ഇ20 പെട്രോള്‍ മൈലേജ് കുറയ്ക്കും; ഒടുവില്‍ സമ്മതിച്ച് കേന്ദ്രം

ഇ20 പെട്രോള്‍ മൈലേജ് കുറയ്ക്കും; ഒടുവില്‍ സമ്മതിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ വിതരണം ചെയ്യുന്ന 20 ശതമാനം എഥനോള്‍ ചേര്‍ത്ത ‘ഇ20’ പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. എഥനോള്‍ മിശ്രിത ഇന്ധനവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കിടയില്‍ ഉയരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഈ തുറന്നുപറച്ചില്‍. ചില വാഹനങ്ങളില്‍ ഇ20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ മൈലേജില്‍ 3 മുതല്‍ 5 ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍ ഒരു ഇന്ധനത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതില്‍ മൈലേജ് എന്നത് ഒരു ഘടകം മാത്രമാണെന്നും സര്‍ക്കാര്‍ ന്യായീകരിക്കുന്നു.

വിഷയത്തില്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയും നിലപാട് വ്യക്തമാക്കി. പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ എഥനോളിന്റെ കലോറി മൂല്യം കുറവാണെന്നത് വസ്തുതയാണെന്നും, അതിനാല്‍ എഥനോളിന്റെ അളവ് കൂടുമ്പോള്‍ മൈലേജില്‍ നേരിയ വ്യത്യാസം ഉണ്ടായേക്കാമെന്നും അദ്ദേഹം സമ്മതിച്ചു. എങ്കിലും നഗരങ്ങളിലെ ഗതാഗതക്കുരുക്കും ഡ്രൈവിങ് രീതികളും മൈലേജിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും ഫ്‌ളെക്‌സ്-ഫ്യുവല്‍ എന്‍ജിന്‍ സാങ്കേതികവിദ്യയിലേക്ക് രാജ്യം മാറുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വഴി എന്‍ജിന്‍ കേടുവരുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും വാഹന നിര്‍മ്മാതാക്കളും നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ഇ20 ഇന്ധനം രാജ്യത്ത് നിര്‍ബന്ധമാക്കിയത്. ചില പഴയ വാഹനങ്ങളില്‍ ഇന്ധന ചോര്‍ച്ച തടയാന്‍ ഉപയോഗിക്കുന്ന വാഷറുകള്‍ മെറ്റലിന് പകരം റബ്ബര്‍ ആക്കി മാറ്റേണ്ടതുണ്ട്. ഇതിനായി വാഹനങ്ങള്‍ സര്‍വീസിന് എത്തിക്കുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കാതെ ഈ ഭാഗങ്ങള്‍ മാറ്റിനല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പെട്രോളില്‍ എഥനോള്‍ ചേര്‍ത്തിട്ടും ഇ20 ഇന്ധനത്തിന് സാധാരണ പെട്രോളിന്റെ അതേ വില ഈടാക്കുന്നതിനെക്കുറിച്ചും മന്ത്രാലയം വിശദീകരണം നല്‍കി. കര്‍ഷകരെ സഹായിക്കുന്നതിനായി എഥനോളിന് സര്‍ക്കാര്‍ നിശ്ചിതവും ലാഭകരവുമായ വിലയാണ് നല്‍കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞുനില്‍ക്കുന്ന സമയങ്ങളില്‍ പെട്രോളിനേക്കാള്‍ വില എഥനോളിന് വരാറുണ്ട്. അതുകൊണ്ട് തന്നെ ഇ20 പെട്രോളിന് സാധാരണ പെട്രോളിനേക്കാള്‍ വില കുറവായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ധന ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും എഥനോള്‍ മിശ്രിതം അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍.

‘മരിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ ചോര വീണ മണ്ണില്‍ വേണം, പോയേ തീരൂ’; ബംഗ്ലാദേശിലേയ്ക്ക് മടങ്ങണമെന്ന് ഷെയ്ഖ് ഹസീന

‘മരിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ ചോര വീണ മണ്ണില്‍ വേണം, പോയേ തീരൂ’; ബംഗ്ലാദേശിലേയ്ക്ക് മടങ്ങണമെന്ന് ഷെയ്ഖ് ഹസീന

ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാം. എന്നാലും മടങ്ങിപ്പോകേണ്ടതുണ്ട്. മരണം സംഭവിക്കുകയാണെങ്കില്‍ തന്റെ ജന്മനാട്ടില്‍ തന്നെ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഷെയ്ഖ ഹസീന പറഞ്ഞു. ബംഗ്ലാദേശില്‍ തിരിച്ചെത്തിയ ശേഷം കോടതി മുമ്പാകെ കീഴടങ്ങാനുള്ള ആഗ്രഹവും ഷെയ്ഖ് ഹസീന പങ്കുവെച്ചിട്ടുണ്ട്.

