by Midhun HP News | Apr 30, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര ബന്ധം വഷളായിരിക്കെ, വിഷയത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്രസഭ. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും ടെലഫോണില്‍ ബന്ധപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ ഗുട്ടെറസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഗുട്ടെറസ്, മേഖലയെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് നയിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു.
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഗുട്ടെറസ്സുമായുള്ള സംഭാഷണത്തില്‍ നിഷേധിച്ചു. ഏതു തരത്തിലുള്ള ഭീകരതയ്ക്കുമെതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇന്ത്യ തെറ്റായ ആരോപണം ഉന്നയിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രവും നിഷ്‌ക്ഷവുമായ അന്വേഷണം വേണം. പാകിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായിട്ടുള്ള ഏതു നീക്കത്തെയും രാജ്യം ചെറുക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി, കശ്മീര്‍ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ യുഎന്‍ ഇടപെടണമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി യുഎന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു.
‘ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തോട് യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും, അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്’. ഗുട്ടെറസ്സുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു.
by Midhun HP News | Apr 30, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭയോട് (യു എൻ) ആവശ്യപ്പെട്ട് പാകിസ്ഥാൻ. ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു. യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടസിനോടാണ് പാകിസ്ഥാൻ ഇടപെടല്‍ തേടിയിരിക്കുന്നത്. ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കാൻ പദ്ധതിയിടുന്നതായി തെളിവ് ലഭിച്ചെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രിയും പറഞ്ഞിരുന്നു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകവേ സ്ഥിതി വഷളാക്കാതെ നോക്കാൻ ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറെ വിളിക്കും. സൗഹൃദമുള്ള മറ്റ് രാജ്യങ്ങളും വിഷയത്തില്‍ ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ച പാകിസ്ഥാന് സൈനികതലത്തില്‍ തിരിച്ചടി നല്‍കാൻ ഇന്ത്യയുടെ തീരുമാനം. എവിടെ, എപ്പോള്‍, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ വ്യാപ്തി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങള്‍ക്ക് നല്‍കിയതോടെ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയിലായി രാജ്യം. ദേശീയ സുരക്ഷാ കാര്യങ്ങളില്‍ നിർണായക തീരുമാനമെടുക്കുന്ന മന്ത്രിതല സമിതി ഇന്നു രാവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ആക്രമണത്തിനുശേഷം പ്രധാനമന്ത്രി അദ്ധ്യക്ഷനായ സുരക്ഷാ സമിതിയുടെ രണ്ടാം യോഗമാണ് ഇന്ന് രാവിലെ 11ന് ചേരുക.
by Midhun HP News | Apr 29, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ലഖ്‌നൗ: ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ പതിനാലുകാരന്‍ വൈഭവ് സൂര്യവംശി ആറാം വയസ്സില്‍ ഐപിഎല്‍ കാണാനെത്തിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക. 2017ല്‍ തന്റെ അന്നത്തെ ടീമായ പൂനെ സൂപ്പര്‍ജയന്റ്‌സിനായി ഗാലറിയില്‍ ആര്‍പ്പവിളിക്കാനെത്തിയ കുട്ടിയുടെ ചിത്രമാണ് അദ്ദേഹം പങ്കിട്ടത്.
തിങ്കളാഴ്ച ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടിയാണ് ഈ കൗമാരക്കാരന്‍ ചരിത്രം കുറിച്ചത്. ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഏറ്റവും വേഗമേറിയതും ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്നെ നേട്ടവും പതിനാലുകാരന്‍ സ്വന്തം പേരില്‍ എഴുതി. വൈഭവ് സൂര്യവംശിയുടെ ഐപിഎല്ലിലെ മൂന്നാമത്തെ മത്സരമായിരുന്നു ഇന്നലെത്തേത്. 14 വയസ്സും 32 ദിവസവും പ്രായമുള്ളപ്പോള്‍, വെറും 35 പന്തില്‍ നിന്ന് 101 റണ്‍സ് നേടി ഐപിഎല്ലിലും ടി20യിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. സെഞ്ച്വറി തികയ്ക്കാനായി ക്രിസ് ഗെയ്‌ലിനെക്കാള്‍ അഞ്ച് പന്തുകള്‍ മാത്രമാണ് വൈഭവ് അധികമെടത്തത്.
ഈ കൗമാരതാരത്തിന്റെ മിന്നല്‍ പ്രകടത്തിന് ശേഷം, എല്‍എസജി ഉടമ സോഷ്യല്‍ മീഡിയയില്‍ ആറുവയസുകാരന്‍ വൈഭവിന്റെ ചിത്രം പങ്കിട്ടു. പൂനെ ടീമിന്റെ ജഴ്‌സിയണിഞ്ഞ് ഗാലറിയില്‍ കളികാണെനെത്തിയ കുട്ടിയുടെതായിരുന്നു. ‘ഇന്നലെ രാത്രി ഞാന്‍ അത്ഭുതത്തോടെ കണ്ടു… ഇന്ന് രാവിലെ ഞാന്‍ അത് സാമൂഹിക മാധ്യമത്തില്‍ പങ്കവച്ചു. 2017ല്‍ എന്റെ അന്നത്തെ ടീമായ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ് ടീമിനായി ആര്‍പ്പുവിളിക്കുന്ന ആറ് വയസുകാരന്റെ ചിത്രം നന്ദി, വൈഭവ്. ഒരുപാട് ആശംസകളും പിന്തുണയും,’ ഗോയങ്ക കുറിച്ചു.
