ചെരുപ്പ് ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു; പതിനാലുവര്‍ഷത്തിനുശേഷം മോദിയെ കണ്ടുമുട്ടി

ചെരുപ്പ് ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു; പതിനാലുവര്‍ഷത്തിനുശേഷം മോദിയെ കണ്ടുമുട്ടി

ചണ്ഡിഗഡ്: പതിനാലുവര്‍ഷമാണ് ഹരിയാനയിലെ കൈതലില്‍ നിന്നുള്ള രാംപാല്‍ കശ്യപ് നഗ്നപാദനായി നടന്നത്. അതിന് അദ്ദേഹത്തിന് കാരണങ്ങളുമുണ്ടായിരുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടുമുട്ടിയതോടെ തന്റെ പ്രതിജ്ഞ നിറവേറ്റിയതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം. പ്രിയപ്പെട്ട ആരാധകനായ കശ്യപിന് മോദി ഷൂസ് സമ്മാനിക്കുകയും ചെയ്തു.

നരേന്ദ്രമോദി രാജ്യത്തെ പ്രധാനമന്ത്രിയായ ശേഷമേ താന്‍ ഷൂസ് ധരിക്കു എന്നായിരുന്നു കശ്യപിന്റെ പ്രതിജ്ഞ. 2014 ല്‍ മോദി പ്രധാനമന്ത്രിയായെങ്കിലും, അദ്ദേഹത്തെ നേരില്‍ കാണുംവരെ പ്രതിജ്ഞ തുടരുമെന്ന് കശ്യപ് പറഞ്ഞിരുന്നു. ഇന്നലെ പ്രധാനമന്ത്രിയെ നേരില്‍ കണ്ടതോടെ കശ്യപിന്റെ ആഗ്രഹങ്ങളെല്ലാം സഫലമായി.

സഹോദരാ, എന്തിനാണ് ഇത്രയും കാലം ഇങ്ങനെ ചെയ്തതെന്നായിരുന്നു കശ്യപിനോട് മോദി ചോദിച്ചത്. ‘രാംപാല്‍ജിയെപ്പോലുള്ളവര്‍ എന്നെ വിനയാന്വിതനാക്കുന്നു. ഇത്തരം പ്രതിജ്ഞകള്‍ എടുക്കുന്ന ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്; നിങ്ങളുടെ സ്‌നേഹം ഞാന്‍ വിലമതിക്കുന്നു. നിങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനവുമായും രാഷ്ട്രനിര്‍മാണവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ!’- മോദി പറഞ്ഞു.

ബിജെപി പ്രവര്‍ത്തകനായ കൈതല്‍ ജില്ലക്കാരനായ കശ്യപ് മോദിയുടെ കടുത്ത ആരാധകനാണ്. ഒരു നേതാവെന്ന നിലയില്‍ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ മോദിക്ക് മാത്രമെ കഴിയുകയുള്ളുവെന്നായിരുന്നു കശ്യപിന്റെ ഉറച്ചവിശ്വാസം. ഹരിയാനയിലെ ഹിസാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് പ്രധാമന്ത്രി രാംപാല്‍ കശ്യപിനെ കണ്ടത്.

ഇതിഹാസ എഴുത്തുകാരന്‍; മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി

ഇതിഹാസ എഴുത്തുകാരന്‍; മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി

വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ മരിയൊ വര്‍ഗാസ് യോസ അന്തരിച്ചു. 89 വയസ്സായിരുന്നു. മക്കളാണ് മരണ വിവരം അറിയിച്ചത്.

അന്‍പത് വര്‍ഷത്തിലേറെ നീണ്ട എഴുത്തുജീവിതത്തില്‍ ദി ടൈം ഓഫ് ദി ഹീറോ, കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് എന്നിവയുള്‍പ്പടെ നിരവധി നോവലുകള്‍ എഴുതി. വിഖ്യാത എഴുത്തുകാരന്‍ മാര്‍ക്കേസുമായുള്ള ഭിന്നത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2010ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം യോസക്ക് ലഭിക്കുന്നത്.

ലാറ്റിനമേരിക്കയുടെ, പ്രത്യേകിച്ചും പെറുവിന്റെയും ബ്രസീലിന്റെയും ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളുമാണ് യോസയുടെ നോവലുകളിലെ മുഖ്യപ്രമേയം. ‘എല്ലാ ഏകാധിപതികളും ലോകത്തെവിടെ ആയാലും ഒരേപോലെയാണ്. അതുകൊണ്ടുതന്നെ ഇക്കഥ എല്ലാ ഏകാധിപതികളെക്കുറിച്ചുമാണ്. ഏകാധിപതികളെ സൃഷ്ടിക്കുന്നത് അവരല്ല, അവര്‍ക്കു ചുറ്റുമുള്ളവരാണ്. അതിനാല്‍ ഇത് ഏകാധിപത്യത്തെക്കുറിച്ചും ഉള്ള കഥയാകുന്നു. ഏത് ഏകാധിപത്യത്തിലും ഏറ്റവും അധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്’ എന്ന് 2010 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പ്രൈസ് ലഭിച്ച ‘ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്’ എന്ന നോവലില്‍ യോസ എഴുതി.

