by Midhun HP News | Mar 28, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. കാര്‍ഡ് സൈ്വപ്പ് ചെയ്ത് പണം നല്കുമ്പോള് സ്കിമ്മിങ്ങിന് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ബിസിനസ് കണ്‍സള്‍ട്ടന്റുമായ സാര്‍ത്ഥക് അഹൂജ മുന്നറിയിപ്പ് നല്കി. സൈ്വപ്പ് ചെയ്ത് പണം നല്‍കുന്നതിന് പകരം യുപിഐ അല്ലെങ്കില്‍ ടച്ച്ലെസ് പേയ്മെന്റ് രീതികള്‍ പരീക്ഷിക്കാനും സാര്‍ത്ഥക് അഹൂജ ഇന്‍സ്റ്റയിലൂടെ നിര്‍ദേശിച്ചു.
സ്കിമ്മിങ്ങിന് ഇരയായി ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട ഒരാളുടെ ദുരനുഭവം വിവരിച്ച് കൊണ്ടാണ് സാര്‍ത്ഥക അഹൂജ മുന്നറിയിപ്പ് നല്‍കിയത്. ‘കാറില്‍ ഇന്ധനം നിറയ്ക്കാന്‍ കാര്‍ഡ് സൈ്വപ്പ് ചെയ്ത് പിന് നല്‍കിയെങ്കിലും ഇടപാട് നിരസിച്ചു. വീണ്ടും പിന് നമ്പര്‍ നല്‍കിയെങ്കിലും കാര്‍ഡ് വീണ്ടും നിരസിക്കപ്പെട്ടു. മൂന്നാം തവണയും ശ്രമിച്ചപ്പോള്‍ പണമടയ്ക്കാന്‍ സാധിച്ചു. എന്നിരുന്നാലും, ആദ്യത്തെ രണ്ട് തവണയും ഇടപാട് നിരസിച്ച സന്ദേശം അദ്ദേഹത്തിന് ലഭിച്ചില്ല. രണ്ടാഴ്ചകള്‍ക്ക് ശേഷം കാര്‍ഡില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പിന്‍വലിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം അറിഞ്ഞത്. അന്വേഷണത്തില്‍ പെട്രോള്‍ സ്റ്റേഷനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്തപ്പോഴാണ് പണം നഷ്ടമായതെന്ന് മനസിലായി. കാര്‍ഡ് ക്ലോണ്‍ ചെയ്ത് ആരോ തട്ടിപ്പ് നടത്തി എന്ന് മനസിലായി’- സാര്‍ത്ഥക് അഹൂജ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വിവരിച്ചു.
ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ മൂന്ന് മാര്‍ഗനിര്‍ദേശങ്ങളും സാര്‍ത്ഥക് അഹൂജ പങ്കുവെച്ചു.
1 യുപിഐ അല്ലെങ്കില്‍ ടച്ച്ലെസ് പേയ്മെന്റ് രീതികള്‍ പരീക്ഷിക്കൂക.
2 കാര്‍ഡ് സൈ്വപ്പ് ചെയ്യുന്നത് ഒഴിവാക്കുക. സംശയാസ്പദമായി തോന്നുന്ന മെഷീനില്‍ ഇടപാട് പരാജയപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്ത ഫോണില്‍ ഇടപാട് നിരസിക്കപ്പെട്ടതായി കാണിച്ച് സന്ദേശം ലഭിക്കുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക. സന്ദേശമില്ലെങ്കില്‍, പിന് ഉപയോഗിച്ച് കാര്‍ഡ് ക്ലോണ്‍ ചെയ്തിരിക്കാം.
3 വിദേശത്തേക്ക് യാത്ര ചെയ്യുന്നില്ലെങ്കില്‍ കാര്‍ഡിലെ അന്താരാഷ്ട്ര പേയ്മെന്റുകള്‍ പ്രവര്‍ത്തനരഹിതമാക്കുക. കാരണം സ്കിംഡ് കാര്‍ഡുകളില്‍ നിന്നുള്ള ഈ പേയ്മെന്റുകളില്‍ ഭൂരിഭാഗവും വിദേശത്ത് വച്ചാണ് നടക്കുന്നത്.
by Midhun HP News | Mar 28, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫയര്‍ഫോഴ്സ് തീ അണച്ച ശേഷം ജസ്റ്റിസിന്റെ വസതിയില്‍ ഒരു സ്ത്രീ എത്തിയിരുന്നതായും സംഭവം സമയത്ത് അവിടെ ഉണ്ടായിരുന്ന ഡല്‍ഹി പൊലീസുമായി ഇവര്‍ സംസാരിച്ചിരുന്നതായും കണ്ടെത്തല്‍. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന പണം ഇവരുടെ കാറില്‍ മറ്റൊരിടത്തേക്ക് മാറ്റിയെന്നാണ് സൂചന.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിച്ചിരുന്നു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് വീട്ടില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.
