ഇന്ത്യയുടെ ആദരം അർപ്പിച്ച് രാഷ്ട്രപതി; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

ഇന്ത്യയുടെ ആദരം അർപ്പിച്ച് രാഷ്ട്രപതി; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

വത്തിക്കാൻ സിറ്റി: നിത്യനിദ്രയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കും. ​ദിവ്യ ബലിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ചത്വരത്തിലെ ചടങ്ങുകൾക്കു ശേഷം ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്കു തിരികെ കൊണ്ടു പോകും. അവിടെ നിന്നു 4 കിലോമീറ്റർ അകലെയുള്ള സെന്റ് മേരി മേജർ ബസലിക്കയിലെത്തിച്ച് സംസ്കരിക്കും.

പൊതു ദർശന സമയത്ത് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. ഇന്നലെ അർധ രാത്രിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കിടത്തിയ പേടകം അടച്ചു. ആചാരമനുസരിച്ച് പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടു മൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ അദ്ദേഹം ചെയ്ത പ്രവൃത്തികളുടെ ലഘു വിവരണവും പേടകത്തിനുള്ളിൽ വച്ചു.

അമേരിക്കയിൽ നിന്നുള്ള കർദിനാൾ കെവിൻ ഫാരലിന്റെ മുഖ്യ കാർമികത്വത്തിൽ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കിനുസരിച്ച് 2.50 ലക്ഷം പേർ പാപ്പയെ അവസാനമായി കാണാൻ എത്തി. സംസ്കാര ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരണാനന്തരമുള്ള നടപടികളുടേയും ശുശ്രൂഷകളുടേയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പ തന്നെ താത്പര്യമെടുത്തു പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച മൂന്ന് പെട്ടികൾക്കുള്ളിലായി പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്നു അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

ഇന്ന് നടക്കുന്ന ദിവ്യബലിയിൽ ലേക നേതാക്കൾ പങ്കെടുക്കും. കർദിനാൾ തിരു സംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെ മുഖ്യ കാർമികത്വം വഹിക്കും. സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മജർ ആർച്ച് ബിഷപ്പ് കിർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ്പ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാര ചടങ്ങിൽ സഹ കാർമികരാകും.

രാഷ്ട്രപതി ദ്രൗപദി മുർമു പാപ്പയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. മറ്റ് ലോക നേതാക്കൾക്കൊപ്പം രാഷ്ട്രപതിയും ഇന്ന് സംസ്കാര ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അ​ഗസ്റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്.

രണ്ട് ആദിലുമാര്‍, ഒരേ പേര്; ക്രൂരതയുടെയുടേയും കനിവിന്റേയും രണ്ട് മുഖങ്ങള്‍

രണ്ട് ആദിലുമാര്‍, ഒരേ പേര്; ക്രൂരതയുടെയുടേയും കനിവിന്റേയും രണ്ട് മുഖങ്ങള്‍

ശ്രീനഗര്‍: ക്രൂരതയുടേയും കനിവിന്റേയും രണ്ട് മുഖങ്ങള്‍ ഒരേ പേരില്‍. രണ്ട് ആദിലുമാരുടെ ജീവിതമാണിത്. ഒരേ പേരില്‍ രണ്ട് വ്യത്യസ്ത വഴികളിലൂടെയാണ് അവര്‍ സഞ്ചരിച്ചത്. ഒരാള്‍ ഭീകരരില്‍ നിന്ന് വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച് വെടിയേറ്റ് മരിച്ചപ്പോള്‍ മറ്റൊരാള്‍ നിഷ്‌കളങ്കരായ മനുഷ്യരെ ദയയില്ലാതെ വെടിവെച്ച് വീഴ്ത്തി.

ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയില്‍ അംഗമാണ് ആദില്‍ ഹുസൈന്‍ തോക്കറെങ്കില്‍ കുതിരക്കാരനായിരുന്നു ആദില്‍ ഹുസൈന്‍ ഷാ.കുടുംബത്തിന്റെ അത്താണിയായിരുന്ന ആദില്‍ ഹുസൈന്‍ ഷാ ഭയമില്ലാതെ ഭീകരരുടെ തോക്ക് പിടിച്ച് വാങ്ങി തനിക്കൊപ്പമുള്ള വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് ജീവന്‍ നഷ്ടപ്പെട്ടത്. പഹല്‍ഗാം പട്ടണത്തില്‍ നിന്ന് 6 കിലോമീറ്റല്‍ അകലെയുള്ള പുല്‍മേട്ടിലേയ്ക്ക് വിനോദ സഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോകലായിരുന്നു ജീവിത മാര്‍ഗം. കൊല്ലപ്പെട്ടവരില്‍ ഏക കശ്മീരിയാണ് ആദില്‍ ഹുസൈന്‍ ഷാ.

