ബഹിരാകാശത്തെ ആദ്യ മലയാളിപ്പെരുമ; അനില്‍ മേനോന്റെ യാത്ര 14ന്

ബഹിരാകാശത്തെ ആദ്യ മലയാളിപ്പെരുമ; അനില്‍ മേനോന്റെ യാത്ര 14ന്

വാഷിങ്ടണ്‍: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്‍. ഒറ്റപ്പാലത്ത് വേരുകളുള്ള ഇന്ത്യന്‍ വംശജനായ അനില്‍ മേനോന്‍ നാസയിലെ ബഹിരാകാശ യാത്രികനും ഡോക്ടറും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. ജൂലൈ 14നാണ് അനില്‍ മേനോന്‍ കസാക്കിസ്ഥാനില്‍ നിന്നും ബഹിരാകാശ നിലയത്തിലേയ്ക്കുള്ള തന്റെ ആദ്യ ദൗത്യം തുടങ്ങുക.

49-കാരനായ മേനോന്‍, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവര്‍ക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 എന്ന പേടകത്തിലാണ് യാത്ര തിരിക്കുന്നത്. ഈ ദൗത്യം ഏകദേശം എട്ട് മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്‍ ആണ് ഡോ. അനില്‍ മേനോന്‍റെ പിതാവ്. അമ്മ യുക്രെനില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ എലിസബത്ത്. ഡോ. അനില്‍ മേനോന്‍ യുഎസ് എയര്‍ഫോഴ്‌സിലെ സേവനത്തിനിടയില്‍ ‘ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം’ എന്ന ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനൊപ്പം ചേര്‍ന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുന്ന ടീമിന്റെ ഭാഗമായിരുന്നു. റോട്ടറി അംബാസഡറിയല്‍ സ്‌കോളര്‍ എന്ന നിലയില്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ച അദ്ദേഹം പോളിയോ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

2014-ല്‍ ഫ്‌ലൈറ്റ് സര്‍ജനായി നാസയില്‍ ചേര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കി. 2018ല്‍ അദ്ദേഹം സ്‌പേസ് എക്‌സില്‍ ചേര്‍ന്നു. സ്‌പേസ് എക്‌സിന്റെ ആദ്യ ഫ്‌ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നാസയുടെ രണ്ട് വര്‍ഷത്തെ ബഹിരാകാശ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ യാത്രയ്ക്ക് നിയോഗിക്കുന്നത്. ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിനിടയില്‍, ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മേനോന്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നു. മൈക്രോ ഗ്രാവിറ്റിയില്‍ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം.

ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്‌ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കലാണ് അടുത്ത പരീക്ഷണം. ദീര്‍ഘദൂര ബഹിരാകാശ ദൗത്യങ്ങളില്‍ ഈ സാങ്കേതികവിദ്യ വളരെ നിര്‍ണായകമായി മാറിയേക്കാം. ഒപ്പം, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകളും മേനോന്‍ നടത്തും. ഭാവിയിലെ ദീര്‍ഘകാല ദൗത്യങ്ങളില്‍ ഭൂമിയില്‍ നിന്നുള്ള മെഡിക്കല്‍ സഹായത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ആറ് നാള്‍ നീണ്ട വിലാപയാത്ര; ആയത്തുല്ല ഖമേനിക്ക് വിട നല്‍കാന്‍ മഷാദില്‍ എത്തിയത് വന്‍ ജനാവലി

ആറ് നാള്‍ നീണ്ട വിലാപയാത്ര; ആയത്തുല്ല ഖമേനിക്ക് വിട നല്‍കാന്‍ മഷാദില്‍ എത്തിയത് വന്‍ ജനാവലി

ടെഹ്‌റാന്‍: ആറ് ദിവസം നീണ്ടുനിന്ന ഔദ്യോഗിക വിലാപയാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ഒടുവില്‍, കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭൗതികശരീരം സംസ്‌കരിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും, പശ്ചിമേഷ്യയില്‍ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്‍ തങ്ങളുടെ പരമോന്നത നേതാവിന് വിടചൊല്ലിയത്. വിവിധ നഗരങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത വിലാപയാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ ഭൗതികശരീരം ജന്മനാടായ മഷാദിലെ മണ്ണിലേക്ക് ചേര്‍ത്തത്.