‘ഞാന്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ എന്നെ അറസ്റ്റ് ചെയ്‌തേക്കാം, ഒരുപക്ഷേ കൊന്നേക്കാം. എങ്കിലും, എനിക്ക് പോയേ തീരൂ. എന്റെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കടുത്ത അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. മരണം വരികയാണെങ്കില്‍, എന്റെ മാതാപിതാക്കള്‍ അടക്കം ചെയ്യപ്പെട്ട, അവരുടെ ചോര വീണ എന്റെ സ്വന്തം മണ്ണില്‍ വെച്ച് അത് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ ഷെയ്ഖ് ഹസീന പറഞ്ഞു. തനിക്കൊപ്പം മറ്റ് അവാമി ലീഗ് നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. അതേസമയം ബംഗ്ലാദേശിലേക്കുള്ള മടക്കം സംബന്ധിച്ചു ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം.

ബംഗ്ലാദേശില്‍ 2024 ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഷെയ്ഖ് ഹസീന നേതൃത്വം നല്‍കിയ അവാമി ലീഗ് ഭരണകൂടം താഴെവീണത്. പിന്നാലെ ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്ന കേസില്‍ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടതിലോ അല്ലെങ്കില്‍ സാഹചര്യം തടയുന്നതില്‍ പരാജയപ്പെട്ടതിലോ ഹസീന ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രൈബ്യൂണലിന്റെ വിധി.

യുഎഇ പ്രഖ്യാപിച്ച പ്രത്യേക ഇളവുകള്‍ അവസാനിച്ചു; പ്രവാസികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദുെൈബ: യുഎഇയില്‍ അനുവദിച്ച 30 ദിവസത്തെ പ്രത്യേക ഇളവ് കാലാവധി അവസാനിച്ചു. രാജ്യം വിടാന്‍ കഴിയതെ വന്ന സന്ദര്‍ശകര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കുമായി നല്‍കിയല ഇളവുകള്‍ ഇന്നലെ അവസാനിച്ചു. ഇളവ് കാലാവധി അവസാനിക്കുന്നതോടെ, ഇനിയും നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ വിസാ കാലാവധി ലംഘിച്ചതിനുള്ള നിയമപരമായ പിഴയും തുടര്‍നടപടികളും നേരിടേണ്ടി വരും.

വ്യോമാതിര്‍ത്തി അടയ്ക്കലും വിമാന സര്‍വീസുകള്‍ റദ്ദാക്കലും കാരണം നിശ്ചിത സമയത്ത് രാജ്യം വിടാന്‍ കഴിയാതെ പോയ സന്ദര്‍ശകര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കുമായി യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ജൂണിലാണ് ഈ താത്കാലിക ആശ്വാസ നടപടി പ്രഖ്യാപിച്ചത്.

കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ബാധകമായ വ്യക്തികള്‍ പിഴയും മറ്റ് നിയമനടപടികളും ഒഴിവാക്കാനായി തങ്ങളുടെ വിസ പദവി നിയമവിധേയമാക്കുകയോ രാജ്യം വിടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.മേഖലയില്‍ നിലനിന്നിരുന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വ്യോമാതിര്‍ത്തികള്‍ അടച്ചതോടെ വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയും ഒട്ടേറെ യാത്രക്കാര്‍ യുഎഇയില്‍ കുടുങ്ങുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രതിസന്ധിയിലായവര്‍ക്ക് മാനുഷിക പരിഗണന നല്‍കിയാണ് വിസ കാലാവധി കഴിഞ്ഞവര്‍ക്കുള്ള പിഴ യുഎഇ മുന്‍പ് ഒഴിവാക്കിക്കൊടുത്തത്.

