by Midhun HP News | Oct 8, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം പുരോഗമിക്കവേ ഹരിയാനയിൽ ബി.ജെ.പിയുടെ തിരിച്ചുവരവ്. ആദ്യ മണിക്കൂറിൽ കോൺഗ്രസാണ് വൻ മുന്നേറ്റം നടത്തിയതെങ്കിൽ ഇപ്പോൾ ബി.ജെ.പി തിരിച്ചുകയറുകയാണ്. ബി.ജെ.പി 46 സീറ്റിലും കോൺഗ്രസ് 37 സീറ്റിലുമാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം 48 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പി 26 ഇടത്തും പി.ഡി.പി അഞ്ചിടത്തുമാണ് മുന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളിലാണ് മത്സരം.
ഹരിയാനയിൽ കോൺഗ്രസും ജമ്മു-കശ്മീരിൽ തൂക്കുസഭയുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിട്ടുള്ളത്. ഹരിയാനയിൽ ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 61 ശതമാനവും ജമ്മു-കശ്മീരിൽ സെപ്റ്റംബർ 18, 28, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.
by Midhun HP News | Oct 8, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: നവരാത്രിയോടനുബന്ധിച്ച് താൻ രചിച്ച ഗർബ ഗാനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർഗ ദേവിയ്ക്ക് സമർപ്പണമായാണ് പ്രധാനമന്ത്രി ഗാനം രചിച്ചത്. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവച്ചത്. പ്രശസ്ത ഗായിക പൂർവ മന്ത്രിയാണ് ഈണം നൽകിയിരിക്കുന്നത്. ‘ഇത് നവരാത്രിയുടെ ശുഭകരമായ സമയമാണ്, ആളുകൾ ദുർഗ മാതാവിനോടുള്ള ഭക്തിയാൽ ഒന്നിച്ച് വ്യത്യസ്ത രീതികളിൽ ആഘോഷിക്കുന്നു.

ഭക്തിയുടെയും ആനന്ദത്തിന്റെയും വേളയിൽ ഞാൻ രചിച്ച ‘ആവതി കലായ്’ എന്ന ഗർബ ഗാനം ഇതാ, ദേവിയുടെ ശക്തിക്കും കൃപയ്‌ക്കും മുന്നിൽ സമർപ്പിക്കുന്നു. ദേവിയുടെ അനുഗ്രഹങ്ങൾ എപ്പോഴും നമ്മിൽ നിലനിൽക്കട്ടെ’- ഗാനം പങ്കുവച്ച് മോദി എക്സിൽ കുറിച്ചു. തന്റെ ഗർബ ഗാനം ആലപിച്ചതിന് ഗായിക പൂർവ മന്ത്രിയ്ക്ക് നന്ദിയും കുറിച്ചിട്ടുണ്ട് പ്രധാനമന്ത്രി.
അവർ ഒരു പ്രതിഭാധനയായ ഗായികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗുജറാത്തിലെ നാടോടി നൃത്തരൂപമായ ഗർബ നവരാത്രി ഉത്സവവേളയിൽ ഏറെ പ്രാധാന്യമുള്ളതാണ്. 2023 ഡിസംബറിൽ യുനെസ്കോയുടെ പൈതൃകപ്പട്ടികയിലും ഗർബ ഇടംനേടിയിരുന്നു. കഴിഞ്ഞവർഷവും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മോദി താൻ രചിച്ച ഗർബ ഗാനം പങ്കുവെച്ചിരുന്നു.
by Midhun HP News | Oct 7, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ചത്തെ കനത്ത ഇടിവില്‍ നിന്ന് തിരിച്ചുകയറുമെന്ന പ്രതീതി സൃഷ്ടിച്ച ഓഹരി വിപണി നഷ്ടത്തില്‍. വിപണിയുടെ തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി 11 മണിയോടെ വീണ്ടും നഷ്ടത്തിലേക്ക് വഴുതി വീഴുകയായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 900 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. നിഫ്റ്റി 24,700 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ പോയി.
ദിവസങ്ങള്‍ക്ക് മുന്‍പ് 85000 പോയിന്റും കടന്ന് മുന്നേറിയ സെന്‍സെക്‌സ് 81,000 പോയിന്റിലും താഴെക്കാണ് ഇന്ന് പോയത്. ആഗോള സാഹചര്യങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ അസംസ്‌കൃത എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ചിന്ത അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള മറ്റു ഘടകങ്ങളും നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്.
ഐടി സെക്ടര്‍ ഒഴികെ മറ്റു മേഖലകളെല്ലാം നഷ്ടത്തിലാണ്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ഇന്‍ഫോസിസ്, ഐടിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ചുരുക്കം ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
by Midhun HP News | Oct 7, 2024 | Latest News, ദേശീയ വാർത്ത
മംഗളുരുവില്‍ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌കൂബ ടീമും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കുലൂര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്.മുംതാസ് അലിയുടെ കാര്‍ കുലൂര്‍ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ജനതാദള്‍ (സെക്യുലര്‍) നേതാവ് ബി.എം ഫറൂഖിന്റേയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മൊഹിയുദ്ദീന്‍ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനാണ്. സിറ്റി പൊലീസ്, ഫയര്‍ഫോഴ്‌സ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്. മാല്‍പെയും ദൗത്യത്തിന്റെ ഭാഗമായി. അലിയുടെ മകള്‍ കവൂര്‍ സ്റ്റേഷനില്‍ അദ്ദേഹത്തെ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പരാതി നല്‍കിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്കെതിരെപൊലീസ് കേസെടുത്തു.
ഞായറാഴ്ച മൂന്ന് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹം നഗരത്തില്‍ ചുറ്റിത്തിരിയുകയായിരുന്നുവെന്നും പുലര്‍ച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. മൃതശരീരം സ്വകാര്യ ആശുപത്രിയിലേത്ത് മാറ്റിയിട്ടുണ്ട്.

