ഐസിസി ഏകദിന ടീമില്‍ ഒരൊറ്റ ഇന്ത്യക്കാരനുമില്ല; ചരിത് അസലങ്ക നയിക്കും

ഐസിസി ഏകദിന ടീമില്‍ ഒരൊറ്റ ഇന്ത്യക്കാരനുമില്ല; ചരിത് അസലങ്ക നയിക്കും

ദുബായ്: ഐസിസി പ്രഖ്യാപിച്ച കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമില്‍ ഒരൊറ്റ ഇന്ത്യക്കാരനും ഇടം പിടിച്ചില്ല. 2024ല്‍ മികച്ച പ്രകടനം നടത്തിയ പതിനൊന്ന് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയാണ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ താരങ്ങളായ ബുംറ, ജഡേജ, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ഇടം പിടിച്ചു. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍.

പട്ടികയില്‍ നാലു പേര്‍ ശ്രീലങ്കയില്‍ നിന്നുള്ളവരാണ്. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും മൂന്ന് പേര്‍ വീതവും വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഒരു കളിക്കാരനും ടീമില്‍ ഇടംപിടിച്ചു. 2024ല്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ പുരുഷ ഏകദിന ടീം കുറഞ്ഞ മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഈ മല്‍സരങ്ങളിലെ മോശം പ്രകടനമാണ് ഈ ദയനീയ സ്ഥിതിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ എവേ പരമ്പരയില്‍ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. രണ്ടെണ്ണത്തില്‍ തോറ്റപ്പോള്‍ മൂന്നാമത്തേത് സമനിലയില്‍ അവസാനിച്ചു.

കഴിഞ്ഞവര്‍ഷം അസലങ്ക 16 ഏകദിന മത്സരങ്ങളില്‍ നിന്ന് 50.2 ശരാശരിയില്‍ 605 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങള്‍ നേടിയത് ശ്രീലങ്കയാണ്. 18 ഏകദിനങ്ങള്‍ കളിച്ച ശ്രീലങ്ക 12 എണ്ണത്തിലും വിജയിച്ചു. പാകിസ്ഥാന്‍ ഒമ്പത് ഏകദിന മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയങ്ങള്‍ നേടി. അഫ്ഗാനിസ്ഥാന്‍ അവരുടെ 14 ഏകദിന മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ വിജയിച്ചു.

ഓള്‍ സ്റ്റാര്‍ ഇലവനില്‍ ഏഷ്യന്‍ അല്ലാത്ത ഏക കളിക്കാരന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് ആണ്. 2023ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റൂഥര്‍ഫോര്‍ഡ് വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 106.2 എന്ന അത്ഭുതകരമായ ശരാശരിയില്‍ 425 റണ്‍സ് നേടി.

ഐസിസി വനിതകളുടെ ടീമില്‍ ഇന്ത്യയില്‍ നിന്ന് സ്മൃതി മന്ധാനയും ദീപ്തി ശര്‍മയും ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷം 28കാരിയായ സ്മൃതി പതിമൂന്ന് മത്സരങ്ങളില്‍ നിന്നായി 747 റണ്‍സ് അടിച്ചിരുന്നു. ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍ നേടിയതും സ്മൃതിയായിരുന്നു. ദീപ്തി പതിമുന്ന് മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളും 186 റണ്‍സും നേടിയിരുന്നു.

ആയുധ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം, മേല്‍ക്കൂര തകര്‍ന്നുവീണു; നിരവധിപ്പേര്‍ മരിച്ചതായി സംശയം

ആയുധ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം, മേല്‍ക്കൂര തകര്‍ന്നുവീണു; നിരവധിപ്പേര്‍ മരിച്ചതായി സംശയം

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധിപ്പേര്‍ മരിച്ചതായാണ് സൂചന. സ്‌ഫോടനത്തിന്റെ തീവ്രത വളരെ കൂടുതലായതിനാല്‍ 5 കിലോമീറ്റര്‍ അകലെ നിന്ന് വരെ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്.

