by Midhun HP News | Mar 29, 2025 | Latest News, ദേശീയ വാർത്ത
സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി അഭിഭാഷകരുടെ സന്ദേശം. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അഭിഭാഷക മുഖേന അറിഞ്ഞുവെന്ന് നിമിഷപ്രിയ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ.
വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായെന്ന് അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശം. വധശിക്ഷാ തീയതി തീരുമാനിച്ചതായും ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തില്‍ പറയുന്നത്. നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.
യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്.
by Midhun HP News | Mar 29, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: റെയിൽവേ കൗണ്ടർ വഴി ടിക്കറ്റെടുക്കുകയും യാത്ര മുടങ്ങുകയും ചെയ്താൽ ഇനി പണം പോകില്ല. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകൾ ഓൺലൈൻ വഴി റദ്ദാക്കാം. ഐആർസിടിസിയുടെ വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം റെയിൽവേ ഒരുക്കിയിട്ടുണ്ട്. 139 എന്ന ടോൾ ഫ്രീ നമ്പറിലും സൗകര്യം ലഭിക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാർക്കു ടിക്കറ്റ് പണം റിസർവേഷൻ കൗണ്ടറിൽ നിന്നു തിരിച്ചു വാങ്ങാം.
by Midhun HP News | Mar 29, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന 78,000 കോടിയിലധികം വരുന്ന അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ നോമിനിക്ക് തിരിച്ചു നല്‍കാന്‍ ലളിതമായ മാര്‍ഗം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. അവകാശികളില്ലാത്ത നിക്ഷേപങ്ങളും നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്കുമായുള്ള ആര്‍.ബി.ഐയുടെ പുതിയ മാര്‍ഗ നിര്‍ദേശം ഏപ്രില്‍ ഒന്നുമുതല്‍ ബാങ്കുകള്‍ നടപ്പാക്കിതുടങ്ങും.
എല്ലാ ബാങ്കുകളും അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അക്കൗണ്ട് ഉടമയുടെ പൂര്‍ണമായ വിവരങ്ങള്‍ ഇതിലുണ്ടാകും. കൂടാതെ പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കും.
നിശ്ചിത രൂപത്തിലുള്ള അപേക്ഷഫോമും സാക്ഷ്യപത്രവും ഇതിലുള്‍പ്പെടുത്തും. നിക്ഷേപം തിരിച്ച് പിടിക്കാന്‍ വേണ്ട രേഖകളുടെ വിവരങ്ങളും ഉണ്ടാകും. അപേക്ഷകര്‍ അവരുടെ പേരും, മൊബൈല്‍ നമ്പറും, മേല്‍വിലാസവും അടക്കമുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. അതത് ബാങ്കുകളുടെ ശാഖകള്‍ ഇത് വേരിഫൈ ചെയ്ത് അപേക്ഷകള്‍ തീര്‍പ്പാക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദേശങ്ങള്‍
കഴിഞ്ഞ വര്‍ഷമാണ് റിസര്‍വ് ബാങ്ക് ചര്‍ച്ചകള്‍ക്ക് ശേഷം പൊതുമേഖല ബാങ്കുകളില്‍ നിന്നുള്ള സീനിയര്‍ ബാങ്കര്‍മാരെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് ഉണ്ടാക്കിയത്. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 2026 സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയി തന്നെ നിക്ഷേപം തിരിച്ചെടുക്കാനുള്ള സംവിധാനം നടപ്പാകുമെന്നാണ് സൂചന.
നിലവില്‍ ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ ഉദ്ഗം (UDGAM) പോര്‍ട്ടല്‍ വഴി അവകാശികളില്ലാത്ത നിക്ഷേപങ്ങളെ കുറിച്ച് പരിശോധിക്കാന്‍ മാര്‍ഗമുണ്ട്. ഇതിനുശേഷം ബാങ്കുകളെ സമീപിച്ച് പണം തിരിച്ച് ആവശ്യപ്പെടാം.
നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്നത് ഡെഫില്‍
10 വര്‍ഷത്തില്‍ കൂടുതലായി നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യുക്കേഷന്‍ ആന്റ് അവയര്‍നെസ് ഫണ്ടിലേക്ക് (DEAF) മാറ്റിയാണ് സൂക്ഷിക്കുന്നത്. 2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 78,213 കോടി രൂപയാണ് ഇതിലുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനയുണ്ട്.
അവകാശികളില്ലാതെ ബാങ്കുകളിലും ഓഹരികളിലും മ്യൂച്വല്‍ഫണ്ടുകളിലും ഇന്‍ഷുറന്‍സികളിലുമൊക്കെ കിടക്കുന്ന തുക സെറ്റില്‍ചെയ്യാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ധനകാര്യ നിയന്ത്രണ ഏജന്‍സികളോട് നിര്‍ദേശിച്ചിരുന്നു
ഇനി മുതല്‍ നാല് നോമിനികള്‍.
