ഇന്ത്യ വിരുദ്ധ പ്രചാരണം; പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ഇന്ത്യ വിരുദ്ധ പ്രചാരണം; പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ദില്ലി: ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിൻ്റെ പേരിലാണ് ഇന്ത്യയുടെ നടപടി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്.

ബാരാമുള്ളയിലെ ഇന്ത്യ -പാക് അതിർത്തി ഗ്രാമങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രമവാസികളിൽ പലരെയും മാറ്റി പാർപ്പിച്ചു. അതിർത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എൻഐഎ. നേരിട്ട് കണ്ട് മൊഴിയെടുക്കും. ഇതിന്റെ ഭാ​ഗമായി കേരളത്തിലടക്കം സംഘമെത്തും. കർണ്ണാടകയിൽ ഭരത് ഭൂഷൻ്റെ കുടുംബത്തെ ഇന്ന് കാണും.

അതേസമയം, പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവർ തിരികെയെത്തുന്നത്. അട്ടാരി അതിർത്തി വഴി കടന്നവരുടെ കണക്ക് മാത്രമാണ് നിലവിൽ സർക്കാരിൻ്റെ കൈവശമുള്ളത്. 537 പേർ ഇന്ത്യ വിട്ടെന്നാണ് സർക്കാരിൻ്റെ കണക്ക്.

മെഡിക്കൽ വീസയുടെ കാലാവധി നാളെ കഴിയും. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും വിവരമുണ്ട്. ഇന്നലെ മാത്രം മടങ്ങിയത് 237 പാക് പൗരൻമാരാണ്. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേർക്ക് നൽകിയ നോട്ടീസ് ഇന്ന് പൊലിസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ തങ്ങുന്നവരാണിവർ.

ശശി തരൂര്‍ സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

ശശി തരൂര്‍ സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

മുംബൈ: ശശി തരൂര്‍ സൂപ്പര്‍ ബിജെപിക്കാരനെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തു വന്നത്. തരൂരിന് വിശ്വസ്തത കോണ്‍ഗ്രസിനോടാണോ ബിജെപിയോടാണോ എന്നും അദ്ദേഹം ചോദിച്ചു.

തരൂര്‍ ഒരു സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുകയാണോയെന്നും ഉദിത് രാജ് ചോദിച്ചു. അദ്ദേഹം ‘ബിജെപിയുടെ വക്താവ്’ ആയി മാറിയോ?. 9/11 ആക്രമണത്തിന് ശേഷം അമേരിക്കയില്‍ ഏത് ഭീകരാക്രമണമാണ് നടന്നത്? പാക് അധിനിവേശ കശ്മീരിനെക്കുറിച്ചുള്ള ബിജെപി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് തരൂര്‍ ചോദ്യം ഉന്നയിക്കണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും, എന്നാല്‍ അതല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. തീര്‍ച്ചയായും കുറ്റമറ്റ ഇന്റലിജന്‍സ് സംവിധാനം എന്ന ഒന്നില്ല. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതേപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് പകരം, ശക്തമായ നടപടികളാണ് ഇപ്പോല്‍ വേണ്ടതെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിനുണ്ടായ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തരൂരിന്റെ വിശദീകരണം. പഹല്‍ഗാം ആക്രമണത്തിന് കാരണം ഗുരുതര ഇന്റലിജന്‍സ്, സുരക്ഷാ വീഴ്ചകളാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിമര്‍ശനം കടുപ്പിക്കുമ്പോഴാണ്, ശശി തരൂര്‍ വേറിട്ട നിലപാട് പ്രകടിപ്പിച്ചത്. തരൂരിന്റെ നിലപാടിനെ ബിജെപി നേതാവ് പി കെ കൃഷ്ണദാസ് അടക്കം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, റിലയന്‍സില്‍ റാലി; കരുത്താര്‍ജ്ജിച്ച് രൂപ

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, റിലയന്‍സില്‍ റാലി; കരുത്താര്‍ജ്ജിച്ച് രൂപ

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 80,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊടാന്‍ ഒരുങ്ങുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,250ന് മുകളിലാണ്.

