by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളില്‍ സൈന്യം ആക്രമണം നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒമ്പതു ഭീകരക്യാമ്പുകളാണ് തകര്‍ത്തത്. ഇന്ത്യന്‍ ആക്രമണത്തില്‍ ഒരു സിവിലിയന്‍ പോലും മരിച്ചിട്ടില്ല. വളരെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് ആക്രമണം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ പങ്ക് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരതക്കുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്. തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ അവകാശമാണ് വിനിയോഗിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാകിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. പാകിസ്ഥാന്‍ ഭീകരരുടെ സുരക്ഷിത സ്വര്‍ഗമാണ്. പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായി രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഭീകരര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും വിക്രം മിസ്രി കുറ്റപ്പെടുത്തി.
പഹല്‍ഗാം ആക്രമണത്തിന് ശേഷവും, ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവ തടയുകയും നേരിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഔദ്യോഗിക പ്രസ്താവനയില്‍ നിന്ന് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന പരാമര്‍ശം നീക്കം ചെയ്യാന്‍ പാകിസ്ഥാന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചുവെന്ന് വിക്രം മിസ്രി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം, കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി, വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരും പങ്കെടുത്തു. സൈനിക ആക്രമണത്തിന്റെ വിശദാംശങ്ങളും, ആക്രണം നടത്തിയ ഭീകര കേന്ദ്രങ്ങളും ഇരു സൈനിക ഓഫീസര്‍മാരും വിശദീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തിന്റെ വീഡിയോയും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
പാകിസ്ഥാനിലെ ഒമ്പതു ഭീകര ക്യാംപുകളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. പാക് അതിര്‍ത്തിക്ക് 18 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാംപും തകര്‍ത്തു. പാകിസ്ഥാനില്‍ 21 ഓളം ഭീകര ക്യാംപുകളാണ് ഉള്ളത്. ഒസാമ ബിന്‍ ലാദന്‍ പണം നല്‍കി നിര്‍മ്മിച്ച കേന്ദ്രവും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളായ അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവര്‍ പരിശീലന നേടിയ മുറിഡ്‌കെയിലെ ഭീകര ക്യാംപുകള്‍ അടക്കം തകര്‍ത്തവയില്‍പ്പെടുന്നു. ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മര്‍കസ് സുബഹാന്‍ അള്ളായും ആക്രമിച്ചവയില്‍പ്പെടുന്നു.
‘കൊളാറ്ററൽ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ പോലും തിരഞ്ഞെടുത്തത്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ടെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വ്യക്തമാക്കി.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ടാഴ്ച കഴിഞ്ഞാണ് ഓപ്പറേഷന്‍ സിന്ദൂരിന് കീഴില്‍ ഇന്ത്യ സൈനിക ആക്രമണം നടത്തിയത്.
ഭീകരര്‍ 26 സാധാരണക്കാരെ വെടിവച്ചുകൊല്ലുകയും ഇരകളുടെ ഭാര്യമാര്‍ ദുരന്തത്തിന്റെ മുഖമായി മാറുകയും ചെയ്തതോടെ, ഭീകരര്‍ക്ക് നേരെയുള്ള പ്രതികാര നടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ ഏറ്റവും ഉചിതമായ പേരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പഹല്‍ഗാമിലെ താഴ്വരയില്‍ കണ്‍മുന്നില്‍ രക്തം പൊടിഞ്ഞ് ജീവന്‍വെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട അവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് സിന്ദൂരരേഖയില്‍ ചാര്‍ത്തുന്ന ആ ചുവന്നപൊട്ടിനെ ഇന്ത്യന്‍ സ്ത്രീകള്‍ കണക്കാക്കുന്നത്. പരമ്പരാഗതമായും സാംസ്‌കാരികമായും ഈ ചുവന്ന തിലകത്തിന് പ്രാധാന്യമുണ്ട്.
