by Midhun HP News | May 1, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: പതിനായിരം രൂപയ്ക്ക് പന്തയം വച്ചപ്പോള്‍ യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍. കര്‍ണാടകയിലെ കോലാറിലെ 21കാരനായ കാര്‍ത്തിക്കിനാണ് ജീവന്‍ നഷ്ടമായത്. അതും കുഞ്ഞിപിറന്നതിന്റെ സന്തോഷം മായുന്നതിന് തൊട്ടുമുന്‍പ്. 5 ബോട്ടില്‍ ഡ്രൈ ആയി അടിച്ചാല്‍ പതിനായിരം രൂപയായിരുന്നു ബെറ്റ്. കോലാര്‍ ജില്ലയിലെ മുള്‍ബാഗില്‍ താലൂക്കിലെ പൂജരഹള്ളി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സുഹൃത്തുക്കളായ കാര്‍ത്തിക്, വെങ്കിട്ട റെഡ്ഡി,സുബ്രമണിയും മറ്റു നാലുപേരും ചേര്‍ന്ന് ബെറ്റ് വച്ചു. 5 ബോട്ടില്‍ മദ്യം വെള്ളം തൊടീക്കാത കഴിക്കുക. 5 ബോട്ടിലും കാലിയാക്കുന്നയാള്‍ക്ക് പതിനായിരം രൂപയെന്നായിരുന്നു വാഗ്ദാനം. വെങ്കിടറെഡ്ഡിയുടെ ഈ ബെറ്റിന് കാര്‍ത്തിക് എന്ന 21കാരന്‍ ചലഞ്ച് പറഞ്ഞു. നിന്ന നില്‍പില്‍ കാര്‍ത്തിക് മദ്യം അകത്താക്കാന്‍ തുടങ്ങി. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും കാര്‍ത്തികിന് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കള്‍ ചേര്‍ന്നു ആശൂപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരാഴ്ച മുന്‍പാണ് കാര്‍ത്തിക് അച്ഛനായത്. പ്രസവാനന്തര ചടങ്ങുകള്‍ക്കായി ഭാര്യവീട്ടിലേക്കു പോകാനിരിക്കെയാണ് സുഹൃത്തുക്കളുമൊത്ത് ഇത്തരത്തില്‍ വാതുവച്ച് മദ്യപിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ സുബ്രണി, വെങ്കിട്ട റെഡ്ഡി എന്നിവരെ അറസ്റ്റ് ചെയ്തു. നാലുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണന്ന് പൊലീസ് അറിയിച്ചു.
by Midhun HP News | May 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2025 അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. മെയ് നാലിനാണ് പരീക്ഷ.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് നീറ്റ്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ബിരുദ മെഡിക്കല്‍ (എംബിബിഎസ്), ഡെന്റല്‍ (ബിഡിഎസ്), ആയുഷ് കോഴ്സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയാണിത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന്, അപേക്ഷകര്‍ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ‘NEET UG 2025 അഡ്മിറ്റ് കാര്‍ഡ്’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അഡ്മിറ്റ് കാര്‍ഡില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍ തിരുത്തലിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹെല്‍പ്പ് ലൈനില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.
പരീക്ഷാഹാളില്‍ കയറുമ്പോള്‍ കൈയില്‍ കരുതേണ്ടവ:
അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പ്
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി സാധുവായ ഒരു ഫോട്ടോ തിരിച്ചറിയല്‍ രേഖ
ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷാ ഫോമില്‍ സമര്‍പ്പിച്ചതിന് സമാനമായത്)
ഒരു പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോ (ഹാജര്‍ ഷീറ്റിനായി)
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പേര്, റോള്‍ നമ്പര്‍, ജനനത്തീയതി, അപേക്ഷാ ഐഡി, കാറ്റഗറി, രക്ഷിതാവിന്റെ വിവരങ്ങള്‍, പരീക്ഷാ തീയതിയും സമയവും, പരീക്ഷാ കേന്ദ്രത്തിന്റെ പേരും പൂര്‍ണ്ണ വിലാസവും,ചോദ്യപേപ്പര്‍ ഭാഷ, ഫോട്ടോഗ്രാഫും ഒപ്പും എല്ലാം ശരിയാണെന്ന് ഉറപ്പാക്കണം. ഡ്രസ് കോഡും പരീക്ഷാ ദിവസത്തെ നിര്‍ദ്ദേശങ്ങളും ശ്രദ്ധയോടെ മനസിലാക്കേണ്ടതാണ്.
