by Midhun HP News | Jun 14, 2025 | Latest News, ദേശീയ വാർത്ത
ഇറാൻ – ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴ്ന്നു. കഴിഞ്ഞ എട്ട് ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. ഒരു ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 23.45 എന്ന നിലയിലായിരുന്നു വ്യാപാരം നടക്കുന്നത് . ഇത് യുഎഇയിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് വലിയ നേട്ടമാണ് . ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് രൂപയുടെ മൂല്യത്തിൽ 0.7 ശതമാനത്തോളം ഇടിവ് ആണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎഇയിലുള്ള ഇന്ത്യക്കാർക്ക് ഈ സമയം നാട്ടിലേക്ക് പണമയക്കുകയാണെങ്കിൽ മികച്ച വിനിമയ നിരക്ക് ലഭിക്കും. മറ്റു ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ സമാനമായ രീതിയിൽ കുറവ് വന്നിട്ടുണ്ട്. ഒരു ബഹ്‌റിൻ ദിനാറിന്റെ ഇന്നത്തെ വില 86.18 ആണ്. ഒരു ഒമാൻ റിയാലിന്റെ ഇന്നത്തെ വില 224.32 യും സൗദി റിയാൽ 22.99 രൂപയിലുമാണ് വ്യാപാരം തുടരുന്നത്.
എന്നാൽ രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായാണ് ബാധിക്കുക എന്നാണ് വിലയിരുത്തൽ. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായപ്പോൾ എണ്ണവില 10% വർധിച്ചിരുന്നു. ഇത് വലിയ തിരിച്ചടി ആകുമെന്നാണ് കണക്ക് കൂട്ടുന്നത്. എണ്ണ ഇറക്കുമതിയിൽ വരുന്ന ചെലവുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിലനിർത്തുന്നതിൽ ഏറ്റവും ആശങ്ക ഉളവാക്കുന്ന ഘടകം ആകുമെന്ന് വിദഗ്‌ദ്ധർ അവകാശപ്പെട്ടു.
by Midhun HP News | Jun 14, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെവൈസി മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ കെവൈസി അപ്‌ഡേഷന് ബാങ്കിങ് കറസ്‌പോണ്ടന്റിന് അനുവാദം നല്‍കി കൊണ്ടുള്ളതാണ് പുതിയ ഭേദഗതി. ഉപഭോക്താക്കളുടെ കെവൈസി പീരിയോഡിക് അപ്‌ഡേഷനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പീരിയോഡിക് അപ്‌ഡേഷന് മുന്‍പ് ഉപഭോക്താവിനെ മൂന്ന് തവണ മുന്‍കൂട്ടി അറിയിക്കണം. ഇതില്‍ ഒരുതവണയെങ്കിലും കത്ത് മുഖേന ബാങ്കുകള്‍ അറിയിക്കണമെന്നും ആര്‍ബിഐയുടെ വിജ്ഞാപനത്തില്‍ പറയുന്നു.
ബാങ്കിങ് കറസ്‌പോണ്ടന്റുമാര്‍ ബാങ്കിന്റെ ഏജന്റുമാരായാണ് പ്രവര്‍ത്തിക്കുന്നത്. എന്‍ജിഒകള്‍, സ്വയംസഹായ ഗ്രൂപ്പുകള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ബിസിനസ് കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
ബാങ്കില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍, പ്രദേശത്തുള്ള കടയുടമയ്ക്കും ബാങ്കിങ് കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിങ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക, ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന ബാങ്ക് ശാഖയുടെ വിപുലീകൃത വിഭാഗമാണ് ബിസിനസ് കറസ്‌പോണ്ടന്റ്.
by Midhun HP News | Jun 14, 2025 | Latest News, ദേശീയ വാർത്ത
പാലക്കാട്: അഹമ്മദാബാദിലെ വിമാന ദുരന്തം പാലക്കാട് ഒലവക്കോടുള്ള നിള നഗര്‍ കോളനിയെയും ദുഃഖത്തിലാഴ്ത്തി. അപകടത്തില്‍ മരിച്ച ശ്രദ്ധ ധവാന്‍(45) മലയാളിയായ രാജേഷ് സികെയുടെ ഭാര്യയാണ്. രാജേഷിന്റെ മാതാപിതാക്കള്‍ നിള നഗര്‍ കോളനിയിലെ താമസക്കാരാണ്. കോളനിയിലെ ശ്രേയസ് ഹോമില്‍ താമസിക്കുന്ന നാരായണന്‍ കെയുടെയും ശോഭന സികെയുടെയും മൂന്ന് ആണ്‍മക്കളില്‍ ഇളയ മകനാണ് രാജേഷ്.
‘വിമാന ദുരന്തത്തിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോഴാണ് ശ്രദ്ധയുടെ പേര് ശ്രദ്ധിച്ചത്, ഉടന്‍ മൂത്തമകനൊപ്പം ഓസ്‌ട്രേലിയയിലുള്ള നാരായണന്‍ സാറിനെ വിളിച്ചു, ശ്രദ്ധ മരിച്ചതായി അദ്ദേഹം പറഞ്ഞു. പ്രദേശവാസി പറഞ്ഞു.
അതിദാരുണമായ വാര്‍ത്തയില്‍ എല്ലാവരും ഞെട്ടിപ്പോയെന്നും നിള നഗര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും നുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സുജിത്ത് എസ് പറഞ്ഞു.
