മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം

മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദമ്പതികളായ മലയാളി നഴ്‌സുമാരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്. കണ്ണൂര്‍ ശ്രീകണ്ഠപുരം നടുവില്‍ സൂരജ് (40), എറണാകുളം കോലഞ്ചേരി മണ്ണൂര്‍ കൂഴൂര്‍ കട്ടക്കയം ബിന്‍സി (35) എന്നിവരാണു മരിച്ചത്. കുടുബേ വഴക്കിനെ തുടര്‍ന്ന് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് പുറത്തുവരുന്ന വിവരം.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ ജലീബ് അല്‍ ഷുയൂഖിലാണു സംഭവം. ബിന്‍സി കുവൈറ്റിലെ പ്രതിരോധ മന്ത്രാലയത്തിലും സൂരജ് ആരോഗ്യമന്ത്രാലയത്തിലും നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്.

ബിന്‍സിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങള്‍ സൂരജ് അയച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതാണ് ബിന്‍സിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിനു പിന്നില്‍. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപവാസികള്‍ പബ്ലിക് പ്രോസിക്യൂഷനു മൊഴി നല്‍കിയിട്ടുണ്ട്.

മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബിന്‍സിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിന്‍സിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്റ്റര്‍ അവധിക്കു ശേഷം അഞ്ചു ദിവസം മുന്‍പാണ് സൂരജ് തിരിച്ചു പോയത്. ഓസ്‌ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നെന്നാബ് ബന്ധുക്കളില്‍നിന്ന് ലഭിക്കുന്ന വിവരം.

അഴിച്ചുപണിത് ട്രംപ്; മൈക്ക് വാൾട്സിനെ നീക്കി, പകരം മാർക്കോ റൂബിയോ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

അഴിച്ചുപണിത് ട്രംപ്; മൈക്ക് വാൾട്സിനെ നീക്കി, പകരം മാർക്കോ റൂബിയോ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

വാഷിങ്ടൻ: അമേരിക്കയിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണി. ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന മൈക്ക് വാൾട്സിനെ തൽസ്ഥാനത്തിന് നീക്കി പകരം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഇടക്കാല ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ചു. ഐക്യരാഷ്ട്ര സഭയിൽ യുഎസ് അംബാസഡറാക്കിയാണ് വാൾട്സിന് പകര ചുമതല നൽകിയിരിക്കുന്നത്.

തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഐക്യരാഷ്ട്ര സംഘടനയിൽ യുഎസിന്റെ അടുത്ത അംബാസഡറായി മൈക്ക് വാൾട്സിനെ നാമനിർദേശം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. യുദ്ധക്കളത്തിൽ യൂണിഫോമിൽ ഇരിക്കുന്ന കാലം മുതൽ, കോൺഗ്രസിലും എന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലും, മൈക്ക് വാൾട്സ് നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകാൻ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തന്റെ പുതിയ പദവിയിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് എനിക്കറിയാം.’– ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പറഞ്ഞു.

യെമൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള സിഗ്നൽ ചാറ്റിൽ മാധ്യമപ്രവർത്തകനെ തെറ്റായി ഉൾപ്പെടുത്തിയത് മൈക്ക് വാൾട്ട്സ് ആയിരുന്നു. യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകന് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്ന് കിട്ടിയ വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം മൈക്ക് വാൾട്ട്സ് ഏറ്റെടുത്തിരുന്നു.യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക പദ്ധതികൾ ചർച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്.

നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കളക്ട്രേറ്റിന് സമീപത്തെ തകർന്ന കെട്ടിടത്തിൽ ആണ്‌ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തിരുപ്പൂർ കളക്ടറേറ്റിനോട് ചേർന്ന് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ രാവിലെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് അടിച്ച് തലയും കൈകകളും ക്രൂരമായി ചതച്ച നിലയിലായിരുന്നു മൃതദേഹം.

