by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
മണാലി: ഹിമാചല്‍പ്രദേശിലെ മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി താഴെ വീണ് പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്. നാഗ്പൂരില്‍ നിന്നുള്ള തൃഷ ബിജ്വെക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ തൃഷയുടെ മാതാപിതാക്കള്‍ തന്നെയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവെച്ചത്.
സിപ്‌ലൈന്‍ കേബിള്‍ പൊട്ടി 30 അടി താഴ്ചയിലേക്കാണ് തൃഷ വീണത്. അച്ഛന്‍ പ്രഫുല്ല ബിജ്വെയ്ക്കും അമ്മയ്ക്കുമൊപ്പം മണാലിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു തൃഷ. വീഴ്ചയില്‍ തൃഷയുടെ കാലില്‍ ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചു. ആദ്യം മണാലിയിലെ പ്രാദേശിക ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ പരിചരണത്തിനായി ചണ്ഡീഗഡിലെ മെഡിക്കല്‍ സ്ഥാപനത്തിലേക്ക് മാറ്റി. ഇപ്പോള്‍ നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്ത് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും അപകടം നടന്ന ശേഷം തങ്ങളെ സഹായിക്കാന്‍ സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ തയ്യാറായില്ല എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
മണാലിയിലെ പ്രധാന ആകര്‍ഷണമാണ് രണ്ടുമലകള്‍ക്ക് നടുവിലൂടെ ഒഴുകുന്ന പുഴയ്ക്ക് കുറുകെയായി വലിച്ചിട്ടുള്ള സിപ് ലൈന്‍. പ്രകൃതിഭംഗി ആസ്വദിച്ച് പുഴയ്ക്ക് കുറുകെയുള്ള ലൈനിലൂടെ ഒരു മലയില്‍നിന്ന് എതിര്‍ഭാഗത്തുള്ള മലയിലേക്ക് പറന്നിറങ്ങുന്നതുപോലെയുള്ള യാത്ര സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് ഹൈദരാബാദ് ലുഫ്താന്‍സ എയര്‍ലൈന്‍സ് വിമാനം തിരിച്ചുപറന്നു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന എല്‍എച്ച് 752 വിമാനം തിങ്കളാഴ്ച രാവിലെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിലയില്‍ ആയിരുന്നു സര്‍വീസ് ക്രമീകരിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇമെയില്‍ ആയി ലഭിച്ച ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം തിരിച്ചു പറക്കുകയായിരുന്നു.
ടേക്ക് ഓഫ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങുന്നതായി യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. വിമാന സര്‍വീസ് ഇന്നത്തേക്ക് റീഷെഡ്യൂള്‍ ചെയ്‌തെന്ന അറിയിപ്പ് ലഭിച്ചതായി യാത്രക്കാരനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ ഇറങ്ങാന്‍ തങ്ങള്‍ക്ക് അനുമതി ലഭിക്കാത്തതിനാലാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ തിരിച്ചിറക്കിയതെന്നാണ് ലഭിച്ച വിശദീകരണം എന്നും യാത്രക്കാര്‍ പറയുന്നു.
സുരക്ഷ മുന്‍നിര്‍ത്തി, പുറപ്പെട്ടിടത്തേക്ക് തിരിച്ചുപറക്കാനോ സമീപത്തെ വിമാനത്താവളത്തില്‍ ഇറങ്ങാനോ നിര്‍ദേശിക്കുകയായിരുന്നെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. യാത്ര മുടങ്ങിയ യാത്രക്കാര്‍ത്ത് താമസ സൗകര്യ ഉള്‍പ്പെടെ കമ്പനി ഒരുക്കിയതായും തിങ്കളാഴ്ച ഇതേ വിമാനം ഹൈദരാബാദിലേക്ക് സര്‍വീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: രാജ്യത്ത് യുപിഐ സേവനങ്ങളില്‍ ഇന്നുമുതല്‍ മാറ്റങ്ങള്‍. യുപിഐ ട്രാന്‍സാക്ഷനുകള്‍ കൂടുതല്‍ വേഗത്തില്‍ ജൂണ്‍ 16 മുതല്‍ സാധ്യമാകും. മറ്റ് ചില മാറ്റങ്ങള്‍ ഓഗസ്റ്റ് മാസത്തോടെ യുപിഐ ഇടപാടുകളില്‍ വരും. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഈ അപ്‌ഡേറ്റുകള്‍ കൊണ്ടുവരുന്നത്.
