by Midhun HP News | Apr 19, 2025 | Latest News, ദേശീയ വാർത്ത
ഗുരുഗ്രാം: ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ എയര്‍ഹോസ്റ്റസായ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതി പിടിയില്‍. യുവതി ചികിത്സയിലിരുന്ന ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ടെക്‌നിക്കല്‍ ജീവനക്കാരനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.
ബിഹാര്‍ മുസഫര്‍പൂര്‍ സ്വദേശിയായ ദീപക് ആണ് യുവതിയെ ആക്രമിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ അഞ്ച് മാസമായി മേദാന്ത ആശുപത്രിയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. എണ്ണൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ആശുപത്രി ജീവനക്കാര്‍ നല്‍കിയ വിവരങ്ങളും നിര്‍ണായകമായി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ 50-ലധികം ജീവനക്കാരെയും ചില ഡോക്ടര്‍മാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സൂക്ഷ്മമായ അന്വേഷണത്തിന് ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ദീപകിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
അവിവാഹിതനായ പ്രതി അശ്ലീല വീഡിയോയ്ക്ക് സ്ഥിരമായി കാണുന്ന വ്യക്തിയാണെന്ന് വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഏപ്രില്‍ ആറിനായിരുന്നു യുവതി പീഡനത്തിന് ഇരയായത്. ഏപ്രില്‍ 13ന് ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭര്‍ത്താവിനോടു പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എയര്‍ലൈന്‍സ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചായിരുന്നു പീഡനത്തിന് ഇരയായത്.
by Midhun HP News | Apr 19, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് നാല്മരണം. പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്), ഡല്‍ഹി പൊലീസിന്റെയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇന്ന്പുലര്‍ച്ചെ 2:50 ഓടെയാണ്‌കെട്ടിടം തകര്‍ന്നതായി വിവരം ലഭിച്ചതെന്ന് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ രാജേന്ദ്ര അത്വാള്‍ പറഞ്ഞു. ‘പുലര്‍ച്ചെ 2:50 ഓടെ ഒരു കെട്ടിടം തകര്‍ന്നതായി ഞങ്ങള്‍ക്ക് കോള്‍ ലഭിച്ചു. ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. അവശിഷ്ടള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തില്‍ 20 ഓളം ആളുകള്‍ താമസിച്ചിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഇതുവരെ നാല്‌പേര്‍മരിച്ചു. എട്ട്‌പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിലും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച മധു വിഹാര്‍ പൊലീസ് സ്റ്റേഷന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മതില്‍ പൊടിക്കാറ്റില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
by Midhun HP News | Apr 19, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
പേപ്പര്‍ 1 (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടത്. പേപ്പര്‍ 2 (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടേത് പ്രസിദ്ധീകരിച്ചിട്ടില്ല. jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം.
by Midhun HP News | Apr 18, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യയിൽ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത് നടക്കും എന്ന് കുടുംബം അറിയിച്ചു.
കോട്ടയം ജില്ലയിലെ മാങ്ങാനത്ത് 1948 ജനുവരി ആറിനാണ് ജനനം. 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം പാസായി. 1986ൽ ഇന്ത്യയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഇദ്ദഹമാണ്. 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. 2000 ൽ രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയ ഡോക്ടർമാരിൽ ഒരാളാണ് ഇദ്ദേഹം. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യ – പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ആൻജിയോപ്ലാസ്റ്റിയുടെ പ്രചാരത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
by Midhun HP News | Apr 18, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ 17 മാസം മാത്രം പ്രായമുള്ള കൊച്ചുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളാണ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസില്‍ നിന്ന് ആകെ 10.65 കോടി രൂപയാണ് ലാഭവിഹിതമായി ഏകാഗ്രയ്ക്ക് ലഭിച്ചത്.
നാരായണ മൂര്‍ത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെ ആദ്യത്തെ രണ്ട് പേരക്കുട്ടികള്‍ അക്ഷതാ മൂര്‍ത്തിയുടെയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെയും പെണ്‍മക്കളാണ്.
