‘കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ബില്‍, അടുത്തയാഴ്ച അവതരിപ്പിക്കും’; നീറ്റ് ചോര്‍ച്ചയില്‍ മോദിയുടെ വീഡിയോ സന്ദേശം

‘കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ബില്‍, അടുത്തയാഴ്ച അവതരിപ്പിക്കും’; നീറ്റ് ചോര്‍ച്ചയില്‍ മോദിയുടെ വീഡിയോ സന്ദേശം

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നല്‍കും. അടുത്തയാഴ്ച ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാത്രി 11:52 ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി വീഡിയോ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് വീഡിയോ സന്ദേശത്തില്‍ പരാമര്‍ശമില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള ക്രമക്കേടുകളുടെ ഉത്തരവാദിത്തമാറ്റെടുത്ത് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ ഡല്‍ഹിയില്‍ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

‘സുഹൃത്തുക്കളേ, ചോദ്യപേപ്പര്‍ ചോര്‍ച്ച ഒരു സാധാരണ പ്രശ്‌നമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇത് വളരെ വേദനാജനകമാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ നിരവധി നടപടികള്‍ സ്വീകരിച്ചത്. കുറ്റവാളികളെ പിടികൂടി ജയിലിലടച്ചു. വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം പോലും പാഴാക്കരുതെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. പരീക്ഷകള്‍ ഉടനടി എഴുതേണ്ടത് വളരെ പ്രധാനമായിരുന്നു. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ക്രമീകരണമൊരുക്കാന്‍ സര്‍ക്കാര്‍ അതിന്റെ പൂര്‍ണശേഷിയും ഉപയോഗിച്ചു’ പ്രധാനമന്ത്രി പറഞ്ഞു.

‘ഫാസ്റ്റ് ട്രാക്ക് കോടതിക്കായി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വകുപ്പുകള്‍ കഠിനാധ്വാനം ചെയ്ത് ഇന്നുരാത്രി വൈകിയാണ് എനിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നാളെ മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മന്ത്രിസഭാംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്, അതിന് അന്തിമരൂപം നല്‍കും. പാര്‍ലമെന്റിന്റെ രണ്ടാം ആഴ്ച ആരംഭിക്കുന്ന തിങ്കളാഴ്ച തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിയുന്നത്ര വേഗം ബില്‍ പാസ്സാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.’ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

ന്യൂഡല്‍ഹി : നീറ്റ് അടക്കമുള്ള പരീക്ഷാ ക്രമക്കേടുകളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ( സിജെപി) നേതൃത്വത്തിലുള്ള സമരം തുടരുന്നു. ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സിജെപി സമരം 34-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞദിവസങ്ങളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. തലസ്ഥാനത്ത് ഇന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമരക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രി ജെ പി നഡ്ഡയുടെ വസതിയിലെത്താനുള്ള നിര്‍ദേശം സിജെപി നേതാക്കള്‍ തള്ളിയിരുന്നു. ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം ഇന്നലെ രാത്രിയിലും സംഘര്‍ഷമുണ്ടായി. സന്‍സദ് മാര്‍ഗിലാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ലാത്തി വീശിയ പൊലീസ്, വിദ്യാര്‍ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സെന്‍ട്രല്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ചില മെട്രോ സ്റ്റേഷന്‍ കവാടങ്ങള്‍ അടയ്ക്കുകയും പ്രദേശം കനത്ത സുരക്ഷാ വലയത്തിലാക്കുകയും ചെയ്തിരുന്നു. നിയന്ത്രണം കടുപ്പിക്കുമ്പോഴും ജന്തര്‍ മന്തറിലെ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് യുവാക്കളാണ് സമരവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സിജെപി സമരത്തിന് രാജ്യത്തിനകത്തും പിന്തുണയേറുകയാണ്.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് സോനം വാങ്ചുക് അറിയിച്ചിട്ടുള്ളത്. ചോദ്യപേപ്പർ ചോർച്ചയും , യുവാക്കൾക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധം ശക്തമായി തുടരാനാണ് കോൺഗ്രസ് തീരുമാനം. പാർലമെന്റ് കവാടത്തിലും പാർലമെന്റിന് ഉള്ളിലും കോൺഗ്രസ് പ്രതിഷേധിക്കും. ലോക്സഭയിലും രാജ്യസഭയിലും വിദ്യാർഥി പ്രക്ഷോഭവും നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും ഉന്നയിക്കും. പാർലമെൻ്റിൻ്റെ സുഗമമായ നടത്തിപ്പിനുള്ള ചില അനുനയ ശ്രമങ്ങൾ സ്പീക്കറുടെ ഭാഗത്തു നിന്നും ഉണ്ടായേക്കും.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കുള്ള കേസിൽ ദേവസ്വം മുൻ പ്രസിഡൻറ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ 2025 ൽ ചട്ടം ലംഘിച്ച് ചെന്നൈയിലേക്കു കൊണ്ടുപോയതിൽ പി.എസ്.പ്രശാന്ത് അടക്കം 7 പേർക്കു പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞമാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