പോരാളികളായിറങ്ങുന്നവരും നെറ്റിയില്‍ ചുവന്ന സിന്ദൂരം ചാര്‍ത്തുന്ന രീതി പരമ്പരാഗതമായി നിലനില്‍ക്കുന്നുണ്ട്. രജ്പുത്, മറാത്ത യോദ്ധാക്കന്മാര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിറങ്ങുന്നതാണ് രീതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്നത് കശ്മീരിലാണെന്നതും മറ്റൊരു കാര്യം. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണം നടത്തിയത്. അതില്‍ ജയ്ഷെ-ഇ-മുഹമ്മദ് ശക്തികേന്ദ്രമായ ബഹാവല്‍പൂരും ലഷ്‌കര്‍-ഇ-തയ്ബയുടെ മുരിദ്‌കെയിലെ താവളവും ഉള്‍പ്പെടുന്നു.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മാതാപിതാക്കള്‍ക്കിടയില്‍ വിവോഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നുവെന്ന കാരണത്താല്‍ ഒരു സ്‌കൂളിന് കുട്ടിയുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
മറ്റൊരു സ്‌കൂളില്‍ പ്രവേശനം നേടിയ കുട്ടിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സ്‌കൂളിന് നിഷേധിക്കാന്‍ കഴിയില്ല. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ക്കോ ഇന്‍ ചാര്‍ജിനോ എതിരെ അച്ചടക്ക നടപടി പോലും എടുക്കാം. ഇവിടെ കുട്ടിയുടെ താല്‍പ്പര്യമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടേറ്റിനും മോണ്ട് ഫോര്‍ട്ട് സ്‌കൂളിനും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി അമ്മ മുഖേന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പിതാവില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം കുട്ടി ഗുരുഗ്രാമില്‍ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. വേര്‍പിരിയലിനു ശേഷം കുട്ടിയുടെ അമ്മ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു.
സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് കുട്ടിയുടെ പിതാവ് സ്‌കൂളിന് കത്തെഴുതുകയായിരുന്നു. ഇത് പ്രകാരമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അമ്മ വഴി കോടതിയെ സമീപിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി മോണ്ട്‌ഫോര്‍ട്ട് സ്‌കൂളിന് നിര്‍ദേശം നല്‍കി ഹര്‍ജി തീര്‍പ്പാക്കി.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ഭീകരാക്രമണം, യുദ്ധം, തെരഞ്ഞെടുപ്പ് ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളില്‍ എല്ലാം പാകിസ്ഥാന്‍ എന്ന പേരിന് വലിയ പ്രാധാന്യമുണ്ട്. സ്വന്തം മണ്ണില്‍ ഭീകരരെ വളര്‍ത്തുകയും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുപക്ഷത്ത് കാലങ്ങളായി നിലകൊള്ളുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയെങ്കിലും ചില കാര്യങ്ങള്‍കൊണ്ട് വ്യത്യസ്തരാകുകയാണ് മലയാളികള്‍.
പാകിസ്ഥാന്‍ എന്നാല്‍ ശത്രു എന്ന വികാരം വളരുമ്പോഴും കേരളത്തില്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് അഞ്ചോളം സ്ഥലപ്പേരുകളെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍കവല, പാകിസ്ഥാന്‍മുക്ക് തുടങ്ങിയവയാണ് കേരളത്തിലെ പാകിസ്ഥാനുമായി ബന്ധപ്പെട്ട പേരുകൾ.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ വെഞ്ഞാറമൂടിന് സമീപമാണ് പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലമുള്ളത്. അതിവേഗം വളരുന്ന കേരളത്തിന്റെ ചെറു പട്ടണങ്ങളുടെ കൂട്ടത്തിലുള്ള പ്രദേശം കൂടിയാണ് പാകിസ്ഥാന്‍മുക്ക്. കാലങ്ങളായി ഈ പ്രദേശം പാകിസ്ഥാന്‍ മുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ വാഴൂര്‍ പഞ്ചായത്തിലാണ് പാകിസ്ഥാന്‍ കവലയുള്ളത്. കണ്ണൂര്‍ ജില്ലയിലെ കണ്ണവത്തെ ഒരു സ്ഥലത്തിന്റെ പേര് പാകിസ്ഥാന്‍ പീടിക എന്നാണ്. ഇതിന് പുറമെ തിരുവനന്തപുരം ജില്ലയില്‍ തന്നെ മറ്റൊരു പാകിസ്ഥാന്‍ മുക്കും, കൊല്ലത്ത് രണ്ടും പാകിസ്ഥാന്‍മുക്കുകളുണ്ട്.
