‘അമ്മയുടെ സിന്ദൂരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടി’; ഇന്ത്യയുടെ തിരിച്ചടിയില്‍ അഭിമാനമെന്ന് രാമചന്ദ്രന്റെ മകള്‍

‘അമ്മയുടെ സിന്ദൂരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടി’; ഇന്ത്യയുടെ തിരിച്ചടിയില്‍ അഭിമാനമെന്ന് രാമചന്ദ്രന്റെ മകള്‍

കൊച്ചി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. തന്റെ അമ്മയെ പോലെ സിന്ദുരം മായ്ക്കപ്പെടാനും ഉറ്റവരെ നഷ്ടപ്പെടാനും കാരണമായ തീവ്രവാദത്തിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് എന്നും ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു.

”ഇന്ത്യയുടെ പ്രതികരണത്തില്‍ അഭിമാനമുണ്ട്, ഞങ്ങളുടെ നഷ്ടം നികത്താനാവില്ല, പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. സാധാരണ മനുഷ്യര്‍ക്ക് തീവ്രവാദികളെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, അത് അനുഭവിച്ച് അറിഞ്ഞതാണ്. ഇതാണ് പ്രതീക്ഷിച്ചത്, രാജ്യം തിരിച്ചടിച്ചതില്‍ സന്തോഷം. നിരപരാധികളെ ആക്രമിച്ചതിന് മറുപടി. എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ മണ്ണില്‍ നിന്നപ്പോഴാണ് നിരപരാധികള്‍ ആക്രമിക്കപ്പെട്ടത്. ഇതാണ് ഇന്ത്യ ഇതാണ് ഞങ്ങളുടെ മറുപടി.”

ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ ടാഗ് ലൈന്‍ ഏറ്റവും ഉചിതമായതാണ്. എന്റെ അമ്മയുടെ സിന്ദുരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിനെ കാണുന്നു. സൈനിക നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. പ്രധാനമന്ത്രിക്കും സൈന്യത്തിനും രാജ്യത്തിനും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുകയാണ് എന്നും ആരതി പ്രതികരിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍: വിമാനത്താവളങ്ങള്‍ അടച്ചു; അതീവ ജാഗ്രത

ഓപ്പറേഷന്‍ സിന്ദൂര്‍: വിമാനത്താവളങ്ങള്‍ അടച്ചു; അതീവ ജാഗ്രത

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി അധികൃതര്‍ സൂചിപ്പിച്ചു. വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ജമ്മു കശ്മീര്‍ മേഖലയിലെ അടക്കം പത്തു വിമാനത്താവളങ്ങളാണ് അടച്ചിട്ടുള്ളത്.

ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇതേത്തുടര്‍ന്ന് ഈ വിമാനത്താവളങ്ങള്‍ വഴിയുള്ള എല്ലാ പുറപ്പെടലുകള്‍, വരവുകള്‍, കണക്റ്റിങ്ങ് വിമാനങ്ങളെ ഇത് ബാധിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ സ്ഥിതി സംബന്ധിച്ച് എയര്‍ലൈന്‍സ് അധികൃതരില്‍ നിന്നും മനസ്സിലാക്കി അതനുസരിച്ച് യാത്ര ക്രമീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്, മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. നിയന്ത്രണങ്ങളും ക്രമീകരണങ്ങളും അറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.

‘ഇന്ത്യ യുദ്ധത്തിന് മുതിരുന്നു, തിരിച്ചടിക്കാന്‍ അവകാശമുണ്ട്’; മുന്നറിയിപ്പുമായി പാകിസ്ഥാന്‍

‘ഇന്ത്യ യുദ്ധത്തിന് മുതിരുന്നു, തിരിച്ചടിക്കാന്‍ അവകാശമുണ്ട്’; മുന്നറിയിപ്പുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാന്‍ പ്രദേശത്തെ ഒമ്പതിടങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രമുഖ നേതാക്കളുടെതുള്‍പ്പെടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നായിരുന്നു വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആദ്യ പ്രതികരണം.