നാഗ്പൂരിനടുത്തുള്ള ഭണ്ഡാര ജില്ലയിലെ ഫാക്ടറിയില്‍ രാവിലെ 10.30ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ കലക്ടര്‍ സഞ്ജയ് കോള്‍ട്ടെ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ ജീവനക്കാരും അഗ്നിശമന സേനാംഗങ്ങളും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. തകര്‍ന്ന മേല്‍ക്കൂരയ്ക്ക് താഴെ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനത്തില്‍ മേല്‍ക്കൂര തകര്‍ന്നുവെന്നും കുറഞ്ഞത് 12 പേരെങ്കിലും അതിനടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നതായും മിസ്റ്റര്‍ കോള്‍ട്ടെ പറഞ്ഞു. ഇവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. എക്‌സകവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ദൂരെ നിന്ന് പകര്‍ത്തിയ വിഡിയോയില്‍ ഫാക്ടറിയില്‍ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് ദൃശ്യമാണ്.

ക്ഷേത്രത്തിന് സമീപത്ത് വച്ച് നോണ്‍വെജ് കഴിച്ചു; മുസ്ലീംലീഗ് എംപിയെ പുറത്താക്കണമെന്ന് അണ്ണാമലൈ

ക്ഷേത്രത്തിന് സമീപത്ത് വച്ച് നോണ്‍വെജ് കഴിച്ചു; മുസ്ലീംലീഗ് എംപിയെ പുറത്താക്കണമെന്ന് അണ്ണാമലൈ

ചെന്നൈ: മധുരയിലെ തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി കുന്നില്‍ വച്ച് രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനി മാംസാഹാരം കഴിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ഈ എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു.

ഹിന്ദുക്കള്‍ സമാധാനപ്രിയരായ സമൂഹമാണ്. ഈ എംപി കുന്നിന്‍ മുകളില്‍ പോയി മാംസാഹാരം കഴിച്ചത് നിര്‍ഭാഗ്യകരമാണ്. ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ച ഈ എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു.

കഴിഞ്ഞ ദിവസം കുന്നിന്‍മുകളിലേക്ക് മൃഗങ്ങളെ ബലിയര്‍പ്പിക്കാനായി മുസ്ലീം സമുദായംഗങ്ങള്‍ കൊണ്ടുപോകുന്നതിനെ ചൊല്ലി പൊലീസുമായി തര്‍ക്കം നിലനിന്നിരുന്നു. സുബ്രഹ്മണ്യക്ഷേത്രത്തിന്റെ സ്ഥാനത്തുവച്ച് മാംസാഹാരം കഴിക്കുന്ന നടപടി അംഗീകരിക്കാനാകുന്നതല്ലെന്നും അണ്ണാമലൈ എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ക്കിടയില്‍ വിഭാഗതീയതയുണ്ടാക്കുക ലക്ഷ്യമിട്ടാണ് എംപിയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അണ്ണാമലൈയുടെ ആരോപണം നവാസ് കനി നിഷേധിച്ചു. പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ ചൊല്ലി മധ്യസ്ഥത വഹിക്കാനായാണ് താന്‍ എത്തിയതെന്നും താന്‍ മാംസാഹാരം കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഇന്ത്യയില്‍ വരുന്നു; പിന്നില്‍ മുകേഷ് അംബാനി

ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഇന്ത്യയില്‍ വരുന്നു; പിന്നില്‍ മുകേഷ് അംബാനി

അഹമ്മദാബാദ്: ഇന്ത്യയില്‍ ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മ്മിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ട് ഗുജറാത്തിലെ ജാംനഗറില്‍ ഡാറ്റ സെന്റര്‍ സ്ഥാപിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ കമ്പനിയായ എന്‍വിഡിയയില്‍ നിന്ന് എഐ സെമികണ്ടക്ടറുകള്‍ വാങ്ങാനാണ് റിലയന്‍സിന്റെ ആലോചനയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2024 ഒക്ടോബറില്‍ നടന്ന എഐ ഉച്ചകോടിയില്‍ റിലയന്‍സും എന്‍വിഡിയയും ഇന്ത്യയില്‍ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത ശ്രമം പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് നിര്‍മ്മിക്കുന്ന ഒരു ഗിഗാവാട്ട് ഡാറ്റാ സെന്ററിനായി തങ്ങളുടെ ബ്ലാക്ക്വെല്‍ എഐ പ്രോസസ്സറുകള്‍ വിതരണം ചെയ്യുമെന്നാണ് എന്‍വിഡിയ വാഗ്ദാനം ചെയ്തത്. സഹകരണം സംബന്ധിച്ചുള്ള പുതിയ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.