സമീപത്തുതന്നെ രക്തംപുരണ്ട കല്ലുകളും കണ്ടെത്തി. പോലീസെത്തി നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് മധുര സ്വദേശിയായ ചിത്ര എന്ന നഴ്‌സാണെന്ന് വ്യക്തമായി. പല്ലടത്തെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ കഴിഞ്ഞ മാസം ആണ്‌ ചിത്ര ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് ചിത്രം ഇറങ്ങിയിരുന്നു എന്ന് അയൽക്കാർ പറഞ്ഞു.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന പോലീസ് ചിത്രയുടെ ഭർത്താവ് രാജേഷിനു കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ആണ്‌. രാജേഷുമായി വഴക്കിട്ടാണ് ചിത്ര ഒന്നര വയസുള്ള കുഞ്ഞുമായി മധുരയിൽ നിന്ന് തിരുപ്പൂരിലേക്ക് മാറിയത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെന്നും എന്നാൽ ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചിത്രയെ കാണാൻ രാജേഷ് ആശുപത്രിയിൽ എത്തിയിരുന്നു. രാവിലെ ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് ഇയാളോ ഇയാൾക്ക് വേണ്ടി മാറ്റാരെങ്കിലുമോ ചിത്രയേ അപായപ്പെടുത്തിയതാണോ എന്നാണ് പോലീസിന്റെ സംശയം. രാജേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിൽ ആണെന്നും പൊലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; മരം വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു; 120 വിമാനങ്ങള്‍ വൈകി

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; മരം വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു; 120 വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും കാരണം ജനജീവിതം ദുസ്സഹം. കാറ്റില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു. മഴയെ തുടര്‍ന്ന് 120 വിമാനങ്ങള്‍ വൈകി. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

മൂന്ന് വിമാനങ്ങള്‍ അഹമ്മദാബാദിലേക്കും ജയ്പൂരിലേക്കും തിരിച്ചുവിട്ടതായി വിമാനാത്താവള അധികൃതര്‍ അറിയിച്ചു. വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി വിമാനക്കമ്പനികള്‍ അറിയിച്ചു. ‘ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ ചില വിമാനങ്ങള്‍ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്, ഇത് ഞങ്ങളുടെ മൊത്തത്തിലുള്ള ഷെഡ്യൂളിനെ ബാധിച്ചേക്കാം. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഒരുക്കാന്‍ പരമാവധി ശ്രമിക്കുന്നു,’ എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

ശക്തമായ കാറ്റില്‍ മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണതിനെ തുടര്‍ന്ന് ഏകദേശം 15 മുതല്‍ 20 വരെ ട്രെയിനുകള്‍ വൈകി. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദ്വാരക, ഖാന്‍പൂര്‍, മിന്റോ റോഡ്, ലജ്പത് നഗര്‍, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

മുൻ കേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു

ജയ്പൂർ: പൊള്ളലേറ്റ് ചികിത്സയിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്ന് വസ്ത്രത്തിൽ തീ പടർന്നാണ് ​ഗിരിജയ്ക്ക് പൊള്ളലേറ്റത്. ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇന്നലെ അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

കേന്ദ്രമന്ത്രിയായും, ദേശീയ വനിത കമ്മീഷൻ ചെയർപേഴ്‌സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ ഉദയ്പൂർ സിറ്റി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗുലാബ് ചന്ദ് കതാരിയയോട് പരാജയപ്പെട്ടു.

ഗിരിജയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചനം അറിയിച്ചു. ഗിരിജയുടെ വിയോഗം കോൺഗ്രസ് കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഖർഗെ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഗിരിജ വ്യാസിന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍, ശക്തമായി തിരിച്ചുവന്ന് രൂപ

ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍, ശക്തമായി തിരിച്ചുവന്ന് രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ ശക്തമായി തിരിച്ചുവന്ന് രൂപ. ഏഴുമാസത്തിനിടെ 2024 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കാണ് രൂപ ഉയര്‍ന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 71 പൈസയുടെ നേട്ടം സ്വന്തമാക്കിയതോടെ രൂപ 84 നിലവാരത്തിലും താഴെ എത്തിയിരിക്കുകയാണ്. 83.78 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

84.09 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കാണ് രൂപയ്ക്ക് തുണയായത്. കൂടാതെ ഇന്ത്യ- അമേരിക്ക താരിഫ് ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുകൂലമായ സംസാരിച്ചതും രൂപയ്ക്ക് പ്രയോജനം ചെയ്തതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 10ന് രേഖപ്പെടുത്തിയ 87.95 ആണ് രൂപയുടെ ഏറ്റവും മോശം നിലവാരം.

അതിനിടെ ഓഹരി വിപണിയും നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 900ലധികം പോയിന്റ് ആണ് മുന്നേറിയത്. സെന്‍സെക്‌സ് 81000 കടന്നാണ് കുതിക്കുന്നത്. നിഫ്റ്റി 24,550 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. അദാനി പോര്‍ട്‌സ്, മാരുതി സുസുക്കി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.