2019 ലെ സ്വർണക്കവർച്ചയും ക്രമക്കേടും മറയ്ക്കാനാണ് 2025 ൽ പാളികൾ ചെന്നൈയിലെത്തിച്ചു സ്വർണം പൂശിയതെന്നാണു കണ്ടെത്തൽ.ദേവസ്വം ബോർഡ് അംഗമായിരുന്ന എ.അജികുമാർ, സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവര്, ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മുരാരി ബാബു, തിരുവാഭരണം കമ്മിഷണറായിരുന്ന രജിലാൽ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരാണു കേസിൽ പങ്കുള്ള മറ്റുള്ളവർ. ബോർഡ് അംഗമായിരുന്ന സുന്ദരേശൻ, ബോർഡ് സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനര്, തിരുവാഭരണം കമ്മിഷണർ സുനില, എക്സിക്യൂട്ടീവ് ഓഫിസർ ഒ.ജി.ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീനിവാസ്, അസി.എക്സിക്യൂട്ടീവ് ഓഫിസർ ഹേമന്ത്, കർണാടക ബെള്ളാരിയിലെ ജ്വല്ലറിയുടമ ഗോവർധൻ, 2020 ൽ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന വി.എസ്.രാജേന്ദ്ര പ്രസാദ് എന്നിവരുടെ പങ്കും വിശദമായി അന്വേഷിക്കുന്നുണ്ട്.

പ്രശാന്ത് അടക്കമുള്ളവരുടെ പങ്ക് സ്ഥാപിക്കുന്ന ശക്തമായ തെളിവുകൾ കണ്ടെത്തിയെന്നാണ് എസ്ഐടി കോടതിയിൽ സമർപിച്ച റിപ്പോർട്ടിലുള്ളത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ വെളിപ്പെടുന്നതെന്ന് എസ്ഐടി പറയുന്നു. 

കോണ്‍ഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ല; അമര്‍ഷം അറിയിച്ച് ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികള്‍; ഇനി ആവര്‍ത്തിക്കില്ലെന്ന് രാഹുല്‍

കോണ്‍ഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ല; അമര്‍ഷം അറിയിച്ച് ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികള്‍; ഇനി ആവര്‍ത്തിക്കില്ലെന്ന് രാഹുല്‍

ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയതില്‍ അമര്‍ഷം അറിയിച്ച് ഇന്ത്യാ സഖ്യത്തിലെ ഘടകക്ഷികള്‍. കോണ്‍ഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ലെന്ന് ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ സമരം നടത്തിയതെന്നും ഇനി അങ്ങനെ ഉണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി ഘടകകക്ഷി നേതാക്കളെ അറിയിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്ത്യാസഖ്യ യോഗത്തിലാണ് കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ തങ്ങളുടെ അമര്‍ഷം അറിയിച്ചത്. ഇന്ത്യാസഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് പ്രതിഷേധം ഒന്നിച്ചുനടത്താനായിരുന്നു ഇന്നലെ നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് ശേഷം സ്ഥലത്തെത്താന്‍ പാര്‍ട്ടികള്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധം റദ്ദാക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതിനുശേഷം കോണ്‍ഗ്രസ് തനിയെ പ്രതിഷേധം നടത്തുകയായിരുന്നെന്ന് ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