2018 ല്‍ പാക്കിസ്ഥാനിലേക്കുപോയ ആദില്‍ തോക്കര്‍ ലഷ്‌കര്‍ ഇ തയ്ബയില്‍ ചേര്‍ന്നു. 2024 ല്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറി ഭീകരപ്രവര്‍ത്തനങ്ങളില്‍ മുഴുകി. പെഹല്‍ഗാമില്‍ വെടിയുതിര്‍ത്ത ഭീകരരില്‍ ഇയാളുമുണ്ടായിരുന്നെന്നു സാക്ഷികള്‍ തിരിച്ചറിഞ്ഞു.

അതേസമയം ആദില്‍ ഹുസൈനെക്കുറിച്ച് കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു വിവരവും വീട്ടുകാര്‍ക്കില്ല. കശ്മീരിലെ ബിജ് ബഹേര സ്വദേശിയാണ് ഇയാള്‍. വീടിന് അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ആദില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നത്. ബിരുദാനന്തര ബിരുദ ധാരിയാണ്.2018ലാണ് വാഗ അതിര്‍ത്തിയിലൂടെ ആദില്‍ പാകിസ്ഥാനിലെത്തിയത്. ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ ശേഷം കഴിഞ്ഞ വര്‍ഷമാണ് ജമ്മുകശ്മീരിലേയ്ക്ക് മടങ്ങിയതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പാകിസ്ഥാന്‍ ഭീകരരുടെ ഗൈഡായും ഇയാള്‍ പ്രവൃത്തിച്ചിരുന്നതായാണ് വിവരം.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ അന്തരിച്ചു

ഡല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ബഹരികാശ ശാസ്ത്രജ്ഞനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ ആയിരുന്ന കസ്തൂരിരംഗന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.2003 മുതല്‍ 2009 വരെ രാജ്യസഭ അംഗമായിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യശില്‍പ്പിയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ തലവനായിരുന്നു.

കസ്തൂരിരംഗന്‍ ബഹിരാകാശ കമ്മീഷന്റെ ചെയര്‍മാനായും ബഹിരാകാശ വകുപ്പില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറിയായും 9 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ അദ്ദേഹം ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പുതുതലമുറ ബഹിരാകാശ പേടകങ്ങളായ ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് സിസ്റ്റം, ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങള്‍, ശാസ്ത്രീയ ഉപഗ്രഹങ്ങള്‍ എന്നിവയുടെ വികസനത്തിന് മേല്‍നോട്ടം വഹിച്ചു. ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-I, II എന്നിവയുടെ പ്രോജക്ട് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെഎന്‍യു ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ അഭിമാനകരമായ വിക്ഷേപണ വാഹനങ്ങളായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ , ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) എന്നിവയുടെ വിജയകരമായ വിക്ഷേപണവും പ്രവര്‍ത്തനക്ഷമമാക്കലും ഉള്‍പ്പെടെ നിരവധി പ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കിയത്. ഇദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മശ്രീ(1982), പത്മഭൂഷണ്‍(1992), പത്മ വിഭൂഷണ്‍(2000) എന്നി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

1940 ഒക്ടോബര്‍ 24 ന് എറണാകുളത്ത് സി എം കൃഷ്ണസ്വാമി അയ്യരുടെയും വിശാലാക്ഷിയുടെയും മകനായാണ് കസ്തൂരിരംഗന്‍ ജനിച്ചത്. കസ്തൂരിരംഗന്റെ പൂര്‍വ്വികര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരും പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയവരുമാണ്.

‘ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം’; എല്ലാ മുഖ്യമന്ത്രിമാരെയും ഫോണില്‍ വിളിച്ച് അമിത് ഷാ

‘ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം’; എല്ലാ മുഖ്യമന്ത്രിമാരെയും ഫോണില്‍ വിളിച്ച് അമിത് ഷാ

ഡല്‍ഹി: പാകിസ്ഥാനെതിരെ നയതന്ത്രതലത്തില്‍ നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരില്‍ വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം വിടുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ തങ്ങില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പഹല്‍ഗാമില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഏപ്രില്‍ 27 മുതല്‍ പാക് പൗരന്‍മാരുടെ വിസ റദ്ദാക്കുന്നതായും രാജ്യത്തുള്ള പാകിസ്ഥാന്‍കാര്‍ എത്രയും വേഗം മടങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരിട്ട് വിളിച്ച് സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഓരോ സംസ്ഥാനങ്ങളിലും താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്താനും അവരെ നാടുകടത്താനും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും നാടുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെത്താനായി പാക് പൗരന്മാര്‍ക്ക് നല്‍കിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കിയിരിക്കുകയാണ്. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്ഥനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകളും റദ്ദാക്കി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണം. അല്ലാത്തവര്‍ക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാകുക.