കോളജ് അധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും യോസ പ്രശസ്തനാണ്. എല്‍ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യ തരംഗത്തിലെ അവസാന അംഗം കൂടിയാണ് യോസ. യോസയുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാനമ്മക്ക് സ്തുതി എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

‘ഓവര്‍ കൃത്യത’ പാലിച്ചു, ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുന്‍പേയെത്തി; യുവാവിനെ ജോലിക്കെടുത്തില്ല

‘ഓവര്‍ കൃത്യത’ പാലിച്ചു, ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുന്‍പേയെത്തി; യുവാവിനെ ജോലിക്കെടുത്തില്ല

ഇന്റര്‍വ്യൂവിന് വൈകി എത്തിയത് മൂലം ജോലി നഷ്ടപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇന്റര്‍വ്യൂവിന് ഒരു അരമണിക്കൂര്‍ മുമ്പെങ്കിലും സ്ഥലത്ത് എത്തണമെന്നാണ് പൊതുവേ എല്ലാവരും ഉപദേശരൂപേണ പറയാറ്. ഇപ്പോള്‍ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട വേറിട്ട സംഭവത്തിന്റെ വാര്‍ത്തയാണ് വൈറലാകുന്നത്.

ഇന്റര്‍വ്യൂവിന് ഷെഡ്യൂള്‍ ചെയ്ത സമയത്തിന് 25 മിനിറ്റ് മുന്‍പ് ഓഫീസില്‍ എത്തിയ ഉദ്യോഗാര്‍ഥിക്ക് ജോലി നിഷേധിച്ച വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റാണ് വൈറലായത്. ഒരു ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കപ്പെടാതിരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹം അഭിമുഖത്തിന് വളരെ നേരത്തെ ഹാജരായതാണ് എന്ന് ബിസിനസ് ഉടമ വിശദീകരിക്കുന്ന പോസ്റ്റാണ് പ്രചരിക്കുന്നത്.

‘കഴിഞ്ഞ ആഴ്ച ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിന് 25 മിനിറ്റ് നേരത്തെ ഒരു ഉദ്യോഗാര്‍ഥി ഹാജരായി. ഞാന്‍ അദ്ദേഹത്തെ നിയമിക്കാത്തതിന്റെ ഒരു പ്രധാന കാര്യം ഇതാണ്. ഉദ്യോഗാര്‍ത്ഥികള്‍ വളരെ നേരത്തെ ഹാജരാകുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?’ -അറ്റ്‌ലാന്റയിലെ ക്ലീനിങ് സര്‍വീസ് ഉടമയായ മാത്യു പ്രീവെറ്റ് കുറിച്ചു.

‘നേരത്തെ എത്തുന്നത് നല്ലതാണ്. വളരെ നേരത്തെ എത്തുന്നത് ഒരാള്‍ക്ക് സമയം മാനേജ് ചെയ്യാനുള്ള കഴിവില്ലായ്മ വ്യക്തമാക്കുന്നതാണ്. നേരത്തെ വന്നാല്‍ കൂടുതല്‍ പരിഗണന ലഭിക്കുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരിക്കാം. മൊത്തത്തില്‍, സാമൂഹിക അവബോധത്തിന്റെ അഭാവവും ശരിയായ സമയ മാനേജ്‌മെന്റിന്റെ അഭാവവും ഇത് പ്രകടമാക്കുന്നതായി എനിക്ക് തോന്നുന്നു. കാരണം അദ്ദേഹം വളരെ ദൂരെ നിന്ന് വരുന്ന ആളല്ല’- അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗാര്‍ഥിക്ക് അഞ്ച് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ നേരത്തെ എത്താമെന്നും എന്നാല്‍ അതില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് കേരള പൊലീസ് അന്വേഷിക്കുന്നില്ല. പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസം ഉണ്ട്. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷത്തില്‍ തനിക്കോ, കുടുംബത്തിനോ വിശ്വാസമില്ലെന്നും മഞ്ജുഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ എംആര്‍ രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ പിപി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാന്‍ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു.