by Midhun HP News | May 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഹനിയ അമീര്‍, മഹിറ ഖാന്‍, അലി സഫര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് വിലക്കിയത്. സനം സയീദ്, ബിലാല്‍ അബ്ബാസ്, ഇഖ്റ അസീസ്, ഇമ്രാന്‍ അബ്ബാസ്, സജല്‍ അലി എന്നിവരുടെ അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നിരവധി ആളുകള്‍ നടീനടന്മാരുടെ വിലക്കിയ അക്കൗണ്ടുകളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഫവാദ് ഖാന്‍, വഹാജ് അലി തുടങ്ങിയ പ്രശസ്ത നടന്മാരുടെ അക്കൗണ്ടുകള്‍ ഇതുവരെ വിലക്കിയിട്ടില്ല. ഷാറൂഖ് ഖാനൊപ്പം റായീസ് എന്ന സിനിമയിലൂടെയാണ് മഹിറ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ദുരന്തം എവിടെയായാലും ദുരന്തമാണെന്ന് അഭിപ്രായപ്പെട്ട നടി ഹനിയ അമീര്‍, പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഭിനേതാക്കളുടെ നവമാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുകൊണ്ടുള്ള നടപടി.
by Midhun HP News | May 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പെഹല്‍ഗാം ആക്രമണണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പാക് വ്യോമതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം.
പാകിസ്ഥാന്‍ യാത്ര, സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അതേസമയം, പാകിസ്ഥാന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസമുണ്ടാകില്ല.
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ വിലക്കേര്‍പ്പെടുത്തിയ പാകിസ്ഥാന്‍ തീരുമാനത്തിന് 6 ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ മറുപടി. പാകിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യ കടന്നാണ് തെക്കന്‍ ഏഷ്യയിലേക്കും തെക്കു കിഴക്കന്‍ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികളാണ് വെടിയേറ്റ് മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. പാകിസ്ഥാനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
by Midhun HP News | Apr 30, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മെയ് മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും മെയ് ഒന്നിനും ബാങ്കിന് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മെയ് മാസത്തില്‍ മൊത്തം 12 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
മെയ് 1- ബുധനാഴ്ച- മെയ് ദിനം പ്രമാണിച്ച് മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഗോവ, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അവധി
മെയ് 4- ഞായറാഴ്ച
മെയ് 9- വെള്ളിയാഴ്ച- രവീന്ദ്രനാഥ ടാഗോര്‍ ജയന്തി- പശ്ചിമ ബംഗാളില്‍ അവധി
മെയ് 10- രണ്ടാം ശനിയാഴ്ച
മെയ് 11- ഞായറാഴ്ച
മെയ് 12- തിങ്കളാഴ്ച- ബുദ്ധ പൂര്‍ണ്ണിമ- ത്രിപുര, മിസോറാം,മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ജമ്മു, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ അവധിയാണ്
മെയ് 16- വെള്ളിയാഴ്ച- സിക്കിം സംസ്ഥാനം രൂപീകരിച്ച ദിനം- സിക്കിമില്‍ അവധി
മെയ് 18- ഞായറാഴ്ച
മെയ് 24- നാലാം ശനിയാഴ്ച
മെയ് 25- ഞായറാഴ്ച
മെയ് 26- തിങ്കളാഴ്ച- കാസി നസ്രുള്‍ ഇസ്ലാമിന്റെ ജന്മദിനം- ത്രിപുരയില്‍ അവധി
മെയ് 29- വ്യാഴാഴ്ച- മഹാറാണ പ്രതാപ് ജയന്തി- ഹിമാചല്‍ പ്രദേശില്‍ അവധി
by Midhun HP News | Apr 30, 2025 | Latest News, ദേശീയ വാർത്ത
പ്രധാനമന്ത്രി എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചത് തിരുവനന്തപുരം വിമാനത്താവളത്തില്‍. 24 മണിക്കുറിനുളളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചി മുറിയിലും എക്‌സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നാണ് ഭീഷണി.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുക്കുന്നതായി സന്ദേശത്തില്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയില്‍ മൂന്നു ഇമെയിലുകളിലായാണ് സന്ദേശം എത്തിയത്. വിമാനത്താവളത്തില്‍ വ്യാപക പരിശോധന നടത്തി.
രണ്ടാം തീയതി വരെ പരിശോധനകള്‍ തുടരുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. അവസാന നിമിഷ ടിക്കറ്റ് ബുക്കിംഗ് ഈ ദിവസങ്ങളില്‍ സ്വകരിക്കില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ മൂന്നാഴ്ചയിലധികമായി സംസ്ഥാനത്തെ പലയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ ലഭിച്ചിരുന്നു.
രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന ഇന്റലിജൻസുകൾ വ്യാപകമായ നിരീക്ഷണമേർപ്പെടുത്തിയിരിക്കുകയാണ് കേരളത്തിൽ.
Recent Comments