മാത്രമല്ല, വിസയ്ക്കായുള്ള എല്ലാ അപക്ഷകളും നിരസിക്കും. പാകിസ്ഥാനികള്‍ക്കു നല്‍കിയിട്ടുള്ള സാധുതയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. വിസ റദ്ദാകുന്ന തീയതിക്കുള്ളില്‍ എല്ലാ പാകിസ്ഥാന്‍ പൗരന്മാരും രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, പാകിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സേന തിരച്ചിലിന് എത്തിയപ്പോള്‍ സ്ഫോടക വസ്തു കൂമ്പാരം: രണ്ടു ഭീകരരുടെ വീടുകള്‍ തരിപ്പണമായി

സേന തിരച്ചിലിന് എത്തിയപ്പോള്‍ സ്ഫോടക വസ്തു കൂമ്പാരം: രണ്ടു ഭീകരരുടെ വീടുകള്‍ തരിപ്പണമായി

ശ്രീനഗര്‍: പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നടിഞ്ഞു. കശ്മീര്‍ സ്വദേശികളായ ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് നാമാവശേഷമായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയാണ് ആദില്‍ ഹുസൈന്‍ തോക്കര്‍. കശ്മീര്‍ പുല്‍വാമ ജില്ലയിലെ ത്രാല്‍ സ്വദേശി ആസിഫ് ഷെയ്ഖിന്റെ വീടും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. സുരക്ഷാ സേന ആദില്‍ ഹുസൈന്റെയും ആസിഫ് ഷെയ്ഖിന്റെയും വീടുകളില്‍ പരിശോധന നടത്തിയിരുന്നു. വീടിനകത്ത് നിരവധി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. പ്രാദേശിക ഭരണകൂടം ഐഇഡി സ്ഫോടനത്തില്‍ വീടുകള്‍ തകര്‍ത്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭീകരാക്രമണത്തിന് തഹാവൂര്‍ റാണ ബന്ധം ?; എന്‍ഐഎയ്ക്ക് സംശയം, അന്വേഷണം

ഭീകരാക്രമണത്തിന് തഹാവൂര്‍ റാണ ബന്ധം ?; എന്‍ഐഎയ്ക്ക് സംശയം, അന്വേഷണം

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണെയെ ഇന്ത്യയിലെത്തിച്ചത്, രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചതിന് കാരണമായിട്ടുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ. ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ് ദേശീയ അന്വേഷണ ഏജന്‍സി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തഹാവൂര്‍ റാണെയെ ചോദ്യം ചെയ്യാനായി പാര്‍പ്പിച്ച എന്‍ഐഎ ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

അമേരിക്കയുടെ കസ്റ്റഡിയിലായിരുന്ന തഹാവൂര്‍ റാണെയെ ഈ മാസം പത്തിനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം ബൈസരണില്‍ നിന്ന് ഫോറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പൊലീസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ആക്രമണം നടത്തിയ നാലു ഭീകരരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ പാകിസ്ഥാന്‍കാരും രണ്ടുപേര്‍ കശ്മീര്‍ സ്വദേശികളുമാണ്. ഹാഷിം മൂസ, അലി ഭായ് അഥവ തല്‍ഹ ഭായ് എന്നറിയപ്പെടുന്നയാളും പാകിസ്ഥാന്‍ കാരാണെന്ന് സ്ഥിരീകരിച്ചു. ഭീകരസംഘത്തിലുണ്ടായിരുന്ന ആദില്‍ ഹുസൈന്‍ തോക്കര്‍ അനന്തനാഗ് സ്വദേശിയും, അഹ്‌സാന്‍ പുല്‍വാമ സ്വദേശിയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹാഷിം മൂസയാണ് സംഘത്തെ നയിച്ചത്. ഇയാള്‍ മുമ്പും ഇന്ത്യയില്‍ ആക്രമണം നടത്തിയിരുന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്.

ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരരെ കണ്ടെത്താനായി പ്രദേശത്ത്വ്യാപക തിരച്ചില്‍ തുടരുകയാണ്. ഭീകരര്‍ പീര്‍പഞ്ചാല്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ് സൈന്യം സംശയിക്കുന്നത്. സ്‌നിഫര്‍ ഡോഗ് ഉപയോഗിച്ചുള്ള തിരച്ചിലും ഹെലികോപ്റ്റര്‍, ഡ്രോണ്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. ഭീകരരോട് അനുകമ്പ പുലര്‍ത്തുന്ന 1500 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. അതിനിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ ദേക, റോ മേധാവി രവി സിന്‍ഹ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.