by Midhun HP News | Oct 21, 2024 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേരുടെ പരിക്ക് ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മരിച്ചവരില്‍ ഒരു ഡോക്ടറും ആറു തൊഴിലാളികളും ഉള്‍പ്പെടുന്നു. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലെ നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.
ശ്രീനഗർ–ലേ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്തു കടന്നാണ് രണ്ടു ഭീകരർ വെടിയുതിർത്തത്. ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രദേശം പൊലീസും സുരക്ഷാ സേനയും വളഞ്ഞിരിക്കുകയാണ്.
പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ലഫ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി.
by Midhun HP News | Oct 20, 2024 | Latest News, ദേശീയ വാർത്ത
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ പരിശോധന ശക്തമാക്കി. പരിശോധനയുടെ ഭാഗമായി ഫ്‌ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരെ വിന്യസിച്ചു. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികമോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നതിനെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 പ്രകാരവും ഭാരതീയ ന്യായ സംഹിതയനുസരിച്ചും നടപടിയെടുക്കും.
വോട്ടെടുപ്പ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തും. 50,000 രൂപയില്‍ കൂടുതലുള്ള പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് മതിയായ രേഖകള്‍ യാത്രക്കാര്‍ കൈവശം കരുതണം. പരിശോധനയില്‍ പൊതുജനങ്ങള്‍ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ്ങ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
by Midhun HP News | Oct 18, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് വരെയാണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 81000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ എത്തി. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി.
വിപണിയില്‍ നിന്ന് പുറത്തേയ്ക്കുള്ള നിക്ഷേപ ഒഴുക്ക് തുടരുന്നതാണ് ഇടിവിന് കാരണം. ചൈനീസ് വിപണി തിരിച്ചുവരവിന്റെ പാതയിലാണെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ അവിടെ ഉന്നംവെയ്ക്കുന്നത് അടക്കമുള്ള വിഷയങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ പശ്ചിമേഷ്യയില്‍ സംഭവവികാസങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
ഇന്‍ഫോസിസ്, ബജാജ് ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഇതിന് പുറമേ ഐടിസി, ബിപിസിഎല്‍, ടെക് മഹീന്ദ്ര ഓഹരികളും റെഡിലാണ്. അതേസമയം ആക്‌സിസ് ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
by Midhun HP News | Oct 16, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: കഴിഞ്ഞ മൂന്ന് ദിവസത്തിൽ 15 വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി സന്ദേശം വന്ന സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. മൂംബൈയിലും ഛത്തീസ്ഗഡിലായി മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു. രാജ്യത്തെ വ്യോമഗതാഗതത്തിന് കടുത്ത ആശങ്ക ഉയർത്തുകയാണ് തുടർച്ചയായുള്ള ബോംബ് ഭീഷണി. അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടക്കം ഇത്തരം ഭീഷണിസന്ദേശം എത്തുന്നതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് സംശയം.
സാമൂഹികമാധ്യമയായ ഏക്സിലാണ് ഭീഷണി സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഈ സന്ദേശം പ്രചരിപ്പിച്ച മുംബൈ സ്വദേശിയായ പതിനേഴുകാരനെയും ഇയാളുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പതിനേഴുകാരൻ വിവിധ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഛത്തീസ്ഗഡ് സ്വദേശിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഭീഷണി വന്ന അക്കൗണ്ടുകൾ എക്സ് അധികൃതർ നീക്കം ചെയ്തു.
ഇന്നലെ മാത്രം ഡൽഹി-ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം- ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോദ്ധ്യ-ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ചിക്കാഗോ വിമാനത്തിലെ യാത്രക്കാരെ കാനേഡിയൻ വ്യോമസേന വിമാനത്തിൽ ചിക്കാഗോയിൽ എത്തിച്ചു. ഗൗരവകരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അന്വേഷണത്തിൽ ഇന്ത്യയെ സഹായിക്കുമെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു. സംഭവത്തെകുറിച്ച് കേന്ദ്ര വ്യോമയാനമന്ത്രിയും വിശദാംശങ്ങൾ തേടി.
by Midhun HP News | Oct 16, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി മാറും. നിലവില്‍ ഇത് 50 ശതമാനമാണ്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.
ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് മന്ത്രിസഭായോഗ തീരുമാനം. ഇതോടെ 18,000 രൂപ അടിസ്ഥാന ശമ്പളമായുള്ള എന്‍ട്രി ലെവല്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ പ്രതിമാസം ഏകദേശം 540 രൂപയുടെ വര്‍ധന ഉണ്ടാവും. പുതുക്കിയ ക്ഷാമബത്തയ്ക്ക് ജൂലൈ ഒന്നുമുതല്‍ പ്രാബല്യം ഉണ്ടാവും.
മാര്‍ച്ചിലാണ് ഇതിന് മുന്‍പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് നാലുശതമാനം വര്‍ധന വരുത്തിയതോടെയാണ് നിലവിലെ 50 ശതമാനത്തിലേക്ക് ക്ഷാമബത്ത ഉയര്‍ന്നത്. ക്ഷാമബത്തയും ക്ഷാമാശ്വാസവും വര്‍ധിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് സെപ്തംബര്‍ 30ന് ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരുന്നു.
by Midhun HP News | Oct 15, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി. സംസ്ഥാനത്തെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലുള്ള ജീവനക്കാര്‍ക്ക് ഈ മാസം 18 വരെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഐടി കമ്പനികളോട് നിര്‍ദേശിച്ചു.

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസം തമിഴ്നാട്ടില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ(ഐഎംഡി) മുന്നറിയിപ്പ്. ഈ മാസം 12 മുതല്‍ 16 വരെയുള്ള തീയതികളില്‍ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബര്‍ 14 മുതല്‍ 16 വരെ ഈ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളയായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ശക്തമായ മഴയില്‍ വെള്ളപ്പൊക്ക സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.
മഴക്കാല മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ തിങ്കളാഴ്ച എംകെ സ്റ്റാലിന്‍ യോഗം വിളിച്ചിരുന്നു. 990 പമ്പുകളും പമ്പ് സെറ്റുകള്‍ ഘടിപ്പിച്ച 57 ട്രാക്ടറുകളും സജ്ജമാണെന്ന് യോഗത്തില്‍ ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അറിയിച്ചു. കൂടാതെ, 36 മോട്ടോര്‍ബോട്ടുകള്‍, 46 മെട്രിക് ടണ്‍ ബ്ലീച്ച് പൗഡര്‍, 25 മെട്രിക് ടണ്‍ ചുണ്ണാമ്പ് പൊടി, ഫിനോള്‍ എന്നിവ അടിയന്തര ഉപയോഗത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
Recent Comments