by Midhun HP News | Apr 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കള്‍ക്ക് ഇനി ഒരു ശതമാനം ടിസിഎസ് ( Tax Collected at Source). ഹാന്‍ഡ്ബാഗുകള്‍, റിസ്റ്റ് വാച്ചുകള്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് വസ്ത്രങ്ങള്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ക്ക് ഇനിമുതല്‍ ഒരു ശതമാനം ടിസിഎസ് നികുതി ഈടാക്കും. പുതിയ നികുതി ഏപ്രില്‍ 22മുതല്‍ പ്രാബല്യത്തില്‍ വന്നതായി ആദായനികുതി വകുപ്പ് അറിയിച്ചു.
10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കളുടെ വില്‍പ്പനയ്ക്ക് ഒരു ശതമാനം ടിസിഎസ് ബാധകമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 2024 ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമായുള്ള ധനകാര്യ നിയമം 2024ലാണ് ആഡംബര വസ്തുക്കള്‍ക്ക് ടിസിഎസ് വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.
പെയിന്റിങ്ങുകള്‍, ശില്‍പങ്ങള്‍, പുരാവസ്തുക്കള്‍ തുടങ്ങിയ കലാ വസ്തുക്കള്‍, റിസ്റ്റ് വാച്ച്, നാണയങ്ങളും സ്റ്റാമ്പുകളും ഹെലികോപ്റ്ററുകള്‍, ആഡംബര ഹാന്‍ഡ്ബാഗുകള്‍, സണ്‍ഗ്ലാസുകള്‍, പാദരക്ഷകള്‍, ഉയര്‍ന്ന നിലവാരമുള്ള സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും, ഹോം തിയറ്റര്‍ സംവിധാനങ്ങള്‍, റേസിംഗിനോ പോളോയ്ക്കോ വേണ്ടി ഉദ്ദേശിച്ചിട്ടുള്ള കുതിരകള്‍ തുടങ്ങിയവയാണ് ടിസിഎസിന്റെ പരിധിയില്‍ വരുന്നത്. പത്തുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കളുടെ വില്‍പ്പനയില്‍ കച്ചവടക്കാരനില്‍ നിന്നാണ് ടിസിഎസ് പിരിക്കുക. നികുതി അടിത്തറ വികസിപ്പിക്കുന്നതിനും കൂടുതല്‍ സാമ്പത്തിക സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നികുതി വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.
by Midhun HP News | Apr 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ട് തുറക്കാം. പ്രായപൂര്‍ത്തിയാകാത്തവരുടെ (മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് മാര്‍ഗരേഖ പരിഷ്‌കരിച്ചു.
നിലവിലുള്ള വ്യവസ്ഥകള്‍ കൂടുതല്‍ യുക്തിസഹമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ജൂലൈ ഒന്നിനകം ബാങ്കുകള്‍ ഇത് പാലിച്ചിരിക്കണം. കുട്ടിയുടെ അമ്മയെയും രക്ഷിതാവായി പരിഗണിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. സേവിങ്‌സ് അക്കൗണ്ടിന് പുറമേ സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും തടസ്സമില്ല. പണമിടപാട് പരിധി, പ്രായം എന്നിവയില്‍ ബാങ്കുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് ഉടമയുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തണം. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നല്‍കാം. മൈനര്‍ അക്കൗണ്ടുകളില്‍ നിന്ന്, അമിതമായി പണം പിന്‍വലിക്കുന്നില്ലെന്നും ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കണം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് വേണ്ടി അക്കൗണ്ട് തുറക്കുന്ന സമയത്തും അതിനുശേഷവും ബാങ്കുകള്‍ കെവൈസി (know your customer) നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആര്‍ബിഐയുടെ കെവൈസി മാനദണ്ഡങ്ങള്‍ അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ കെവൈസി അപ്‌ഡേറ്റുകള്‍ നടക്കുന്നുണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കേണ്ടതാണ്.
by Midhun HP News | Apr 22, 2025 | Latest News, ദേശീയ വാർത്ത
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്കാരം. നാളെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടക്കും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ നിർണായക യോഗത്തിന് ശേഷമാണ് സംസ്കാര തീയതി അറിയിച്ചിരിക്കുന്നത്.
പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആകും സംസ്കാര ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകുക.വത്തിക്കാനിൽ ഒൻപത് ദിവസത്തേക്ക് ദുഃഖാചരണമാണ്. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ നടന്ന പ്രത്യേക പ്രാർഥനയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
കല്ലറ അലങ്കരിക്കരുതെന്നും കല്ലറയ്ക്ക് പുറത്ത് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നു മാത്രമെ ആലേഖനം ചെയ്യാവൂ എന്നൂം പോപ്പിന്റെ മരണപത്രത്തിൽ പരാമർശിക്കുന്നതായി വത്തിക്കാൻ അറിയിച്ചു. സംസ്കാര ചടങ്ങുകൾക്കുള്ള പണം പോപ്പ് ബസലിക്കയ്ക്ക് മൂൻകൂറായി കൈമാറിയിരുന്നു. 15 മുതൽ 20 ദിവസത്തിനുള്ളിലാകും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് സിസ്റ്റെൻ ചാപ്പലിൽ നടക്കുക. അതീവ രഹസ്യമായിട്ടാകും 138 കർദിനാൾമാരുടെ കോൺക്ലേവ് ചേരുക.
by Midhun HP News | Apr 22, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 1009 പേര്‍ ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം സ്ഥാനം ശക്തി ദുബൈക്കാണ്. ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികളുള്ളതായാണ് പ്രാഥമിക വിവരം. ആദ്യ 100 റാങ്കുകളിൽ 5 മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചിൽ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്.ഒന്നാം റാങ്ക് നേടിയ ശക്തി ദുബെ യുപി പ്രയാഗ് രാജ് സ്വദേശിയാണ്.
ആദ്യ പത്ത് റാങ്കുകാർ ഇവർ. 1- ശക്തി ദുബെ, 2-ഹർഷിത ഗോയൽ, 3-ദോങ്ഗ്രെ അർചിത് പരാഗ്, 4-ഷാ മാർഗി ചിരാഗ്, 5-ആകാശ് ഗാർഗ്, 6-കോമൽ പുനിയ, 7- ആയുഷി ബൻസൽ, 8- രാജ് കൃഷ്ണ ഝാ, 9- ആദിത്യ വിക്രം അഗർവാൾ, 10 – മായങ്ക് ത്രിപഠി.ആദ്യ പത്തിൽ ആരും മലയാളികളല്ല. ആൽഫ്രഡ് തോമസ് -33, മാളവിക ജി നായർ – 45, ജിപി നന്ദന – 47, സോണറ്റ് ജോസ് – 54, റീനു അന്ന മാത്യു – 81, ദേവിക പ്രിയദർശിനി – 95 എന്നിവരാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച മലയാളി വനിതകളെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സർവീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗത്തിൽ 335 പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് 109 പേരും ഒബിസി വിഭാഗത്തിൽ നിന്ന് 318 പേരും എസ്‌സി വിഭാഗത്തിൽ നിന്ന് 160 പേരും എസ്‌ടി വിഭാഗത്തിൽ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
180 പേർക്ക് ഐഎഎസും 55 പേർക്ക് ഐഎഫ്എസും 147 പേർക്ക് ഐപിഎസും ലഭിക്കും. സെൻട്രൽ സർവീസ് ഗ്രൂപ് എ വിഭാഗത്തിൽ 605 പേരെയും ഗ്രൂപ്പ് വിഭാഗത്തിൽ 142 പേരെയും നിയമിക്കും.
by Midhun HP News | Apr 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചും, ജയില്‍വാസത്തിനിടെ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിനും കൊലപാതകത്തിനും വിധിച്ച ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. 2008 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ലിസി, മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ പ്രതി റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് കേസ്.
2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് അഞ്ചുപേരുടെയും കൊലപാതകം പ്രതി നടത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തിന് മുമ്പ് മൂത്തമകള്‍ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തിയിരുന്നു.
2009ലാണ് പ്രതി ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2014ല്‍ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ 2023ല്‍ ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് സംര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
by Midhun HP News | Apr 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ സുപ്രീംകോടതി വിധി കേരളത്തിനും ബാധകമാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍. എന്നാല്‍ ഈ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സമയപരിധി വിധി ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടമരണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു.
തമിഴ്നാട് ഗവര്‍ണറുടെ കേസില്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് അടുത്തിടെ പുറപ്പെടുവിച്ച വിധിന്യായത്തില്‍ കേരളത്തിന്റെ കേസ് ഉള്‍പ്പെടില്ല. ചില ‘വസ്തുതാപരമായ വ്യത്യാസങ്ങള്‍’ ഉള്ളതിനാല്‍ കേരളത്തിന്റെ കേസ് ആ വിധിയില്‍ ബാധകമാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. തുടര്‍ന്ന് കേരളത്തിന്റെ കേസും ബാധകമാകുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ് മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേരളസര്‍ക്കാരും ടിപി രാമകൃഷ്ണന്‍ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചത്. ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന അപേക്ഷ കേരളം പിന്‍വലിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് ബില്ലുകള്‍ വിടുന്നതിനുള്ള സമയപരിധി നിശ്ചയിച്ചതിനാലാണ് തീരുമാനം. ഹര്‍ജികള്‍ മെയ് മാസം ആറിന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Recent Comments