സൂര്യവംശിയുടെ 35 പന്തില്‍ നിന്നുള്ള സെഞ്ച്വറിയുടെ കരുത്തില്‍ ഗുജറാത്തനെതിരെ രാജസ്ഥാന്‍ എട്ടുവിക്കറ്റിന്റെ വിജയം നേടി. 15.5 ഓവറില്‍ വിജയലക്ഷ്യമായ 210 റണ്‍സ് മറികടന്നു. മത്സരശേഷം, ഗോയങ്ക കൗമാരക്കാരന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. ‘ആത്മവിശ്വാസത്തിനും പ്രതിഭയ്ക്കും സല്യൂട്ട്… യുവ വൈഭവ് സൂര്യവംശി… വൗ! 35 പന്തില്‍ നിന്നുള്ള അതിശയകരമായ സെഞ്ച്വറി…,’ അദ്ദേഹം കുറിച്ചു.
by Midhun HP News | Apr 29, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്ന് 85 നിലവാരത്തിലും താഴെയെത്തി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 27 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 84.96 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളുമാണ് രൂപയ്ക്ക് തുണയായത്. വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നത് കൊണ്ട് ഓഹരി വിപണിയില്‍ റാലി തുടരുകയാണ്. ഇതിന് പുറമേ ഇന്ത്യയിലെ വ്യാവസായിക ഉല്‍പ്പാദനം മൂന്ന് ശതമാനം വര്‍ധിച്ചതായുള്ള കണക്കുകളുമാണ് പ്രധാനമായി രൂപയ്ക്ക് കരുത്തായത്. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം വര്‍ധിച്ചാല്‍ അത് രൂപയെ ബാധിക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്നലെ രൂപ 18 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 85.23 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 65.41 ഡോളര്‍ എന്ന നിലയിലാണ്. അതിനിടെ ഓഹരി വിപണിയും നേട്ടം ഉണ്ടാക്കി. സെന്‍സെക്‌സ് 442 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ്. റിലയന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്.
by Midhun HP News | Apr 28, 2025 | Latest News, ദേശീയ വാർത്ത
ദില്ലി: ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിൻ്റെ പേരിലാണ് ഇന്ത്യയുടെ നടപടി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്.
ബാരാമുള്ളയിലെ ഇന്ത്യ -പാക് അതിർത്തി ഗ്രാമങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രമവാസികളിൽ പലരെയും മാറ്റി പാർപ്പിച്ചു. അതിർത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എൻഐഎ. നേരിട്ട് കണ്ട് മൊഴിയെടുക്കും. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം സംഘമെത്തും. കർണ്ണാടകയിൽ ഭരത് ഭൂഷൻ്റെ കുടുംബത്തെ ഇന്ന് കാണും.
അതേസമയം, പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവർ തിരികെയെത്തുന്നത്. അട്ടാരി അതിർത്തി വഴി കടന്നവരുടെ കണക്ക് മാത്രമാണ് നിലവിൽ സർക്കാരിൻ്റെ കൈവശമുള്ളത്. 537 പേർ ഇന്ത്യ വിട്ടെന്നാണ് സർക്കാരിൻ്റെ കണക്ക്.
മെഡിക്കൽ വീസയുടെ കാലാവധി നാളെ കഴിയും. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും വിവരമുണ്ട്. ഇന്നലെ മാത്രം മടങ്ങിയത് 237 പാക് പൗരൻമാരാണ്. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേർക്ക് നൽകിയ നോട്ടീസ് ഇന്ന് പൊലിസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ തങ്ങുന്നവരാണിവർ.
by Midhun HP News | Apr 28, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ശശി തരൂര്‍ സൂപ്പര്‍ ബിജെപിക്കാരനെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തു വന്നത്. തരൂരിന് വിശ്വസ്തത കോണ്‍ഗ്രസിനോടാണോ ബിജെപിയോടാണോ എന്നും അദ്ദേഹം ചോദിച്ചു.
തരൂര്‍ ഒരു സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുകയാണോയെന്നും ഉദിത് രാജ് ചോദിച്ചു. അദ്ദേഹം ‘ബിജെപിയുടെ വക്താവ്’ ആയി മാറിയോ?. 9/11 ആക്രമണത്തിന് ശേഷം അമേരിക്കയില്‍ ഏത് ഭീകരാക്രമണമാണ് നടന്നത്? പാക് അധിനിവേശ കശ്മീരിനെക്കുറിച്ചുള്ള ബിജെപി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് തരൂര്‍ ചോദ്യം ഉന്നയിക്കണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും, എന്നാല്‍ അതല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. തീര്‍ച്ചയായും കുറ്റമറ്റ ഇന്റലിജന്‍സ് സംവിധാനം എന്ന ഒന്നില്ല. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതേപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് പകരം, ശക്തമായ നടപടികളാണ് ഇപ്പോല്‍ വേണ്ടതെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിനുണ്ടായ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തരൂരിന്റെ വിശദീകരണം. പഹല്‍ഗാം ആക്രമണത്തിന് കാരണം ഗുരുതര ഇന്റലിജന്‍സ്, സുരക്ഷാ വീഴ്ചകളാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിമര്‍ശനം കടുപ്പിക്കുമ്പോഴാണ്, ശശി തരൂര്‍ വേറിട്ട നിലപാട് പ്രകടിപ്പിച്ചത്. തരൂരിന്റെ നിലപാടിനെ ബിജെപി നേതാവ് പി കെ കൃഷ്ണദാസ് അടക്കം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
Recent Comments