6000 കുടിയേറ്റക്കാർ മരിച്ചവരുടെ പട്ടികയിൽ; ‘നിർബന്ധിത സ്വയം നാടുകടത്തൽ’ പ്രഖ്യാപിച്ച് ട്രംപ്

6000 കുടിയേറ്റക്കാർ മരിച്ചവരുടെ പട്ടികയിൽ; ‘നിർബന്ധിത സ്വയം നാടുകടത്തൽ’ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: യുഎസിലെ 6000 ത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും യുഎസ് അറിയിച്ചു. ജോ ബൈഡന്റെ കാലത്തെ പദ്ധതികൾ പ്രകാരം കുടിയേറ്റക്കാർക്ക് യുഎസിൽ പ്രവേശിക്കാനും താല്ക്കാലികമായി താമസിക്കാനും അനുവാദമുണ്ടായിരുന്നു. കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ റദ്ദാക്കുകയും അവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

ഇവർക്ക് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ കഴിയാത്ത സാഹചര്യവും ട്രംപ് ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഈ കുടിയേറ്റക്കാരെ ‘സ്വയം നാടുകടത്താനും’ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഎസ് സർക്കാരിന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. സാമൂഹിക സുരക്ഷാ നമ്പറുകൾ ഇല്ലാതാക്കുന്നതു വഴി, ട്രംപ് ഭരണകൂടം പല സാമ്പത്തിക സേവനങ്ങളിൽ നിന്ന് ഇവരെ ഒഴിവാക്കുകയും ബാങ്കുകളോ മറ്റ് അടിസ്ഥാന സേവനങ്ങളോ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തിരിക്കുകയാണ്.

ബൈഡൻ സർക്കാരിന്റെ കാലത്ത് യുഎസിൽ പ്രവേശിച്ച കുടിയേറ്റക്കാരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. സിബിപി വൺ ആപ്പ് ഉപയോ​ഗിച്ച് രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഏകദേശം 9 ലക്ഷം കുടിയേറ്റക്കാരാണ് സിബിപി വൺ ആപ്പ് ഉപയോ​ഗിച്ച് യുഎസിലേക്ക് എത്തിയത്. ഇവരെ ലക്ഷ്യമിടുന്നതിന്റെ ഭാ​ഗമായാണ് 6000ത്തോളം പേരെ മരിച്ചതായി പ്രഖ്യാപിക്കുന്ന പുതിയ നടപടി.

ബൈഡൻ സർക്കാരിന്റെ കാലത്ത് പ്രസിഡൻഷ്യൽ അധികാരത്തിന്റെ ഭാഗമായാണ് 2 വർഷത്തെ താല്ക്കാലിക അനുമതിയോടെ കുടിയേറ്റക്കാർക്ക് യുഎസിൽ തുടരാനും ജോലി ചെയ്യാനും അനുമതി നൽകിയിരുന്നത്. താല്ക്കാലികമായി യുഎസിൽ തുടരാൻ നിയമപരമായ അനുമതിയുള്ള ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരോട് ഈ മാസം അവസാനം രാജ്യം വിടാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നെങ്കിലും ഫെഡറൽ കോടതി ഈ ഉത്തരവ് തടഞ്ഞിരിക്കുകയാണ്.

തഹാവൂര്‍ റാണയ്ക്ക് സഹായം നല്‍കിയത് ആര്? അന്വേഷിച്ച് എന്‍ഐഎ

തഹാവൂര്‍ റാണയ്ക്ക് സഹായം നല്‍കിയത് ആര്? അന്വേഷിച്ച് എന്‍ഐഎ

ന്യൂഡല്‍ഹി: തഹാവൂര്‍ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്‍കി എന്നതില്‍ അന്വേഷണം ആരംഭിച്ച് എന്‍ഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയില്‍ എത്തിയതെന്ന് റാണ പറഞ്ഞതായാണ് സൂചന. ഇതിനിടെ, റാണയെയും ഹെഡ്‌ലിലേയും ഇന്ത്യയില്‍ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെഡ്‌ലിയെ ഇന്ത്യയില്‍ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയത്.

റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡല്‍ഹിയിലെത്തിച്ചു. അതേസമയം, എഫ്ബിഐ റെക്കോഡ് ചെയ്ത ഫോണ്‍ കോളുകള്‍ എന്‍ഐഎക്ക് കൈമാറി. അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രംഗത്തെത്തി. ഭീകരവിരുദ്ധ നീക്കങ്ങളില്‍ ഇത് നിര്‍ണ്ണായ ചുവടെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണ കേസില്‍ തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ കസ്റ്റഡിയില്‍ തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂര്‍ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നല്‍കുന്നില്ല. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ തുടരുന്നത്. 2005 മുതല്‍ മുംബൈയില്‍ ഭീകരാക്രമണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ റാണയടക്കം പ്രതികള്‍ തുടങ്ങിയന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം.