ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം

ഇറാനില്‍ ആക്രമണം തുടങ്ങി ഇസ്രയേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനമാണ് ഇസ്രയേല്‍ നടത്തിയത്. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരന്തരം തുടരുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.

തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു. അതേസമയം തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന്‍ അറിയിച്ചു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതായി യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് സീന്‍ സെവാട്ട് സ്ഥിരീകരിച്ചു. സംഭവത്തില്‍ വൈറ്റ് ഹൗസ് മറ്റ് പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

ലെബനനിലെ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേല്‍ നടപടികളുടെ പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇറാന്റെ 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ശത്രുക്കളായ ഇരു രാജ്യങ്ങളും കാലങ്ങളായി തന്നെ അകല്‍ച്ചയില്‍ തുടരുകയാണ്. ഇറാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇനിയൊരു അറിയിപ്പ് നല്‍കുന്നതുവരെ ഇറാന്റെ വ്യോമപാതകള്‍ അടഞ്ഞുതന്നെ കിടക്കും. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.

നാളികേരമുള്ള ഇരുമുടിക്കെട്ടുമായി വിമാനത്തിൽ കയറാം!; അനുമതി നൽകി വ്യാമയാന മന്ത്രാലയം

നാളികേരമുള്ള ഇരുമുടിക്കെട്ടുമായി വിമാനത്തിൽ കയറാം!; അനുമതി നൽകി വ്യാമയാന മന്ത്രാലയം

ന്യൂഡൽഹി: വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് അനുവാദം നല്‍കി വ്യോമയാന മന്ത്രാലയം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് പ്രത്യേക ഉത്തരവ് ഉത്തരവിറക്കിയത്.

മണ്ഡല മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്. കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ വിമാനത്തില്‍ ഇരുമുടിക്കെട്ട് പ്രവേശനമുണ്ടാകൂ. സാധാരണ വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ കയ്യില്‍ കരുതുന്ന ബാഗേജില്‍ നാളികേരം അനുവദിക്കാറില്ല.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അപകടകരമായ വസ്തുവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുകൂടിയാണ് നാളികേരം. ഇക്കാരണത്താല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് വരുന്നവര്‍ക്ക് അവരുടെ നാട്ടില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് വിമാനത്തില്‍ യാത്ര ചെയ്തുവരാന്‍ സാധിക്കുമായിരുന്നില്ല. ഈ അസൗകര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ക്ക് താത്കാലിക ഇളവ് നല്‍കി വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.

80 വയസിന് മുകളിലുള്ള കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് അധിക അലവന്‍സ്, പുതുക്കിയ വിജ്ഞാപനമായി

80 വയസിന് മുകളിലുള്ള കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് അധിക അലവന്‍സ്, പുതുക്കിയ വിജ്ഞാപനമായി

ഡല്‍ഹി: 80 വയസും അതിനു മുകളിലുമുള്ള കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള കംപാഷനേറ്റ് അലവസന്‍സില്‍ പഴ്സനല്‍ മന്ത്രാലയം പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി. സിവില്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്കും മറ്റ് കേന്ദ്രസര്‍വീസ് പെന്‍ഷന്‍കാര്‍ക്കുമാണ് അലവന്‍സിന് അര്‍ഹത. 80നും 85നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിസ്ഥാന പെന്‍ഷന്റെ 20 ശതമാനം കംപാഷനേറ്റ് അലവന്‍സ് ലഭിക്കും. 85 മുതല്‍ 90 വയസുവരെയുള്ളവര്‍ക്ക് 30 ശതമാനവും, 90-95 വരെയുള്ളവര്‍ക്ക് 40 ശതമാനവും, 95-100 വരെയുള്ള 50 ശതമാനവും ആണ് ലഭിക്കുക. 100 വയസോ അതില്‍ കൂടുതലോ ഉള്ള സൂപ്പര്‍ സീനിയര്‍ പെന്‍ഷന്‍കാര്‍ക്ക് അടിസ്ഥാന പെന്‍ഷന്റെ 100 ശതമാനം കംപാഷനേറ്റ് അലവന്‍സിന് അര്‍ഹതയുണ്ട്.

വാര്‍ധക്യത്തില്‍ വര്‍ധിച്ച് വരുന്ന ജീവിതച്ചെലവിന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സഹായകമാകുന്നതിനാണ് അധിക പെന്‍ഷന്‍ അനുവദിക്കുന്നത്. അര്‍ഹരായ എല്ലാ പെന്‍ഷന്‍കാര്‍ക്കും അവരുടെ ശരിയായ ആനുകൂല്യങ്ങള്‍ കാലതാമസമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും ബാങ്കുകള്‍ക്കും വിവരം നല്‍കിയിട്ടുണ്ടെന്നു വിജ്ഞാപനത്തില്‍ പറയുന്നു.

സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; 11 ചുമതലയേല്‍ക്കും

സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; 11 ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പ്രഖ്യാപിച്ചു. അടുത്ത മാസം 11ന് ചുമതലയേല്‍ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഖന്നയെ രാഷ്ട്രതി ദ്രൗപതി മുര്‍മുവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വിരമിക്കാനിരിക്കുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ പിന്‍ഗാമിയായി ഖന്നയെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അധികാരം വിനിയോഗിച്ച്, സുപ്രീം കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എക്‌സില്‍ കുറിച്ചു.

ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് 2019ലാണ് ജസ്റ്റിസ് ഖന്ന സുപ്രീം കോടതിയിലേക്കെത്തിയത്. 2025 മെയ് 13 ന് അദ്ദേഹം വിരമിക്കും. സുപ്രീം കോടതിയുടെ ഭാഗമായി ജസ്റ്റിസ് ഖന്ന നിരവധി സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത സംഭാവനകള്‍ നല്‍കാന്‍ അനുമതി നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച ബഞ്ചിന്റെ തലവനും ഖന്നയായിരുന്നു.

ആദ്യം ഒരു എട്ട് കോടി, പിന്നെ ഒരു ബെന്‍സ്, പിന്നേം ഒരു ഒമ്പത് ലക്ഷം, ഇപ്പോഴിതാ വീണ്ടും ഒരു എട്ട് കോടി; അവന്റെ തലയില്‍ വരച്ച പേന കൊണ്ട് ഒരു ഏറെങ്കിലും കിട്ടിയിരുന്നെങ്കില്‍ !!!..

ആദ്യം ഒരു എട്ട് കോടി, പിന്നെ ഒരു ബെന്‍സ്, പിന്നേം ഒരു ഒമ്പത് ലക്ഷം, ഇപ്പോഴിതാ വീണ്ടും ഒരു എട്ട് കോടി; അവന്റെ തലയില്‍ വരച്ച പേന കൊണ്ട് ഒരു ഏറെങ്കിലും കിട്ടിയിരുന്നെങ്കില്‍ !!!..

ദുബൈ : ചിലര്‍ അങ്ങനെയാണ് ഭാഗ്യ ദേവത കൈ ഒഴിയത്തേയില്ല. വീണ്ടും വീണ്ടും ഭാഗ്യം തേടി വരും. അതും കോടിക്കണക്കിന് രൂപയുടെ ഭാഗ്യം. അത്തരത്തിലൊരു ഭാഗ്യവാനാണ് ബെംഗളൂരു സ്വദേശിയും യു എ ഇയില്‍ പ്രവാസിയുമായ അമിത് സറഫ്. ദുബൈ ഡ്യൂട്ടി ഫ്രീ മില്യേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ രണ്ടാം തവണയും ഒന്നാം സ്ഥാനം ലഭിച്ച ഈ അമ്പത് കാരന്റെ അടുത്ത് നിന്ന് 2021 മുതല്‍ ഭാഗ്യ ദേവത ഒഴിഞ്ഞു മാറിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ (ഏകദേശം എട്ട് കോടി രൂപ) ആണ് ഈ ബെംഗളൂരുകാരന് ലഭിച്ചത്.

ഈ സാഹചര്യത്തില്‍ അവന്റെ തലയില്‍ വരച്ച പേന കൊണ്ട് ഒരു ഏറെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആരും ചിന്തിച്ച് പോകും.

2021ല്‍ സറഫിന് ഇതേ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ ലഭിച്ചിരുന്നു. പിന്നീട് 2023ല്‍ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസില്‍ മേഴ്‌സിഡസ് ബെന്‍സിന്റെ എസ് 500 (കാര്‍ബണ്‍ ബ്ലാക് മെറ്റാലിക്കും ലഭിച്ചു. 2023 ഡിസംബറില്‍ സറഫിനെ തേടി വീണ്ടും ഭാഗ്യമെത്തി. ദുബൈ ഡ്യൂട്ടി ഫ്രീ തിരഞ്ഞെടുപ്പില്‍ 40,000 ദിര്‍ഹമിന്റെ (ഏകദേശം ഒമ്പത് ലക്ഷം രൂപ) സമ്മാനവും സറഫിനെ തേടിയെത്തി. അതുകഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പാണ് പുതിയ ഭാഗ്യം സറഫിനെ തേടിയെത്തിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് തവണയാണ് ബംപര്‍ ഭാഗ്യം ഇദ്ദേഹത്തെ തേടിയെത്തിയത്. ഡ്യൂട്ടി ഫ്രീ ബംബര്‍ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ ഒന്നാം സ്ഥാനം ലഭിക്കുന്ന ഒമ്പതാമത്തെ വ്യക്തിയായിരിക്കുകയാണ് സറഫ്. ദുബായില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് ബിസിനസ് നടത്തുകയാണ് അമിത് സറഫ്.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിക്കാന്‍ നിരവധി ആളുകള്‍ വര്‍ഷങ്ങളായി ശ്രമിക്കുമ്പോഴാണ് അമിത് സറഫിനെ തേടി നിരന്തരം ഭാഗ്യമെത്തുന്നത്.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ പ്രതിവാര മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ ആണ് കഴിഞ്ഞ ദിവസം അമിത് വിജയിച്ചത്.
ബുധനാഴ്ചത്തെ നറുക്കെടുപ്പ് ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിംഗ് ഡയറക്ടര്‍ രമേഷ് സിദാംബി, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സലാഹ് തഹ്ലക്ക്, മൈക്കല്‍ ഷ്മിത്ത്, എസ്വിപി – റീട്ടെയില്‍, ഷാരോണ്‍ ബീച്ചം, എസ്വിപി – പര്‍ച്ചേസിംഗ്, സായിദ് അല്‍ ഷെബ്ലി, എസ്വിപി – ലോസ് പ്രിവന്‍ഷന്‍ & കോര്‍പ്പറേറ്റ് സെക്യൂരിറ്റി, ഖാലിദ് സാലിഹ് എന്നിവര്‍ നടത്തി.

മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിനെ തുടര്‍ന്ന് രണ്ട് ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും നടത്തി. റീട്ടെയില്‍ സപ്പോര്‍ട്ട് വിപി മുഹമ്മദ് അല്‍ ഖാജ, എച്ച്ആര്‍ വിപി യാസ താഹിര്‍, എക്സ്ചേഞ്ച് ബ്യൂറോ സീനിയര്‍ മാനേജര്‍ നാസര്‍ അല്‍ ജാസ്മി, റീട്ടെയില്‍ സപ്പോര്‍ട്ട് സീനിയര്‍ മാനേജര്‍ തങ്കച്ചന്‍ വര്‍ഗീസ്, റീട്ടെയില്‍ സെയില്‍സ് സീനിയര്‍ മാനേജര്‍ സലിം ഇബ്രാഹിം എന്നിവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകന്‍ അജീഷ് കളത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂഴ്ത്തി വെച്ചുവെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, സിബിഐ, ദേശീയ വനിത കമീഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. ഹേമ കമ്മിറ്റി റിപ്പോർട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വസ്തുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണം.

സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ബുധനാഴ്ച വിസമ്മതിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.