ക്യുആര്‍ കോഡ് മുതല്‍ സ്മാര്‍ട്ട് ക്യൂ വരെ; ഡിജിറ്റല്‍ മേക്കോവറിന് തയ്യാറെടുത്ത് ശബരിമല

ക്യുആര്‍ കോഡ് മുതല്‍ സ്മാര്‍ട്ട് ക്യൂ വരെ; ഡിജിറ്റല്‍ മേക്കോവറിന് തയ്യാറെടുത്ത് ശബരിമല

കൊച്ചി: സന്നിധാനത്ത് തിരക്ക് കൂടുതലായതിനാല്‍ ശബരിമലയിലേക്കുള്ള യാത്ര ഏതാനും മണിക്കൂറുകള്‍ വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു സന്ദേശം വരുന്നു; അല്ലെങ്കില്‍ കിലോമീറ്ററുകള്‍ നീളുന്ന വരിയില്‍ നില്‍ക്കാതെ, ഒരു കൗണ്ടറിലെത്തി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം അരവണ പ്രസാദം വാങ്ങി മടങ്ങുന്നു- ഈ കാഴ്ചകള്‍ ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ നവീകരണത്തിനാണ് ദേവസ്വം ബോര്‍ഡ് തുടക്കം കുറിച്ചിരിക്കുന്നത്.

റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര ‘പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്’ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ശബരിമല ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1,250 ഓളം ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പുതിയ ഡിജിറ്റല്‍ ശൃംഖലയുടെ കീഴിലേക്ക് വരും. ഭക്തരുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കി എല്ലാ സേവനങ്ങളും സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. സന്തോഷ് ബാബു ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’നോട് പറഞ്ഞു.

താമസം ബുക്ക് ചെയ്യല്‍, വഴിപാടുകള്‍, ബില്ലിങ്, സ്റ്റോക്ക് വിവരങ്ങള്‍, പര്‍ച്ചേസ്, ഫിനാന്‍സ് എന്നിവയെല്ലാം ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴില്‍ വരും. ആദ്യഘട്ടത്തില്‍ ശബരിമലയ്ക്കാണ് മുന്‍ഗണന. ‘നിലവില്‍ തീര്‍ത്ഥാടകര്‍ പലപ്പോഴും ദര്‍ശന സമയത്തിന് 6 മുതല്‍ 8 മണിക്കൂര്‍ മുന്‍പ് തന്നെ യാത്ര തിരിക്കാറുണ്ട്. ഇത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും തിരക്കിനും കാരണമാകുന്നു. ഇനി മുതല്‍ ഭക്തര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ അവരുടെ യാത്ര നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധിക്കും. സന്നിധാനത്തെ തിരക്ക് അനുസരിച്ച്, യാത്ര അല്പം വൈകിപ്പിക്കാന്‍ ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാകും.’ -ഡോ. സന്തോഷ് ബാബു വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ ‘ഡിജി യാത്ര’ സംവിധാനത്തിന് സമാനമായി ഭക്തര്‍ക്ക് തടസ്സമില്ലാത്ത ദര്‍ശനാനുഭവം ശബരിമലയില്‍ ഒരുക്കുകയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഴിപാട് ബില്ലുകള്‍ക്കായി ഇനി വരി നില്‍ക്കേണ്ടി വരില്ല. ഓണ്‍ലൈനായി പണമടച്ച ശേഷം ലഭിക്കുന്ന ക്യുആര്‍ കോഡ് കൗണ്ടറില്‍ കാണിച്ച് പ്രസാദം വാങ്ങാം. പണം, യുപിഐ ഉള്‍പ്പെടെ എല്ലാത്തരം ഡിജിറ്റല്‍ പേയ്മെന്റുകളും ഇതിനായി ഉപയോഗിക്കാം. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അരവണയും അപ്പവും വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി എടിഎം മാതൃകയിലുള്ള ‘ഓട്ടോമേറ്റഡ് വെന്‍ഡിങ് മെഷീനുകള്‍’ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്.

തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമല്ല, ദേവസ്വം ബോര്‍ഡിന്റെ ആഭ്യന്തര കാര്യങ്ങളും പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും. ശര്‍ക്കര, നെയ്യ് തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നതും, അക്കൗണ്ട്‌സ്, ജീവനക്കാരുടെ വിവരങ്ങള്‍, ലേല നടപടികള്‍, നിയമപരമായ രേഖകള്‍ എന്നിവയെല്ലാം കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. ഇത് ഭരണത്തില്‍ സുതാര്യത കൊണ്ടുവരുകയും അഴിമതിക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യും.

കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി നേരിട്ടാണ് നിരീക്ഷിക്കുന്നത്. 24 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ആദ്യവര്‍ഷം 33.25 കോടി രൂപയും, ആകെ ചിലവ് 70 കോടി രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. മാറ്റങ്ങളെ എല്ലാവരും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ മടിക്കുന്നത് ഒരു വെല്ലുവിളിയാണെങ്കിലും, ഈ പദ്ധതിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നല്‍കുന്ന പിന്തുണ വലിയ കരുത്താണെന്ന് സന്തോഷ് ബാബു പറഞ്ഞു. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്‍പായി ശബരിമലയിലെ പ്രധാന ഡിജിറ്റല്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ടീമിന്റെ ശ്രമം.

