‘എന്റെ മകൻ അതിഥികളെ രക്ഷിക്കാൻ സ്വന്തം ജീവൻ കൊടുത്തു, അവനെ ഓർത്ത് അഭിമാനിക്കുന്നു’

‘എന്റെ മകൻ അതിഥികളെ രക്ഷിക്കാൻ സ്വന്തം ജീവൻ കൊടുത്തു, അവനെ ഓർത്ത് അഭിമാനിക്കുന്നു’

ശ്രീന​ഗർ: ‘അവൻ സ്വന്തം ജീവൻ അതിഥികൾക്കു വേണ്ടി ബലി അർപ്പിക്കുകയായിരുന്നു. അവനെ ഓർത്ത് അഭിമാനിക്കുന്നു’- മകനെ നഷ്ടപ്പെട്ടതിന്റെ കടുത്ത ദുഃഖത്തിനിടയിലും ആ പിതാവ് പറഞ്ഞു.

പഹൽ​ഗാമിൽ ഭീകരരുടെ വെടിവയ്പ്പിൽ നിന്നു വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരനും കുതിരസവാരിക്കാരനുമായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ വെടിയേറ്റ് മരിച്ചിരുന്നു. മകന്റെ ജീവത്യാ​ഗത്തിൽ അഭിമാനിക്കുന്നതായി അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് ഹൈദർ ഷാ പ്രതികരിച്ചു. ഭീകരരുടെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ വിനോദസഞ്ചാരികള്‍ ചിതറിയോടിയപ്പോള്‍ ഭീകരരില്‍ ഒരാളില്‍ നിന്ന് റൈഫിള്‍ തട്ടിപ്പറിച്ചെടുത്ത് തന്റെ ഒപ്പം സവാരിക്ക് വന്നവരെ രക്ഷപ്പെടുത്താന്‍ ആദില്‍ പൊരുതിയിരുന്നു. അതിനിടെയാണ് 28കാരൻ ഭീകരരുടെ വെടിയേറ്റ് മരിച്ചത്.

‘വിനോദ സഞ്ചാരികളെ രക്ഷിക്കാൻ അവൻ ചെയ്ത ജീവത്യ​ഗമാണ് ഇന്നന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അവന്റെ മരണം എനിക്കു ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഞാനും ജീവിതം അവസാനിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ അവൻ കാണിച്ച ധൈര്യം ജീവിക്കാനുള്ള ശക്തി തന്നു.’

മാതാപിതാക്കളും രണ്ട് സ​​ഹോദരൻമാരും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് ആദിലിന്റേത്. ആദിലിന്റെ വിയോ​ഗം കുടുംബത്തിന്റെ ഏക വരുമാന മാർ​ഗമാണ് ഇല്ലാതാക്കിയത്.

‘സംഭവ ദിവസം രാവിലെയാണ് അവനെ അവസാനമായി കണ്ടത്. ഉച്ച കഴിഞ്ഞ 3 മണിയോടെ ബൈസാരനിൽ വിനോദ സ‍ഞ്ചാരികൾ ആക്രമിക്കപ്പെട്ടതായി വിവരം കിട്ടി. അപ്പോൾ ഞങ്ങൾ അവനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്യുച്ച് ഓഫ് ആയിരുന്നു. വൈകീട്ട് 4.30നു വീണ്ടും വിളിച്ചു. ഫോൺ റിങ് ചെയ്തെങ്കിലും ആരും എടുത്തില്ല.’

‘വൈകീട്ട് ആറ് മണിക്കു ശേഷമാണ് അവൻ മരിച്ച വിവരം ഞങ്ങൾ അറിഞ്ഞത്. എന്റെ മറ്റൊരു മകനും കസിനും ആശുപത്രിയിൽ പോയി അന്വേഷിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്.’

‘ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെ വിടരുത്. മകൻ ഉൾപ്പെടെയുള്ള മരിച്ചവർക്കെല്ലാം നീതി ലഭ്യമാക്കണം’- ആ പിതാവ് വ്യക്തമാക്കി.