by Midhun HP News | Oct 5, 2024 | Latest News, ദേശീയ വാർത്ത
ലബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. വടക്കൻ ലബനനിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തല്ല കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നു.
വടക്കൻ ലെബനൻ നഗരമായ ട്രിപ്പോളിയിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിലാണ് ഹമാസ് സായുധ വിഭാഗം തലവനായ സയീദ് അത്തല്ല കൊല്ലപ്പെട്ടത്. അത്തല്ലയുടെ മൂന്ന് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോട്ടുണ്ട്. ബെയ്‌റൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ തുടർച്ചയായ സ്‌ഫോടനങ്ങൾ ഉണ്ടായി. ഗ്രാമപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം നിർദേശം നൽകിയതിന് പിന്നാലെയാണിത് . ഗസയിലെ നുസ്രത്ത് അഭയാർത്ഥി ക്യാംപിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു.
ഇതിനിടെ ലബനനിൽ യുഎസ് പൗരൻ കൊല്ലപ്പെട്ടെന്ന വാർത്ത അമേരിക്ക സ്ഥിരീകരിച്ചു. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഐക്യരാഷ്ട്ര സംഘടന സമാധാന സേനാംഗങ്ങൾ തെക്കൻ ലെബനനിൽ നിലയുറപ്പിച്ചു, ഇസ്രായേലിനും ലെബനനുമിടയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സ്ഥിതിഗതികൾ ചർച്ചചെയ്യുന്നതിന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ എത്തി.
അതിനിടെ തെക്കൻ ഇസ്രായേലിലെ ഐൻ ഹാഷ്‌ലോഷയിലും കിസുഫിലും മുന്നറിയിപ്പ് സൈറൻ നൽകി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയിയുടെ പ്രഭാഷണത്തിന് പിന്നാലെ ഇറാൻ റോക്കറ്റ് ആക്രമണം നടത്തിയതിൽ പ്രകോപിതരായാണ് ഇസ്രായേൽ വ്യോമാക്രമണം വീണ്ടും കടുപ്പിച്ചത്. ആക്രമണങ്ങളിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
by Midhun HP News | Oct 5, 2024 | Latest News, ദേശീയ വാർത്ത
സന: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ അതിശക്തമായ ആക്രമണം. യുദ്ധക്കപ്പലുകളും വിമാനങ്ങളും പങ്കെടുത്ത ആക്രമണത്തിൽ 15 ഹൂതി കേന്ദ്രങ്ങൾ തകർത്തെന്ന് അമേരിക്കൻ സൈനിക വക്താവ് വ്യക്തമാക്കി. ചെങ്കടലിൽ എണ്ണക്കപ്പൽ തകർക്കുന്ന ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്.
ചരക്കു കപ്പലുകൾ ആക്രമിച്ചുകൊണ്ട് ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിക്കാനുള്ള ഹൂതികളുടെ നീക്കത്തിനുള്ള മറുപടിയായാണ് അമേരിക്കയുടെ ആക്രമണം. ആയുധ സംഭരണ കേന്ദ്രങ്ങളടക്കം 15 ഹൂതി കേന്ദ്രങ്ങൾ തകർത്തുവെന്നാണ് സൈനിക വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ആറു മാസത്തിനിടെ നൂറിലേറെ ചരക്കു കപ്പലുകൾക്ക് നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലും ആക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കടുത്ത ആക്രമണം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായത്.
അതേസമയം, ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ഇന്നലെ രാത്രിയും ബെയ്റൂട്ടിലടക്കം വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നു. ബെയ്റൂട്ടിൽനിന്ന് 50 കിലോമീറ്റർ അകലെ ലബനൻ–സിറിയ അതിർത്തിയിലെ തിരക്കേറിയ മസ്നാ ബോർഡർ ക്രോസിങ് ഇസ്രയേൽ ബോംബിട്ടു തകർത്തു. സിറിയയിൽനിന്ന് ഹിസ്ബുല്ലയ്ക്ക് ആയുധങ്ങളെത്തിച്ചിരുന്ന ഇവിടത്തെ തുരങ്കം തകർത്തെന്ന് ഇസ്രയേൽ പറഞ്ഞു. ലബനോണിലെ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ എണ്ണ സംഭരണ ശാലകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിക്കുകയാണ്. ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനമാണ് ഇന്നലെ മാത്രം വർധിച്ചത്.

Recent Comments