‘ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

‘ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

ടെഹ്‌റാന്‍: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്ക് അന്ത്യ ശാസനവുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസങ്ങളിൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ സമ്പൂർണ ആക്രമണത്തിലേക്ക് കടക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഉന്നത ഉദ്യോഗസ്ഥനും പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവുമായ മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകി.

അതിനിടെ, ഇറാനെതിരെ തുടർച്ചയായ ഏഴാം ദിവസവും അമേരിക്ക വ്യോമാക്രമണങ്ങൾ നടത്തി. ദക്ഷിണ ഇറാനിലെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, രണ്ട് പ്രധാന പാലങ്ങള്‍ എന്നിവയ്ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിന് സമീപത്തെ നിരീക്ഷണ ടവർ അമേരിക്ക തകർത്തതിന് പിന്നാലെ, പേർഷ്യൻ ഗൾഫ് മേഖലയിലെ പ്രധാന തുറമുഖങ്ങൾ ആക്രമിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സൈനിക ക്യാംപുകളെ ലക്ഷ്യമിട്ട് ഇറാൻ വെള്ളിയാഴ്ച മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.

അതേ സമയം, ഹോർമുസിലൂടെ കടന്ന് പോകുന്ന കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണം തുടരുകയാണ്. ഹോർമുസ് ഇടനാഴിയിലൂടെ സഞ്ചരിച്ചിരുന്നു തായ് കപ്പൽ ഇറാൻ ആക്രമിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു.

വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ തടവ് ശിക്ഷ;

വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ തടവ് ശിക്ഷ;

ഡൽഹി: ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് ബോധപൂർവ്വം തടസ്സപ്പെടുത്തുകയോ അനാദരവ് കാണിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (ഭേദഗതി) ബിൽ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും. കേന്ദ്ര മന്ത്രിസഭ ഇതിനകം അംഗീകാരം നൽകിയ ബിൽ, തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോൾ ലോക്സഭയുടെ പരിഗണനയ്ക്ക് വന്നേക്കുമെന്നാണ് സൂചന. ദേശീയ ഗാനത്തിന് തുല്യമായ പരിരക്ഷനിലവിലുള്ള 1971-ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ നിയമപ്രകാരം ദേശീയ ഗാനം , ദേശീയ പതാക, ഇന്ത്യൻ ഭരണഘടന എന്നിവയ്ക്ക് മാത്രമാണ് നിയമപരമായ പരിരക്ഷയുള്ളത്. ഇവയെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാണ്. എന്നാൽ, പുതിയ ഭേദഗതിയിലൂടെ ദേശീയ ഗീതമായ വന്ദേമാതരത്തിനും ഇതേ നിയമപരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഗാനം ആലപിക്കുമ്പോൾ ബോധപൂർവ്വം തടസ്സമുണ്ടാക്കുകയോ അപമാനിക്കാൻ ശ്രമിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ നിയമത്തിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതവും ആലപിക്കണമെന്ന് മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നിയമനിർമ്മാണം. വർഷകാല സമ്മേളനത്തിൽ മറ്റ് പ്രധാന ബില്ലുകളുംവന്ദേമാതരം ഭേദഗതി ബില്ലിനൊപ്പം മറ്റ് ചില സുപ്രധാന നിയമനിർമ്മാണങ്ങളും ഈ വർഷകാല സമ്മേളനത്തിൽ ലോക്സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, 2026: രണ്ടു വർഷത്തിനു ശേഷം റിപ്പോർട്ട് ചെയ്യുന്ന ജനന-മരണ രജിസ്ട്രേഷനുകൾക്ക് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അനുമതി നിർബന്ധമാക്കുന്ന ബിൽ.

എഫ്.സി.ആർ.എ ഭേദഗതി ബിൽ, 2026: എൻ.ജി.ഒകളുടെ വിദേശ ഫണ്ടിങ് ദുരുപയോഗം തടയാനും നിബന്ധനകൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാരിന് അധികാരം നൽകുന്ന ബിൽസുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ബിൽ, 2026

പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കുന്നതോടെ രാജ്യത്തിന്റെ ദേശീയ പ്രതീകങ്ങളെയും ഗീതങ്ങളെയും ആദരിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് കൂടുതൽ ശക്തമാകും.

അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, 19 വര്‍ഷത്തിനിപ്പുറം കലാശപ്പോരില്‍ എതിരാളി! വിധി എഴുതിയ മാന്ത്രിക ഫോട്ടോ

അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, 19 വര്‍ഷത്തിനിപ്പുറം കലാശപ്പോരില്‍ എതിരാളി! വിധി എഴുതിയ മാന്ത്രിക ഫോട്ടോ

ന്യൂയോര്‍ക്ക്: യൂറോപ്യന്‍ ഫുട്‌ബോളിന്റെ കളിമുറ്റങ്ങളില്‍ നിന്ന് അമേരിക്കയിലെ ലോകകപ്പ് ആവേശത്തിലേക്ക് കണ്ണ് നടുമ്പോള്‍, ആരാധകരുടെ ഹൃദയം കവരുന്നത് ഒരു അപൂര്‍വ സുന്ദര നിമിഷമാണ്. ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കാവ്യാത്മകമായ ഒരു പോരാട്ടമായി മാറും. ഒരു വശത്ത് കരിയറിന്റെ സായന്തനത്തിലും മാന്ത്രികത ഒട്ടും ചോര്‍ന്നുപോകാത്ത ഇതിഹാസം ലയണല്‍ മെസ്സി. മറുവശത്ത്, സ്പാനിഷ് ഫുട്‌ബോളിന്റെ പുതിയ വിസ്മയം, കൗമാര താരം ലാമിന്‍ യമാല്‍.

പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്യാംപ് നൗവിലെ ഒരു ഡ്രസ്സിങ് റൂമില്‍ വെച്ച് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയ ആ അപൂര്‍വ്വ നിമിഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഫൈനല്‍ മത്സരം അരങ്ങേറുന്നത്. 2007ല്‍ ബാഴ്‌സലോണയിലെസ്റ്റേഡിയത്തില്‍ വെച്ച് പകര്‍ത്തിയ ഒരു ഫോട്ടോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. വെറും 20 വയസ്സ് മാത്രം പ്രായമുള്ള ലയണല്‍ മെസ്സി, ടബ്ബിലെ വെള്ളത്തില്‍ കിടക്കുന്ന അഞ്ചു മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കുളിപ്പിക്കുന്നതായിരുന്നു ആ ചിത്രം. അന്ന് മെസ്സിയുടെ കൈകളിലിരുന്ന് കളിച്ച ആ ചിരിത്തൂവല്‍ മറ്റാരുമല്ല, ഇന്നത്തെ സ്പാനിഷ് സൂപ്പര്‍താരം ലാമിന്‍ യമാല്‍!

യുനിസെഫും കാറ്റലന്‍ പത്രമായ ഡയറിയോ സ്‌പോര്‍ട്ടും ചേര്‍ന്ന് നടത്തിയ ചാരിറ്റി ലോട്ടറിയില്‍ വിജയിച്ചാണ് യമാലിന്റെ കുടുംബത്തിന് ബാഴ്‌സലോണ താരത്തോടൊപ്പം ഫോട്ടോയെടുക്കാന്‍ അവസരം ലഭിക്കുന്നത്. തികച്ചും യാദൃശ്ചികമായാണ് യമാലിന്റെ കുടുംബത്തിന് മെസിക്കൊപ്പമുള്ള അപൂര്‍വ നിമിഷങ്ങള്‍ ലഭിച്ചത്. ‘ഇത് വിധിയുടെ യഥാര്‍ഥ അത്ഭുതമാണ്. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും മനോഹരമായ ഒരു യാദൃശ്ചികത. ഇതൊരു സിനിമാക്കഥയായി എഴുതിയാല്‍ പോലും ആരും വിശ്വസിച്ചേക്കില്ല!’ -ആ ചരിത്ര ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ജോവാന്‍ മോണ്‍ഫോര്‍ട്ടിന്റെ വാക്കുകളാണിത്.

അന്ന് ഫോട്ടോയെടുക്കാന്‍ എത്തുമ്പോള്‍ മെസി വളരെ അന്തര്‍മുഖനും നാണംകുണുങ്ങിയുമായ ഇരുപതുകാരനായിരുന്നുവെന്ന് മോണ്‍ഫോര്‍ട്ട് ഓര്‍ക്കുന്നു: ‘വളരെ ശാന്തനായ മെസി ഡ്രെസ്സിങ് റൂമിലേക്ക് കടന്നുവന്നു. പെട്ടെന്ന് ഒരു കൊച്ചുകുഞ്ഞിനെ കയ്യില്‍ കിട്ടിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അദ്ദേഹം പകച്ചുപോയി. മെസ്സിയുടെ മുഖത്ത് ആ പതര്‍ച്ച വ്യക്തമായിരുന്നു. കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മെസ്സിക്ക് അറിയില്ലായിരുന്നു. എന്നാല്‍ യമാല്‍ വളരെ ശാന്തനും എപ്പോഴും ചിരിക്കുന്നതുമായ ഒരു കുഞ്ഞായിരുന്നു. അതുകൊണ്ട് ആ ഷൂട്ട് മനോഹരമായി പൂര്‍ത്തിയായി.’

