കാനഡയുടെ നീക്കത്തിന് ഇന്ത്യയുടെ തിരിച്ചടി, ഹൈക്കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാൻ തീരുമാനം

കാനഡയുടെ നീക്കത്തിന് ഇന്ത്യയുടെ തിരിച്ചടി, ഹൈക്കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാൻ തീരുമാനം

കാനഡ : ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കത്തിന് ഇന്ത്യയുടെ മറുമരുന്ന്. കേസിൽ പ്രതിയാക്കാനായി ഹൈക്കമീഷണർ അടക്കം കാനഡ ലക്ഷ്യമിടുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. ഇവരുടെ സുരക്ഷ കാനഡ ഉറപ്പാക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യയുടെ നീക്കം. തീവ്രവാദികളെ സഹായിക്കുന്ന കനേഡിയൻ നയത്തിന് ഇന്ത്യ മറുപടി നൽകുമെന്നും വാർത്താക്കുറിപ്പിലൂടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ കാനഡ സർക്കാരിന്‍റെ നീക്കത്തിൽ കനേഡിയൻ ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറെ പ്രതിയാക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നിജ്ജറിന്റെ കൊലപാതകത്തിൽ ഉൾപ്പെടെ ഇന്ത്യൻ ഹൈകമ്മീഷണർക്കെതിരെ കേസെടുക്കാൻ കാനഡ ഇന്ത്യയുടെ അനുവാദം തേടിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളാകുകയാണ്.

നേരത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷമായ ഭാഷയിൽ ഇന്ത്യ പ്രതികരിച്ചിരുന്നു. കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഹൈകമ്മീഷണറെ കേസിൽപ്പെടുത്താൻ നോക്കുന്നത്, ട്രൂഡോ മത തീവ്രവാദികൾക്ക് കീഴടങ്ങിയതുകൊണ്ടാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

കോവിഡ് വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങള്‍; പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

കോവിഡ് വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങള്‍; പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: കോവിഡ് 19 വാക്‌സിനുകളുടെ ഉപയോഗം മൂലം രക്തം കട്ടപിടിക്കുന്നതുപോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി. പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത് വിവാദങ്ങള്‍ സൃഷ്ടിക്കാനാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

വാക്‌സിന്‍ എടുത്തില്ലെങ്കില്‍ എന്തായിരിക്കും പാര്‍ശ്വഫലം എന്നുകൂടി മനസിലാക്കുക. ഇത് മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് ഒരു തരത്തില്‍ ആരോപണങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്നും കോടതി വ്യക്തമാക്കി. പ്രിയ മിശ്രയും മറ്റ് ചിലരും ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ആസ്ട്രസെനക്കെയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നതുമൂലമുള്ള പാര്‍ശ്വഫലങ്ങളും അപകട സാധ്യതകളും മെഡിക്കല്‍ വിദഗ്ധരുടെ ഒരു പാനല്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍തകിയിരുന്നു. രക്തം കട്ടപിടിക്കുന്നതുപോലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്‌സിന്‍ എടുക്കുന്നതു മൂലമുണ്ടാകുമെന്ന് ആസ്ട്രസെനക യുകെയിലെ കോടതിയില്‍ സമ്മതിച്ചതിന് ശേഷമാണ് ഇന്ത്യയിലും സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

പേരും ചിത്രവും ഉൾപ്പെടുത്തി നിക്ഷേപ തട്ടിപ്പ് സന്ദേശം; പരാതിയുമായി ചിത്ര

പേരും ചിത്രവും ഉൾപ്പെടുത്തി നിക്ഷേപ തട്ടിപ്പ് സന്ദേശം; പരാതിയുമായി ചിത്ര

ചെന്നൈ: തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ എസ് ചിത്ര പൊലീസിൽ പരാതി നൽകി.10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ
കാത്തിരിക്കുന്നു എന്നിങ്ങനെയാണു വ്യാജ വാഗ്ദാനങ്ങൾ.

പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചതായി ചിത്ര പറഞ്ഞു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ചിത്ര പറഞ്ഞു.

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ചു; രണ്ടുപേർ അറസ്റ്റിൽ

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ചു; രണ്ടുപേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ചു. 66 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെ ബാന്ദ്രയിൽ വച്ചാണ് വെടിയേറ്റത്. വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് ബാബാ സിദ്ദിഖി.

അക്രമി സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്. മറ്റൊരാൾ ഒളിവിലാണ്. കർശന നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായും ഷിൻഡെ അറിയിച്ചു.

ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ നിന്നു തുടർച്ചയായി മൂന്നു തവണ (1999, 2004, 2009) എംഎല്‍എയായിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ, സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബാന്ദ്ര ഈസ്റ്റിൽ നിന്നുള്ള എംഎൽഎയാണ്. ഈ വർഷം ഫെബ്രുവരിയിലാണ് ബാബാ സിദ്ദിഖി കോൺഗ്രസിൽ നിന്നും രാജിവെച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്.

മനുഷ്യനെ ആക്രമിച്ച നരഭോജി പുലി ചത്ത നിലയില്‍, കഴുത്തില്‍ ആഴത്തില്‍ മുറിവുകള്‍

മനുഷ്യനെ ആക്രമിച്ച നരഭോജി പുലി ചത്ത നിലയില്‍, കഴുത്തില്‍ ആഴത്തില്‍ മുറിവുകള്‍

ജയ്പൂര്‍: ഉദയ്പൂരില്‍ നരഭോജിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുലിയെ ഉദയ്പൂരിന് സമീപമുള്ള കമോല്‍ ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയത്. പുലിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പാടുണ്ട്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

കമോല്‍ ഗ്രാമത്തിലെ ഗോഗുണ്ടയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള സൈറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കര്‍ഷകനായ ദേവറാമിന്റെ വീടിന് സമീപമാണ് പുലിയുടെ ജഡം കണ്ടതെന്ന് വനം വകുപ്പ് ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു. ദേവറാമിനെ പുലി ആക്രമിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. പുലിയുടെ മുഖത്ത് വലിയ മുറിവുണ്ട്. ഇത് മൂര്‍ച്ചയുള്ള ആയുധം കൊണ്ടോ മഴുകൊണ്ടോ ആക്രമിച്ചതാണെന്നാണ് സൂചന.

55 കാരനായ ദേവറാമിന്റെ വീട്ടില്‍ കയറിയ പുലി ആദ്യം പശുക്കളെയും പിന്നീട് ദേവറാമിനേയും ആക്രമിച്ചു. കുടുംബത്തിന്റെയും നാട്ടുകാരുടെയും ബഹളം കേട്ട് പുലി ദേവറാമിനെ നിലത്ത് ഉപേക്ഷിച്ച് വനത്തിലേക്ക് ഓടി മറയുകയായിരുന്നു. ആയുധങ്ങളുമായി നാട്ടുകാര്‍ പുലിയെ പിന്തുടര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുലിയ ചത്ത നിലയില്‍ കണ്ടെത്തിയത്.

പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ദേവറാമിന്റെ ആരോഗ്യനില തൃപ്തികരമാണ്. മേഖലയില്‍ പരിഭ്രാന്തി പരത്തിയ പുലിയെ നാട്ടുകാര്‍ കൊലപ്പെടുത്തിയതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഉദയ്പൂരിലെ ഗോഗുണ്ട മേഖലയില്‍ എട്ടോളം പേരെ കൊലപ്പെടുത്തിയ നരഭോജി പുലി തന്നെയാണോ ചത്തതെന്ന് സ്ഥിരീകരിക്കാനായില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

പ്രദേശത്ത് എട്ടോളം പേരെ കൊലപ്പെടുത്തിയ നരഭോജി പുലിയെ കണ്ടാല്‍ വെടിവെയ്ക്കാനുള്ള അനുവാദം നല്‍കി ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഉദയ്പൂരിലെ ഗോഗുണ്ട, ഝദോല്‍ മേഖലകളില്‍ നരഭോജിയായ പുലിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയായിരുന്നു. മുന്നൂറോളം പേരടങ്ങുന്ന സംഘം പുലിയെ തിരയുന്നുണ്ടായിരുന്നു.

ഹരിയാനയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മോദിയെത്തും

ഹരിയാനയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മോദിയെത്തും

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സൈനിയുടെ സത്യപ്രതിജ്ഞ ഒക്ടോബര്‍ പതിനേഴിന്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബിജെപി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. നേരത്തെ പതിനഞ്ചിന് സത്യപ്രതിജ്ഞ എന്നാണ് അറിയിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ സൗകാര്യര്‍ഥം പതിനേഴിലേക്ക് മാറ്റുകയായിരുന്നു. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ രാവിലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ഹരിയാനയില്‍ ഹാട്രിക് വിജയമാണ് ബിജെപി നേടിയത്. വിജയത്തിന് പിന്നാലെ, ഡല്‍ഹിയിലെത്തി സൈനി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുതിര്‍ന്ന ബിജെപി നേതാക്കളെയും കണ്ടിരുന്നു. ഹരിയാനയിലെ പത്തവര്‍ഷത്തെ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ സൈനിയുടെ വരവോടെ കഴിഞ്ഞെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

90 അംഗസഭയില്‍ 48 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 37 സീറ്റുകളാണ് ലഭിച്ചത്. ഐഎന്‍എല്‍ജിക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചു. ജയിച്ച മൂന്ന് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ നല്‍കി. അതേസമയം ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്കും അരവിന്ദ് കെജരിവാളിന്റെ ആം ആദ്മിക്കും ഒരു സീറ്റുപോലും ലഭിച്ചില്ല. കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി ഭിവാനിയില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥിയും പരാജയപ്പെട്ടു.

തിങ്കളാഴ്ച ചേരുന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കും. ഇക്കൊല്ലം മാര്‍ച്ചിലാണു മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി, ബിജെപി നായബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ചെറുതല്ലാത്ത ചലനമുണ്ടാക്കാന്‍ സൈനിക്കു കഴിഞ്ഞു. മത്സരിച്ച പത്ത് മന്ത്രിമാരില്‍ എട്ടുപേരും പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഖി മേവാ സിങ്ങിനെ 16,054 വോട്ടുകള്‍ക്കാണ് സൈനി പരാജയപ്പെടുത്തിയത്.തന്റെ 56 ദിവസത്തെ ഭരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡ മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷം കൊണ്ട് ചെയ്തത് താന്‍ നടത്തിയെന്ന് സൈനി അവകാശപ്പെട്ടു. 56 ദിവസത്തിനുള്ളില്‍ ഹരിയാനയുടെ വികസനത്തിനായി 126 ചരിത്രപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടതായും സൈനി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു.

നിയമബിരുദധാരിയായ സൈനി, പാര്‍ട്ടി ആസ്ഥാനത്തു കംപ്യൂട്ടര്‍ ഓപ്പറേറ്ററായാണു തുടങ്ങിയത്. 2002ലും 2005ലും യുവമോര്‍ച്ച അംബാല ജില്ലാ പ്രസിഡന്റായി. 2009 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റു. 2014 ല്‍ നാരായണ്‍ഗഢില്‍ നിന്ന് നിയമസഭാംഗമായി. 2015 മുതല്‍ 2019 വരെ ഖട്ടര്‍ മന്ത്രിസഭയില്‍ മന്ത്രിയായി. 2019 ല്‍ കുരുക്ഷേത്രയില്‍ നിന്നു ലോക്സഭയിലേക്കു ജയം. 2023 ല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി. ഖട്ടാറിന്റെ അടുത്ത വിശ്വസ്തന്‍ കൂടിയാണ് സൈനി.