വാൽപ്പാറ കാട്ടാന ആക്രമണം: ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വാൽപ്പാറ കാട്ടാന ആക്രമണം: ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കോയമ്പത്തൂർ: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.

ഞായറാഴ്ച രാത്രി മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇ ടി ആര്‍ എസ്റ്റേറ്റില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് സമീപത്തേക്ക് കാട്ടാന എത്തുകയായിരുന്നു. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു.സമീപത്തെ വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വച്ചതിനെ തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ ആദ്യം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു; ഒരു മരണം

മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു; ഒരു മരണം

മുംബൈ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു. രോഗബാധിതരുടെ എണ്ണം 101 ആയി ഉയര്‍ന്നു. ഇതില്‍ 68 പുരുഷന്മാരും 33 സ്ത്രീകളും ഉള്‍പ്പെടുന്നു. 16 പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് സോളാപൂരില്‍ ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

പൂനെ മുനിസിപ്പാലിറ്റി, പിംപ്രി-ചിഞ്ച് വാഡ് മേഖലകളിലാണ് രോഗം പ്രധാനമായും പടരുന്നത്. 95 കേസുകളാണ് ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സോളാപൂര്‍ സ്വദേശിയായ ഇയാള്‍ പൂനെയില്‍ വന്നിരുന്നു, അവിടെ വെച്ചാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്.

ബാക്ടീരിയ, വൈറല്‍ അണുബാധകളാണ് ജിബിഎസിലേക്ക് നയിക്കുന്നത്. രോഗബാധ രോഗികളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള മരവിപ്പ്, പേശി ബലഹീനത, തളര്‍ച്ച, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. നാഡികളെ ബാധിക്കുന്ന രോഗം മൂലം ശരീരം തളരുന്നതു വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രോഗം ബാധിച്ചവരില്‍ ഇരുപതോളം പേര്‍ പത്തു വയസ്സില്‍ താഴെയാണ്. 50 നും 80 നും ഇടയില്‍ പ്രായമുള്ള 23 കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗപ്പകര്‍ച്ച കണക്കിലെടുത്ത് രോഗബാധ വ്യാപകമായി കണ്ടുവരുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ചികിത്സാ ചെലവ് വെല്ലുവിളി

ജിബിഎസ് ചികിത്സയ്ക്ക് ചെലവേറിയതാണ് രോഗികള്‍ നേടുന്ന പ്രധാന വെല്ലുവിളി. രോഗികള്‍ക്ക് സാധാരണയായി ഇമ്യൂണോഗ്ലോബുലിന്‍ (ഐവിഐജി) കുത്തിവയ്പ്പുകള്‍ ആവശ്യമായി വരും. ഒരു കുത്തിവെയ്പിന് 20,000 രൂപയോളം വേണ്ടിവരും. ചികിത്സാ ചെലവ് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും, ജിബിഎസ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.

ഇന്ത്യയ്ക്ക് തിരിച്ചടി?, ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്‍പ് ബുംറയുടെ പരിക്ക് ഭേദമാകാന്‍ സാധ്യത കുറവ്

ഇന്ത്യയ്ക്ക് തിരിച്ചടി?, ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്‍പ് ബുംറയുടെ പരിക്ക് ഭേദമാകാന്‍ സാധ്യത കുറവ്

ഡല്‍ഹി: വരാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം പ്രതീക്ഷിക്കുന്ന ഇന്ത്യയ്ക്ക് ഇന്ത്യന്‍ പേസര്‍ ബുംറയുടെ പരിക്ക് തിരിച്ചടിയാകുമെന്ന് സൂചന. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് ബുംറയ്ക്ക് 100 ശതമാനം കായികക്ഷമത നേടാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മുതല്‍ ബുംറയെ നടുവേദന അലട്ടുകയാണ്.

ന്യൂസിലന്‍ഡിലെ പ്രശസ്ത ഡോക്ടറായ റോവന്‍ ഷൗട്ടനുമായി പേസര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ചാംപ്യന്‍സ്് ട്രോഫിക്ക് മുമ്പ് ചികിത്സയ്ക്കായി അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ടൂര്‍ണമെന്റിന് ബുംറ 100 ശതമാനം ഫിറ്റ്‌നസ് നേടാനുള്ള സാധ്യത കുറവാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബുംറ ഇല്ലെങ്കില്‍ ആ കുറവ് പരിഹരിക്കാന്‍ ബിസിസിഐ മറ്റുവഴികള്‍ തേടുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ബുംറയ്ക്ക് സുഖം പ്രാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹര്‍ഷിത് റാണയെയും മുഹമ്മദ് സിറാജിനെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് സെലക്ടര്‍മാര്‍ ശ്രമിക്കുന്നത്. ബുംറയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ബിസിസിഐ മെഡിക്കല്‍ ടീം ന്യൂസിലന്‍ഡിലെ ഷൗട്ടനുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ബുംറ 100 ശതമാനം കായികക്ഷമത നേടി തിരിച്ചെത്താന്‍ സാധ്യത കുറവാണെന്ന് സെലക്ടര്‍മാര്‍ കരുതുന്നതായും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുംറ വേഗത്തില്‍ സുഖം പ്രാപിച്ചില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫി ടീമിലേക്ക് ഹര്‍ഷിത് റാണ തെരഞ്ഞെടുക്കപ്പെട്ടേക്കാം. 2022 ലെ ടി20 ലോകകപ്പ് പരിക്കിനെ തുടര്‍ന്ന് ബുംറ കളിച്ചിരുന്നില്ല. അന്ന് ബുംറയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഡോ. ഷൗട്ടന്‍ ആയിരുന്നു.

പുതിയ പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍; കേന്ദ്രം വിജ്ഞാപനമിറക്കി

പുതിയ പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍; കേന്ദ്രം വിജ്ഞാപനമിറക്കി

ഡല്‍ഹി: കേന്ദ്ര ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ഏപ്രില്‍ ഒന്നും മുതല്‍ പ്രാബല്യത്തിലാകും. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് നിലവിലുള്ള നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം പരിഷ്‌കരിച്ചതാണ് യുപിഎസ്. പ്രതിമാസം നിശ്ചിത തുക പെന്‍ഷനായി ഉറപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് വിജ്ഞാപനമിറക്കി.

2004 ജനുവരി ഒന്നിനോ അതിനുശേഷമോ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് യുപിഎസ് ആനുകൂല്യം. എന്‍പിഎസിലുള്ളവര്‍ക്ക് യു.പി.എസിലേക്ക് മാറാന്‍ കഴിയും. എന്‍.പി.എസില്‍ തുടരണമെങ്കില്‍ അതിനും വ്യവസ്ഥയുണ്ട്. 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്നവര്‍ പദ്ധതിയില്‍ ഉള്‍പ്പെടും. സ്വയം വിരമിക്കല്‍ നടത്തുന്നവര്‍ക്ക് മിനിമം യോഗ്യതാസര്‍വീസ് 25 വര്‍ഷമാണ്.

എന്‍പിഎസില്‍ ജീവനക്കാര്‍ പത്തുശതമാനവും സര്‍ക്കാര്‍ 14 ശതമാനവുമാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കേണ്ടത്. എന്നാല്‍, യുപിഎസില്‍ സര്‍ക്കാര്‍ വിഹിതം 14-ല്‍നിന്ന് 18.5 ശതമാനമാക്കി. ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാര്‍ക്ക് നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു.

പത്തുവര്‍ഷം സര്‍വീസുള്ളവര്‍ക്ക് മിനിമം പതിനായിരം രൂപ പെന്‍ഷന്‍ ലഭിക്കും. പത്തുവര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷനൊപ്പം ക്ഷാമാശ്വാസവും ലഭിക്കുമെന്നതിനാല്‍ വിലക്കയറ്റത്തിന്റെ ഭാരം ബാധിക്കില്ലെന്നും കേന്ദ്രം സൂചിപ്പിച്ചു. ഉദാഹരണത്തിന് 25 വര്‍ഷം സര്‍വീസുള്ള വ്യക്തിക്ക് വിരമിക്കുന്ന സമയത്ത് 45,000 രൂപ പ്രതിമാസ ശമ്പളം ഉണ്ടെങ്കില്‍ ( അടിസ്ഥാന ശമ്പളം + ഡിഎ) പകുതിയായ 22,500 രൂപയും അതതു സമയത്തെ ക്ഷാമാശ്വാസവും ലഭിക്കാം.

76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ

76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം. രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഡൽഹിയിലെ കർത്തവ്യപഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും ആഘോഷിക്കുന്ന പരേഡ്‌ അരങ്ങേറും. ആറു കുതിരകളെ കെട്ടിയപ്രത്യേക വാഹനത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിക്കും.

പത്തരയോടെ പരേഡ് ആരംഭിക്കും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ്‌ പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. റിപ്പബ്ലിക്‌ ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ്‌ സുബിയാന്തോ. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം അയ്യായിരം ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്.

രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമാകും. ഗവർണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.

മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായൂസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു

വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ലോസ്ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. അമേരിക്കയിലെ കീഴ്ക്കോടതികളിലെല്ലാം ഇയാൾ നേരത്തെ ഹർജി സമ‍ർപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളിൽ നിന്നും ഉണ്ടായത്.