by Midhun HP News | Jan 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് സുനിത വില്യംസ് ഇത്തവണ പുതുവർഷത്തെ വരവേൽക്കുക 16 തവണ. ബഹിരാകാശത്ത് സുനിത ഉൾപ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും ആണ് കാണാനാവുക.
ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലാണ് ഐഎസ്എസ് (അന്താരാഷ്ട്ര ബഹിരാകാശ നിലയം). ഒരു ദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതിനാല്‍ ഐഎസ്എസിലുള്ളവര്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയം. ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിക്കുന്ന സുനിതയുടെ വിഡിയോയും മുൻപ് നാസ പുറത്തുവിട്ടിരുന്നു.
2024 ജൂണിലായിരുന്നു സുനിത വില്യംസ് ബഹിരാകാശത്ത് എത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർലൈനർ സ്പേസ്ക്രാഫ്റ്റിൽ ഭൂമിയിൽ നിന്നു പോയ സുനിതയും സഹപ്രവർത്തകനും സാങ്കേതിക കാരണങ്ങളാൽ കുടുങ്ങിപ്പോവുകയായിരുന്നു. 2025 മാർച്ചിൽ സുനിത ഭൂമിയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
by Midhun HP News | Jan 1, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കേരളത്തെ വീഴ്ത്തി ബംഗാളിന് കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്‍റെ കിരീടനേട്ടം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ് ബംഗാളിന്‍റെ വിജയഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാന്‍ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ബോക്സിന് അകത്തു നിന്ന് ലഭിച്ച ഇന്‍ഡയറക്ട് ഫ്രീ കിക്കില്‍ ക്യാപ്റ്റന്‍ സഞ്ജു എടുത്ത ഷോട്ട് പുറത്തേക്ക് പോയതോടെ പുതുവര്‍ഷത്തില്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ സന്തോഷത്തില്‍ ആറാടിക്കാനുള്ള അവസരം കേരളം നഷ്ടമാക്കി.
ആദ്യപകുതിയിലും രണ്ടാം പകുതിയില്‍ ആക്രമണത്തില്‍ മുന്നിട്ടു നിന്ന കേരളം നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല. കേരളം ആക്രമിച്ചു കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനായിരുന്നു ബംഗാളിന്‍റെ ശ്രമം. ആദ്യമിനിറ്റുകളില്‍ ആക്രമണം തുടങ്ങിവെച്ചത് ബംഗാളായിരുന്നു. തുടര്‍ച്ചയായി രണ്ട് ഫ്രീ കിക്കുകള്‍ ലഭിച്ചെങ്കിലും ഗോളവസരമൊന്നും സൃഷ്ടിക്കാന്‍ ബംഗാളിനായില്ല. പിന്നീട് കൗണ്ടര്‍ അറ്റാക്കിലൂടെ പലതവണ ബംഗാള്‍ കേരളത്തിന്‍റെ ഗോള്‍മുഖത്തെത്തിയെങ്കിലും കേരള ഗോള്‍ കീപ്പര്‍ എസ് ഹജ്മലിന്‍റെ മികവില്‍ അതൊക്കെ കേരളം അതിജീവിച്ചു.
ഒടുവില്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ കേരള ബോക്സിലേക്ക് ആദിത്യ ഥാപ്പ ഹെഡ് ചെയ്തു നല്‍കിയ പന്ത് കാലിലൊതുക്കി ബോക്സിലെ കൂട്ടപ്പൊരിച്ചിലില്‍ പോയന്‍റ് ബ്ലാങ്കില്‍ നിന്ന് ഒമ്പതാം നമ്പര്‍ താരം റോബി ഹാന്‍സ്‍ഡ ബംഗാളിന്‍റെ വിജയഗോള്‍ നേടി. ഇതോടെ 12 ഗോളുകളുമായി റോബി ഹാന്‍സ്‌ഡ ടൂര്‍ണമെന്‍റിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി.