‘ഇന്ത്യന്‍ നടപടിക്ക് എതിരെ പാകിസ്ഥാന്‍ ശക്തമായ മറുപടി നല്‍കും. മുഴുവന്‍ രാഷ്ട്രവും പാകിസ്ഥാന്‍ സായുധ സേനയ്ക്കൊപ്പം നില്‍ക്കും. ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പാകിസ്ഥാനും പാക് സൈന്യത്തിനും അറിയാം. എതിരാളികളുടെ ദുഷ്ട ലക്ഷ്യങ്ങൾ വിജയിക്കാന്‍ ഒരിക്കലും അനുവദിക്കില്ല,’ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

ഇന്ത്യന്‍ ആക്രമണത്തോടുള്ള പ്രതികരണങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് പാകിസ്ഥാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാര്‍ പ്രതികരിച്ചു. പാക് സൈന്യത്തിന്റെ പ്രതികരണങ്ങള്‍ക്ക് പൗരന്‍മാരുടെ പൂര്‍ണ പിന്തുണയുണ്ടാകും. സമാധാനം ആഗ്രഹിക്കുന്ന ജനതയാണ് പാകിസ്ഥാനിലേത്. എന്നാല്‍ വെല്ലുവിളികളെ നേരിടും. അതിനെതിരെ മുഴുവന്‍ രാഷ്ട്രവും പ്രതികരിക്കും, തുര്‍ക്കിയിലെ ടിആര്‍ടി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ തരാര്‍ വ്യക്തമാക്കുന്നു.

പ്രകോപനമില്ലാതെ ഇന്ത്യ യുദ്ധത്തിന് മുതിരുന്നു എന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രതികരിച്ചു. ‘ഇന്ത്യയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് കൊല്ലപ്പെട്ടത് എന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഭീകരവാദം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യ പ്രാദേശിക സമാധാനം ഇല്ലാതാക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ നടപടി രണ്ട് ആണവായുധ രാഷ്ട്രങ്ങളെയും ഒരു വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ്’ എന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയുടെ നടപടികളോട് യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍-51 അനുസരിച്ചും അന്താരാഷ്ട്ര നിയമം അനുസരിച്ചും പ്രതികരിക്കാനുള്ള അവകാശം പാകിസ്ഥാനുണ്ട്. പാകിസ്ഥാന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആണ് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ ആക്രമിച്ചത്. മര്‍കസ് സുബ്ഹാന്‍ അല്ലാ ബഹവല്‍പൂര്‍, മര്‍കസ് തൈബ, മുരിദ്കെ, സര്‍ജല്‍ / തെഹ്‌റ കലാന്‍, മെഹ്മൂന ജോയ ഫെസിലിറ്റി, സിയാല്‍കോട്ട്. മര്‍കസ് അഹ്ലെ ഹദീസ് ബര്‍ണാല, ഭീംബര്‍. മര്‍കസ് അബ്ബാസ്, കോട്ലി. മസ്‌കര്‍ റഹീല്‍ ഷാഹിദ്, കോട്‌ലി ജില്ല. മുസാഫറാബാദിലെ ഷവായ് നല്ല കാം. മര്‍കസ് സയ്യിദ്‌ന ബിലാല്‍ എന്നിവിടങ്ങളിലാണ് ആക്രമണം.

‘ഒരു കോടി തന്നില്ലെങ്കിൽ കൊല്ലും’; ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്കു വധ ഭീഷണി

‘ഒരു കോടി തന്നില്ലെങ്കിൽ കൊല്ലും’; ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്കു വധ ഭീഷണി

ലഖ്നൗ: ഐപിഎല്ലിൽ നിറം മങ്ങിയതിന്റെ നിരാശയിൽ നിൽക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്കു വധ ഭീഷണി. ഇ മെയിലിലൂടെയാണ് താരത്തിനു വധ ഭീഷണി ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഷമിയുടെ സഹോദരൻ മുഹമ്മദ് ഹസീബ് പൊലീസിൽ പരാതി നൽകി. യുപിയെ അംറോഹ ജല്ലയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

രാജ്പുത് സിന്ദർ എന്ന് പരിചയപ്പെടുത്തിയാണ് മെയിൽ വന്നിരിക്കുന്നത്. ഒരു കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ബം​ഗളൂരുവിൽ നിന്നാണ് സന്ദേശമെത്തിയത് എന്നാണ് പ്രാഥമിക വിവരം.

