by Midhun HP News | Apr 11, 2025 | Latest News, ദേശീയ വാർത്ത
അഞ്ച് വര്‍ഷം മുൻപ് കൊല്ലപ്പെട്ട ഭാര്യ കാമുകനൊപ്പം തട്ടുകടയിലിരുന്ന് ചായ കുടിക്കുന്നു. കൊലക്കേസില്‍ ഭര്‍ത്താവ് ജയിലില്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം, നിരപരാധിത്വം തെളിയിച്ചത് ജാമ്യത്തിലിറങ്ങി മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍.
ഭാര്യ മല്ലികയെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസ് കേട്ടില്ല. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വർഷത്തിലേറെ ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ സുരേഷ് തീരുമാനിച്ചു. ഭാര്യയെ കണ്ടെത്തി തന്‍റെ നിരപരാധിത്വം തെളിയിക്കണം. ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സുരേഷ് ഭാര്യയെ കണ്ടെത്തി -കുടകിലെ മടിക്കേരിയില്‍ കാമുകനൊപ്പം തട്ടുകടയിലിരുന്ന് ചായ കുടിക്കുകയായിരുന്നു മല്ലിക.
20 വർഷം മുൻപായിരുന്നു സുരേഷിന്‍റെയും മല്ലികയുടെയും വിവാഹം. ഇവർക്ക് 18 വയസുള്ള മകനും 15കാരി മകളുമുണ്ട്. 2020ലാണ് പെട്ടെന്നൊരു ദിവസം മല്ലികയെ കാണാതായത്. എങ്ങും തിരഞ്ഞ് കണ്ടെത്താതായതോടെ സുരേഷ് മടിക്കേരി പൊലീസില്‍ പരാതി നല്‍കി. മല്ലികക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെ മൈസൂരു ജില്ലയിലെ ബെട്ടാദപുരയില്‍ കാവേരി നദീതീരത്തുനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചു. ഈ അസ്ഥികൂടം മല്ലികയുടേതാണെന്ന് സ്ഥാപിക്കാനായിരുന്നു പൊലീസിന് താല്‍പര്യം. കുശാല്‍നഗർ പൊലീസ് സുരേഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അസ്ഥികൂടം മല്ലികയുടേതാണെന്ന് പൊലീസ് സുരേഷിനെ കൊണ്ട് നിർബന്ധിപ്പിച്ച് സമ്മതിപ്പിച്ചു. മല്ലികയെ കൊലപ്പെടുത്തിയതാണെന്ന കുറ്റം ചുമത്തി 2021 ജൂണില്‍ സുരേഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരം സുരേഷിന് നേരത്തെ അറിയാമായിരുന്നു. എന്നാല്‍, ഭാര്യയെ കാണാതായിട്ടും, കൊലക്കേസില്‍ താൻ അറസ്റ്റിലായിട്ടും ഇക്കാര്യം പുറത്ത് പറയാൻ സുരേഷ് തയാറായില്ല. സുരേഷ് അറസ്റ്റിലാവുമ്പോൾ മകൻ കൃഷ്ണ
പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. മകള്‍ കീർത്തി ഏഴാംക്ലാസിലും. സുരേഷ് അറ സ്റ്റിലായതോടെ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. ഇതോടെ മകൻ കൃഷ്ണക്ക് പഠനം നിർത്തി കുടുംബത്തിനും പെങ്ങളുടെ പഠനത്തിനും ആവശ്യമായ വരുമാനം കണ്ടെത്തേണ്ടിവന്നു.
‘അമ്മ മരിച്ചോ ജീവനോടെയുണ്ടോ എന്നത് ഞങ്ങളെ ബാധിച്ച കാര്യമായിരുന്നില്ല. ഞങ്ങളുടെ അച്ഛൻ നിരപരാധിയാണ് എന്ന് മാത്രം അറിയാമായിരുന്നു. അച്ഛൻ പുറത്തുവരാനായി പ്രാർഥിച്ചിരുന്നു. അച്ഛൻ ജയിലില്‍ നിന്ന് ഇറങ്ങി. ഇനി എനിക്ക് പഠനം തുടരണം. പത്താം ക്ലാസ് പരീക്ഷ എഴുതണം’ -കൃഷ്ണ പറഞ്ഞു.
മല്ലികയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ സുരേഷിന് 2023 സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവെച്ചാലായിരുന്നു ജാമ്യം ലഭിക്കുക. എന്നാല്‍, ഈ തുക കണ്ടെത്താൻ കുടുംബത്തിന് കഴിഞ്ഞില്ല. ഒരു വർഷത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് കുടുംബം ലക്ഷം രൂപ കെട്ടിവെച്ച് സുരേഷിനെ ജാമ്യത്തിലിറക്കിയത്.