സിപിഐ, സമാജ് വാദ് പാര്‍ട്ടി, ആര്‍എസ്പി, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികളാണ് കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നത്. സമരം പൊലീസ് ഒഴിപ്പിക്കുമെന്ന നില വന്നതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഘടകക്ഷി നേതാക്കളെ വിളിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇനി ഇത്തരത്തിലുള്ള സമരം നടത്തുമ്പോള്‍ ഘടകകക്ഷികളെ അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.

കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; പ്രദേശം വളഞ്ഞ് സൈന്യം

കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; പ്രദേശം വളഞ്ഞ് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് പട്ടണത്തില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജമ്മു കശ്മീര്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബില്‍ ആഷിഖ് ഹുസൈനാണ് മരിച്ചത്.

അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയിലായിരുന്നു ആഷിഖ് ഹുസൈന്‍. യാത്രയുടെ സുരക്ഷാ ചുമതല നിര്‍വഹിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന് നേര്‍ക്ക് ഭീകരര്‍ പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഹുസൈനെ ഉടന്‍ തന്നെ അനന്ത് നാഗ് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ നിഴല്‍ സംഘടനയായി അറിയപ്പെടുന്ന റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഭീകരാക്രമണത്തെത്തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞു. ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാണ്. കശ്മീര്‍ താഴ്വരയില്‍ ഈ വര്‍ഷം ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ആദ്യ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആദില്‍ ഹുസൈന്‍. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് അമര്‍നാഥ് യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇനി ഇന്റര്‍നെറ്റില്ലെങ്കിലും യുപിഐ ഇടപാട് നടത്താം; വരുന്നു പുതിയ സാങ്കേതികവിദ്യ

ഇനി ഇന്റര്‍നെറ്റില്ലെങ്കിലും യുപിഐ ഇടപാട് നടത്താം; വരുന്നു പുതിയ സാങ്കേതികവിദ്യ

മുംബൈ: ഇന്റര്‍നെറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലെ സൈ്വപ്പിങ് മെഷീന്‍ ഉപയോഗിച്ച് യുപിഐ വഴി ചെറിയ തുകയുടെ ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുങ്ങുന്നു. അടിയന്തര ഘട്ടങ്ങളില്‍ 2000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയില്‍ മെഷീനിലേക്ക് ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പുതിയ ക്രമീകരണം വരുന്നത്.

യുപിഐ ലൈറ്റ് വാലറ്റില്‍ സൂക്ഷിക്കുന്ന പണമാണ് ഇതിനായി ഉപയോഗിക്കുക. ഇതോടെ യുപിഐ പിന്‍ പോലും നല്‍കാതെ സുരക്ഷിതമായി ഇടപാട് നടത്താന്‍ സാധിക്കും. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനമുള്ള പിഒഎസ് മെഷീനുകളില്‍ ഫോണ്‍ മുട്ടിച്ചാല്‍ ഇടപാട് നടക്കുന്ന തരത്തിലാണ് പുതിയ സംവിധാനം.

സേവനം യാഥാര്‍ഥ്യമായാല്‍ വിമാനങ്ങള്‍, ഭൂഗര്‍ഭ ട്രെയിനുകള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ ഇത് പ്രയോജനപ്പെടും. ഇത്തരം മെഷീനുകള്‍ക്ക് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈ വര്‍ഷം തന്നെ സര്‍ട്ടിഫിക്കേഷന്‍ നല്‍കുമെന്നാണ് സൂചന.