‘എല്ലാ ആളുകള്‍ക്കും അഭിവൃദ്ധി കൊണ്ടുവരാനും ലോകത്തിന് മുന്‍പാകെ തുല്യത കൊണ്ടുവരാനും നമുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാം. യുഎസിനും ചൈനയ്ക്കും പുറമെ, ഇന്ത്യയ്ക്കും ഏറ്റവും മികച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ട്,’- എഐ ഉച്ചകോടിയില്‍ ഇന്ത്യന്‍ വിപണിയുടെ വലിയ ഇന്റലിജന്‍സ് ശേഷിയെക്കുറിച്ച് സംസാരിക്കവെ അംബാനി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ഇന്ത്യയില്‍ എഐ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാഷകളില്‍ പരിശീലനം ലഭിച്ച വലിയ ഭാഷാ മോഡലുകള്‍ സൃഷ്ടിക്കുന്നതിനുമുള്ള പങ്കാളിത്തവും റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയയും പ്രഖ്യാപിച്ചിരുന്നു.

അഞ്ചുപേര്‍ക്ക് കൂടി അജ്ഞാത രോഗബാധ: കശ്മീരി ഗ്രാമത്തിലെ 500 ഓളം പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

അഞ്ചുപേര്‍ക്ക് കൂടി അജ്ഞാത രോഗബാധ: കശ്മീരി ഗ്രാമത്തിലെ 500 ഓളം പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബാദല്‍ ഗ്രാമത്തിലെ ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശവാസികളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഏതാണ്ട് 400-500 ഓളം തദ്ദേശവാസികളെയാണ് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രദേശത്ത് 17 ദുരൂഹമരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ ചികിത്സയിലുമാണ്.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ അഞ്ചുപേര്‍ക്ക് കൂടി അജ്ഞാത രോഗബാധകണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടുത്തെ കുടുംബങ്ങളെയും അവരുടെ ബന്ധുക്കളെയും മാറ്റാന്‍ തീരുമാനിച്ചത്. പുതിയ കേസുകളെ തുടര്‍ന്ന് രജൗരി ജില്ലാ കലക്ടര്‍ ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു.

മുഴുവന്‍ ഗ്രാമവാസികളെയും മാറ്റുന്നില്ലെന്നും, അസുഖ ബാധിത കുടുംബങ്ങളെയും അവരുടെ കുടുംബങ്ങളെയും അടുത്ത ബന്ധുക്കളെയും സുരക്ഷയ്ക്കായി മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് എംഎല്‍എ ജാവേദ് ഇഖ്ബാല്‍ പറഞ്ഞു. ഗ്രാമവാസികളെ ജിഎംസി രജൗരി, പഴയ ആശുപത്രി രജൗരി, നഴ്‌സിംഗ് കോളജ് രജൗരി, ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. പരിശോധനകള്‍, ഭക്ഷണം, ഉള്‍പ്പെടെ താമസത്തിനുള്ള ക്രമീകരണങ്ങള്‍ അടക്കം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

ഡിസംബര്‍ 2 ന് ഫസല്‍ ഹുസൈന്റെ വീട്ടില്‍ വിവാഹ വിരുന്ന് നടത്തിയിരുന്നു. ഇതിനുശേഷം ഡിസംബര്‍ ഏഴിനാണ് അജ്ഞാത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഫസലും നാല് പെണ്‍മക്കളും അഞ്ച് ദിവസത്തിനുള്ളില്‍ രോഗബാധിതരായി മരിച്ചു. പിന്നാലെ മറ്റ് രണ്ട് കുടുംബങ്ങളില്‍ കൂടി രോഗബാധയുണ്ടായി. മുഹമ്മദ് റഫീഖിന് ഭാര്യയെയും മൂന്ന് കുട്ടികളെയും നഷ്ടപ്പെട്ടു. മുഹമ്മദ് അസ്ലമിന്റെ കുടുംബത്തിലെ ആറ് കുട്ടികളും അമ്മാവനും അമ്മായിയും മരിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നുള്ള ഉന്നത തല സംഘവും ഗ്രാമത്തിലെത്തി പരിശോധന നടത്തി.