ബാങ്ക് നിക്ഷേപങ്ങള്‍ക്കും ലോക്കറുകള്‍ക്കും ഒരേസമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാന്‍ അവസരം നല്‍കാന്‍ ബാങ്കിംഗ് ഭേദഗതി ബില്‍ ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിട്ടുണ്ട്. രാഷ്ട്രപതി അനുമതി നല്‍കുന്നതോടെ ബില്‍ നിയമമാകും. അവകാശികളില്ലാതെ നിക്ഷേപങ്ങള്‍ പെരുകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്നാണ് വിലയിരുത്തുന്നത്.
by Midhun HP News | Mar 29, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഭൂചലനമുണ്ടായ മ്യാന്‍മറിലേക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. സൈനിക ഗതാഗത വിമാനത്തില്‍ ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ മ്യാന്‍മറിലേക്ക് അയയ്ക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ C130J വിമാനമാണ് അയയ്ക്കുക.
ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുക. തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നേരത്തെ തുറന്നിരുന്നു.
തായ്‌ലന്റിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും ജീവനക്കാര്‍ സുരക്ഷിതരാണെന്നും എംബസി എക്‌സില്‍ പോസ്റ്റ് ചെയ്തു. നിലവില്‍ 150 പേരോളം ഭൂചലനത്തില്‍പ്പെട്ട് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മ്യാന്‍മറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രദേശിക സമയം ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാന്‍മറില്‍ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാന്‍മര്‍ ആയിരുന്നെങ്കിലും ഒപ്പം തായ്‌ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി. ബാങ്കോക്കില്‍ നിരവധി വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ജോലിസ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
by Midhun HP News | Mar 28, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മണ്ടാലെയ്ക്ക് സമീപം 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു.
തുടര്‍ച്ചയായി രണ്ട് തവണ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ചലനങ്ങള്‍ അനുഭവപ്പെട്ടു. മ്യാന്‍മറിലെ മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേയ്ക്ക് തകര്‍ന്നു വീണു.
by Midhun HP News | Mar 28, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. മഹാവീര്‍ ജയന്തി, അംബേദ്കര്‍ ജയന്തി, ദുഃഖ വെള്ളി, ബസവ ജയന്തി, വിഷു, അക്ഷയ തൃതീയ തുടങ്ങി നിരവധി പ്രധാനപ്പെട്ട ദിനങ്ങള്‍ ഏപ്രിലില്‍ വരുന്നുണ്ട്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി. വാര്‍ഷിക അക്കൗണ്ട് ക്ലോസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഏപ്രില്‍ മാസത്തില്‍ മൊത്തം 15 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ഏപ്രില്‍ 1 (ചൊവ്വ) – ബാങ്കുകളുടെ വാര്‍ഷിക അക്കൗണ്ട് ക്ലോസിങ്- എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധി
ഏപ്രില്‍ 5 (ശനി) ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം-തെലങ്കാനയില്‍ ബാങ്കുകള്‍ അവധി
ഏപ്രില്‍ ആറ് (ഞായറാഴ്ച)- ബാങ്ക് അവധി
ഏപ്രില്‍ 10 (വ്യാഴം) മഹാവീര്‍ ജയന്തി-ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.
ഏപ്രില്‍ 12 (രണ്ടാം ശനിയാഴ്ച)
ഏപ്രില്‍ 13 ( ഞായറാഴ്ച)
ഏപ്രില്‍ 14 (തിങ്കളാഴ്ച) അംബേദ്കര്‍ ജയന്തി, വിഷു, ബിഹു, തമിഴ് പുതുവത്സരം- മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നിവ ഒഴികെയുള്ള പല സംസ്ഥാനങ്ങളിലും ഈ ദിവസം ബാങ്കുകള്‍ക്ക് അവധി.
ഏപ്രില്‍ 15 (ചൊവ്വ) ബംഗാളി പുതുവത്സരം, ബൊഹാഗ് ബിഹു, ഹിമാചല്‍ ദിനം- അസം, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി
ഏപ്രില്‍ 18 (വെള്ളി) ദുഃഖവെള്ളി- ത്രിപുര, അസം, രാജസ്ഥാന്‍, ജമ്മു, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും അവധി
ഏപ്രില്‍ 20- ഈസ്റ്റര്‍- ഞായറാഴ്ച
ഏപ്രില്‍ 21 (തിങ്കള്‍) ഗാരിയ പൂജ- ത്രിപുരയില്‍ ബാങ്കുകള്‍ക്ക് അവധി
ഏപ്രില്‍ 26- നാലാമത്തെ ശനിയാഴ്ച
ഏപ്രില്‍ 27- ഞായറാഴ്ച
ഏപ്രില്‍ 29 (ചൊവ്വ) പരശുരാമ ജയന്തി- ഹിമാചല്‍ പ്രദേശില്‍ ബാങ്കുകള്‍ക്ക് അവധി
ഏപ്രില്‍ 30 (ബുധന്‍) ബസവ ജയന്തിയും അക്ഷയ തൃതീയയും- കര്‍ണാടകയില്‍ ബാങ്കുകള്‍ക്ക് അവധി.
Recent Comments