ദീർഘ നാളത്തെ പരിക്കിനു ശേഷം സമീപ കാലത്താണ് ഷമി കളത്തിൽ തിരിച്ചെത്തിയത്. ഇന്ത്യക്ക് ചാംപ്യൻസ് ട്രോഫി കിരീടം സമ്മാനിക്കുന്നതിൽ ഷമി നിർണായക പങ്ക് വഹിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദ് താരമായ ഷമി സീസണിൽ അത്ര ഫോമിൽ അല്ല. ആറ് കളികൾ മാത്രമാണ് താരം ഇത്തവണ കളിച്ചത്. നേടിയത് 6 വിക്കറ്റുകളും. ഹൈദരാബാദ് പ്ലേ ഓഫിലെത്താതെ പുറത്താകുകയും ചെയ്തു.

ദിവസങ്ങൾക്കു മുൻപ് ഇന്ത്യ പരിശീലകൻ ​ഗൗതം ​ഗംഭീറിനും വധ ഭീഷണി വന്നിരുന്നു. പഹൽ​ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് വധ ഭീഷണി. ഇ മെയിലിലൂടെയാണ് ​ഗംഭീറിനും ഭീഷണി സന്ദേശം വന്നത്. അദ്ദേഹവും പൊലീസിൽ പരാതി നൽകിയിരുന്നു.

വ്യാപാരിയെ മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയുടെ വ​ജ്രാഭരണങ്ങൾ കവർന്നു

വ്യാപാരിയെ മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയുടെ വ​ജ്രാഭരണങ്ങൾ കവർന്നു

ചെന്നൈ: വ്യാപാരിയെ ഇടപാടിനെന്ന പേരിൽ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേ​ഗം ഇടപെട്ട പൊലീസ് സംഭവത്തിൽ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാന​ഗർ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവർച്ചയ്ക്ക് ഇരയായത്.

സംഭവത്തിൽ മറ്റൊരു വ്യാപരിയായ ലണ്ടൻ രാജൻ, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേർ എന്നിവരെ ശിവകാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങൾ കവർന്നത്.

വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ലണ്ടൻ രാജൻ ചന്ദ്രശേഖറിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുൻ ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ ധാരണയായ ശേഷം ഞായറാഴ്ച ആഭരണങ്ങൾ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖർ മകൾ ജാനകിക്കൊപ്പം ഹോട്ടലിലെത്തി. ഇടപാടുകാർ പറഞ്ഞതു പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയിൽ കയറിയ ഉടൻ തന്നെ നാല് പേരും ചേർന്നു ചന്ദ്രശേഖറിനെ മർദ്ദിച്ച ശേഷം കെട്ടിയിട്ട് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.

സമയം ഏറെയായിട്ടും ചന്ദ്രശേഖർ തിരികെ വരാൻ വൈകിയതോടെ അദ്ദേഹത്തെ അന്വേഷിച്ച് മകൾ മുറിയിലേക്ക് ചെന്നു. അപ്പോഴാണ് മുറിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത വടപളനി പൊലീസ് ഹോട്ടലിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നു പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു. പിന്നാലെ വിവരം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. ശിവാകശി ടോൾ പ്ലാസയ്ക്കു സമീപത്തു നിന്നു തൂത്തുക്കുടി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പ്രതികൾ പിടിയിലായി.

കശ്മീരില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

കശ്മീരില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്.
രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സൈനികരായ അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹന വ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്ക് ആണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്ത് സൈനികരുടെ മൃതദേഹങ്ങളും അവരുടെ സാധനങ്ങളും പേപ്പറുകളുമെല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു