ഗൾഫ് വ്യോമപാതയിലെ സുരക്ഷാ മുന്നറിയിപ്പ് സെപ്റ്റംബർ 30 വരെ നീട്ടി; യുഎഇയിൽ നിന്നുള്ള വിമാന സര്‍വീസുകളിൽ മാറ്റം

ഗൾഫ് വ്യോമപാതയിലെ സുരക്ഷാ മുന്നറിയിപ്പ് സെപ്റ്റംബർ 30 വരെ നീട്ടി; യുഎഇയിൽ നിന്നുള്ള വിമാന സര്‍വീസുകളിൽ മാറ്റം

ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഗള്‍ഫ് വ്യോമപാതയിലെ ജാഗ്രതാ നിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് യൂറോപ്യന്‍ വ്യോമയാന ഏജന്‍സി അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി യുഎഇ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ സമയമാറ്റവും ചില റദ്ദാക്കലുകളും പ്രഖ്യാപിച്ചു. പ്രമുഖ അന്താരാഷ്ട്ര എയര്‍ലൈനുകള്‍ ഗൾഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതും നീട്ടിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇഎഎസ്എ) ഇന്നലെയാണ് ഗള്‍ഫ് മേഖല സംബന്ധിച്ച കോണ്‍ഫ്‌ലിക്റ്റ് സോണ്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റില്‍ പുതുക്കിയ ഉത്തരവ് പുറത്തിറക്കിയത്.

യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ദേഹ, മസ്‌കറ്റ് ഫ്ലെെറ്റ് ഇന്‍ഫര്‍മേന്‍ റീജണലുകളിലുള്ള (എഫ്‌ഐആര്‍) വിമാന സര്‍വീസുകള്‍ക്കാണ് മുന്നറിപ്പ് ബാധകമായിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളിലും അതത് വിമാനത്താവളങ്ങളിലേക്ക് ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും അല്ലാതെ അറേബ്യന്‍ ഗള്‍ഫ് സമുദ്ര മേഖലകള്‍ക്ക് മുകളിലൂടെയുള്ള പറക്കലുകള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും ശക്തമായതാണ് വ്യോമപാതയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. വേനലവധി കഴിഞ്ഞ് യുഎഇയിലേക്ക് പ്രവാസികളും സന്ദര്‍ശകരും വന്‍തോതില്‍ തിരിച്ചെത്തുന്ന സമയത്താണ് വീണ്ടും പുതിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്.

സഹചര്യം വിലയിരുത്തി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നും കുവൈറ്റിലേക്ക് നടത്തുന്ന G9068, G9124 എന്നീ വിമാനസര്‍വീസുകളും, ബഹ്‌റൈനിലേക്കുള്ള G9107 വിമാനസര്‍വീസും അബുദാബിയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന 3L020 വിമാനവും റദ്ദാക്കിയിട്ടുണ്ട്. എമിറേറ്റ്‌സിന്റെ ദുബായില്‍ നിന്നും നെയ്‌റോബിലേക്കുള്ള EK717, EK719 എന്നീ സര്‍വീസുകളും ഗ്ലാസ്‌ഗോ, സാവോ പോളോ, ബാലി, ഗ്വാങ്ഷൂ, നെവാര്‍ക്ക് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വൈകി പുറപ്പെടുമെന്നും കമ്പനി അറിയിച്ചു.

അബുദാബിയില്‍ നിന്ന് കുവൈറ്റ്, ബഹ്‌റൈന്‍ റൂട്ടുകളിലെ ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസുകള്‍ ഭൂരിഭാഗവും നിലവിലെ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തും. എന്നാല്‍ ചില സര്‍വീസുകള്‍ക്ക് സമയമാറ്റമുണ്ടാകുമെന്ന് വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഒഫിഷ്യല്‍ ചാനലുകള്‍ സന്ദര്‍ശിച്ച് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി നിർദേശിച്ചു. കൂടാതെ യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് ഫ്ലെെ ദുബായ് അറിയിച്ചു.