ഇറാനുമായി ബന്ധമുള്ള മേഖലകളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ അമേരിക്കന്‍ വ്യോമസേന ശക്തമായ ആക്രമണം തുടരുന്നതിനിടയിലാണ് ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആക്രമണങ്ങള്‍ക്കിടയിലും ഭയം കൂടാതെ ജനങ്ങള്‍ തെരുവിലിറങ്ങി തങ്ങളുടെ നേതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ യുഎസ് സൈനിക നീക്കങ്ങള്‍ ഇറാനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.

അതേസമയം, സംസ്‌കാര ചടങ്ങിന്റെ അവസാന ദിനത്തിലും ആയത്തുല്ല ഖമേനിയുടെ പിന്‍ഗാമി മുജ്തബ ഖമേനി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടില്ല. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് മുജ്തബ എത്താത്തതെന്നാണ് സൂചന. എന്നാല്‍ ഖമേനിയുടെ വിയോഗവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ടെഹ്‌റാനില്‍ നടക്കുന്ന ദുഖാചരണ ചടങ്ങിന് മുജ്തബ നേതൃത്വം നല്‍കുമെന്നാണ് വിവരം. ഫെബ്രുവരി 28ന് പിതാവ് കൊല്ലപ്പെട്ട അതേ ആക്രമണത്തില്‍ മുജ്തബയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

1989 മുതല്‍ നീണ്ട 36 വര്‍ഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനി തന്റെ 86-ാം വയസ്സിലാണ് കൊല്ലപ്പെട്ടത്. തനിക്ക് മഷാദില്‍ അന്ത്യവിശ്രമം കൊള്ളണമെന്നത് ഖമേനിയുടെ വ്യക്തിപരമായ ആഗ്രഹമായിരുന്നു. ഖമേനിക്കൊപ്പം ആക്രമണത്തില്‍ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കൊച്ചുമകള്‍, മകള്‍, മരുമകന്‍, മകന്‍ മുജ്തബ ഖമേനിയുടെ ഭാര്യ സഹ്റ ഹദ്ദാദ് അദേല്‍ എന്നിവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

ട്രെയിന്‍ എസി കോച്ച് ‘ഹണിമൂണ്‍ സ്യൂട്ടാക്കി’; വിഡിയോ വൈറല്‍, ടിടിഇക്ക് സസ്‌പെന്‍ഷന്‍

ട്രെയിന്‍ എസി കോച്ച് ‘ഹണിമൂണ്‍ സ്യൂട്ടാക്കി’; വിഡിയോ വൈറല്‍, ടിടിഇക്ക് സസ്‌പെന്‍ഷന്‍

ഔറംഗബാദ്: ഓടുന്ന ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കാബിന്‍ അലങ്കരിച്ച് ‘ഹണിമൂണ്‍ സ്യൂട്ട്’ രൂപത്തിലാക്കിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. റെയില്‍വേ ചട്ടങ്ങള്‍ ലംഘിച്ച് കോച്ചിനുള്ളില്‍ അതിരുകടന്ന അലങ്കാരങ്ങള്‍ നടത്താന്‍ അനുവാദം നല്‍കിയതിനാണ് നടപടി. സംഭവത്തില്‍ റെയില്‍വേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

നാന്ദേഡ്ഗ്രാം എക്‌സ്പ്രസിലെ ഫസ്റ്റ് എസി കാബിനിലാണ് സംഭവം. ജല്‍നയില്‍ നിന്നുള്ള നവദമ്പതികള്‍ക്കായി മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റാഹത്ത് റൂം ഡെക്കറേഷന്‍’ എന്ന സ്വകാര്യ ഏജന്‍സിയാണ് അലങ്കാരപ്പണി ചെയ്തത്. റോസാപ്പൂ ഇതളുകള്‍, ചുവന്ന ബലൂണുകള്‍, വലിയ പൂച്ചെണ്ടുകള്‍ എന്നിവയ്ക്ക് പുറമേ കാബിന്റെ ഭിത്തിയില്‍ ‘ഐ ലവ് യു’ എന്ന വലിയ എഴുത്തും ഇവര്‍ പതിപ്പിച്ചിരുന്നു.