മുസ്ലീം വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശം എന്ന നിലയിലാണ് ഇതില്‍ ചിലതിനെങ്കിലും പാകിസ്ഥാനുമായി ബന്ധപ്പെട്ട പേരുണ്ടായത്. എന്നാല്‍ ഇതിലും ഭിന്നാഭിപ്രായങ്ങളുണ്ട്.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയുടെ വാര്‍ത്തകള്‍ക്കിടെ കലുഷിതമായി ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി. നിയന്ത്രണ രേഖയിലും ജമ്മു – കശ്മീര്‍ മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലും വെടിവെപ്പും ഷെല്ലാക്രമണമണവും നടന്നതായി റിപ്പോര്‍ട്ട്. പാക് പ്രദേശത്ത് നിന്നുണ്ടായ വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാക് ഭാഗത്ത് നിന്നും ഷെല്ലാക്രമണം ശക്തമായതോടെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. പാക് പ്രകോപനത്തോട് ഇന്ത്യന്‍ സേന ശക്തമായി പ്രതികരിച്ചായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആണ് അന്താരാഷ്ട്ര അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ ലക്ഷ്യമിട്ട് ഷെല്ലാക്രമണം ഉണ്ടായതെന്ന് സൈന്യം അറിയിച്ചു. വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും നിരപരാധികളായ മൂന്ന് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും സൈന്യം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുന്ന നിലയുണ്ടായിരുന്നു.
അതിനിടെ, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നീക്കം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആണ് ഇന്ത്യ ലക്ഷ്യം വച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.44-നായിരുന്നു. 1.24-ന് സൈന്യം സോഷ്യല്‍മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ഒമ്പതിടങ്ങളിലെ ആക്രമണം.
മര്‍കസ് സുബ്ഹാന്‍ അല്ലാ ബഹവല്‍പൂര്‍, മര്‍കസ് തൈബ, മുരിദ്‌കെ, സര്‍ജല്‍ / തെഹ്റ കലാന്‍, മെഹ്മൂന ജോയ ഫെസിലിറ്റി, സിയാല്‍കോട്ട്. മര്‍കസ് അഹ്ലെ ഹദീസ് ബര്‍ണാല, ഭീംബര്‍. മര്‍കസ് അബ്ബാസ്, കോട്‌ലി. മസ്‌കര്‍ റഹീല്‍ ഷാഹിദ്, കോട്ലി ജില്ല. മുസാഫറാബാദിലെ ഷവായ് നല്ല കാം. മര്‍കസ് സയ്യിദ്ന ബിലാല്‍ എന്നിവിടങ്ങളിലാണ് ആക്രമണം.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
കൊച്ചി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. തന്റെ അമ്മയെ പോലെ സിന്ദുരം മായ്ക്കപ്പെടാനും ഉറ്റവരെ നഷ്ടപ്പെടാനും കാരണമായ തീവ്രവാദത്തിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് എന്നും ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു.
”ഇന്ത്യയുടെ പ്രതികരണത്തില്‍ അഭിമാനമുണ്ട്, ഞങ്ങളുടെ നഷ്ടം നികത്താനാവില്ല, പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. സാധാരണ മനുഷ്യര്‍ക്ക് തീവ്രവാദികളെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, അത് അനുഭവിച്ച് അറിഞ്ഞതാണ്. ഇതാണ് പ്രതീക്ഷിച്ചത്, രാജ്യം തിരിച്ചടിച്ചതില്‍ സന്തോഷം. നിരപരാധികളെ ആക്രമിച്ചതിന് മറുപടി. എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ മണ്ണില്‍ നിന്നപ്പോഴാണ് നിരപരാധികള്‍ ആക്രമിക്കപ്പെട്ടത്. ഇതാണ് ഇന്ത്യ ഇതാണ് ഞങ്ങളുടെ മറുപടി.”
ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ ടാഗ് ലൈന്‍ ഏറ്റവും ഉചിതമായതാണ്. എന്റെ അമ്മയുടെ സിന്ദുരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിനെ കാണുന്നു. സൈനിക നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. പ്രധാനമന്ത്രിക്കും സൈന്യത്തിനും രാജ്യത്തിനും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുകയാണ് എന്നും ആരതി പ്രതികരിച്ചു.
Recent Comments