സ്ത്രീകള്‍ക്കെതിരെ അനുചിതമായ ഏതൊരു പെരുമാറ്റവും ലൈംഗികാതിക്രമം: മദ്രാസ് ഹൈക്കോടതി

സ്ത്രീകള്‍ക്കെതിരെ അനുചിതമായ ഏതൊരു പെരുമാറ്റവും ലൈംഗികാതിക്രമം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്ത്രീകള്‍ക്കെതിരെ അനുചിതമായ ഏതൊരു പെരുമാറ്റവും ലൈംഗികാതിക്രമമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ ലൈംഗിക പീഡനമായി കണക്കാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമത്തില്‍ (PoSH) ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍വചനം നല്‍കിയിട്ടുണ്ട്.

അത്തരം പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റകൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, വിചാരണയില്‍ ഉദ്ദേശ്യവും തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാമെന്ന് ജസ്റ്റിസ് ആര്‍ എന്‍ മഞ്ജുള ഉത്തരവില്‍ പറഞ്ഞു. ജോലി സ്ഥലത്തെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ ലേബര്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

എച്ച്സിഎല്‍ ടെക്നോളജീസിന്റെ സര്‍വീസ് ഡെലിവറി മാനേജരായിരുന്ന പാര്‍ത്ഥസാരഥിക്കെതിരെ മൂന്ന് വനിതാ ജീവനക്കാര്‍ നല്‍കിയ പരാതികളില്‍ കമ്പനിയുടെ ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി) ശുപാര്‍ശകള്‍ നല്‍കിയിരുന്നു. ഈ ശുപാര്‍ശകള്‍ അസാധുവാക്കിയ പ്രിന്‍സിപ്പല്‍ ലേബര്‍ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

അനിഷ്ടകരമായ തരത്തില്‍ ശാരീരിക സ്പര്‍ശനത്തിന് ശ്രമിച്ചെന്നായിരുന്നു ഡെലിവറി മാനേജര്‍ക്കെതിരെ ഒരു ജീവനക്കാരി പരാതി നല്‍കിയത്. ശാരീരിക അളവുകളെക്കുറിച്ച് ചോദിച്ചെന്ന് മറ്റൊരു ജീവനക്കാരിയും, തന്റെ ആര്‍ത്തവചക്രത്തെക്കുറിച്ച് ആരാഞ്ഞെന്ന് മറ്റൊരു ജീവനക്കാരിയും പരാതിപ്പെട്ടു. എന്നാല്‍ ജോലിയുടെ ഭാഗമായാണ് തന്റെ പ്രവൃത്തികളെന്നായിരുന്നു പാര്‍ത്ഥസാരഥി വാദിച്ചത്. പരാതി അന്വേഷിച്ച ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി), പാര്‍ത്ഥസാരഥിയുടെ ശമ്പള വര്‍ദ്ധനവും അനുബന്ധ ആനുകൂല്യങ്ങളും രണ്ട് വര്‍ഷത്തേക്ക് വെട്ടിക്കുറയ്ക്കാനും അദ്ദേഹത്തെ നോണ്‍-സൂപ്പര്‍വൈസറി റോളില്‍ നിയമിക്കാനും ശുപാര്‍ശ ചെയ്തു. ചെന്നൈയിലെ പ്രിന്‍സിപ്പല്‍ ലേബര്‍ കോടതി ഈ ശുപാര്‍ശകള്‍ അസാധുവാക്കി. എന്നാല്‍ ഈ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി, ഐസിസി തീരുമാനം നീതിയുക്തമാണെന്ന് അഭിപ്രായപ്പെട്ടു.