ജാമ്യത്തിലിറങ്ങിയത് മുതല്‍ സുരേഷ് ഭാര്യയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിയാവുന്ന സുരേഷ്, അവർ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകുമെന്നും, കണ്ടെത്തി നിരപരാധിത്വം തെളിയിക്കണമെന്നുമുള്ള തീരുമാന ത്തിലായിരുന്നു. മല്ലികക്കായി സുരേഷും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും തിരഞ്ഞു.
തെക്കൻ കുടകിലെ ഷെട്ടിഗേരി മേഖലയില്‍ മല്ലികയുണ്ടെന്ന വിവരം ഇവർക്ക് ലഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഒടുവില്‍ ഇവർ മല്ലികയെ കണ്ടെത്തി. മടിക്കേരിയിലെ ഒരു തട്ടുകടയില്‍ കാമുകനൊപ്പമിരുന്ന് ചായ കുടിക്കുകയായി രുന്നു മല്ലിക. ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച മല്ലിക കാമുകനായ ഗണേഷ് എന്നയാള്‍ക്കൊപ്പം മടിക്കേരിയില്‍ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുകയായിരുന്നു. മല്ലിക ജീവനോടെയുണ്ട് എന്നതിന് തെളിവായി സുരേഷിന്‍റെ കൂട്ടുകാർ ഇവരുടെ ദൃശ്യങ്ങള്‍ പകർ ത്തി.
താൻ ‘കൊലപ്പെടുത്തിയ’ ഭാര്യ മല്ലികയെ താൻ ജീവനോടെ കണ്ടെത്തിയ കാര്യം സുരേഷ് പൊലീസിനെ അറിയിച്ചു. കേസ് വീണ്ടും അന്വേഷിക്കണമെന്നും തന്നെ കുറ്റമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹരജിയും ഫയല്‍ ചെയ്തു. തെളിവായി കോടതിയില്‍ മല്ലികയെ കണ്ടെത്തിയ ദൃശ്യങ്ങള്‍ ഹാജരാക്കി. തുടർന്ന് പൊലീസ് മല്ലികയെ കസ്റ്റഡിയിലെടുക്കുകയും കോടതി സുരേഷിനെ കുറ്റമുക്തനാക്കുകയും ചെയ്തു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി താൻ ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കുറ്റസമ്മതം നടത്തി.
പൊലീസിന്‍റെ അനാസ്ഥയാണ് സുരേഷിന്‍റെ ജയില്‍വാസത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പാണ്ഡു പൂജാരി പറഞ്ഞു. കാവേരിയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മല്ലികയുടേതാണെന്ന് വരുത്താനുള്ള വ്യഗ്രതയായിരുന്നു പൊലീസിന്. സുരേഷിനെ കൊണ്ട് നിർബന്ധിച്ച് കുറ്റസമ്മത മൊഴിയില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു. ഡി.എൻ.എ റിപ്പോർട്ട് പോലും നോക്കാതെ പൊലീസ് തിരക്കിട്ട് കുറ്റപത്രം നല്‍കി സുരേഷിനെ ജയിലിലടക്കുകയായിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു.
by Midhun HP News | Apr 10, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: തഹാവൂര്‍ റാണയെ യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചകളില്‍ നിറയുകയാണ് 2008 ലെ മുംബൈ ഭീകരാക്രമണം. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ തഹാവൂര്‍ റാണ വാര്‍ത്തകളില്‍ നിറയുമ്പോള്‍ നടുക്കുന്ന ഓര്‍മകളിലേക്ക് തിരിച്ച് നടക്കുകയാണ് മുംബൈ നിവാസികള്‍. ഭീകരാക്രമണത്തിന്റെ ഭീകരത നേരിട്ട് അനുഭവിച്ച മൂഹമ്മദ് തൗഫീക്കിന്റെ പ്രതികരണം ഇതിന് ഉദാഹരണമാണ്. മുംബൈ ഛത്രപതി ശിവജി ടെല്‍മിനസ് റെയില്‍വെ സ്റ്റേഷനിലെ ടീസ്റ്റാള്‍ ഉടമയാണ് മുഹമ്മദ് തൗഫീക്ക്.
വര്‍ഷങ്ങള്‍ക്കിപ്പുറം തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ ഭീകരാക്രമണ കേസില്‍ ശക്തമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് തൗഫീക്ക്. ചികിത്സ സുരക്ഷ എന്നിവയുടെ പേരില്‍ തഹാവൂര്‍ റാണയ്ക്ക് പ്രത്യേക പരിഗണന നല്‍കരുത്. പ്രത്യേക സെല്ലും, കഴിക്കാന്‍ ബിരിയാണിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുന്ന നിലയുണ്ടാവരുത്. റാണയ്ക്ക വധശിക്ഷ നല്‍കണം എന്നും തൗഫീക്ക് ആവശ്യപ്പെടുന്നു.