ഇന്ത്യയിലെ ഓണ്‍ലൈന്‍ പണമിടപാടുകള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ് യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റര്‍ഫേസ് (യുപിഐ). ഇന്ന് മുതല്‍ യുപിഐ പണമിടപാടുകള്‍ കൂടുതല്‍ വേഗത്തില്‍ സാധ്യമാകും. നേരത്തെ പണമിടപാടുകള്‍ (Request Pay, Response Pay (Debit and Credit) പൂര്‍ത്തീകരിക്കാന്‍ 30 സെക്കന്‍ഡ് സമയം എടുത്തിരുന്നെങ്കില്‍ ഇനിയത് 15 സെക്കന്‍ഡുകളായി കുറയും. ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ വേണ്ട സമയം 30 സെക്കന്‍ഡില്‍ നിന്ന് 10 സെക്കന്‍ഡായി കുറയും. ട്രാന്‍സാക്ഷന്‍ റിവേഴ്‌സലിനും ഇനിമുതല്‍ 10 സെക്കന്‍ഡുകള്‍ ധാരാളം, നേരത്തെ ഈ സേവനത്തിന് 30 സെക്കന്‍ഡ് സമയം ആവശ്യമായിരുന്നു. അക്കൗണ്ട്+ഐഎഫ്‌എസ്‌സി അടിസ്ഥാനത്തിലുള്ള ഇടപാടുകളുടെ ദൈര്‍ഘ്യം 15 സെക്കന്‍ഡില്‍ നിന്ന് 10 സെക്കന്‍ഡുകളായി കുറയ്ക്കുകയും നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് മാസം മുതല്‍ മറ്റ് ചില മാറ്റങ്ങളും രാജ്യത്തെ യുപിഐ ഇടപാടുകള്‍ നിലവില്‍ വരും. ഒരു ദിവസം യുപിഐ ആപ്പ് വഴി 50 തവണ വരെയാകും ബാലന്‍സ് പരിശോധിക്കാന്‍ കഴിയുക. ഇതടക്കം ഏറെ പരിഷ്‌കാരങ്ങളാണ് രാജ്യത്തെ യുപിഐ ഇടപാടുകളില്‍ വരാനിരിക്കുന്നത്. രാജ്യത്തെ ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതവും ലളിതവുമാക്കുന്നതിന്‍റെ ഭാഗമായാണ് നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുത്തന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പൊള്ളുന്ന ചൂടില്‍ എ സി ഇല്ലാത്ത വിമാനത്തില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചിരുന്നത് അഞ്ച് മണിക്കൂര്‍. ദുബായില്‍നിന്നും ശനി പുലര്‍ച്ചെ 12.45ന് ജയ്പൂരിലേക്കു പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐഎക്‌സ് 196) വിമാനത്തിലെ യാത്രക്കാര്‍ക്കാരാണ് ഈ ദുരനുഭവം നേരിട്ടത്.
വെള്ളിയാഴ്ച വൈകിട്ട് 7.25ന് ദുബായില്‍നിന്ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ അഞ്ചര മണിക്കൂര്‍ വൈകിയിരുന്നു. വളരെ വൈകി വിമാനം പുറപ്പെടുമ്പോള്‍ തന്നെ എസി പ്രവര്‍ത്തിച്ചിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിറയെ യാത്രക്കാരുള്ള വിമാനം 5 മണിക്കൂര്‍ പിന്നിട്ട് ജയ്പൂരില്‍ ഇറങ്ങിയപ്പോഴേക്കും യാത്രക്കാര്‍ അവശരായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പുറത്തുവന്നു. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വിയര്‍ത്തൊലിച്ച് ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എസി ഇല്ലാത്തതിനാല്‍ ഇവര്‍ അസ്വസ്ഥരാകുന്നുണ്ട്. ക്രൂ അംഗങ്ങള്‍ ആരും ഇവരെ തിരിഞ്ഞുനോക്കിയില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. പരാതിപ്പെട്ടിട്ടും വിമാന ജീവനക്കാര്‍ ഇടപെടാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ചൂടില്‍ വലഞ്ഞ് കുടിവെള്ളത്തിനായി വിളിച്ചിട്ടും നല്‍കിയില്ലെന്നും പലരുടെയും ആരോഗ്യനില വഷളായതായും യാത്രക്കാര്‍ പറയുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരുടെ വിശദീകരണം ഒന്നും വന്നിട്ടില്ല.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പത്ത് ദിവസത്തിനിടെ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ ജൂൺ ഏഴാം തീയതി സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലും 78കാരിയായ സോണിയ ഗാന്ധിയെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 75 ഡോളര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് വിലയില്‍ 1.24 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
സംഘര്‍ഷത്തിന് തുടക്കമിട്ട് ഇസ്രയേല്‍ ഇറാന്‍ ആക്രമിച്ച ഉടന്‍ തന്നെ വില കുതിച്ചുയരുന്നതാണ് കണ്ടത്. ബാരലിന് എട്ടുശതമാനം വില വര്‍ധനയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധന തുടരുന്ന കാഴ്ചയാണ് ദൃശ്യമായത്. വെള്ളിയാഴ്ച ബാരലിന് 74 ഡോളര്‍ കടന്നാണ് മുന്നേറിയത്. സംഘര്‍ഷം തുടരുകയാണെങ്കില്‍ ഭാവിയില്‍ എണ്ണവില നൂറ് ഡോളര്‍ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബാരലിന് 120 ഡോളര്‍ വരെ ഉയരാമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ പി മോര്‍ഗന്‍ പ്രവചിച്ചത്.
ഇന്ത്യ പ്രമുഖ എണ്ണ ഇറക്കുമതി രാജ്യമാണ്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും പരിഹരിക്കുന്നത് പുറത്തുനിന്ന് ഇറക്കുമതി ചെയ്താണ്. നിലവില്‍ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. ഇറാനെതിരെ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാത്തത്. എന്നാല്‍ സംഘര്‍ഷം കടുത്ത് എണ്ണവിതരണത്തില്‍ തടസ്സം നേരിട്ടാല്‍ ആഗോള തലത്തില്‍ ഇനിയും എണ്ണവില ഉയരും. ഇത് ഇന്ത്യയുടെ ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇത് രാജ്യത്ത് ഇന്ധനവില വര്‍ധനയ്ക്ക് കാരണമായേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Recent Comments