ആഭ്യന്തര വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും ബ്ലൂചിപ്പ് കമ്പനിയായ റിലയന്‍സിന്റെ റാലിയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തേകി. റിലയന്‍സ് മാത്രം മൂന്ന് ശതമാനമാണ് മുന്നേറിയത്. മാര്‍ച്ച് പാദത്തില്‍ ലാഭത്തില്‍ 2.4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതാണ് റിലയന്‍സിന്റെ റാലിക്ക് കാരണം.

മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ആന്റ്ടി, എന്‍ടിപിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. മൊത്തത്തിലുള്ള നേട്ടത്തിനിടെയും എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. അതിനിടെ രൂപ വീണ്ടും കരുത്താര്‍ജിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 12 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭൗമ രാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്ത് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാനുള്ള പ്രവണത നിലനില്‍ക്കുന്നതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ച്ചയായ നാലാംദിനം; തിരിച്ചടിച്ച് ഇന്ത്യ

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ച്ചയായ നാലാംദിനം; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. പൂഞ്ചിലും കുപ്വാരയിലുമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പ്രകോപനം ഒന്നുമില്ലാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ബിഎസ്എഫ് തിരിച്ചടിച്ചു.

ഏറ്റുമുട്ടലില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ച്ചയായി നാലാമത്തെ തവണയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. റാംപുര്‍, തുഗ്മാരി സെക്ടറുകളിലാണ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തുകയാണ്.

പാപ്പയ്ക്കു വിടചൊല്ലി ലോകം, സംസ്‌കാര ചടങ്ങുകള്‍ക്കു സാക്ഷിയായി വിശ്വാസ സാഗരം

പാപ്പയ്ക്കു വിടചൊല്ലി ലോകം, സംസ്‌കാര ചടങ്ങുകള്‍ക്കു സാക്ഷിയായി വിശ്വാസ സാഗരം

വത്തിക്കാന്‍ സിറ്റി: അശരണരുടെയും നിസ്വരുടെയും പക്ഷം ചേര്‍ന്ന് മാനവരാശിയുടെ ഹൃദയം കവര്‍ന്ന, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്ത്യ യാത്രാമൊഴിയേകി ലോകം. പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു വത്തിക്കാനില്‍ തുടക്കമായി. ഒന്നര മണിക്കൂറോളം നീണ്ട ദിവ്യബലിക്കു ശേഷം പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റര്‍ അകലെ, സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാരം.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്കുള്ള കാരുണ്യ വിതരണം നടന്നിരുന്നു. ചത്വരത്തിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളില്‍ സംസ്‌കാര ശുശ്രൂഷ തത്സമയം കാണാനായി സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അന്തിമോപചാരമര്‍പ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അടക്കം 168 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആരംഭിച്ചത്. രണ്ട് ലക്ഷത്തിലധികം പേര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.

‘ഞാൻ ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടുത്തയാൾ’- സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ്

‘ഞാൻ ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടുത്തയാൾ’- സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ്

വാഷിങ്ടൻ: ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യം നിലനിൽക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഇരു രാജ്യങ്ങളും ചേർന്നു പ്രശ്നം പരിഹരിക്കും. ഇന്ത്യയും പാകിസ്ഥാനുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ‘ഇന്ത്യയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പാകിസ്ഥാന്റേയും അടുത്ത ആളാണ് ഞാൻ. കശ്മീരിൽ വർഷങ്ങളായി ഇരു രാജ്യങ്ങളും പോരാടുന്നുണ്ട്. ആ അതിർത്തിയിൽ 1,500 വർഷമായി സംഘർഷം നിലനിൽക്കുന്നു. അവർ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതു പരിഹരിക്കുമെന്നു എനിക്കുറപ്പുണ്ട്. രണ്ട് നേതാക്കളേയും എനിക്കറിയാം. ഇരു രാജ്യങ്ങളും തമ്മിൽ എക്കാലത്തും വലിയ സംഘർഷമുണ്ടായിട്ടുണ്ട്’- ട്രംപ് വ്യക്തമാക്കി.

ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ട്രംപ് ശക്തമായി അപലപിച്ചിരുന്നു. ഹീനമായ ആക്രമണം നടത്തിയ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിൽ ഇന്ത്യക്കു പൂർണ പിന്തുണയും അദ്ദേഹം അറിയിച്ചിരുന്നു.