by Midhun HP News | Dec 31, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാം ചെയ്യുമെന്ന് വിദേശകാര്യ വകുപ്പ്. നിമിഷപ്രിയയെ യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച കാര്യം അറിയാം. അവരെ മോചിപ്പിക്കാനായി കുടുംബം പരിശ്രമിക്കുകയാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യും. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി ശരിവെച്ചിരുന്നു. ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വധശിക്ഷയ്ക്ക് പ്രസിഡന്റ് അംഗീകാരം നല്‍കിയ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് നിമിഷപ്രിയയുടെ കുടുംബം.
നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവ് നേടിയെടുക്കാന്‍ അമ്മ പ്രേമകുമാരി (57) നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം, സാമൂഹിക പ്രവര്‍ത്തകരുടെ സംഘടനയായ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ ഇരയുടെ കുടുംബത്തിന് ദയാധനം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പ്രേമകുമാരി സനയിലേക്ക് പോയിരുന്നു.
മോചനശ്രമവുമായി എട്ടുമാസമായി നിമിഷ പ്രിയയുടെ അമ്മ യെമനില്‍ തന്നെയാണ് ഉള്ളത്. 40,000 യുഎസ് ഡോളറാണ് ചര്‍ച്ചയ്ക്കായി അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 20,000 കോടി ഡോളര്‍ നല്‍കിയിരുന്നു. യമന്‍ പൗരനെ കൊലപ്പെടുത്തിയെന്നാണ് നിമിഷപ്രിയക്ക് എതിരെയുള്ള കേസ്. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
by Midhun HP News | Dec 31, 2024 | Latest News, ദേശീയ വാർത്ത
ദുബായ്: ഐസിസിയുടെ 2024ലെ മികച്ച ക്രിക്കറ്റ് താരം, മികച്ച ടെസ്റ്റ് താരം പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ. 2024 കലണ്ടര്‍ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലും മിന്നും ബൗളിങാണ് ബുംറ നടത്തിയത്. പ്രത്യേകിച്ച് ടെസ്റ്റില്‍. നിലവില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും മാരകമായ ഫോമിലാണ് ബുംറ പന്തെറിയുന്നത്.
ഈ വര്‍ഷം 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 71 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. 14.92 ആണ് ആവറേജ്. ഓസീസ് മണ്ണില്‍ നിന്നു മാത്രം നാല് ടെസ്റ്റില്‍ നിന്നു ബുംറ വീഴ്ത്തിയത് 30 വിക്കറ്റുകള്‍. മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഗാരി സോബേഴ്‌സ് പുരസ്‌കാര പട്ടികയിലാണ് ബുംറയും ഉള്‍പ്പെട്ടത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഹാരി ബ്രൂക്, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.
മികച്ച ടെസ്റ്റ് താരങ്ങളുടെ അന്തിമ പട്ടികയില്‍ ബുംറയ്‌ക്കൊപ്പം റൂട്ടും ബ്രൂക്കും ഇടം പിടിച്ചു. ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസാണ് ടെസ്റ്റ് താരങ്ങളുടെ പട്ടികയിലുള്ള നാലാമന്‍.
by Midhun HP News | Dec 30, 2024 | Latest News, ദേശീയ വാർത്ത
ദുബായ്: യെമന്‍ പൗരനായ യുവാവു കൊല്ലപ്പെട്ട കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി. യെമന്‍ പ്രസിഡന്റാണ് അനുമതി നല്‍കിയത്. ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വധശിക്ഷക്ക് വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. മോചനശ്രമവുമായി എട്ടുമാസമായി നിമിഷ പ്രിയയുടെ അമ്മ യെമനില്‍ തന്നെയാണ് ഉള്ളത്. 40,000 യുഎസ് ഡോളറാണ് ചര്‍ച്ചയ്ക്കായി അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 20,000 കോടി ഡോളര്‍ നല്‍കിയിരുന്നു. യമന്‍ പൗരനെ കൊലപ്പെടുത്തിയെന്നാണ് നിമിഷപ്രിയക്ക് എതിരെയുള്ള കേസ്. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.
കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്.
ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.
ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. പാസ്പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണമെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.
യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളില്‍ തുടങ്ങിയ തര്‍ക്കങ്ങളും മര്‍ദനവും അകല്‍ച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിമിഷയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസില്‍ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.
by Midhun HP News | Dec 28, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് രാജ്യം ഇന്ന് വിട നല്‍കും. നിഗം ബോധ്ഘട്ടില്‍ രാവിലെ 11.45നായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടക്കുക. മന്‍മോഹന്‍ സിങ്ങിന് പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.ഇതില്‍ പ്രതിഷേധം ശക്തമാണ്. സ്മാരകങ്ങള്‍ക്ക് സ്ഥലം നല്‍കേണ്ടെന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.