ആദിൽ നല്ല മനുഷ്യനായിരുന്നുവെന്നു അദ്ദേഹത്തിന്റെ സഹോദരി അസ്മതും പ്രതികരിച്ചു. കുടുംബത്തിന്റെ ഏക വരുമാന മാർ​ഗമാണ് തീവ്രവാദികൾ തട്ടിയെടുത്തത്. കുടുംബത്തിന്റെ ഭാവി തന്നെ ഇരുളടഞ്ഞ അവസ്ഥയിലായെന്നും അസ്മത് പറഞ്ഞു.

പഹല്‍ഗാം ആക്രമണം: അഞ്ചില്‍ നാലു ഭീകരരെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ പാകിസ്ഥാനികള്‍; തിരച്ചില്‍ തുടരുന്നു

പഹല്‍ഗാം ആക്രമണം: അഞ്ചില്‍ നാലു ഭീകരരെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ പാകിസ്ഥാനികള്‍; തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൂടുതല്‍ ഭീകരരെ തിരിച്ചറിഞ്ഞു. അഞ്ചില്‍ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ പാകിസ്ഥാനികളാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. രണ്ടുപേരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരരായ അലിഭായ് അഥവാ തല്‍ഹാ ഭായ് എന്നറിയപ്പെടുന്നയാളും ഹാഷിം മൂസ അഥവാ സുലൈമാൻ എന്നയാളും പാകിസ്ഥാനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഹാഷിം മൂസയാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.

പൊലീസ് നേരത്തെ പുറത്തുവിട്ട രേഖാചിത്രത്തിലുള്ള മൂന്നു ഭീകരരില്‍ ഒരാളായ ആദില്‍ ഹുസൈന്‍ തോക്കര്‍ അനന്തനാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഹ്‌സാന്‍ എന്ന ഭീകരന്‍ പുല്‍വാമ സ്വദേശിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആദില്‍ ഹുസൈന്‍ നേരത്തെ പാകിസ്ഥാനില്‍ പോയി പരിശീലനം നേടിയിട്ടുണ്ട്. പീര്‍പഞ്ചാല്‍ മലനിരകളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അനന്തനാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 250 ഓളം പ്രദേശവാസികളെ ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ബൈസരണില്‍ കുതിര സവാരി നടത്തുന്നവര്‍, കച്ചവടക്കാര്‍ എന്നിവരില്‍ നിന്നെല്ലാം പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പൊലീസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം ബൈസരണില്‍ നിന്ന് ഫോറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മേഖലയില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. അതിര്‍ത്തി മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ക്കായി തിരച്ചില്‍ പ്രദേശത്ത് തുടരുകയാണ്.

വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയിൽ വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയിൽ വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീന​ഗർ: നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പാക് പ്രകോപനത്തിനു ഉടൻ തന്നെ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നു സൈനിക വൃത്തങ്ങൾ പറഞ്ഞു.

ഇന്നലെ രാത്രി മുതലാണ് പാക് വെടിവയ്പ്പുണ്ടായത്. ഉചിതമായ മറുപടി ഇന്ത്യൻ സൈന്യം നൽകിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ തുടരുന്നതിനിടെയാണ് പാക് പ്രകോപനം. വിനോദ സഞ്ചാര കേന്ദ്രത്തിൽ നുഴഞ്ഞു കയറിയ ഭീകരർ 26 നിരപരാധികളെ വെടിവച്ചു കൊല്ലുകയായിരുന്നു. പിന്നാലെയാണ് ഇന്ത്യ നയതന്ത്രതലത്തിൽ കടുത്ത നടപടികൾ ആരംഭിച്ചത്. ആറ് പതിറ്റാണ്ടായി തുടരുന്ന സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അട്ടാരയിലെ ഇന്റ​ഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടച്ചുപൂട്ടൽ അടക്കമുള്ള നടപടികളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.

രൂപ വീണ്ടും ഇടിഞ്ഞു; ഓഹരി വിപണിയില്‍ ഏഴുദിവസത്തെ റാലിയ്ക്ക് ‘ഫുള്‍ സ്റ്റോപ്പ്’

രൂപ വീണ്ടും ഇടിഞ്ഞു; ഓഹരി വിപണിയില്‍ ഏഴുദിവസത്തെ റാലിയ്ക്ക് ‘ഫുള്‍ സ്റ്റോപ്പ്’

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 22 പൈസയുടെ ഇടിവാണ് നേരിട്ടത്. 85.67 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.

