അബ്ദുല്‍ റഹീമിന്റെ മോചനം നീളും; വിധി പ്രസ്താവം മാറ്റി റിയാദ് കോടതി

അബ്ദുല്‍ റഹീമിന്റെ മോചനം നീളും; വിധി പ്രസ്താവം മാറ്റി റിയാദ് കോടതി

റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി മാറ്റി.

പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ ഫയലില്‍ സ്വീകരിച്ച് കൊണ്ടാണ് വിധിപറയാന്‍ കേസ് കോടതി മാറ്റിയത്. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി വിധി പറയാന്‍ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വെച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്‍ എന്നിവരും പങ്കെടുത്തു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയില്‍ നടന്നത്.

ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നത്.

2006 നവംബര്‍ 28ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവ് വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.

ആദ്യം റഹീമിന് വധശിക്ഷ നല്‍കണം എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന സൗദി ബാലന്റെ കുടുംബത്തിന്റെ വക്കീലുമാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് പിന്നീട് ദയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായത്. അബ്ദുല്‍ റഹീമിന്റെ മോചനത്തിന് മരിച്ച സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത് 15 മില്യന്‍ റിയാലായിരുന്നു. റിയാദിലെ അബ്ദുല്‍ റഹീം നിയമസഹായ സമിതിയുടെ കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ദയ ധനം നല്‍കിയാല്‍ അബ്ദുല്‍ റഹീമിനു ജയില്‍ മോചനം നല്‍കാന്‍ സമ്മതിച്ചത്. റിയാദ് നിയമസഹായ സമിതിയുടെ നിര്‍ദേശ പ്രകാരം 2021-ല്‍ നാട്ടില്‍ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നില്‍നിന്നുള്ളവര്‍ പണം സംഭാവന ചെയ്തു.

പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ചത്. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്.

രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി; കേരളത്തിന് ഒന്ന്

രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി; കേരളത്തിന് ഒന്ന്

ഡല്‍ഹി: രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ വിദ്യാലയങ്ങളും തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. കേരളത്തിന് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം അനുവദിച്ചിട്ടുണ്ട്. ഇടുക്കിയിലെ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം തുടങ്ങുക. ഇതോടെ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം 39 ആകും.

86 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 82,560 വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചു, ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ 63 പേര്‍ക്ക് ജോലി ലഭിക്കും. ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണത്തിലൂടെ 33 പുതിയ തസ്തികകള്‍ കൂട്ടിച്ചേര്‍ക്കും. ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണവും 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങളുടെ അംഗീകാരവും 5388 നേരിട്ടുള്ള സ്ഥിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ, നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നിരവധി തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കും. പുതിയത് സ്ഥാപിക്കുന്നതിന് പുറമേ നിലവിലുളളവയുടെ വികസനത്തിനായി 5872 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ഏകദേശം 2862.71 കോടി രൂപയുടെ മൂലധനച്ചെലവും ഏകദേശം 3009.37 കോടി രൂപ പ്രവര്‍ത്തനച്ചെലവും ഉള്‍പ്പെടുന്നു. മോസ്‌കോ, കാഠ്മണ്ഡു, ടെഹ്‌റാന്‍ എന്നീ വിദേശമേഖലകളിലെ മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തനക്ഷമമായ 1256 കേന്ദ്രീയ വിദ്യാലയങ്ങളാണ് ഉള്ളത്. മൊത്തം 13.56 ലക്ഷം വിദ്യാര്‍ഥികള്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍/പ്രതിരോധ ജീവനക്കാരുടെ മക്കള്‍ക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്നതിനായി 1962 നവംബറിലാണ് കേന്ദ്രീയ വിദ്യാലയം പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്.

രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുമെന്ന് അല്ലു അർജുൻ

രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുമെന്ന് അല്ലു അർജുൻ

പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ബുധനാഴ്ച രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്ന​ഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജുൻ അറിയിച്ചു.