ഫുള്‍ കോര്‍ട്ട് യോഗത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിഷയം ധരിപ്പിച്ചിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിനിടെ യശ്വന്ത് വര്‍മയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണത്തിന് ഫുള്‍ കോര്‍ട്ട് യോഗം തീരുമാനമെടുത്തത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീം കോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില്‍ അംഗമായിരിക്കും.
by Midhun HP News | Mar 27, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് ഇടപെടാമെന്നും കേസിന്റെ അന്വേഷണഘട്ടത്തില്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നതെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന് വ്യക്തമാക്കി.
by Midhun HP News | Mar 27, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ആഗോള വ്യാപാരയുദ്ധത്തിന് എണ്ണപകരും വിധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. യുഎസിലേക്കുള്ള വാഹന, സ്പെയര്‍ പാര്‍ട്സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി. പുതിയ നികുതി നിരക്ക് ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. സ്പെയര്‍ പാര്‍ട്സുകള്‍ക്ക് പുതിയ തീരുവ മെയ് മുതലായിരിക്കും ചുമത്തുക.
യുഎസിലെ കാര്‍ വ്യവസായത്തിന്റെ വമ്പിച്ച വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന നടപടി എന്ന് വ്യക്തമാക്കിയാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്. നടപടി യുഎസില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. കാറുകള്‍ക്ക് മാത്രമല്ല, യുഎസില്‍ അസംബിള്‍ ചെയ്യുന്നതിനായി രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കാര്‍ ഭാഗങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
എന്നാല്‍ ട്രംപിന്റെ തീരുമാനം തിരിച്ചടിയാകുമെന്നാണ് ഉയരുന്ന പ്രധാന എതിര്‍വാദം. താരിഫ് വര്‍ധന വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ വിഭാഗത്തിന്റെ വാദം. രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് താത്കാലികമായെങ്കിലും പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യമാണ് തീരുമാനം ഉണ്ടാക്കാന്‍ പോകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. താരിഫ് ചുമത്തിയ നടപടി വാഹന വിപണിയില്‍ വിലക്കയറ്റത്തിന് വഴിയൊരുക്കുകയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയേക്കും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
യുഎസിലെ വാഹന വിപണി
ലോകത്തിലെ ഏറ്റവും സജീവമായ വാഹന വിപണികളില്‍ ഒന്നാണ് യുഎസിന്റേത്. കഴിഞ്ഞ വര്‍ഷം മാത്രം എണ്‍പത് ലക്ഷത്തോളം വാഹനങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്. ഏകദേശം 24000 കോടി യുഎസ് ഡോളറിന്റെ ഇടപാടാണ് ഇതിലൂടെ നടന്നിട്ടുള്ളത്. ആഗോള തലത്തിലെ വാഹന ഇറക്കുമതി കണക്കുകളുടെ പകുതിയോളമാണ് യുഎസിന്റെ സംഭാവന.
യുഎസിലേക്കുള്ള വാഹന കയറ്റുമതിയില്‍ മെക്സികോ ആണ് മുന്നില്‍. ദക്ഷിണ കൊറിയ, ജപ്പാന്, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങളുടെ വാഹന കമ്പനികളുടെയും പ്രധാന വിപണിയാണ് യുഎസ്. തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ നീക്കം ആഗോള വ്യാപാര യുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
യുഎസ് ആസ്ഥാനമായ വാഹന നിര്‍മാണ കമ്പനികള്‍ക്കും തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള സ്വതന്ത്ര വ്യാപാര കരാറുകളുടെ ഭാഗമായി നിരവധി യുഎസ് കമ്പനികള്‍ മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
അതേസമയം, കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള സ്പെയര്‍ പാര്‍ടുസുകള്‍ക്ക് പുതിയ തീരുവയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയിലും വാഹന കമ്പനികള്‍ വലിയ തിരിച്ചടി നേരിട്ടു. ജനറല്‍ മോട്ടോഴ്സിന്റെ ഓഹരികള്‍ ഏകദേശം 3 ശതമാനമാണ് ഇടിഞ്ഞത്. ഫോര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികളുടെ ഓഹരികളും തിരിച്ചടി നേരിട്ടു.
