ് ഇത്തവണ ബിയോൺസേയുടെ പേരിലുള്ളത്. 33 ഗ്രാമി പുരസ്‌കാരങ്ങളാണ് ബിയോൺസേ ഇതുവരെ നേടിയിട്ടുള്ളത്.

6 നാമനിർദേശങ്ങളോടെ ടെയ്‌ലർ സ്വിഫ്റ്റ് രണ്ടാമതെത്തി. ലോസ് ഏഞ്ചൽസിലാണ് ​ഗ്രാമി പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്. കാട്ടുതീയിൽ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചു കൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകൾ ആരംഭിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവർ നോവ ആണ് പ്രഖ്യാപനം നടത്തുന്നത്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്. പതിവുപോലെ സംഗീതവിജയങ്ങൾ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ വർഷത്തെ ഗ്രാമി.

ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി പണം സ്വരൂപിക്കാനും ദുരിതത്തിൽ അകപ്പെട്ട സംഗീതകലാകാരന്മാർക്കു മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കാനും വേണ്ടിയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റെക്കോർഡിങ് അക്കാദമി ഇതിനകം 3.2 മില്യൻ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ച, ആദ്യമായി 87 കടന്നു

രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ച, ആദ്യമായി 87 കടന്നു

ഡല്‍ഹി: ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു. ഡോളര്‍ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. അമേരിക്ക വിവിധ രാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തി വരികയാണ്. ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് അമേരിക്ക താരിഫ് ചുമത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേലും താരിഫ് ചുമത്തുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെന്‍സെക്‌സില്‍ 77000ല്‍ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണ, പ്രകൃതി വാതക, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ലാര്‍സന്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം രേഖപ്പെടുത്തുന്നത്.

ഗില്ലന്‍ ബാരി സിന്‍ഡ്രോം നാലു സംസ്ഥാനങ്ങളില്‍; പൂനെയില്‍ 18 പേര്‍ വെന്റിലേറ്ററില്‍

ഗില്ലന്‍ ബാരി സിന്‍ഡ്രോം നാലു സംസ്ഥാനങ്ങളില്‍; പൂനെയില്‍ 18 പേര്‍ വെന്റിലേറ്ററില്‍

മുംബൈ: മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പടരുന്നു. ജിബിഎസ് ബാധിച്ച് നാലു സംസ്ഥാനങ്ങളിലായി അഞ്ചുപേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്‍ രോഗം ബാധിച്ച് നാലുപേര്‍ മരിച്ചു. പൂനെയില്‍ രോഗം ബാധിച്ച 140 പേരില്‍ 18 പേര്‍ വെന്റിലേറ്ററിലാണ്.

പശ്ചിമ ബംഗാളിനെ നോര്‍ത്ത് 24 പര്‍ഗാനായില്‍ ചികിത്സയിലായിരുന്ന 17 കാരന്‍ മരിച്ചത് ജിബിഎസ് രോഗം മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. രോഗം ബാധിച്ച ഏഴും എട്ടും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികള്‍ വെന്റിലേറ്ററിലാണ്. അസുഖബാധിതരായി എത്തിയ നിരവധി കുട്ടികളില്‍ ജിബിഎസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

തെലങ്കാനയില്‍ സിദ്ദിപ്പേട്ട് സ്വദേശിനിയായ 25 വയസ്സുള്ള യുവതിക്കാണ് രോഗം കണ്ടെത്തിയത്. അസമില്‍ 17 വയസ്സുള്ള പെണ്‍കുട്ടിക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ ജിബിഎസ് കേസുകളാണിത്. രോഗം പടര്‍ന്നു പിടിക്കുന്ന മഹാരാഷ്ട്രയിലെ പൂനെയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കുടിവെള്ളം മലിനമാണെന്ന് കണ്ടെത്തി. ഇതും രോഗപ്പകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

മഹാരാഷ്ട്രയിലെ നാന്ദേഡ്ഗാവ്, സിംഹഗഡ് റോഡ്, നാന്ദേഡ് സിറ്റി, ഖഡക്വാസ്‌ല, ധയാരി എന്നിവിടങ്ങളിലെ ക്ലസ്റ്ററുകളിലാണ് ജിബിഎസ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍, തേര്‍ഗാവ്, മുന്ധ്വ, മാവല്‍, ഖേഡ്, ചിഖാലി, പിംപിള്‍ ഗുരവ്, വാഗോളി, ധങ്കാവ്ഡി, തലേഗാവ്, ചക്കന്‍, പിംപ്രി, കൊത്രൂഡ്, റാവെറ്റ്, മോഷി എന്നിവിടങ്ങളിലും സംശയാസ്പദമായ കേസുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ മേഖലയില്‍ 127 കേസുകള്‍ ജിബിഎസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Union Budget 2025: കാന്‍സര്‍ ഉള്‍പ്പെടെ 36 ജീവന്‍രക്ഷാ മരുന്നുകളുടെ തീരുവ ഒഴിവാക്കി

Union Budget 2025: കാന്‍സര്‍ ഉള്‍പ്പെടെ 36 ജീവന്‍രക്ഷാ മരുന്നുകളുടെ തീരുവ ഒഴിവാക്കി

ഡല്‍ഹി: കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 36 മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി, അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയില്‍ 36 ജീവന്‍രക്ഷാ മരുന്നുകള്‍ കൂടി ചേര്‍ക്കുമെന്ന് ബജറ്റ് അവതരണവേളയില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അഞ്ചു ശതമാനം കസ്റ്റംസ് തീരുവ ഈടാക്കുന്ന പട്ടികയില്‍ ആറ് ജീവന്‍രക്ഷാ മരുന്നുകളെ കൂടി ഉള്‍പ്പെടുത്തും. 36 മരുന്നുകള്‍ ബള്‍ക്കായി നിര്‍മ്മിച്ചാലും ഇളവ് ബാധകമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ലിഥിയം ബാറ്ററികളുടെയും അനുബന്ധ മേഖലകളുടെയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായും ബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോബാള്‍ട്ട്, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, ലെഡ്, സിങ്ക്, മറ്റ് 12 നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ മേലുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ നീക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് നിര്‍ദേശം ഇവി ബാറ്ററികളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വില കുറയാന്‍ സഹായകമാകും.

പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ബാറ്ററികള്‍, സെമികണ്ടക്ടറുകള്‍, പുനരുപയോഗ ഊര്‍ജ്ജ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഈ വസ്തുക്കള്‍ അത്യന്താപേക്ഷിതമാണ്. ഈ നടപടി ഇലക്ട്രിക് വാഹനങ്ങള്‍ അടക്കമുള്ളവയുടെ നിര്‍മ്മാണത്തിന് ഈ വസ്തുക്കളെ ആശ്രയിക്കുന്ന വ്യവസായങ്ങളുടെ ചെലവ് കുറയ്ക്കും.

കൂടാതെ, ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 35 അധിക ഇനങ്ങളും മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള 28 ഇനങ്ങളും തീരുവയില്‍ നിന്ന് ഒഴിവാക്കി. അധിക നികുതി ഈടാക്കാതെ ബാറ്ററി ഉല്‍പ്പാദനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യാന്‍ കമ്പനികളെ ഇത് അനുവദിക്കുന്നു. ഇത് വിലകുറഞ്ഞ ഇവി ബാറ്ററികള്‍ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷ. ഇത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.