ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു, നാല് മരണം

ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു, നാല് മരണം

ന്യൂ ഡെല്‍ഹി.മഴയില്‍ ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു, നാല് മരണം എന്ന് റിപ്പോർട്ടുകൾ . ആറു പേർക്ക് പരിക്ക്. വാഹനങ്ങൾക്ക് മുകളിലേക്ക് ആണ് മേൽക്കൂര തകർന്നു വീണത്. നിരവധി വാഹനങ്ങൾ തകർന്നു

പാർക്ക് ചെയ്തിരുന്ന കാറുകളാണ് തകർത്. കനത്ത മഴയിൽ റൂഫ് ഷീറ്റും സപ്പോർട്ട് ബീമുകളും തകർന്നു. ടെർമിനൽ ഒന്നിൽനിന്നുള്ള പുറപ്പെടലുകൾ താത്കാലികമായി നിർത്തി. തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്ത ഭാഗമാണ് തകര്‍ന്നത്.

പെൻ പിന്‍റർ പുരസ്‌കാരം സ്വന്തമാക്കി അരുന്ധതി റോയ്

പെൻ പിന്‍റർ പുരസ്‌കാരം സ്വന്തമാക്കി അരുന്ധതി റോയ്

ന്യൂഡൽഹി: ഈ വർഷത്തെ പെൻ പിന്‍റർ പുരസ്‌കാരം സ്വന്തമാക്കി ബുക്കർ പ്രൈസ് ജേതാവും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ്. പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയ് നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിര്‍ണയ സമിതി പ്രശംസിച്ചു. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിന്‍ററിന്‍റെ സ്മരണയ്ക്കായാണ് വർഷം തോറും പെൻ പിന്‍റർ പുരസ്‌കാരം നൽകിവരുന്നത്.

2024 ഒക്ടോബര്‍ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത് , മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്കാണ് പെന്‍ പിന്‍റര്‍ പുരസ്‌കാരം നല്‍കിവരുന്നത്.

ഇംഗ്ലീഷ് പെന്‍ 2009-ലാണ് പുരസ്‌കാരം സ്ഥാപിച്ചത്. ഇംഗ്ലിഷ് പെന്‍ അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക്, നടന്‍ ഖാലിദ് അബ്ദല്ല, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ എന്നിവരായിരുന്നു ഈ വര്‍ഷത്തെ ജൂറി അംഗങ്ങള്‍.

ബജറ്റ് ചരിത്രപരമാകും; മോദി സര്‍ക്കാരില്‍ നിന്ന് ഐതിഹാസിക തീരുമാനങ്ങള്‍ ഉണ്ടാകും; പാര്‍ലമെന്റില്‍ രാഷ്ട്രപതി

ബജറ്റ് ചരിത്രപരമാകും; മോദി സര്‍ക്കാരില്‍ നിന്ന് ഐതിഹാസിക തീരുമാനങ്ങള്‍ ഉണ്ടാകും; പാര്‍ലമെന്റില്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ വരാനിരിക്കുന്ന ബജറ്റ് ചരിത്രപരവും പ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ ഉണ്ടാകുന്നതായിരിക്കുമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റ് രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടിന്റെ രേഖയായിരിക്കും. ബജറ്റില്‍ സാമ്പത്തികവും സാമൂഹികവുമായ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്കുവേണ്ടി താന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നന്ദി പറയുന്നു. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സ്ത്രീകളും സജീവമായി പങ്കെടുത്തുവെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി വളരെ കുറഞ്ഞ വോട്ടിങ്ങാണ് ജമ്മുകശ്മീരില്‍ കണ്ടിരുന്നത്. ഇന്ത്യയുടെ ശത്രുക്കള്‍ അത് കശ്മീരിന്റെ സന്ദേശമായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പ്രതിലോമശക്തികള്‍ക്ക് ജമ്മു കശ്മീരിലെ ജനങ്ങള്‍ മറുപടി നല്‍കി.

ഇന്ത്യയെ മൂന്നാമത്തെ ലോകശക്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മോദി സര്‍ക്കാരിനെ ജനം വീണ്ടും തെരഞ്ഞെടത്തിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ നടത്തിവരുന്ന സേവനത്തിന്റെയും സദ്ഭരണത്തിന്റെയും അംഗീകാരത്തിന്റെ മുദ്രയാണിത് -രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷമായി അടിസ്ഥാന രംഗത്ത് രാജ്യത്ത് കുതിച്ചുചാട്ടമുണ്ടായി. മെട്രോ റെയില്‍ സേവനങ്ങള്‍ രാജ്യത്തെ പല നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയ്ക്ക് കീഴില്‍ സര്‍ക്കാര്‍ 3.8 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി മുര്‍മു പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, നിരവധി പഴയ സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെട്ടു, ഇതിനായി നിരവധി കരാറുകള്‍ ഉണ്ടാക്കിയെന്നും മുര്‍മു പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 55 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കിയെന്നും രാഷ്ട്രപതി പറഞ്ഞു.

ഒളിമ്പിക്സ് ലോഗോ തെളിയിച്ച് ബുർജ് ഖലീഫ

ഒളിമ്പിക്സ് ലോഗോ തെളിയിച്ച് ബുർജ് ഖലീഫ

ഈ വർഷത്തെ ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി ദുബായിലെ ബുർജ് ഖലീഫയിൽ ഒളിമ്പിക്സ് ലോഗോ പ്രദർശിപ്പിച്ചു. 2023 ജൂൺ 23-നാണ് ഒളിമ്പിക് ദിനാഘോഷങ്ങളിൽ ബുർജ് ഖലീഫ പങ്ക് ചേർന്നത്. ഒളിമ്പിക് പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ട് പോകുന്നതിൽ യു എ ഇ പുലർത്തുന്ന പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2024 പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന ടീമുകൾക്ക് അദ്ദേഹം ആശംസ അറിയിച്ചു.