‘അത്തരം എസ്എംഎസുകള്‍ക്ക് ചാര്‍ജ് ഈടാക്കരുത്’; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി ആര്‍ബിഐ

മുംബൈ: ബാങ്ക് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് രംഗത്ത്. റെഗുലറേറ്ററി ആവശ്യങ്ങള്‍ക്കും ഉപഭോക്തൃ ബോധവല്‍ക്കരണത്തിനും പരസ്യങ്ങള്‍ക്കുമായി അയക്കുന്ന എസ്എംഎസ് അലര്‍ട്ടുകള്‍ക്ക് ഇനി മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് യാതൊരു ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്നാണ് ആര്‍ബിഐ ഉത്തരവ്.

നേരത്തെ ഇത്തരം സന്ദേശങ്ങള്‍ക്കായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഓരോ പാദത്തിലും (മൂന്ന് മാസം) 15 മുതല്‍ 18 രൂപ വരെ ഈടാക്കിയിരുന്നു. 500 രൂപയോ അതില്‍ താഴെയോ ഉള്ള ചെറിയ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായി എസ്എംഎസ് അലര്‍ട്ടുകള്‍ അയക്കണം എന്ന വ്യവസ്ഥയും ആര്‍ബിഐ ഒഴിവാക്കി.

കൂടാതെ, 500 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് എസ്എംഎസിന് പകരം വാട്‌സ്ആപ്പ് , ഇന്‍-ആപ്പ് പുഷ് നോട്ടിഫിക്കേഷനുകള്‍ എന്നിവ ഉപയോഗിക്കാനും ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് ബാങ്കുകള്‍ക്ക് തങ്ങളുടെ മെസ്സേജിങ് ചെലവ് കുറയ്ക്കാന്‍ സഹായിക്കും. എങ്കിലും എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ഉപഭോക്തൃ സേവന നിലവാരം നിലനിര്‍ത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനുമായി ചെറിയ ഇടപാടുകള്‍ക്കും എസ്എംഎസ് അലര്‍ട്ടുകള്‍ തുടരാനാണ് സാധ്യത.

പുതിയ ഉത്തരവോടെ രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഫീസ് ഇനത്തിലുള്ള വാര്‍ഷിക വരുമാനത്തില്‍ 300 കോടി രൂപയുടെ വരെ ഇടിവ് ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഏകദേശം 5 കോടിയിലധികം അക്കൗണ്ട് ഉടമകളുള്ള ഒരു വലിയ ബാങ്കിന് മാത്രം പ്രതിവര്‍ഷം 360 കോടി രൂപയോളം വരുമാന നഷ്ടം നേരിടേണ്ടി വന്നേക്കാം.

എസ്എംഎസ് ചാര്‍ജ് ഈടാക്കാന്‍ കഴിയില്ലെങ്കിലും, ഈ ചെലവ് മറ്റ് വഴികളിലൂടെ ഈടാക്കാന്‍ ബാങ്കുകള്‍ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനായി അക്കൗണ്ട് മെയിന്റനന്‍സ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുക, മിനിമം ബാലന്‍സ് പരിധി കൂട്ടുക, മറ്റ് ഇടപാടുകളുടെ ഫീസുകളില്‍ നേരിയ വര്‍ധന വരുത്തുക തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

മൊറോക്കോ തോറ്റത് ‘യുഎസിൽ’, കൈയാങ്കളിയും കലാപവും ‘ലണ്ടനിൽ’; പേടിച്ച ‘പാരിസിൽ’ എല്ലാം ‘ഭായ്- ഭായ്’!

മൊറോക്കോ തോറ്റത് ‘യുഎസിൽ’, കൈയാങ്കളിയും കലാപവും ‘ലണ്ടനിൽ’; പേടിച്ച ‘പാരിസിൽ’ എല്ലാം ‘ഭായ്- ഭായ്’!

ലണ്ടൻ: മൊറോക്കോയുടെ ഫിഫ ലോകകപ്പ് സ്വപ്നങ്ങൾ ഫ്രാൻസിന് മുന്നിൽ വീണ്ടും തകർന്നടിഞ്ഞു. എന്നാൽ കളിയിലെ തോൽവിയേക്കാൾ വേഗത്തിൽ ആഗോള ശ്രദ്ധ നേടിയത് ലണ്ടൻ തെരുവുകളിൽ മൊറോക്കൻ ആരാധകരും പൊലീസും തമ്മിൽ ഉണ്ടായ നാടകീയമായ സംഘർഷങ്ങളാണ്. വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടായേക്കാമെന്ന ഭീതി നിലനിന്നിരുന്നെങ്കിലും മൊറോക്കോ കുടിയേറ്റ ജനത ഏറെയുള്ള ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസ് വളരെ ശാന്തമായിരുന്നു. ആക്രമണം ഭയന്ന് മത്സരത്തിനു മുൻപ് തന്നെ പാരിസിൽ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ അടി പൊട്ടിയത് ലണ്ടനിലായിരുന്നു.

ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ 2-0 ന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് സെമിഫൈനലിലേക്ക് മുന്നേറിയത്. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പിലും മൊറോക്കോയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ ഫ്രാൻസിന് കഴിഞ്ഞു. നേരത്തെ 2022 ലോകകപ്പ് സെമി ഫൈനലിലും മൊറോക്കോയുടെ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ചത് ഫ്രാൻസ് ആയിരുന്നു.

മത്സരത്തിന് പിന്നാലെ വിജയാഹ്ലാദവും തോൽവിയുടെ നിരാശയും തെരുവുകളിലേക്ക് പടർന്നതോടെ ലണ്ടനിലെ എഡ്ജ്‌വെയർ റോഡ് സംഘർഷഭരിതമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി വൻതോതിൽ കലാപ വിരുദ്ധ പൊലീസ് സേനയെ തന്നെ വിന്യസിക്കേണ്ടി വന്നു. പലയിടങ്ങളിലും മൊറോക്കൻ പതാകകൾ വീശിയും വാഹനങ്ങൾക്ക് മുകളിൽ കയറിയും ആരാധകർ തടിച്ചുകൂടിയതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു.

കലാപം വലിയ തോതിൽ അരങ്ങേറിയതോടെ പുകപടലങ്ങൾ നിറഞ്ഞ തെരുവുകളിലൂടെ പ്രതിരോധ കവചങ്ങൾ ധരിച്ച പൊലീസ് ഉദ്യോഗസ്ഥർ മുന്നേറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസിന് നേരെ ആരാധകർ ഫ്ലെയറുകളും പടക്കങ്ങളും കുപ്പികളും എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥൻ റോഡിൽ കിടക്കുന്നതും മറ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സഹായിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു.

ഇംഗ്ലീഷ് ചാനലിന് അപ്പുറത്തുള്ള ഫ്രാൻസിന്റെ അന്തരീക്ഷം തികച്ചും വ്യത്യസ്തമായിരുന്നു. ഈ വർഷം ആദ്യം പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ചാംപ്യൻസ് ലീഗ് കിരീടം നിലനിർത്തിയതിനു പിന്നാലെ നടന്ന വിജയാഘോഷം തെരുവിൽ വൻ തോതിലുള്ള അക്രമങ്ങളിലാണ് കലാശിച്ചത്. ഇത് ആവർത്തിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് ഫ്രഞ്ച് അധികൃതർ പാരിസിലുടനീളം 8,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

എന്നാൽ ആശങ്കകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഫ്രാൻസിന്റെയും മൊറോക്കോയുടെയും ആരാധകർ പ്രശസ്തമായ ഷാംപ്സ് എലിസെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമാധാനപരമായി ഒത്തുചേർന്നു. ഗതാഗത തടസങ്ങൾ ഉണ്ടായെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.

ഫ്രഞ്ച്, മൊറോക്കൻ പതാകകൾ ഏന്തിയ കാറുകൾ ഹോൺ മുഴക്കി ആരാധകർ ഒന്നിച്ച് ആഘോഷിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമായി മാറി. ലോകത്തിലെ ഏറ്റവും വലിയ മൊറോക്കൻ പ്രവാസി സമൂഹങ്ങമുള്ളത് ഫ്രാൻസിലാണ്.

അതേസമയം, മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിൽ കളിക്ക് മുൻപുണ്ടായിരുന്ന ശുഭപ്രതീക്ഷ തോൽവിക്ക് ശേഷം വലിയ നിരാശയ്ക്ക് വഴിമാറി. ഈ ടൂർണമെന്റിൽ അവശേഷിച്ച ഏക ആഫ്രിക്കൻ രാജ്യമായിരുന്നു മൊറോക്കോ. എങ്കിലും, ഒന്നിലധികം ലോകകപ്പുകളിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടത്തോടെയാണ് മൊറോക്കോ ഇത്തവണ മടങ്ങുന്നത്. 2022ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് സെമി ഫൈനലിൽ എത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും അവർ സ്വന്തമാക്കിയിരുന്നു.