ദുബായില്‍ നിന്ന് സര്‍വീസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികളെയും നിയന്ത്രണങ്ങള്‍ ബാധിച്ചിട്ടുണ്ട്. കെനിയ എയര്‍വേയ്‌സ് നെറോബിലേക്ക് സര്‍വിസ് നടത്തുന്ന KQ311 വിമാനവും ഫ്ലെെനാസ് ജിദ്ദ സര്‍വീസും (XY502), ഇറാഖി എയര്‍വേയ്‌സ് കിര്‍ക്കുക്ക് സര്‍വീസും (IA120) റദ്ദാക്കി. എയര്‍ബ്ലൂ, സ്‌പെയ്‌സ് ജെറ്റ് തുടങ്ങിയ വിമാനങ്ങള്‍ വൈകിയാണ് പുറപ്പെടുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ദുബായ്, അമ്മാന്‍, ബഹ്‌റൈന്‍, ടെല്‍ അവീവ് സര്‍വീസുകള്‍ ഒക്ടോബര്‍ 25 വരെ നിര്‍ത്തിവെച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ദുബായ് സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ റദ്ദാക്കി. ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെ ദുബായിലേക്കുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 2 വരെ ഉണ്ടാകില്ല. എയര്‍ കാനഡയുടെ ദുബായ് സര്‍വീസുകള്‍ അടുത്ത വര്‍ഷം (2027) ജനുവരി പകുതി വരെ റദ്ദാക്കല്‍ നീട്ടിയിട്ടുണ്ട്.

ലുഫ്താന്‍സ, സ്വിസ് എയര്‍ എന്നിവയുടെ ദുബായ് സര്‍വീസുകള്‍ സെപ്റ്റംബര്‍ 12 വരെയാണ് നീട്ടിയിട്ടുള്ളത്. കെഎല്‍എംന്റെ ദുബായ്, റിയാദ്, ദമാം സര്‍വീസുകള്‍ സെപ്റ്റംബര്‍ 6 വരെ നീട്ടിയിട്ടുണ്ട്. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ദുബായ്, അബുദാബി സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇറാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയുമാണ്. യാത്ര തിരിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതര്‍ നിർദേശിച്ചു.

സൈനിക കേന്ദ്രത്തിൽ വൻ കവർച്ച; അസോൾട്ട് റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും മോഷ്ടിച്ചു

സൈനിക കേന്ദ്രത്തിൽ വൻ കവർച്ച; അസോൾട്ട് റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും മോഷ്ടിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള സൈനിക ആയുധപ്പുരയിൽ നിന്ന് വൻതോതിൽ തോക്കുകളും വെടിയുണ്ടകളും മോഷ്ടിക്കപ്പെട്ടു. സെക്കന്തരാബാദ് കന്റോൺമെന്റിലെ ബൊല്ലാരത്ത് പ്രവർത്തിക്കുന്ന മദ്രാസ് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലിന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമായതിനാൽ സൈന്യം സ്വന്തം നിലയിൽ സമഗ്രമായ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ആയുധ സംഭരണ കേന്ദ്രത്തിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

നാല് അത്യാധുനിക എകെ-203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എംഎം പിസ്റ്റളുകൾ, ഒരു സിവിലിയൻ പിസ്റ്റൾ എന്നിവയുൾപ്പെടെ 12 തോക്കുകളാണ് ആയുധപ്പുരയിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. ഇവയ്ക്ക് പുറമെ രാത്രി കാഴ്ച സാധ്യമാക്കുന്ന അത്യാധുനിക ബൈനോക്കുലർ, 21 മാഗസിനുകൾ, 1,800-ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയും കവർന്നിട്ടുണ്ട്. നഷ്ടപ്പെട്ട ആയുധങ്ങൾക്ക് വിപണിയിൽ ഏകദേശം 15 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. എകെ-203 റൈഫിളുകളിൽ ഉപയോഗിക്കുന്ന 720 റൗണ്ട് വെടിയുണ്ടകളും 9 എംഎം പിസ്റ്റളുകൾക്കായുള്ള 1,120 റൗണ്ട് വെടിയുണ്ടകളും ഇൻസാസ് റൈഫിളിന്റെ വെടിക്കോപ്പുകളുമാണ് നഷ്ടമായവയിൽ ഉൾപ്പെടുന്നത്.

മോഷണത്തിന് പിന്നിൽ സൈനിക കേന്ദ്രത്തിനുള്ളിൽ തന്നെയുള്ള ആരുടെയെങ്കിലും ഒത്താശയോ സഹായമോ ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട അത്യാധുനിക ആയുധങ്ങൾ എത്രയും വേഗം കണ്ടെത്താനും ദുരുപയോഗം തടയാനുമാണ് അന്വേഷണ സംഘം പ്രഥമ പരിഗണന നൽകുന്നത്.

‘ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം’; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി

‘ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം’; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി

ബിഷ്‌കെക്: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, എല്ലാ സംഘര്‍ഷങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയെ ഒറ്റക്കെട്ടായി നേരിടണം. ഭീകരതയില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല. ഭീകരതയ്‌ക്കെതിരെ ഒരേ സ്വരത്തില്‍ സംസാരിക്കണം. ഭീകരതയുടെ മുഴുവന്‍ ആവാസ വ്യവസ്ഥയും തകര്‍ക്കണം. ഭീകരതയ്ക്കുള്ള ധനസഹായം, റിക്രൂട്ട്‌മെന്റ്, സുരക്ഷിത താവളങ്ങള്‍ എന്നിവയെയെല്ലാം തകര്‍ക്കണമെന്നും ഷാങ്ഹായ് ഉച്ചകോടിയില്‍ മോദി ആവശ്യപ്പെട്ടു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സന്നിഹിതനായിരുന്ന ചടങ്ങിലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ ഭീകര ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കി വരുന്ന പാകിസ്ഥാന്റെ ദീര്‍ഘകാല നയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാനുമായി ബന്ധമുള്ള ഭീകരര്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതായി മോദി ചൂണ്ടിക്കാട്ടി.

ഇതേത്തുടര്‍ന്ന് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ കടുത്ത പ്രത്യാക്രമണം ഇന്ത്യ നടത്തി. പാകിസ്ഥാന്റെ ഉള്ളില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തകര്‍ത്തുവെന്നും മോദി ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ പരമാധികാര പ്രദേശത്തെ ബഹുമാനിക്കണം. അതോടൊപ്പം അടിസ്ഥാന സൗകര്യ പദ്ധതികളില്‍ സഹകരണം വേണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഇറാന്‍- അമേരിക്ക ആക്രമണം വീണ്ടും കടുക്കുകയും, പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുകയും ചെയ്യുന്നതിനിടെയാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്.

ടിം കുക്ക് സ്ഥാനമൊഴിഞ്ഞു; ആപ്പിളിന്റെ പുതിയ സിഇഒ ജോണ്‍ ടെര്‍നസ്

ടിം കുക്ക് സ്ഥാനമൊഴിഞ്ഞു; ആപ്പിളിന്റെ പുതിയ സിഇഒ ജോണ്‍ ടെര്‍നസ്

കാലിഫോര്‍ണിയ: ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോണ്‍ ടെര്‍നസ്. 15 വര്‍ഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞതോടെയാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ടെര്‍നസ് സ്ഥാനമേല്‍ക്കുന്നത്. 2011-ല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ കുക്ക്, നീണ്ട 15 വര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്. ഇനി മുതല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന പുതിയ ചുമതലയിലാവും ടിം കുക്ക് തുടരുക.

ആരാണ് ജോണ്‍ ടെര്‍ണസ്?

പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കി. 2001 ല്‍ ആപ്പിളിന്റെ പ്രൊഡക്ട് ഡിസൈന്‍ ടീമില്‍ ചേര്‍ന്നു. പിന്നീട് ഹാര്‍ഡ്വേര്‍ എന്‍ജിനിയറിങ്ങില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക് കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. 2021 ലാണ് ആപ്പിളിന്റെ എക്‌സിക്യൂട്ടീവ് ടീമിന്റെ ഒപ്പം ചേര്‍ന്നത്.

ടിം കുക്ക്

1998-ലാണ് ടിം കുക്ക് ആപ്പിള്‍ കമ്പനിയില്‍ ചേരുന്നത്. ആപ്പിളിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് കുക്കിനുണ്ട്. 2011-ല്‍ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേല്‍ക്കുന്നത്.

ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ്, ഹോം പോഡ്, വിഷന്‍ പ്രോ, എയര്‍ ടാഗ് തുടങ്ങിയ ഉത്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചത് ടിം കുക്കിന്റെ കാലത്താണ്. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പോലുള്ള സേവനങ്ങള്‍ വളര്‍ന്നതും ഇക്കാലത്ത് തന്നെ. ആപ്പിളിന്റെ ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് ടിം കുക്കിനാണ്.

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

ദുബൈ: പാസ്പോര്‍ട്ട്, വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ യുഎഇയില്‍ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളേക്കുറിച്ച് ജാഗ്രതപാലിക്കണമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി.

പാസ്പോര്‍ട്ട്, വിസ, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, രാജ്യത്തിന് പുറത്തുപോകാനുള്ള എക്സിറ്റ് പാസ്, എമിറേറ്റ്സ് ഐഡി, തൊഴില്‍സംബന്ധമായ രേഖകള്‍ തുടങ്ങിയവയുടെ മറവില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. ഇത്തരം രേഖകള്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും പാസ്പോര്‍ട്ട്, വിസ, എമിറേറ്റ്സ് ഐഡി തുടങ്ങിയ രേഖകളും സ്വന്തമാക്കുന്ന ആസൂത്രിത സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.

വിരലടയാളം, കണ്ണ്, മുഖം തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ എന്നിവയെല്ലാം സംഘം ശേഖരിക്കും. ഈ രേഖകളും വിവരങ്ങളും ഉപയോഗിച്ച് ബാങ്കുകളില്‍ അക്കൗണ്ട് എടുക്കുകയോ വായ്പയെടുക്കുകയോ ക്രെഡിറ്റ് കാര്‍ഡ് വാങ്ങുകയോ ചെയ്യും. അനധികൃത പണമിടപാടിനും ഇത്തരം രേഖകള്‍ ഉപയോഗിക്കും. ഇതോടെ, കേസ്, പിഴ, ട്രാവല്‍ ബാന്‍, ജയില്‍ശിക്ഷ തുടങ്ങി പലവിധത്തിലുള്ള നിയമക്കുരുക്കിലും ആളുകള്‍ വീണുപോകുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ വിരലടയാളവും മുഖം, കണ്ണ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കാറില്ല. ഇത്തരത്തിലുള്ള വിവരങ്ങള്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണം. 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ 00971 5430 90571 എന്ന നമ്പറില്‍ വാട്സ് ആപ്പ് വഴിയോ pbsk.dubai@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു; വിമാന ഇന്ധന വിലയും കൂട്ടി

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു; വിമാന ഇന്ധന വിലയും കൂട്ടി

ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 9.50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 2,747 രൂപയായി ഉയര്‍ന്നു. രാജ്യത്തെ ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും ചെലവ് വര്‍ധിക്കാന്‍ ഇത് കാരണമാകും.

ജൂലൈയിലും ഓഗസ്റ്റിലുമായി ഏകദേശം 380 രൂപ കുറച്ച ശേഷമാണ് സെപ്റ്റംബര്‍ ഒന്നിന് വില വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ അഞ്ചു കിലോയുടെ പാചകവാതക സിലിണ്ടറിന്റെ വില 762 രൂപയില്‍ നിന്ന് 764 രൂപയായി ഉയര്‍ന്നു. വിപണി വിലയ്ക്കാണ് അഞ്ചു കിലോയുടെ പാചക വാതകം വില്‍ക്കുന്നത്. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നത് അടക്കമുള്ള സാഹചര്യങ്ങളെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്.

അതേസമയം വിമാന ഇന്ധന വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 5.46 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഒരു ലിറ്റര്‍ വിമാന ഇന്ധന വിലയില്‍ 6.28 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. അതേസമയം പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.