ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം, മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം, മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്. സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇവര്‍ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സുഖ്മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തിലാണ് പൊട്ടിത്തെറിച്ചത്.

സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥർ. ജ​ഗർ​ഗുണ്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം.

‘പുഷ്പക്’ അവസാന ലാൻഡിങ് പരീക്ഷണവും വിജയം; വീണ്ടും വിജയക്കുതിപ്പുമായി ഐഎസ്ആർഒ

‘പുഷ്പക്’ അവസാന ലാൻഡിങ് പരീക്ഷണവും വിജയം; വീണ്ടും വിജയക്കുതിപ്പുമായി ഐഎസ്ആർഒ

ബാംഗളൂരു: ഐഎസ്ആർആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) അവസാന ലാൻഡിങ് പരീക്ഷണം വിജയം. ഇന്ന് രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെച്ചായിരുന്നു പരീക്ഷണം. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീ–യൂസബിൾ ലോഞ്ച് വെഹിക്കിൾ) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു.

‘പുഷ്പക്’ എന്ന് പേരിട്ടിരിക്കുന്ന ആർഎൽവിയെ ലാൻഡിങ് പരീക്ഷണം നടത്തുന്നതിന് വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് 4 കിലോമീറ്റർ ദൂരത്തിലും എത്തിച്ച ശേഷം വിട്ടയച്ചു. അവിടെ നിന്ന് 500 മീറ്റർ ദൂരം മാറി സഞ്ചരിച്ച് ആർഎൽവി റൺവേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്കെത്തി. ദിശ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന പുതിയ ദിശാ സൂചക ആൽഗരിതം വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ചിട്ടുണ്ട്.

അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ – ഒആർവി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിർത്തി, ആദ്യതവണ മുതൽ ഒരേ വാഹനം തന്നെയാണ് ലാൻഡിങ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.ജെ മുത്തു പാണ്ഡ്യനാണ് മിഷൻ ഡയറക്ടർ. വെഹിക്കിൾ ഡയറക്ടർ ബി കാർത്തിക്. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ എസ് ഉണ്ണികൃഷ്ണൻ നായർ എന്നിവർ ദൗത്യം നിറവേറ്റിയ ടീമിനെ അഭിനന്ദിച്ചു.

പൊതുപരീക്ഷ പരിഷ്‌കരണം: ഉന്നതതല സമിതിയായി, ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷന്‍

പൊതുപരീക്ഷ പരിഷ്‌കരണം: ഉന്നതതല സമിതിയായി, ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷന്‍

ന്യൂഡല്‍ഹി: പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ഏഴംഗ സമിതിയെയാണ് ഇതിനായി കേന്ദ്രം ചുമതലപ്പെടുത്തിയത്.

നീറ്റ്, യുജിസി നെറ്റ് ക്രമക്കേടുകളെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. പ്രതിഷേധം പുകയുന്നതിനിടെ, പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച, വഞ്ചന തുടങ്ങിയവ തടയാന്‍ കടുത്ത നടപടികള്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് ഇന്നലെ പ്രാബല്യത്തില്‍ വന്നത്. ഫെബ്രുവരിയില്‍ പാസാക്കിയ നിയമമാണ് പുതിയ സാഹചര്യത്തില്‍ കേന്ദ്രം നടപ്പാക്കിയത്.

പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ മൂന്ന് മുതല്‍ പത്തുവര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും നിര്‍ദേശിക്കുന്നതാണ് പുതിയ നിയമം. ഇതിന് പിന്നാലെയാണ് ദേശീയ തലത്തില്‍ നടക്കുന്ന വിവിധ പൊതുപരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ പരിഷ്‌കരണം നിര്‍ദേശിക്കാന്‍ പുതിയ സമിതിയെ കൂടി കേന്ദ്രം നിയോഗിച്ചത്.

എന്‍ടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും പരിഷ്‌കാരം നിര്‍ദേശിക്കുന്നതിനുമായി നിയോഗിച്ച സമിതി രണ്ടുമാസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പറും ചോർന്നതായി വിവരം; പരീക്ഷ മാറ്റിവെച്ചു

സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പറും ചോർന്നതായി വിവരം; പരീക്ഷ മാറ്റിവെച്ചു

സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം. ചോദ്യപേപ്പർ ചോർന്നതിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെച്ചു. ജൂൺ 25 മുതൽ നടക്കാനിരുന്ന സി.എസ്.ഐ.ആർ -യു ജി സി -നെറ്റ് പരീക്ഷയാണ് മാറ്റിവെച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്സ് പ്രശ്നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാഫലവും വൈകാനാണ് സാധ്യത. അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം വിജ്ഞാപനം ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിരിക്കുന്നത്. പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നതിന് കടുത്ത ശിക്ഷകളാണ് പുതിയ നിയമം അനുശാസിക്കുന്നത്. സംഘടിത കുറ്റങ്ങൾക്ക് പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. ചോദ്യ പേപ്പർ ചോർച്ചയിൽ കുറഞ്ഞ ശിക്ഷ അഞ്ച് വ‍ർഷം തടവാണ്. ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിൽ നിയമം പ്രാബല്യത്തിലായിരിക്കുകയാണ് ഇപ്പോൾ. ഉത്തരക്കടലാസുകൾ വികൃതമാക്കുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറ‌ഞ്ഞത് മൂന്ന് വർഷം തടവ് ലഭിക്കും. ഇത് അഞ്ച് വർഷം വരെ ദീർഘിപ്പിക്കുകയും പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യാനാവും.

ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത; ജിഎസ്ടി യോഗം ഇന്ന്

ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത; ജിഎസ്ടി യോഗം ഇന്ന്

ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും.ഉദ്യോഗസ്ഥ തലത്തിലുള്ള സമിതിയുടെ നിയമഭേദഗതി ശുപാര്‍ശകള്‍ ഇന്ന് ചേരുന്ന അൻപത്തി മൂന്നാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം അവലോകനം ചെയ്യും. ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാനാണ് സാധ്യത. ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ജിഎസ്ടി യോഗമാണ് ഇന്ന് ചേരുന്നത്.

എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളുമായി (ഇ.എന്‍.എ) ബന്ധപ്പെട്ട് ജി.എസ്.ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം യോഗം പരിഗണിക്കും എന്നാണ് സൂചന.അതേസമയം വാറ്റ്, എക്‌സൈസ് തീരുവ എന്നിവയുടെ പരിധിയില്‍ ഇ.എന്‍.എ തുടരുമെന്നാണ് സൂചന. സമയപരിധിക്കുള്ളില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാത്തത് കൊണ്ട്, സാങ്കേതികമായ പ്രശ്‌നങ്ങള്‍ ഉള്ള കേസുകളില്‍ ആനുകൂല്യം നിഷേധിക്കാതിരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ ഭേദഗതി കൊണ്ടുവരാൻ ഇടയുണ്ട്.

ജി.എസ്.ടിയുടെ അപ്പീല്‍ ഓര്‍ഡറുകളില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്യുന്ന അപ്പീലുകള്‍ക്ക് ട്രൈബ്യൂണലുകളിലോ മേല്‍ക്കോടതികളിലോ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് മോണിറ്ററി ലിമിറ്റ് കൊണ്ടുവന്നേക്കും.നികുതിദായകര്‍ക്ക് സഹായകമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇത്തവണത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും.പൊതു ബജറ്റിന് മുന്നോടിയായി ചേരുന്ന യോഗത്തിലും മന്ത്രി കെഎൻ ബാലഗോപാൽ പങ്കെടുക്കും.

അമേരിക്കയിൽ ബിരുദ പഠനം പൂർത്തിയാക്കിയാൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് യോഗ്യത: ഡൊണാൾഡ് ട്രംപിൻ്റെ വാഗ്ദാനം

അമേരിക്കയിൽ ബിരുദ പഠനം പൂർത്തിയാക്കിയാൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് യോഗ്യത: ഡൊണാൾഡ് ട്രംപിൻ്റെ വാഗ്ദാനം

കുടിയേറ്റവുമായി ബന്ധപ്പെട്ട് തൻ്റെ നിലപാട് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്തി. അമേരിക്കയിലെ കോളേജുകളിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കുന്നവർ തിരികെ തങ്ങളുടെ രാജ്യത്തേക്ക് പോകുന്നത് തടയാൻ ഇവർക്ക് ഓട്ടോമാറ്റിക് ഗ്രീൻ കാർഡ് നൽകുമെന്നാണ് ട്രംപിൻ്റെ വാഗ്ദാനം. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലേക്ക് ഇവർ മടങ്ങുന്നത് തടയാനാണ് നീക്കം. നവംബറിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുടിയേറ്റ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഡൊണാൾഡ് ട്രംപ് ഇത് മയപ്പെടുത്തിയത്.

അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നതിനുള്ള രേഖയാണ് ഗ്രീൻ കാർഡ്. ഇത് ബിരുദ പഠനം പൂർത്തായിക്കുന്നവർക്ക് പ്രത്യേകം അപേക്ഷ നൽകാതെ തന്നെ ലഭിക്കാൻ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയിൽ നിന്ന് തങ്ങളുടെ നാടുകളിലേക്ക് പോകുന്നവർ സ്വന്തം രാജ്യത്ത് കമ്പനികൾ തുടങ്ങി അതിസമ്പന്നരായി മാറുകയും നിരവധി പേർക്ക് തൊഴിൽ നൽകുകയും ചെയ്യുകയാണെന്ന് പറഞ്ഞ ട്രംപ്, അത്തരക്കാരെ അമേരിക്കയിലെ പഠനത്തിന് ശേഷം അമേരിക്കയിൽ തന്നെ തുടരാനും ഇവിടെ സംരംഭങ്ങൾ തുടങ്ങാനും പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.