ഇതിന് പുറമേ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ വര്‍ധിച്ചതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നലെ ഡോളറിനെതിരെ 26 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 85.45 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്. രണ്ടു ദിവസത്തിനിടെ 48 പൈസയുടെ ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്.

അതിനിടെ ഏഴുദിവസത്തെ റാലിയ്ക്ക് ശേഷം ഇന്ന് ഓഹരി വിപണി നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 300 ഓളം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്.

പാകിസ്ഥാനെതിരെ സൈനിക നീക്കം അടക്കം ആലോചിച്ചു; മോദിയെ ഒറ്റയ്ക്ക് കണ്ട് അമിത് ഷാ, നിര്‍ണായക വിവരം കൈമാറി?

പാകിസ്ഥാനെതിരെ സൈനിക നീക്കം അടക്കം ആലോചിച്ചു; മോദിയെ ഒറ്റയ്ക്ക് കണ്ട് അമിത് ഷാ, നിര്‍ണായക വിവരം കൈമാറി?

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തില്‍ പാകിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതും ചര്‍ച്ചയായി. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന യോഗം സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ച ചെയ്തു. രാജ്യം തലകുനിക്കാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെയായിരുന്നു യോഗം പൂര്‍ത്തിയാക്കിയത്.

ഭീകരരെ പിന്തുണയ്ക്കുന്നതിനെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് യോഗത്തില്‍ ചര്‍ച്ചയായെങ്കിലും, തല്‍ക്കാലം പാകിസ്ഥാനെതിരെ നയതന്ത്രപരവും തന്ത്രപരവുമായ നിലപാട് കര്‍ശനമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കടുത്ത നടപടികളിലൂടെ നയതന്ത്ര തലത്തില്‍ അടക്കം പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ചു. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ അവസാനിപ്പിക്കുകയും, പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുകയും, വാഗ-അട്ടാരി അതിര്‍ത്തി ഉടന്‍ അടയ്ക്കാനും യോഗം തീരുമാനമെടുത്തു.

ഇസ്ലാമാബാദില്‍ നിന്ന് നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാന്‍ വിശ്വസനീയമായ തരത്തില്‍ ഉപേക്ഷിക്കുന്നതുവരെ 1960 ലെ സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവെക്കുമെന്നും, ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ അറിയിച്ചു. മന്ത്രിസഭാ സമിതി യോഗത്തില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരാണ് പങ്കെടുത്തത്.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ വിശദീകരണത്തോടെയാണ് യോഗത്തിന് തുടക്കമായത്. പിന്നാലെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥലത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. തുടര്‍ന്നാണ് ഭീകരാക്രമണത്തിന് ഏതു തരത്തില്‍ തിരിച്ചടി നല്‍കണമെന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായത്. ഇതു കൂടാതെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സ്ഥിതിയും യോഗം വിലയിരുത്തി. സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി. പാകിസ്ഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നത് അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിക്കാട്ടാനും മന്ത്രിസഭാ സമിതി തീരുമാനിച്ചു.

മന്ത്രിസഭാസമിതി യോഗത്തിന് ശേഷം, ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ ഒറ്റയ്ക്ക് കണ്ട് സ്വകാര്യ ചര്‍ച്ചയും നടത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട സെന്‍സിറ്റീവായ യതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായകവും അതീവ രഹസ്യസ്വഭാവമുള്ളതുമായി വിവരം കൈമാറിയതായി സൂചനയുണ്ട്. പാകിസ്ഥാനെതിരെ സ്വീകരിച്ചിട്ടുള്ള നയതന്ത്ര തലത്തിലുള്ള കടുത്ത നടപടികള്‍, രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കുന്നതിനും അടുത്ത ഘട്ട നടപടികളെക്കുറിച്ച് സമവായം ഉണ്ടാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ടിആര്‍എഫ് തലവനെ വളഞ്ഞ് സുരക്ഷാ സേന

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ടിആര്‍എഫ് തലവനെ വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യവും, സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. ടിആര്‍എഫ് തലവനെ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലില്‍ 2 ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സുരക്ഷാ സേന മേഖല വളഞ്ഞിരിക്കുന്നത്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളടക്കം 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. പഹല്‍ഗാം ആക്രമണം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള സൂചന. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ണായക സന്ദേശം നല്‍കിയത്.