നിലവില്‍ ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ വസതിയിലുള്ള മന്‍മോഹന്‍ സിങിന്റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. 8.30 മുതല്‍ 9.30 വരെയാണ് എഐസിസി യില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്.ശേഷം വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്‌കാര സ്ഥലമായ നിഗം ബോധ് ഘട്ടിലേക്ക് കൊണ്ടുപോകുക.11.45ന് നിഗംബോധ് ഘട്ടില്‍ പൂര്‍ണ സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
സ്മാരകമുയര്‍ത്താന്‍ കഴിയുന്ന സ്ഥലത്ത് സംസ്‌കാരം നടത്തണം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ഡോ.മന്‍മോഹന്‍സിങ് രാജ്യത്തിനു നല്‍കിയ സേവനം പരിഗണിച്ച് ഇക്കാര്യം അനുവദിക്കണമെന്ന്‌കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്ത് നല്‍കിയിരുന്നു. രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേര്‍ ഇന്നലെ അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു. മന്‍ മോഹന്‍ സിംഗിനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Dec 27, 2024 | Latest News, ദേശീയ വാർത്ത
പുഷ്പ 2 വിന്റെ പ്രിമിയർ ഷോയ്ക്കിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അല്ലു അർജുൻ ഓൺലൈൻ വഴിയാണ് നാമ്പള്ളി മജിസ്ട്രേറ്റ് കോടയിൽ ഹാജരായത്. റിമാൻഡ് കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് അല്ലു വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.അല്ലു അർജുന്റെ വാദങ്ങളെ എതിർക്കുന്നതിനായി കുറെയധികം തെളിവുകൾ കൂടി കോടതിയിൽ ഹാജരാക്കേണ്ടതുണ്ട് ഇതിന് തിങ്കളാഴ്ചവരെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. അല്ലുവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി വരുന്ന തിങ്കളാഴ്ച എതിർക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടനെ രണ്ടര മണിക്കൂറിൽ അധികമാണ് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തത്. പൊലീസ് ഉയർത്തിയ 7 പ്രധാനചോദ്യങ്ങളിൽ ചിലതിന് അല്ലു അർജുൻ മറുപടി നൽകിയിരുന്നില്ല. അതിനിടെ അല്ലു അർജുന്റെ ബൗൺസർ ടീമിലെ അംഗമായ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഇയാൾ തീയേറ്ററിലുണ്ടായിരുന്നവരെ പിടിച്ചു തള്ളുന്നതിന്റെയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം, ആരാധകരുടെ പ്രവർത്തികളിൽ താരങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വിമർശിച്ചു. തീയേറ്ററിൽ എത്തുന്ന താരങ്ങൾക്കാകും തിരക്ക് നിയന്ത്രക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കുക.സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല, പ്രത്യേക പ്രദർശനങ്ങൾ അനുവദിക്കില്ല. സിനിമ സബ്‌സിഡി പിൻവലിച്ച തീരുമാനത്തിലും മാറ്റമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. താരങ്ങളുടെ ബൗൺസർ സംഘങ്ങളുടെ വിവരം ഇനിമുതൽ സർക്കാരിന് കൈമാറണം. ബൗൺസർ സംഘങ്ങളിൽ ഇനി സർക്കാർ നിയന്ത്രണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ നാലിനായിരുന്നു ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിൽ സംഭവം നടക്കുന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് തീയേറ്ററിൽ ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമാവുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കിൽ ഗുരുതരമായി പരുക്ക് പറ്റിയ രേവതിയുടെ മകൻ ശ്രീതേജ് നിലവിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. തുടർന്ന് തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് അല്ലുവിന് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു.
by Midhun HP News | Dec 27, 2024 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ ജാമ്യ അപേക്ഷയുമായി അല്ലു അർജുൻ കോടതിയെ സമീപിച്ചു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബർ 13 ന് നടനെ വസതിയിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തെലങ്കാന ഹൈക്കോടതി അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷ റദ്ദാക്കാൻ പൊലീസ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു.
തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. സംഭവത്തിൽ അല്ലു അർജുന്റെ ബൗൺസറായ ആന്റണി അറസ്റ്റിലായിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂർണമായും ബൗൺസർമാർ ഏറ്റെടുത്തിരുന്നു.
സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അർജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചന. ഇടുങ്ങിയ ഗേറ്റിലൂടെ ആളുകൾ തിക്കിത്തിരക്കുന്ന ദൃശ്യങ്ങളും അല്ലു അർജുന്റെ ബൗൺസർമാർ ആളുകളെ മർദിക്കുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്.
Recent Comments