ബ്രിട്ടീഷ് പാർലമെന്റിലേക്ക് ജനവിധി തേടി മലയാളി; ചരിത്രത്തില്‍ ഇടം നേടാന്‍ എറിക് സുകുമാരൻ

ബ്രിട്ടീഷ് പാർലമെന്റിലേക്ക് ജനവിധി തേടി മലയാളി; ചരിത്രത്തില്‍ ഇടം നേടാന്‍ എറിക് സുകുമാരൻ

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലേക്ക് ജനവിധി തേടി തിരുവനന്തപുരം വർക്കല ശിവ​ഗിരി സ്വദേശി എറിക് സുകുമാരൻ. പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായാണ് എറിക് പാർലമെന്റ് അംഗമാകാൻ മത്സരിക്കുന്നത്. ഋഷി സുനകുമായി വളരെ അടുത്ത ബന്ധമാണ് എറിക്കിന്. ജൂലൈ നാലിനാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുക്കപ്പെട്ടാൽ ഹൗസ് ഓഫ് കോമൺസിലേക്കെത്തുന്ന ആദ്യ മലയാളി വംശജനായി ഈ 38 കാരൻ മാറും. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് എറിക് ജനവിധി തേടുന്നത്. ആറ്റിങ്ങൽ സ്വദേശി ജോണി – അനിത സുകുമാരൻ ദമ്പതികളുടെ മകനാണ് എറിക്. ലോക ബാങ്ക് കൺസൾട്ടന്റ് കൂടിയാണ് എറിക്. ‘എൻ്റെ കുടുംബത്തിന് ഒരുപാട് കാര്യങ്ങൾ നൽകിയ ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആ​ഗ്രഹം.

വ്യക്തിസ്വാതന്ത്ര്യം അതുപോലെ പാരമ്പര്യം ഭരണഘടന എന്നിവയെ ഞാൻ ബഹുമാനിക്കുന്നു. സമൃദ്ധിയിലേക്കുള്ള വഴിയെന്ന നിലയിൽ ബിസിനസിലും വിശ്വാസമർപ്പിക്കുന്നുവെന്നും’ എറിക് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. യുകെയിലാണ് എറിക് ജനിച്ചതും വളർന്നതും.

യുകെയിൽ നിന്ന് ബിരുദവും ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി, പെൻസിൽവേനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഉന്നതബിരുദം കരസ്ഥമാക്കിയത്. ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തശേഷം ബ്രീട്ടീഷ് സർക്കാരിന്റെ സിവിൽ സർവീസ് നേടി സർക്കാരിന്റെ വിവിധ പദ്ധതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. റിന്യൂവബിൾ എനർജിയുമായി ബന്ധപ്പെട്ട സംരംഭങ്ങളും നടത്തുന്നുണ്ട്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരുന്നപ്പോൾ 2012ൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ സ്വദേശി ലിൻഡ്സെയാണ് ഭാര്യ. അതേസമയം മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായും മലയാളിയാണ് ജനവിധി തേടുന്നത്. സോജൻ ജോസഫാണ് ലേബർ ടിക്കറ്റിൽ മത്സരിക്കുന്നത്. 650 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ രാത്രി 10:30ന് തുടങ്ങുന്ന വോട്ടെണ്ണലിന് ശേഷം ജൂലൈ 5ന് പുലർച്ചെ 3 നാണ് ഫലപ്രഖ്യാപനം.

സുരക്ഷയിലും കരുത്തിലും വിട്ടുവീഴ്ചയില്ല; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുതിയ രണ്ടു മാനദണ്ഡങ്ങള്‍ കൂടി, വിശദാംശം

സുരക്ഷയിലും കരുത്തിലും വിട്ടുവീഴ്ചയില്ല; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുതിയ രണ്ടു മാനദണ്ഡങ്ങള്‍ കൂടി, വിശദാംശം

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും പെര്‍ഫോമന്‍സും വര്‍ധിപ്പിക്കുന്നതിന് പുതിയ രണ്ട് മാനദണ്ഡങ്ങള്‍ കൂടി അവതരിപ്പിച്ച് കേന്ദ്രം. ഇലക്ട്രിക് ബാറ്ററിയില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഗുഡ്‌സ് ട്രക്കുകള്‍ എന്നിവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളാണ് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് കൊണ്ടുവന്നത്.

IS 18590: 2024, IS 18606: 2024 എന്നിവയാണ് പുതിയ രണ്ടു സ്റ്റാന്‍ഡേഡുകള്‍. ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള പവര്‍ട്രെയിന്‍, ( എന്‍ജിനും ട്രാന്‍സ്മിഷനും ഉള്‍പ്പെടുന്ന ഭാഗങ്ങള്‍) ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ടാണ് മാനദണ്ഡം. പവര്‍ട്രെയിനും ബാറ്ററിയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ സ്റ്റാന്‍ഡേഡുകള്‍.

കൂടാതെ ബാറ്ററികള്‍ സുരക്ഷിതവും ഗുണമേന്മയുള്ളതാണെന്നും ഉറപ്പുവരുത്തുകയും പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യമാണ്. ‘ഇലക്ട്രിക് കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ പുതിയ മാനദണ്ഡങ്ങളുടെ കീഴില്‍ വരും. ഇതോടെ ഇവികള്‍ക്കും അവയുടെ ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആക്സസറികള്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുകളുടെ ആകെ എണ്ണം 30 ആയി ഉയര്‍ന്നതായി ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.