പി വി അൻവറിന്റെ നിയമവിരുദ്ധ ഫോൺ ചോർത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം

പി വി അൻവറിന്റെ നിയമവിരുദ്ധ ഫോൺ ചോർത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: പി വി അൻവർ എംഎൽഎ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നോട്ടിസ് അയക്കാൻ ഹൈക്കോടതി നിർദേശം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നോട്ടിസ് അയക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെ ഫോൺ സംഭാഷണങ്ങൾ നിയമവിരുദ്ധമായി ചോർത്തിയെന്നായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണു ഹൈക്കോടതിയെ സമീപിച്ചത്.

സ്വർണക്കടത്ത്, കൊലപാതകവും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണു ഫോൺ ചോർത്തിയതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. വൻതുക മുടക്കി അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഫോൺ ചോർത്തൽ. ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണ്. തന്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്നും ഹർജിക്കാരൻ അറിയിച്ചു. കേന്ദ്ര, സംസ്ഥാന ഏജൻസികൾക്കു വിദഗ്ധ ഏജൻസി വഴി അന്വേഷണം നടത്താനുള്ള ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

നാരായണ്‍പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ സുരക്ഷാ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തെക്കന്‍ അബുജ്മാദിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ജില്ലാ റിസര്‍വ് ഗാര്‍ഡും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സുമാണ് ഏറ്റുമുട്ടലിനു നേതൃത്വം നല്‍കിയത്. മേഖലയില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. തിരച്ചിലിനിനടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന തിരിച്ചടിച്ചു.

യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍. ഇവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തുനിന്ന് ചില ആയുധങ്ങളും കണ്ടെത്തി

ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ കൊണ്ട് 500 ലിറ്റര്‍ പാല്‍!, കച്ചവടക്കാരന്‍ അറസ്റ്റില്‍

ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ കൊണ്ട് 500 ലിറ്റര്‍ പാല്‍!, കച്ചവടക്കാരന്‍ അറസ്റ്റില്‍

ലക്‌നൗ: ഭക്ഷണത്തില്‍ മായംകലര്‍ത്തിയതിന് പലരെയും പിടികൂടിയിട്ടുണ്ട്. പിടികൂടാനായി ആരോഗ്യവകുപ്പിന്റെ പരിശോധനയും വ്യാപകമാണ്. ഉത്തര്‍പ്രദേശില്‍ നിന്നും വരുന്ന ഈ വാര്‍ത്ത ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് 500 ലിറ്റര്‍ വ്യാജ പാല്‍ ഉല്‍പ്പാദിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. അഗര്‍വാള്‍ ട്രേഡേഴ്സ് ഉടമ അജയ് അഗര്‍വാളാണ് അറസ്റ്റിലായത്. അദ്ദേഹത്തിന്റെ കടകളിലും കടകളിലും സംഭരണ കേന്ദ്രങ്ങളിലും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഇയാളെ പിടികൂടുന്നത്.

ബുലന്ദ്ഷഹറില്‍ നിന്നാണ് അജയ് അഗര്‍വാളിനെ അറസ്റ്റ് ചെയ്തത്. ഇരുപത് വര്‍ഷത്തോളമായി അജയ് അഗര്‍വാള്‍ ഇത്തരത്തില്‍ കൃത്രിമ പാലും പനീറും വില്‍പന നടത്തിയിരുന്നതായി അധികൃതര്‍ പറയുന്നു. പാലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ പ്ലാന്റുകളില്‍ നടത്തിയ റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ കൃത്ര്യമപാല്‍ ഉണ്ടാക്കാനുള്ള രാസവസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു. വ്യാജ പാല്‍ ഉണ്ടാക്കാന്‍ താന്‍ ഉപയോഗിച്ച രാസവസ്തുക്കള്‍ ഏതൊക്കെയാണെന്ന് അഗര്‍വാള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 5 മില്ലിഗ്രാം രാസവസ്തുക്കള്‍ ഉപയോഗിച്ച് 2 ലിറ്റര്‍ വരെ വ്യാജ പാല്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എങ്ങനെയാണ് മായം കലര്‍ന്ന പാല്‍ ഉല്‍പ്പാദിപ്പിക്കുന്നത് എന്നതിന്റെ വിഡിയോയും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു.ഒരു കുപ്പി പാല്‍ ഉണ്ടാക്കാന്‍ അപകടകരമായ വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ലായനിയും പാലാണെന്ന് മണത്തിലും രുചിയിലും തോന്നാനുള്ള വിവിധ ഉല്‍പ്പന്നങ്ങളും വെള്ളത്തിലേക്ക് ചേര്‍ക്കുന്നതോടെ ലിറ്ററുകണക്കിന് പാല്‍ തയ്യാറാകുന്നു. ഇവ പാക്ക് ചെയ്ത് വില്‍ക്കുന്നതായിരുന്നു രീതി. ഇതിനായി ഉപയോഗിച്ച ഉല്‍പ്പന്നങ്ങളില്‍ മിക്കതിന്റെയും കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. രാസവസ്തുക്കളെക്കുറിച്ചറിയാന്‍ അജയ് അഗര്‍വാളിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഇയാളുടെ ഫാക്ടറിയില്‍ നിന്ന് വ്യാജ പാല്‍ വാങ്ങിയവരെ കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അദ്ദേഹം പാല്‍ ഉല്‍പന്നങ്ങള്‍ എവിടെയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയിലെ പകുതിയോളം ഡയറികളിലെ പാലിലും പാലുല്‍പ്പന്നങ്ങളിലും മായം വ്യാപകമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇനി അപേക്ഷ നല്‍കി കാത്തിരിക്കേണ്ട!, ജനുവരി മുതല്‍ എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാം; പക്ഷേ…