മുംബൈ ഭീകരാക്രമണ കേസില്‍ പിടിക്കപ്പെട്ട അജ്മല്‍ കസബ് ജയില്‍ വാസകാലത്ത് മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഓര്‍ത്തെടുത്താണ് തൗഫീക്കിന്റെ പ്രതികരണം. എന്നാല്‍, കസബ് അത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ല എന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറയുന്നു. കസബിന് അനുകൂലമായി ഒരു ജനവികാരം രൂപം കൊള്ളുന്നത് തടയുന്നതിനായിട്ടായിരുന്നു ഇത്തരം ഒരു പ്രചാരണം എന്നും ഉജ്ജ്വല്‍ നികം പറയുന്നു. കസബ് ജയിലില്‍ ബിരിയാണി ആവശ്യപ്പെട്ടിരുന്നില്ലെന്നും സര്‍ക്കാര്‍ ഇത് നല്‍കിയിട്ടില്ലെന്നും ഉജ്ജ്വല്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ എത്തിച്ചാല്‍, സാധ്യമാകും വേഗത്തില്‍ റാണയെ തൂക്കിലേറ്റണം എന്നും തൗഫീക്ക് പറയുന്നു. ”ആരെങ്കിലും റാണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ശിക്ഷ നടപ്പാക്കണം. റാണയ്ക്ക് വധശിക്ഷ ലഭിച്ചാല്‍ അത് താന്‍ ആഘോഷിക്കും. സര്‍ക്കാര്‍ ഇരകള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്, പക്ഷേ പണത്തിന് ആരുടെയും ജീവന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.” റെയില്‍വെ സ്റ്റേഷനില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ നിരവധി പേരെ സുരക്ഷിതരാക്കി രക്ഷപ്പെടുത്തിയ വ്യക്തികൂടിയാണ് ചോട്ടു ചായ് വാല എന്നറിയപ്പെടുന്ന തൗഫീക്ക്.
by Midhun HP News | Apr 10, 2025 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: 2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് പോരാട്ടങ്ങളുണ്ടാകുമെന്നു ഉറപ്പായി. 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത്. 1900ത്തിലാണ് ആദ്യമായി ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. അതിനു ശേഷം ക്രിക്കറ്റ് ഒളിംപിക്‌സിലുണ്ടായിരുന്നില്ല.
പുരുഷ, വനിതാ വിഭാഗങ്ങളായി ആറ് ടീമുകളാണ് ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുക. 90 താരങ്ങള്‍ ഇരു വിഭാഗങ്ങളിലും കളത്തിലെത്തും. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരം. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ക്രിക്കറ്റടക്കം അഞ്ച് പുതിയ കായിക മത്സരങ്ങള്‍ക്ക് മത്സരാനുമതി നല്‍കിയിട്ടുണ്ട്. 2028ലെ ഒളിംപിക്‌സില്‍ 351 മെഡല്‍ പോരാട്ടങ്ങളുണ്ട്. പാരിസ് ഒളിംപിക്‌സിനെ അപേക്ഷിച്ച് 22 മെഡല്‍ പോരാട്ടങ്ങള്‍ കൂടും. 10,500 താരങ്ങളാണ് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുക. 2028ല്‍ 698 താരങ്ങള്‍ കൂടുതല്‍ ഉണ്ടാകും.
2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ 2023ലെ ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തി. 14 പുരുഷ ടീമുകളും 9 വനിതാ ടീമുകളുമാണ് ഏഷ്യന്‍ ഗെയിംസില്‍ കളിച്ചത്. ഇരു വിഭാഗങ്ങളിലും ഇന്ത്യയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
by Midhun HP News | Apr 10, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുഎസ് വിസ നിഷേധത്തിന് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) മുന്നറിയിപ്പ്. ഇമിഗ്രേഷന്‍ അധികാരികള്‍ വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും സെമിറ്റിക് വിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരുടെ വിസയോ റെസിഡന്‍സി പെര്‍മിറ്റോ നിഷേധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
‘തീവ്രവാദ അനുഭാവികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല, അവരെ ഇവിടെ പ്രവേശിപ്പിക്കാനോ ഇവിടെ തന്നെ തുടരാന്‍ അനുവദിക്കാനോ ഞങ്ങള്‍ക്ക് ബാധ്യതയില്ല,’ ആഭ്യന്തര സുരക്ഷാ വകുപ്പിലെ പബ്ലിക് അഫയേഴ്സ് (ഡിഎച്ച്എസ്)അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്‌ലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍, തീവ്രവാദികളില്‍ നിന്നും തീവ്രവാദ ചിന്തയുളള വിദേശികളില്‍ നിന്നും (ഹമാസ്, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ്, ഹിസ്ബുള്ള, അന്‍സാര്‍ അല്ലാഹ് അഥവാ ഹൂതികള്‍ പോലുള്ള സെമിറ്റിക് വിരുദ്ധ ഭീകര സംഘടനകള്‍, അക്രമാസക്തമായ സെമിറ്റിക് വിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നവര്‍ ഉള്‍പ്പെടെ) മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി കുടിയേറ്റ നിയമങ്ങളും പരമാവധി നടപ്പിലാക്കുമെന്ന് ഡിഎച്ച്എസ് അറിയിച്ചു.
സെമിറ്റിക് വിരുദ്ധ ഭീകരതയെയോ അനുബന്ധ പ്രവര്‍ത്തനങ്ങളെയോ പിന്തുണയ്ക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇമിഗ്രേഷന്‍ പരിശോധനകളില്‍ നെഗറ്റീവ് ഘടകമായി പരിഗണിക്കും. ഈ നയം ഉടനടി പ്രാബല്യത്തില്‍ വരും, വിസ അപേക്ഷകള്‍, ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍, മറ്റ് ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കും ഇത് ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു.
by Midhun HP News | Apr 10, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വാട്‌സ്ആപ്പിലെ പുതിയ തട്ടിപ്പില്‍ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പണം നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പ്.
ഒടിപികള്‍, വ്യാജ ലിങ്കുകള്‍, ഡിജിറ്റല്‍ അറസ്റ്റുകള്‍ തുടങ്ങിയ പതിവ് തട്ടിപ്പ് രീതികളില്‍ നിന്ന് വ്യത്യസ്തമാണിതെന്നും ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. മധ്യപ്രദേശില്‍ ഇത്തരം തട്ടിപ്പില്‍ കുടുങ്ങി ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടമായെന്നും അധികൃതര്‍ പറഞ്ഞു.
വാട്സ്ആപ്പ് അല്ലെങ്കില്‍ മറ്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി ചിത്രങ്ങള്‍ അയച്ചാണ് സ്‌കാമര്‍മാര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. ചില സന്ദര്‍ഭങ്ങളില്‍, വാട്സ്ആപ്പ് വഴി അയച്ച ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെടുന്നു. ഉപയോക്താവ് ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ അവരുടെ ഫോണ്‍ തകരാറിലാകും. ഇതോടെ തട്ടിപ്പുകാര്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കും.
ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ച് അതിലെ രഹസ്യമായ വിവരങ്ങള്‍ മറച്ചുവെക്കുന്നതാണ് ഈ തീരി. ടെക്സ്റ്റ്, ഇമേജുകള്‍, വിഡിയോ, ഓഡിയോ എന്നിവയുള്‍പ്പെടെ വിവിധ തരം ഡിജിറ്റല്‍ ഉള്ളടക്കം മറയ്ക്കാന്‍ ഇത് ഉപയോഗിക്കാം.
ഇത്തരത്തില്‍ മറഞ്ഞിരിക്കുന്ന ഡാറ്റ പിന്നീട് മറ്റൊരിടത്തേക്ക് പകര്‍ത്താനും കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം സാങ്കേതിക വിദ്യയെ സ്റ്റെഗനോഗ്രഫി എന്നാണ് പറയുന്നത്. ചിത്രങ്ങള്‍ക്കുള്ളില്‍ വ്യാജ ലിങ്കുകള്‍ ചേര്‍ക്കാന്‍ സ്‌കാമര്‍മാര്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ ലിങ്കുകള്‍ ഇരയുടെ സ്മാര്‍ട്ട്ഫോണിലേക്ക് വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, ഇതോടെ ഒടിപി അടക്കം ലഭ്യമാക്കി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതാണ് രീതി.
by Midhun HP News | Apr 10, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: ശ്രീനഗർ- ഡൽഹി എയർ ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റ് വിമാനം ലാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെ മരിച്ചു. ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അർമാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വിശ്രമിക്കാൻ പോകുന്നതിനിടെ അർമാന് ഹൃദയാഘാതം ഉണ്ടായത്. എയർലൈൻ ഡിസ്‌പാച്ച് ഓഫീസിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അർമാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു അർമാൻ കുഴഞ്ഞു വീണത്. എയർ ഇന്ത്യ എക്സ്പ്രസ് അർമാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
Recent Comments