by Midhun HP News | Jan 31, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളെ കാണും.
പൊതു ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങള്‍ രാജ്യം ഉറ്റുനോക്കുകയാണ്.
നിലവിലെ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ ആദായനികുതി സ്‌കീം പ്രകാരം നിലവില്‍ 3 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാര്‍ച്ച് 10ന് തുടങ്ങി ഏപ്രില്‍ 4 വരെയുണ്ടാകും.
by Midhun HP News | Jan 30, 2025 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഹരികുമാറിനെ വൈദ്യ പരിശോധനക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താൻ ആണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.
സഹോദരിയോടുള്ള വൈരാഗ്യം കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഹരികുമാറിന്റെ മൊഴി. കുഞ്ഞിന്റെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് ദേവേന്ദുവിനെ അച്ഛന്റെ അടുത്ത് കിടത്തിയിരുന്നു. ഈ സമയത്ത് ഹരികുമാർ മുറിയിലെത്തി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു.
കുഞ്ഞിൻ്റേത് മുങ്ങി മരണമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിൻ്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടരും. എന്നാൽ കൊലപാതകത്തിൽ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ചോദ്യം ചെയ്യൽ തുടരും. അതേസമയം കുട്ടിയുടെ മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനേയും പൊലീസ് വിട്ടയച്ചു. രണ്ട് പേരും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചത്.
കുഞ്ഞിന്റെ ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദേവേന്ദുവിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. മുത്തശ്ശിയും അച്ഛനും സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയതിന് ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ നടത്തിയത്.
ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
by Midhun HP News | Jan 30, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നോ: മഹാ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെ പ്രയാഗ് രാജില്‍ കര്‍ശന നടപടികളുമായി യോഗി സര്‍ക്കാര്‍. പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് കൊണ്ടുവന്നത്.
മഹാകുംഭ മേള നടക്കുന്ന ഭാഗത്തേക്ക് ഒരു വാഹനവും കടത്തിവിടില്ല. അതുപോലെ വി.വി.ഐ.പി പാസുകളും റദ്ദാക്കിയിട്ടുണ്ട്. അയല്‍ജില്ലകളില്‍ നിന്ന് പ്രയാഗ് രാജിലേക്കുള്ള വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തിയിടണം. ഫെബ്രുവരി നാല് വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. പ്രയാഗ് രാജിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ അതിഷി ഗോയലും ഭാനു ഗോസ്വാമിയും ഉടന്‍ എത്തും.
2019ലെ അര്‍ധ കുംഭമേള നടത്തിയത് ഇവരുടെ മേല്‍നോട്ടത്തിലായിരുന്നു. അന്ന് ഭാനു ഗോസ്വാമി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും കുംഭമേള അതോറിറ്റി വൈസ് ചെയര്‍മാനുമായിരുന്നു. അതിഷി അലഹബാദ് കമീഷണറും. ഇവരെ കൂടാതെ സ്പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരെയും കുംഭമേള നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്.
ദുരന്തത്തിന് പിന്നാലെ തിരക്ക് നിയന്ത്രിക്കാന്‍ യു.പി മുഖ്യമന്ത്രി ആദിത്യ നാഥ് യോഗി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കുംഭമേള ദുരന്തത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ച ഒരുമണിയോടെയാണ് ദുരന്തം. സന്യാസിമാര്‍ക്കൊപ്പമുള്ള ഗംഗാ സ്‌നാനത്തിന് ഭക്തര്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.
മൗനി അമാവാസി ദിനമായതിനാല്‍ കോടിക്കണക്കിന് ഭക്തരാണ് ബുധനാഴ്ച സംഗമ സ്‌നാനത്തിനെത്തിയത്. ഭക്തര്‍ ബാരിക്കേഡ് മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ജനക്കൂട്ടത്തിന്റെ തള്ളലിലാണ് പലരും നിലത്തുവീണതെന്നും ഇവര്‍ക്ക് രക്ഷപ്പെടാനായില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്. ഇവരില്‍ അമ്മയും രണ്ടു പെണ്‍മക്കളും ഉള്‍പ്പെടെ നാലുപേര്‍ കര്‍ണാടക സ്വദേശികളാണ്.അപകടത്തില്‍പെട്ടവരെ സ്ട്രച്ചറുകളിലും ആംബുലന്‍സുകളിലും പൊലീസ് വാഹനങ്ങളിലുമാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ നടത്തുന്ന അമൃതസ്‌നാനം മോക്ഷം നല്‍കുമെന്നാണ് വിശ്വാസം. ദുരന്തത്തിന് പിന്നാലെ നിര്‍ത്തിവെച്ച സ്‌നാനം ബുധനാഴ്ച ഉച്ചക്കുശേഷം പുനരാരംഭിച്ചു. ആചാരമനുസരിച്ച് മൂന്ന് സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തിലാണ് ഭക്തര്‍ സ്‌നാനം നടത്തുന്നത്.
സന്യാസി, ബൈരാഗി, ഉദസീന്‍ എന്നീ മൂന്ന് സന്യാസി സമൂഹങ്ങളില്‍പെട്ടവരുടെ നേതൃത്വത്തിലാണ് പുണ്യസ്‌നാനം. 12 വര്‍ഷത്തിന് ശേഷമുള്ള കുംഭമേള ജനുവരി 13നാണ് തുടങ്ങിയത്. ഫെബ്രുവരി 26ന് അവസാനിക്കും. പ്രയാഗ് രാജില്‍ 9-10 കോടി ഭക്തര്‍ എത്തിയിരുന്നുവെന്നും ജനക്കൂട്ടം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാല്‍, ക്രമീകരണത്തിലുണ്ടായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
by Midhun HP News | Jan 30, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുതിയ ചട്ടം അനുസരിച്ച് യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഐഡികളില്‍ നിന്നുള്ള ഇടപാടുകള്‍ റദ്ദാക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇത്തരം ഇടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.
യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ യുപിഐ പേയ്മെന്റ് സേവന ദാതാക്കളും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നു. പുതിയ മാര്‍ഗനിര്‍ദേശം പാലിച്ച് ട്രാന്‍സാക്ഷന്‍ ഐഡികള്‍ക്ക് ആല്‍ഫാന്യൂമെറിക് ക്യാരക്ടറുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കണം. മിക്ക പേയ്മെന്റ് സേവന ദാതാക്കളും പുതിയ വ്യവസ്ഥ പാലിച്ചിട്ടുണ്ടെങ്കിലും ചിലത് ഇപ്പോഴും പാലിക്കാത്തതിനാല്‍ അടുത്ത മാസം മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കാനാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം.
‘2024 മാര്‍ച്ച് 28ലാണ് യുപിഐ സേവനദാതാക്കളോട് യുപിഐ ട്രാന്‍സാക്ഷന്‍ ഐഡി സൃഷ്ടിക്കുന്നതിന് ആല്‍ഫാന്യൂമെറിക് ക്യാരക്ടറുകള്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചത്. യുപിഐ ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ നിര്‍ദേശം നല്‍കിയത്’ – നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.
by Midhun HP News | Jan 30, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമര്‍പ്പിച്ചു. രണ്ട് മിനിറ്റ് നേരം മൗനപ്രാര്‍ഥനയും നടത്തി. വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘ബാപ്പുവിന് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ സേവനത്തെയും ത്യാഗങ്ങളെയും സ്മരിക്കുകയും ചെയ്യുന്നു’ – മോദി എക്‌സില്‍ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ശുചിത്വം, സ്വാശ്രയത്വം, ഗ്രാമങ്ങളുടെ ശാക്തികരണം തുടങ്ങിയ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇന്ത്യക്കാര്‍ക്ക് പ്രചോദനമാണെന്ന് ഷാ പറഞ്ഞു.
by Midhun HP News | Jan 30, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.59 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് നൂറ് പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 23,100 പോയിന്റിന് മുകളിലാണ്. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്. ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, വിപ്രോ ഓഹരികള്‍ നഷ്ടം നേരിട്ടു. കഴിഞ്ഞ രണ്ടുദിവസം ശക്തമായ തിരിച്ചുവരവാണ് ഓഹരി വിപണി നടത്തിയത്.
Recent Comments