തീരുവ ഉണ്ടാക്കുന്ന തുടര്‍ ചലനങ്ങള്‍
ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏര്പ്പെുടുത്തിയാല് യുഎസിലേക്കുള്ള വാഹന ഇറക്കുമതിയില്‍ 75 ശതമാനമെങ്കിലും കുറവുണ്ടാകുമെന്നാണ് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന് 2024 നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യം രാജ്യത്തെ വാഹന വിപണിയില്‍ അഞ്ച് ശതമാനം എങ്കിലും വില വര്‍ധിപ്പിക്കുന്ന നിലയുണ്ടാക്കും.
എന്നാല്‍, താരിഫ് ചുമത്താനുള്ള തീരുമാനം യുഎസില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലാണ് ട്രംപിനും സംഘത്തിനുമുള്ളത്. തന്റെ ഒന്നാം ടേമിലും ട്രംപ് വാഹന ഇറക്കുമതിക്ക് തീരുവ ചുമത്താനുള്ള നീക്കം നടത്തിയിരുന്നു. അതേസമയം, ട്രംപിന്റെ തീരുമാനം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹ്യുണ്ടായി യുഎസില്‍ 2100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. യുഎസിലെ തെക്കന്‍ സംസ്ഥാനമായ ലൂസിയാനയില്‍ ഒരു പുതിയ സ്റ്റീല്‍ പ്ലാന്റ് ഉള്‍പ്പെടെ സജ്ജമാക്കുമെന്നാണ് പ്രഖ്യാപനം. താരിഫ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന്റെ ഗുണം കണ്ടുതുടങ്ങുന്നു എന്നായിരുന്നു ഈ നടപടിയോട് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
ട്രംപിന്റെ നടപടിയെ പ്രശംസിക്കുന്നവരും കുറവല്ല. തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിര് ചേരിയില്‍ ഉണ്ടായിരുന്ന യുണൈറ്റഡ് ഓട്ടോവര്‍ക്കേഴ്സ് യൂണിയ പ്രസിഡന്റിന്റെ നടപടികളെ പ്രശംസിച്ച് രംഗത്തെത്തി. ‘ദശകങ്ങളായി തൊഴിലാളിവര്‍ഗ സമൂഹങ്ങളെ തകര്‍ത്ത സ്വതന്ത്ര വ്യാപാര ദുരന്തം അവസാനിപ്പിക്കാന്‍ ട്രംപ് തയ്യാറാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശംസ.
by Midhun HP News | Mar 27, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഏപ്രില്‍ മാസത്തോടെ, രാജ്യത്ത് ഒട്ടുമിക്ക പുതിയ കാറുകളുടെയും വില വര്‍ധിക്കും. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിക്ക് പുറമേ ഹ്യുണ്ടായ്, മഹീന്ദ്ര, കിയ, ബിഎംഡബ്ല്യു എന്നിവയാണ് ഏപ്രില്‍ മാസത്തോടെ പുതിയ കാറുകളുടെ വില വര്‍ധിപ്പിക്കുന്ന മറ്റു കമ്പനികള്‍.
മാരുതി കാറുകള്‍ക്ക് നാലുശതമാനം വരെ വില ഉയരും. ഹ്യുണ്ടായ് മോട്ടോര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കിയ ഇന്ത്യ, ബിഎംഡബ്ല്യൂ എന്നി കമ്പനികള്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്സ് വില വര്‍ധിപ്പിക്കുന്ന തോത് വെളിപ്പെടുത്തിയിട്ടില്ല. നാലുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാര്‍ നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നത്. ജനുവരിയില്‍ കമ്പനികള്‍ നാലുശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്.
അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. ഇതിന് പുറമേ കറന്‍സി മൂല്യത്തകര്‍ച്ച, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങി മറ്റു നിരവധി കാരണങ്ങളും വില വര്‍ധിപ്പിക്കുന്നതിന് പിന്നിലുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
‘യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ദുര്‍ബലമാകുന്നത് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ കൂടുതല്‍ ചെലവേറിയതാക്കി. അതേസമയം അസംസ്കൃത വസ്തുക്കളുടെ വിലയും ലോജിസ്റ്റിക്സ് ചെലവുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. താരതമ്യേന വിപണി മന്ദഗതിയിലായിട്ടും ഈ സമ്മര്‍ദ്ദങ്ങള്‍ മൂലം നിര്‍മ്മാതാക്കള്‍ക്ക് ചില ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുകയല്ലാതെ മറ്റ് മാര്‍ഗമില്ല,’ – വിപണി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Mar 27, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി- യുജി 2025 പരീക്ഷയ്ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ തെറ്റുകള്‍ തിരുത്തുന്നതിന് അവസരം. cuet.nta.nic.in എന്ന വെബ്സൈറ്റ് വഴി വെളളിയാഴ്ച രാത്രി 11.50 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
മെയ് എട്ടുമുതല്‍ ജൂണ്‍ ഒന്ന് വരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വിദേശത്തുള്ള 15 നഗരങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. അധിക ഫീസ് അടച്ചതിനുശേഷം അപേക്ഷയില്‍ തെറ്റുകള്‍ തിരുത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. മാറ്റങ്ങള്‍ ഫീസ് തുകയെ ബാധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് അതിനനുസരിച്ച് അധിക ഫീസ് ഈടാക്കും. അധികമായി നല്കിയ പേയ്മെന്റ് തിരികെ നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.
ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്. സര്‍വകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകള്‍, പ്രവേശനയോഗ്യത തുടങ്ങിയവ cuet.nta.nic.in ല്‍ ലഭിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാല്‍ അപേക്ഷകര്‍ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കണം.
വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് -13 ഭാഷകള്‍, 23 ഡൊമൈന്‍ സ്പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും.
പരമാവധി അഞ്ച് ടെസ്റ്റുകള്‍: ഒരാള്‍ക്ക് ഭാഷകള്‍, ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നിവ ഉള്‍പ്പെടെ പരമാവധി അഞ്ച് വിഷയങ്ങള്‍/ടെസ്റ്റുകള്‍വരെ തെരഞ്ഞെടുക്കാം. പ്ലസ്ടുതലത്തില്‍ പഠിച്ച വിഷയങ്ങള്‍ പരിഗണിക്കാതെ ഡൊമൈന്‍ വിഷയങ്ങളുടേത് ഉള്‍പ്പെടെ, ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമുകള്‍ക്കു വേണ്ട ടെസ്റ്റുകള്‍ പരിഗണിച്ച്, ഇഷ്ടമുള്ള അഞ്ച് ടെസ്റ്റുകള്‍ തെരഞ്ഞെടുക്കാം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങള്‍ വെബ്സൈറ്റിലെ യൂണിവേഴ്സിറ്റീസ് ലിങ്കില്‍ ലഭിക്കും.
പരീക്ഷാരീതി: പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാണ് (സിബിടി. അപേക്ഷകരുടെ എണ്ണം, സബ്ജക്ട് ചോയ്സ് എന്നിവ പരിഗണിച്ച് പല ഷിഫ്റ്റുകളിലായി നടത്തിയേക്കാം. ഒന്നില്‍ക്കൂടുതല്‍ ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തേണ്ടിവന്നാല്‍ മാര്‍ക്ക് നോര്മലൈസേഷന് നടത്തി എന്‍ടിഎ സ്കോര്‍ നിര്‍ണയിക്കും.
ചോദ്യങ്ങള്‍: ഓരോ ടെസ്റ്റ്പേപ്പറിലും 50 ചോദ്യങ്ങള്‍ വീതം ഉണ്ടാകും. എല്ലാം നിര്‍ബന്ധമാണ്. ഓരോ ടെസ്റ്റിന്റെയും സമയം 60 മിനിറ്റ് ആയിരിക്കും.
മാര്‍ക്ക് : ശരിയുത്തരത്തിന് അഞ്ചുമാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് വീതം നഷ്ടപ്പെടും.
മലയാളത്തിലും ചോദ്യക്കടലാസ് : ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യക്കടലാസ് ലഭ്യമാക്കും. അപേക്ഷ നല്കുമ്പോള് ഏത് ഭാഷയിലെ ചോദ്യക്കടലാസ് വേണമെന്ന് രേഖപ്പെടുത്തണം. പിന്നീടത് മാറ്റാന്‍കഴിയില്ല.
പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്, പയ്യന്നൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, മൂവാറ്റുപുഴ. അപേക്ഷിക്കുമ്പോള്‍ നാല് കേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. കഴിയുന്നതും അപേക്ഷാര്‍ഥിയുടെ സംസ്ഥാനത്തെ സ്ഥിരം മേല്‍വിലാസവുമായി ബന്ധപ്പെട്ട പരീക്ഷാകേന്ദ്രമോ സമീപത്തെ പരീക്ഷാകേന്ദ്രങ്ങളോ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
Recent Comments