ഇനി അപേക്ഷ നല്‍കി കാത്തിരിക്കേണ്ട!, ജനുവരി മുതല്‍ എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാം; പക്ഷേ…

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഐടി സംവിധാനം നവീകരിക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും.

എന്നാല്‍ മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. ഇത് നടപ്പില്‍ വന്നാല്‍ അപേക്ഷകളും രേഖകളും നല്‍കി കാത്തിരിക്കേണ്ടി വരില്ലെന്നതാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസം. ഏഴ് കോടി വരിക്കാരാണ് ഇപിഎഫ്ഒയിലുള്ളത്.

തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി സുമിത് ദവ്‌റ അറിയിച്ചു. പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയും വര്‍ധിപ്പിക്കും. പദ്ധതി വിഹിതത്തിലെ നിലവിലെ 12 ശതമാനം പരിധി എടുത്തുകളയുമെന്നും തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള തുക വിഹിതമായി നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്നും സൂചനയുണ്ട്.

ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്: മുംബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്: മുംബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

മുബൈ: ക്രിസ്മസ്-പുതുവത്സര അവധിയില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നാട്ടിലെത്താന്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സഹായകരമാകും. മുബൈ എല്‍ടിടിയില്‍ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിന്‍ പ്രഖ്യാപിച്ചത്. കോട്ടയം വഴിയായിരിക്കും ട്രെയിന്‍ തിരുവനന്തപുരം കൊച്ചുവേളിയിലെത്തുക.

ഡിസംബര്‍ 19, 26, ജനുവരി 2, 9 തീയതികളില്‍ വൈകിട്ട് നാലിനായിരിക്കും മുബൈ എല്‍ടിടിയില്‍ നിന്ന് ട്രെയിന്‍ കൊച്ചുവേളിയിലേക്ക് പുറപ്പെടുക. തിരിച്ച് കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 21,28, ജനുവരി 4, ജനുവരി 11 തീയതികളില്‍ വൈകിട്ട് 4.20ന് മുബൈ എല്‍ടിടിയിലേക്കും ട്രെയിന്‍ പുറപ്പെടും.

പൂജ ചെയ്തിട്ടും കാളി പ്രത്യക്ഷപ്പെട്ടില്ല; പുരോഹിതന്‍ കഴുത്തറുത്ത് ജീവനൊടുക്കി

പൂജ ചെയ്തിട്ടും കാളി പ്രത്യക്ഷപ്പെട്ടില്ല; പുരോഹിതന്‍ കഴുത്തറുത്ത് ജീവനൊടുക്കി

വാരാണസി: 24 മണിക്കൂറും പൂജ ചെയ്തിട്ടും കാളിദേവി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് പുരോഹിതന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നാല്‍പ്പതുകാരനായ പുരോഹിതന്‍ അമിത് ശര്‍മയാണ് കഴുത്തറുത്ത് ജീവനൊടുക്കിയത്.

പൂജാമുറിയില്‍ നിന്ന് ‘അമ്മേ കാളി പ്രത്യക്ഷപ്പെടൂ’ എന്ന നിലവിളി കേട്ട് അടുക്കളയില്‍ നിന്ന് ഭാര്യ ഓടിയെത്തിയപ്പോഴാണ് ഇയാളെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. ഓടിയെത്തിയ അയല്‍വാസികളും ചേര്‍ന്ന് പുരോഹിതനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാളി പ്രത്യക്ഷപ്പെടുമെന്ന് കരുതി പൂജാമുറി പൂട്ടിയിട്ട് ഭര്‍ത്താവ് കഠിനമായ പൂജകള്‍ ചെയ്തിരുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞു. കഠിനമായ പൂജകള്‍ നടത്തിയിട്ടും കാളിദേവി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് ഇയാള്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് നിഗമനം. കട്ടര്‍ ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.