എക്സിലൂടെയായിരുന്നു അല്ലു അർജുന്റെ പ്രതികരണം. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ എന്ത് സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അല്ലു അർജുൻ വിഡിയോയിലൂടെ അറിയിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.

‘സന്ധ്യ തിയറ്ററിൽ നടന്ന ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. വേദനയോടെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും ഉറപ്പ് നൽകുന്നു. അവർക്ക് വേണ്ട ഏത് സഹായത്തിനും ഞാൻ ഒപ്പം ഉണ്ടാകും.’- അല്ലു അർജുൻ പറഞ്ഞു. സന്ധ്യ തിയറ്ററില്‍ രാത്രി 11 മണിക്കാണ് പ്രീമിയര്‍ ഷോ ഒരുക്കിയത്.

തിയറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുൻപ് തന്നെ നൂറു കണക്കിന് ആരാധകര്‍ തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അര്‍ജുന്‍ കുടുംബ സമേതം സിനിമ കാണാന്‍ എത്തി. താരത്തെ കണ്ടതോടെ ആരാധകര്‍ തിയറ്ററിലേക്ക് ഇടിച്ചു കയറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടയില്‍ നിന്നും മകൻ ശ്രീതേജിനെ രക്ഷിക്കാൻ ശ്രമിക്കവേയാണ് രേവതി വീണത്. ആളുകള്‍ ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേര്‍ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീതേജിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ അല്ലു അര്‍ജുനെതിരെയും അദ്ദേഹത്തിന്റെ സുരക്ഷ സംഘത്തിനെതിരെയും, തിയറ്റര്‍ മാനേജ്‌മെന്റിനെതിരെയും പൊലീസ് കേസെടുത്തു. താരം എത്തുന്നത് പൊലീസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

തൊഴില്‍ സമരങ്ങളില്‍ കേരളം ഗുജറാത്തിനേക്കാള്‍ പിന്നില്‍; രാജ്യത്ത് മൂന്നാം സ്ഥാനത്ത്

തൊഴില്‍ സമരങ്ങളില്‍ കേരളം ഗുജറാത്തിനേക്കാള്‍ പിന്നില്‍; രാജ്യത്ത് മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തുനടന്ന തൊഴിലാളി സമരങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാംസ്ഥാനത്ത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി സമരങ്ങള്‍ നടന്നത്.

രാജ്യത്താകമാനം നടന്ന1439 തൊഴില്‍ സമരങ്ങളില്‍ 415 എണ്ണം തമിഴ്‌നാട്ടിലായിരുന്നു(28.8%). രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 217 (15%) സമരങ്ങള്‍ നടന്നു. 178 സമരങ്ങളാണ് (12.3%) കേരളത്തില്‍ നടന്നത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ് സമരം നടന്നതെന്നും തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുണ്ട്. വ്യവസായമേഖലയിലെ തൊഴിലാളി സമരങ്ങളുടെ മാത്രം കണക്കാണിത്. സമരംമൂലം ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം നഷ്ടപ്പെട്ടത് ബംഗാളിലാണ് (39.27%). തമിഴ്‌നാട് രണ്ടാമതും കേരളം അഞ്ചാമതുമാണ്. സമരങ്ങള്‍മൂലം ആകെ ഉല്‍പാദനത്തിന്റെ 1.68 ശതമാനം കേരളത്തിന് നഷ്ടമായി.

ശനിയാഴ്ച വ്യാഴത്തെ കാണാം സൂപ്പറായി

ശനിയാഴ്ച വ്യാഴത്തെ കാണാം സൂപ്പറായി

ശനിയാഴ്ച വ്യാഴത്തെ കാണാം സൂപ്പറായി. വ്യാഴം ഗ്രഹത്തിൻ്റെ ഈ വർഷത്തെ ഏറ്റവും നല്ല കാഴ്ചയായിരിക്കും ശനിയാഴ്ച നിരീക്ഷകർക്ക് സമ്മാനിക്കുക. ശനിയാഴ്ച വൈകിട്ട് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ നിന്നും വ്യാഴം ശോഭയേറിയ ഒരു നക്ഷത്രത്തെപ്പോലെ ഉദിച്ചുയരും. പിറ്റേന്ന് രാവിലെ സൂര്യൻ കിഴക്കുദിക്കുമ്പോൾ വ്യാഴം പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. അതിനാൽ ശനിയാഴ്ച രാത്രി മുഴുവൻ സമയവും ആകാശത്ത് വ്യാഴത്തെ വ്യത്യസ്ത സ്ഥാനങ്ങളിലായി കാണാം.

പാതിരാത്രി വ്യാഴം നമ്മുടെ ഉച്ചിയിലെത്തുമ്പോൾ കാഴ്ച കൂടുതൽ മനോഹരമാകും.
ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുവശത്ത് വ്യാഴവും നേർരേഖയിൽ വരുന്ന ഓപ്പോസിഷൻ എന്ന പ്രതിഭാസമാണിത്. എല്ലാ ഗ്രഹങ്ങൾക്കും ഓപ്പോസിഷനുകൾ ഉണ്ടാകാറുണ്ട്. ഓപ്പോസിഷൻ ദിവസങ്ങളിൽ ഗ്രഹങ്ങൾ ഭൂമിയുടെ ഏറ്റവും അടുത്തു വരുന്നതിനാൽ അവയെ കൂടുതൽ തിളക്കത്തിലും വലുപ്പത്തിലും കാണാനാകും.

ടെലിസ്കോപ്പിലൂടെ നോക്കി വ്യാഴത്തിൻ്റെ പ്രധാന ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനിമേഡ്, കലിസ്റ്റോ എന്നിവയെ നിരീക്ഷിക്കാനുള്ള ഏറ്റവും അനുയോജ്യ സമയമാണ്
ഓപ്പോസിഷൻ കാലം.

ഈട് രഹിത വായ്പയുടെ പരിധി രണ്ടുലക്ഷമാക്കി ഉയര്‍ത്തി; കര്‍ഷകര്‍ക്ക് ആശ്വാസ നടപടിയുമായി ആര്‍ബിഐ

ഈട് രഹിത വായ്പയുടെ പരിധി രണ്ടുലക്ഷമാക്കി ഉയര്‍ത്തി; കര്‍ഷകര്‍ക്ക് ആശ്വാസ നടപടിയുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: ഈട് രഹിത കാര്‍ഷിക വായ്പയുടെ പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഈട് നല്‍കാതെ തന്നെ കര്‍ഷകര്‍ക്ക് ഇനി രണ്ടുലക്ഷം രൂപ വരെ വായ്പ എടുക്കാം. നിലവില്‍ പരിധി 1.6 ലക്ഷം രൂപയായിരുന്നു.

പണ വായ്പാനയ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് കേന്ദ്രബാങ്കിന്റെ തീരുമാനം അറിയിച്ചത്. പണപ്പെരുപ്പവും കാര്‍ഷിക ചെലവ് വര്‍ധിച്ചതും കണക്കിലെടുത്താണ് കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം ആര്‍ബിഐ സ്വീകരിച്ചത്.

നിലവില്‍, ബാങ്കുകള്‍ ഈടില്ലാതെ 1.6 ലക്ഷം രൂപ വരെ കാര്‍ഷിക വായ്പയായി നല്‍കുന്നുണ്ട്. 2010ല്‍ നിശ്ചയിച്ച ഒരു ലക്ഷം രൂപയില്‍ നിന്ന് 2019ലാണ് 1.6 ലക്ഷം രൂപയായി പരിധി ഉയര്‍ത്തിയത്. പുതിയ തീരുമാനം അംഗീകൃത വായ്പാ സംവിധാനത്തില്‍ ചെറുകിട നാമമാത്ര കര്‍ഷകരുടെ പരിരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.