ശ്രദ്ധയുടെ മരണ വിവരം പിന്നീട് അസോസിയേഷന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെയും മറ്റ് ഗ്രൂപ്പുകളിലും പങ്കുവെച്ചതായി സുജിത്ത് പറഞ്ഞു. ശ്രദ്ധയുടെ വിയോഗത്തില്‍ തങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന് ദുഃഖത്തില്‍ പങ്കുചേര്‍ന്നു. മുംബൈ സ്വദേശിയായ ശ്രദ്ധ ഭര്‍ത്താവ് രാജേഷിനൊപ്പം എയര്‍ ഇന്ത്യയില്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അപകടമുണ്ടായ വിമാനത്തിലെ സീനിയിര്‍ ഫ്‌ലൈറ്റ് അറ്റന്‍ഡറായിരുന്നു ശ്രദ്ധ.
by Midhun HP News | Jun 14, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കർണാടത്തിൽ തിങ്കളാഴ്ചയോടെ (ജൂൺ 16) ബൈക്ക് ടാക്സി സർവീസ് അവസാനിക്കും. ബൈക്ക് ടാക്‌സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കുന്നതു വരെ അവയ്ക്ക് നിരോധനം വേണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളിയതാണ് നടപടിക്ക് കാരണം. ജൂണ്‍ 16നുള്ളില്‍ ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം.
ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ഓല, ഊബര്‍, റാപിഡോ തുടങ്ങിയ മൊബൈൽഫോൺ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികള്‍ സിംഗിൾ ബെഞ്ച് പ്രസ്താവിച്ച ബൈക്ക് ടാക്സി നിരോധന ഉത്തരവിനെതിരേ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്. ബൈക്ക് ടാക്‌സി നിര്‍ത്തുന്നത് ആറു ലക്ഷം ഡ്രൈവര്‍മാരെ ബാധിക്കുമെന്നാണ് റാപിഡോ വാദിച്ചത്.
എന്നാല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് കാമേശ്വർ റാവുവും ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, നിരോധന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. അപ്പീലില്‍ സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും നോട്ടീസ് അയച്ച ഡിവിഷന്‍ ബെഞ്ച് കേസ് ഇനി ജൂണ്‍ 24ന് പരിഗണിക്കും. ഗതാഗത വകുപ്പിന്റെയും ഓട്ടോ, ടാക്സി യൂണിറ്റുകളുടെയും എതിർപ്പിനെ തുടർന്ന് 2019ൽ തന്നെ സംസ്ഥാനത്ത് ബൈക്ക് ടാക്സികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ 2022-ൽ ഹൈക്കോടതി പുറപ്പെടുവിച്ച താൽക്കാലിക ഉത്തരവിന്റെ പിൻബലത്തിലാണ് ബൈക്ക് ടാക്സികൾ പ്രവർത്തിച്ചിരുന്നത്.
by Midhun HP News | Jun 14, 2025 | Latest News, ദേശീയ വാർത്ത
ടെല്‍അവീവ്: ഇസ്രയേല്‍ ആക്രമണത്തില്‍ തിരിച്ചടിയായി ഇറാന്‍(Israel -Iran Mideast War) നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 63 പേര്‍ക്ക് പരിക്കേറ്റതായും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. ആക്രമണത്തില്‍ ടെല്‍അവീവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ടെല്‍അവീവിലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വന്‍ സ്ഫോടനം നടന്നതായും തീപിടിത്തത്തില്‍ കെട്ടിടത്തിന് കനത്ത നാശനഷ്ടം ഉണ്ടായതായും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിരുന്നു. ടെല്‍ അവീവിന്റെ പരിസര പ്രദേശങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടന്നിട്ടുണ്ടെന്നും പരിക്കേറ്റവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയോ ലൊക്കേഷന്‍ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത് എന്ന് ഇസ്രയേല്‍ വ്യോമസേന ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
by Midhun HP News | Jun 14, 2025 | Latest News, ദേശീയ വാർത്ത
ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ (Iran–Israel conflict) ഇരു രാജ്യങ്ങളും വ്യോമപാത അടച്ചതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ അവതാളത്തിലായി. യുഎഇയിൽ നിന്ന് മാത്രം 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി.
യുഎഇയിൽ നിന്ന് ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറാഖ്, ജോർദാൻ, ലബനാൻ, സിറിയ, റഷ്യ, അസർബൈജാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് തകരാറിലായത്. ഈ രാജ്യങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് വരുന്നതുമായ വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് വിമാനത്താവളം അറിയിച്ചു.
ഇറാനി വിമാനത്താവളങ്ങളായ തെഹ്‌റാൻ, ഷിറാസ്, ലാർ, കിഷ് ഐലൻഡ്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ചതായി എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ് വിമാന കമ്പനികൾ അറിയിച്ചു. അന്താരാഷ്ട്ര വിമാനയാത്രക്ക് തയ്യാറെടുക്കുന്നവർ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച ശേഷം പുറപ്പെട്ടാൽ മതിയെന്ന് ദുബായ്, ഷാർജ വിമാനത്താവളങ്ങളും നിർദേശം നൽകിയിട്ടുണ്ട്.
Recent Comments