2024ല്‍ യമാലിന്റെ പിതാവ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നതുവരെ ഈ ചിത്രത്തില്‍ ഉള്ളത് യമാലാണെന്ന് ഫോട്ടോഗ്രാഫര്‍ക്ക് പോലും അറിയില്ലായിരുന്നു. ‘രണ്ട് ഇതിഹാസങ്ങളുടെ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അന്ന് പുറത്തുവന്നത്.

കൗമാരക്കണക്കില്‍ മുന്നില്‍ യമാല്‍

കൗമാര പ്രായത്തിലെ പ്രകടനങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ മെസിയേക്കാള്‍ ഒരുപടി മുന്നിലാണ് യമാല്‍ എന്ന വിസ്മയിപ്പിക്കുന്ന യാഥാര്‍ഥ്യവും മുന്നിലുണ്ട്. 19 വയസ്സ് തികയുമ്പോള്‍ മെസി കരിയറില്‍ അടിച്ചെടുത്തത് 11 ഗോളുകളാണെങ്കില്‍ യമാലിന്റെ അക്കൗണ്ടില്‍ 56 എണ്ണമാണുള്ളത്. ലാ ലിഗയില്‍ ഈ പ്രായത്തില്‍ മെസിക്ക് ഒന്നും യമാലിന് മൂന്ന് കിരീടവുമുണ്ട്. അന്ന് മെസിക്ക് അന്താരാഷ്ട്ര കിരീടമില്ല, എന്നാല്‍ യമാല്‍ ഉള്‍പ്പെട്ട സ്പാനിഷ് പട 2024ല്‍ യൂറോകപ്പ് സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ മാത്രമാണ് മെസി മുന്നിലുള്ളത്. 19 വയസ്സിനുള്ളില്‍ മെസി ചാമ്പ്യന്‍സ് ലീഗ് കരീടത്തില്‍ മുത്തമിട്ടെങ്കില്‍, യമാലിന് ഇനിയും കാത്തിരിക്കണം.

തന്റെ മാതാപിതാക്കള്‍ കരിയറിനായി ചെയ്ത ത്യാഗങ്ങളെക്കുറിച്ച് യമാല്‍ എപ്പോഴും വാചാലനാകാറുണ്ട്. റൊക്കാഫോണ്ടയിലെ ചേരികളില്‍ നിന്നും കഠിനാധ്വാനം കൊണ്ട് വളര്‍ന്നുവന്ന അവന്‍ ഇന്ന് ലോക ഫുട്‌ബോളിന്റെ നെറുകയിലാണ്. ഞായറാഴ്ച ന്യൂയോര്‍ക്കില്‍ മെസിയും യമാലും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍, അത് കേവലം ഒരു ലോകകപ്പ് ഫൈനല്‍ മാത്രമല്ല. വിധി നേരത്തെ എഴുതിവെച്ച ഒരു അപൂര്‍വ്വ സുന്ദര നിമിഷത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരിക്കും.

ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് മരണം; നിരവധി കുട്ടികൾക്ക് പരിക്ക്

ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് മരണം; നിരവധി കുട്ടികൾക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സ്കൂൾ കുട്ടികളുമായി പോയ വാനിലേക്ക് ലോക്കൽ ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.രാവിലെ ഏഴ് മണിയോടെ കർണ്ണ സുവർണ്ണ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോവിന്ദാപൂർ റെയിൽ ഗേറ്റിലാണ് സംഭവം. അപകടത്തിൽ വാനിലുണ്ടായിരുന്ന ഒട്ടേറെ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ബഹരംപൂർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ട്രെയിൻ വരുമ്പോൾ ലെവൽ ക്രോസ് തുറന്നിട്ട നിലയിലായിരുന്നു. ഈ സമയത്താണ് വാൻ പാളത്തിലൂടെ കടന്നുപോകാൻ ശ്രമിച്ചതും വേഗത്തിലെത്തിയ ട്രെയിൻ വാനിനെ ഇടിച്ചുതെറിപ്പിച്ചതും. ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒരു സൈക്കിൾ യാത്രക്കാരനും ട്രെയിൻ തട്ടി മരണപ്പെട്ടു.

കാൻ പോലെ തകർന്നടിഞ്ഞ് സ്കൂൾ വാൻ; രക്ഷാപ്രവർത്തനം നടത്തി നാട്ടുകാർ
അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ട്രെയിൻ ഇടിച്ചതിനെത്തുടർന്ന് ഒരു അലുമിനിയം കാൻ അമർത്തിയതുപോലെ വാൻ പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലായിരുന്നു.

അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിക്കൂടിയാണ് പരിക്കേറ്റ കുട്ടികളെ വാനിൽ നിന്ന് പുറത്തെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചില കുട്ടികളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള റെയിൽവേ സർവീസുകൾ തടസ്സപ്പെട്ടു.

കേന്ദ്രമന്ത്രി അനുശോചിച്ചു; റെയിൽവേ പത്തംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു

ദുരന്തത്തിൽ കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ദുഃഖം രേഖപ്പെടുത്തി. കുട്ടികളുടെ മരണം അതീവ ഹൃദയഭേദകമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയിൽവേയുടെ ഭാഗത്തുനിന്ന് പ്രത്യേക അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ ഉന്നതതലത്തിലുള്ള ഒരു പത്തംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘം ഉടൻ തന്നെ അപകടസ്ഥലത്തെത്തി പരിശോധന നടത്തും. റെയിൽവേ പൊലീസും പ്രാദേശിക പൊലീസും സംയുക്തമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് ഈസ്റ്റേൺ റെയിൽവേയുടെ ഹൗറ ഡിവിഷനിലെ അസിംഗഞ്ച്-കത്വ വിഭാഗത്തിലെ ട്രെയിൻ ഗതാഗതത്തിൽ വലിയ താമസം നേരിട്ടു.

‘കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല’; വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്

‘കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല’; വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്

മുംബൈ: കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭം ആരംഭിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. സംസ്ഥാനത്ത് നിര്‍മ്മാണ സംരംഭത്തില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായും ഇതുമായി ബന്ധപ്പെട്ട അനുമതിക്കായി ടാറ്റ ഗ്രൂപ്പ് അപേക്ഷ നല്‍കിയതായും ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ വി ഡി സതീശന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ദക്ഷിണേന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഇങ്ങനെയൊരു പദ്ധതി ആലോചനയിലില്ലെന്ന് ടാറ്റ ഗ്രൂപ്പ് വക്താവ് വ്യക്തമാക്കിയതായി ഇക്കണോണിക്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു പദ്ധതിയെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ വിശദീകരണം.

‘ബ്ലൂംബെര്‍ഗ് അഭിമുഖത്തിന്റെ വിഡിയോ കണ്ടു, മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്നറിയില്ല. അദ്ദേഹം പറയാന്‍ ഉദ്ദേശിച്ച കാര്യമണോ ഇതെന്ന് സംശയമുണ്ടെന്നും’ ടാറ്റ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് പറഞ്ഞു.

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭത്തില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പില്‍ നിന്ന് അപേക്ഷ കിട്ടിയെന്നാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞത്. അപേക്ഷ വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. തുടര്‍ന്ന് കപ്പല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം അനുവദിക്കും. ടാറ്റ ഗ്രൂപ്പിന്റെ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായാണ് കാണുന്നത്. ഒരു മാസത്തിനകം ഇതിന് അംഗീകാരം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ഇറാനില്‍ യുഎസ് വ്യോമാക്രമണം ശക്തം: റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ത്തു; തിരിച്ചടിച്ച് ഇറാന്‍

ഇറാനില്‍ യുഎസ് വ്യോമാക്രമണം ശക്തം: റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ത്തു; തിരിച്ചടിച്ച് ഇറാന്‍

ടെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഗതാഗത സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം ശക്തമാക്കുന്നു. ദക്ഷിണ ഇറാനിലെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, രണ്ട് പ്രധാന പാലങ്ങള്‍ എന്നിവയ്ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായ ആറാം ദിവസമാണ് യുഎസ് സേന ഇറാനില്‍ ആക്രമണം നടത്തുന്നത്. ഇറാന്റെ സൈനിക ശേഷി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണ പരമ്പരയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. പാലങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൂടാതെ, ഇറാന്റെ ഏക സിവിലിയന്‍ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെഹര്‍ നഗരത്തിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

യുഎസ് ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് നേരെ ഇറാന്‍ ശക്തമായ തിരിച്ചടി തുടങ്ങി. ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ചു. അഹ്വാസിലെ കുട്ടികളുടെ കാന്‍സര്‍ ആശുപത്രിക്ക് സമീപം യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാന്‍ വ്യക്തമാക്കി.

അമേരിക്കയുടെ മറ്റ് ഗള്‍ഫ് സഖ്യകക്ഷികളായ കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായി. കുവൈറ്റ് തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കിയപ്പോള്‍, ബഹ്‌റൈനില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.