2022ല്‍ മഞ്ചേരിയില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി ചാമ്പ്യൻമാരായ കേരളത്തോടുള്ള മധുരപ്രതികാരം കൂടിയായി ബംഗാളിന്‍റെ വിജയം. സന്തോഷ് ട്രോഫിയില്‍ 47-ാം ഫൈനല്‍ കളിച്ച ബംഗാളിന്‍റെ 33-ാം കിരീട നേട്ടമാണിത്. പതിനാറാം ഫൈനൽ കളിച്ച കേരളം ഒമ്പതാം തവണയാണ് ഫൈനലില്‍ കാലിടറി വീഴുന്നത്.
by Midhun HP News | Dec 31, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്റര്‍നെറ്റ് ബാങ്കിങ് രീതികളായ ആര്‍ടിജിഎസ്( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം), നെഫ്റ്റ് ( നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍) ഇടപാടുകളില്‍ ഇനി സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാന്‍ കഴിയും. ആര്‍ടിജിഎസ്, നെഫ്റ്റ് എന്നി സംവിധാനങ്ങള്‍ വഴി പണമയയ്ക്കുമ്പോള്‍ അബദ്ധത്തില്‍ അക്കൗണ്ട് മാറിപ്പോകുന്ന പ്രശ്‌നം ഇനി ഉണ്ടാവില്ല. പണമയയ്ക്കുന്നതിന് മുന്‍പ് സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനം ഏപ്രില്‍ ഒന്നിന് മുന്‍പ് നടപ്പാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ഇതിന് ചാര്‍ജ് ഈടാക്കാന്‍ പാടില്ല.
നിലവില്‍ യുപിഐ, ഐഎംപിഎസ് പേയ്‌മെന്റുകളില്‍ പണമയയ്ക്കുന്നതിന് മുന്‍പ് സ്വീകര്‍ത്താവ് ആരെന്ന് അറിയാന്‍ സംവിധാനമുണ്ട്. ഇതാണ് ആര്‍ടിജിഎസ്, നെഫ്റ്റ് എന്നി ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
നിലവില്‍ ആര്‍ടിജിഎസ്, നെഫ്റ്റ് ഇടപാടുകളില്‍ സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാന്‍ കഴിയുമായിരുന്നില്ല. അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ് എന്നിവയില്‍ തെറ്റുണ്ടായാല്‍ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോകാനും സാധ്യതയുണ്ടായിരുന്നു. തട്ടിപ്പുകള്‍ക്ക് ഇരയാകാനും സാധ്യത കൂടുതലാണ്. ഇത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ സൗകര്യം വരുന്നത്.
ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും നല്‍കിയാല്‍ അക്കൗണ്ട് ഉടമയുടെ പേര് തെളിഞ്ഞുവരുന്ന തരത്തിലാണ് സംവിധാനം. ഓണ്‍ലൈന്‍ ബാങ്കിങ്ങിന് പുറമേ ശാഖകളില്‍ നേരിട്ടെത്തി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും.
by Midhun HP News | Dec 31, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 2025 ജനുവരി 1 മുതല്‍ യുപിഐ പേയ്മെന്റുകളില്‍ മാറ്റങ്ങള്‍. ഫീച്ചര്‍ ഫോണ്‍ വഴിയുള്ള ഇന്‍സ്റ്റന്റ് പേയ്മന്റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി ഉയര്‍ത്തുന്നതാണ് ആദ്യത്തേത്. 2025 ജനുവരി 1 മുതല്‍, ഉപയോക്താക്കള്‍ക്ക് യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയക്കാമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. നേരത്തെ ഈ പരിധി 5,000 രൂപയായിരുന്നു.
യുപിഐ123പേ
യുപിഐ123പേ ഉപയോഗിച്ച് ഏതൊരു യുപിഐ ഉപയോക്താവിനും ദിവസത്തില്‍ 10,000 രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ ഫോണ്‍ണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധിയില്‍ മാറ്റമില്ല. ഇവയില്‍ പ്രതിദിനം 1 ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ നടത്താം. എന്നാല്‍ മെഡിക്കല്‍ ബില്ലുകള്‍ക്ക് ഈ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
യുപിഐ സര്‍ക്കിള്‍
ഈ വര്‍ഷം ആരംഭിച്ച യുപിഐ സര്‍ക്കിള്‍ ഫീച്ചര്‍, വരും വര്‍ഷത്തില്‍ ഭീമിന് പുറമെ മറ്റ് യുപിഐ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിക്കും. നിലവില്‍ ഭീം ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് മാത്രമാണ് യുപിഐ സര്‍ക്കിള്‍ സേവനമുള്ളത്. പ്രത്യേക ഇടപാടുകള്‍ നടത്താന്‍ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കള്‍ക്കോ അനുമതി നല്‍കുന്നതാണ് സേവനം.
ഇങ്ങനെ യുപിഐ സര്‍ക്കിളില്‍ ചേര്‍ക്കുന്ന സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ പേയ്മെന്റുകള്‍ നടത്താന്‍ കഴിയും. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഓരോ പേയ്മെന്റിനും പ്രൈമറി ഉപയോക്താവ് അനുമതി നല്‍കണം, അല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ചെലവഴിക്കുന്നതിന് ഒരു പ്രത്യേക പരിധി നിശ്ചയിക്കാം.
by Midhun HP News | Dec 31, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആശ്രയിക്കുന്ന ഐആര്‍സിടിസി വെബ്‌സൈറ്റില്‍ വീണ്ടും തകരാര്‍. പുതുവര്‍ഷാഘോഷം പ്രമാണിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുന്നതായി കാണിച്ച് ഉപയോക്താക്കളുടെ നിരവധി പരാതികളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പുതുവര്‍ഷ തലേന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാതെ വലഞ്ഞിരിക്കുകയാണ് യാത്രക്കാര്‍.
അടിയന്തര യാത്രയ്ക്ക് മുഖ്യമായി ആശ്രയിക്കുന്ന തത്കാല്‍ ടിക്കറ്റ് പോലും ബുക്ക് ചെയ്യാന്‍ കഴിയാതെ വന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. രാവിലെ പത്തുമണിക്കാണ് തത്കാല്‍ ടിക്കറ്റിനുള്ള വിന്‍ഡോ ഓപ്പണ്‍ ആവുന്നത്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വിന്‍ഡോ ആക്സ്സ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. ‘ബുക്കിങ്ങും റദ്ദാക്കലും അടുത്ത മണിക്കൂറില്‍ ലഭ്യമാകില്ല. ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു’- എന്ന വിശദീകരണമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.
ഈ മാസം ഇത് രണ്ടാം തവണയാണ് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ തകരാര്‍ സംഭവിച്ചത്. ഡിസംബര്‍ 26നാണ് ഇതിന് മുന്‍പ് വെബ്‌സൈറ്റ് നിശ്ചലമായത്. ഇന്ന് വീണ്ടും വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത് യാത്രക്കാരുടെ ഇടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ‘എന്തുകൊണ്ടാണ് എന്‍ജിനീയര്‍മാര്‍ക്കും സര്‍ക്കാരിനും ഐആര്‍സിടിസി തത്കാല്‍ തടസ്സത്തിന് പകരമായി ഇതര പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തത്?. തത്കാല്‍ ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. കടമ നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ഈ സംവിധാനത്തിന്റെ ഉദ്ദേശം എന്താണ്?’- ഇത്തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
by Midhun HP News | Dec 31, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒന്നിലധികം സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അവസരമായി കണ്ട് ഹാക്കര്‍മാര്‍ ഉപയോക്താക്കളെ സൈബര്‍ തട്ടിപ്പിന് ഇരയാക്കിയേക്കാം. അപകടസാധ്യത ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ തന്നെ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) മുന്നറിയിപ്പ് നല്‍കി.
വിന്‍ഡോസ്, മാക് എന്നി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന, 131.0.6778.204/.205ന് മുമ്പുള്ള ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ക്കുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കും ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന, 131.0.6778.204-ന് മുമ്പുള്ള ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ക്കുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കുമാണ് അപകട സാധ്യത. ഈ ബ്രൗസറുകള്‍ക്കാണ് സുരക്ഷാവീഴ്ച ഉള്ളത്. അതിനാല്‍ ഉയര്‍ന്ന അപകട സാധ്യതയാണ് കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയം മുന്നറിയിപ്പായി നല്‍കിയിരിക്കുന്നത്. സുരക്ഷാ പിഴവ് കാരണം ഡെസ്‌ക്ടോപ്പിനായി ഈ വേര്‍ഷനുകളിലുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളുടേയും സെന്‍സിറ്റീവ് വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഉപയോക്താക്കള്‍ ഉടന്‍ തന്നെ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ സിഇആര്‍ടി- ഇന്‍ നിര്‍ദ്ദേശിക്കുന്നു. Windows, Mac ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ 131.0.6778.204/.205 ലേക്കും ലിനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ 131.0.6778.204 ലേക്കും ബ്രൗസറിനെ അപ്‌ഡേറ്റ് ചെയ്യേണ്ടതാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.
Recent Comments