മാസങ്ങള്‍ക്ക് മുന്‍പ് ഏകാഗ്രയ്ക്ക് നാല് മാസം പ്രായമുള്ളപ്പോള്‍ 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികളാണ് നാരായണ മൂര്‍ത്തി സമ്മാനിച്ചത്. ഐടി ഭീമനായ കമ്പനിയുടെ 0.04 ശതമാനം ഓഹരിയാണിത്. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായ ഓഹരി ഉടമയായി ഏകാഗ്ര മാറുകയായിരുന്നു. മൂന്ന് തവണയാണ് ഏകാഗ്രയ്ക്ക് ലാഭവിഹിതം ലഭിച്ചത്.
വ്യാഴാഴ്ച ഇന്‍ഫോസിസ് ഒരു ഓഹരിക്ക് 22 രൂപയാണ് ലാഭവിഹിതമായി പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകാഗ്രയ്ക്ക് 3.3 കോടി രൂപ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം ആദ്യം ഇടക്കാല ലാഭവിഹിതത്തിലൂടെ ഏകാഗ്ര 7.35 കോടി രൂപ നേടിയിരുന്നു. ഏകാഗ്രയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തില്‍ ലാഭവിഹിതമായി 10.65 കോടി രൂപയാണ് ലഭിക്കുക.
by Midhun HP News | Apr 17, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്. വിജ്ഞാപനം ചെയ്ത വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുത്. കലക്ടര്‍മാര്‍മാര്‍ക്ക് പ്രവര്‍ത്തനം തുടരാം. എന്നാല്‍ തല്‍സ്ഥിതി മാറ്റാന്‍ പാടില്ല. വഖഫ് ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും ഇപ്പോള്‍ നിയമനം നടത്തരുത്. നിയമനം നടത്തിയാല്‍ അത് അസാധുവാകുമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
വഖഫ് ആയി ഇതിനകം വിജ്ഞാപനം ചെയ്ത ഭൂമിയുടെ സ്വഭാവം മാറ്റരുതെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ നിര്‍ദേശിച്ചു. വഖഫ് ബോര്‍ഡുകള്‍ രൂപീകരിക്കുന്നത് കേന്ദ്രസര്‍ക്കാരല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. വഖഫ് നിയമവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മറുപടി നല്‍കാന്‍ ഏഴു ദിവസത്തെ സമയം അനുവദിക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി.
ഒരാഴ്ചക്കുള്ളിൽ വഖഫ് ബോർഡിലേക്കോ സെൻട്രൽ കൗൺസിലിലേക്കോ ഒരു നിയമനവും നടത്തില്ലെന്നും വഖഫ് സ്വത്തിന്റെ ഇപ്പോഴത്തെ നിലയിൽ ഒരു മാറ്റവും വരാൻ പോകുന്നില്ലെന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞു. അടുത്ത ഒരാഴ്ചക്കുള്ളിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി നൽമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. വഖഫ് നിയമം നേരിട്ടോ പരോക്ഷമായോ സ്റ്റേ ചെയ്യാൻ പാടില്ല. ജനങ്ങളുടെ ആവശ്യം കേട്ടതിന് ശേഷമാണ് നിയമം രൂപീകരിച്ചത്. വിശദമായ വാദം സ്റ്റേയുടെ കാര്യത്തിൽ വേണമെന്നും തുഷാർ മേത്ത സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കും. നൂറുകണക്കിന് ഹര്‍ജികളാണ് കോടതിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചു ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കും. കേന്ദ്രം മറുപടി നല്‍കി അഞ്ചുദിവസത്തിനകം ഈ ഹര്‍ജിക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നതുവരെ, ഏതെങ്കിലും സംസ്ഥാനം വഖഫ് ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. വഖഫ് ഭൂമി സംബന്ധിച്ച് സുപ്രീംകോടതിയിൽ ലഭിച്ച നൂറോളം ഹർജികളിൽ എല്ലാത്തിലും വാദം കേൾക്കൽ പറ്റില്ലെന്ന് കോടതി പറഞ്ഞു. ഇതിൽ അഞ്ച് ഹര്‍ജികൾ കേള്‍ക്കാമെന്നും അറിയിച്ചു. വിശദവാദത്തിന് നോഡൽ കൗൺസിലർമാരെ നിയോഗിക്കും. നിയമ ഭേദഗതിയിൽ വിശദവാദം തുടരും. നിലവിൽ കോടതി തീരുമാനമാകുന്നത് വരെ ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. മേയ് 5ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.
Recent Comments