ദമ്പതികള്‍ ഔറംഗബാദില്‍ നിന്ന് ജല്‍ന റെയില്‍വേ സ്റ്റേഷനിലേക്ക് കാറില്‍ യാത്ര ചെയ്യുന്ന സമയത്ത്, ഡെക്കറേഷന്‍ സംഘം മുന്‍കൂട്ടി ട്രെയിന്‍ കോച്ചിനുള്ളില്‍ കയറി അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്ന് ജല്‍നയില്‍ നിന്നും ദമ്പതികള്‍ ട്രെയിനില്‍ കയറി. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് റെയില്‍വേ അധികൃതര്‍ നടപടിയെടുത്തത്.

അനുമതിയില്ലാതെ റെയില്‍വേ കോച്ചിനുള്ളില്‍ കയറി ഇത്തരം പ്രവൃത്തികള്‍ ചെയ്തത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് റെയില്‍വേ വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ചിലര്‍ ഇതിനെ ഒരു റൊമാന്റിക് സര്‍പ്രൈസ് ആയി കണ്ട് അഭിനന്ദിച്ചപ്പോള്‍, വലിയൊരു വിഭാഗം ആളുകള്‍ ഇതിലെ സുരക്ഷാ പ്രശ്‌നങ്ങളെ ചോദ്യം ചെയ്തു. ഓടുന്ന ട്രെയിനിനുള്ളില്‍ ബലൂണുകളും പേപ്പറുകളും പൂക്കളും ഇത്തരത്തില്‍ നിറയ്ക്കുന്നത് തീപിടിത്ത സാധ്യത വര്‍ധിപ്പിക്കുമെന്നും, ഇത് റെയില്‍വേ പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ചില ട്രോളന്മാര്‍ വിഡിയോക്ക് താഴെ ‘സുഹാഗ്രാത് എക്‌സ്പ്രസ്’ എന്നും ‘ഹണിമൂണ്‍ ഓണ്‍ വീല്‍സ്’ എന്നും കമന്റ് ചെയ്തതും വൈറലായിട്ടുണ്ട്. സംഭവത്തില്‍ ഡെക്കറേഷന്‍ ഏജന്‍സിക്കെതിരെയും കര്‍ശന നിയമനടപടികള്‍ ഉണ്ടാകുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഓണത്തിന് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍

ഓണത്തിന് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍

ചെന്നൈ: ഓണക്കാലത്തെ കടുത്ത യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ചെന്നൈയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തുടനീളം 100 ഓളം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദക്ഷിണ റെയില്‍വേ തങ്ങളുടെ ആദ്യഘട്ട ഷെഡ്യൂളുകള്‍ പുറത്തുവിട്ടത്.

മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ എഗ്മൂര്‍ – മംഗളൂരു സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ (06126/06125)

ട്രെയിന്‍ നമ്പര്‍ 06126 (തിങ്കളാഴ്ചകളില്‍): ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 വരെ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 4:00 മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 10:55ന് ചെന്നൈ എഗ്മൂറിലെത്തും.

ട്രെയിന്‍ നമ്പര്‍ 06125 (ചൊവ്വാഴ്ചകളില്‍): ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 1 വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 2:00 മണിക്ക് ചെന്നൈ എഗ്മൂറില്‍ നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 8:40ന് മംഗളൂരുവില്‍ തിരിച്ചെത്തും.

പ്രധാന സ്റ്റോപ്പുകള്‍: കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്.

ചെന്നൈ സെന്‍ട്രല്‍ – കൊല്ലം – ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06119/06120)

ട്രെയിന്‍ നമ്പര്‍ 06119 (ബുധനാഴ്ചകളില്‍): ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ 02 തീയതികളില്‍ ഉച്ചയ്ക്ക് 3:10ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7:20ന് കൊല്ലത്തെത്തും.

ട്രെയിന്‍ നമ്പര്‍ 06120 (വ്യാഴാഴ്ചകളില്‍): മടക്ക സര്‍വീസ് വ്യാഴാഴ്ചകളില്‍ കൊല്ലത്ത് നിന്ന് പുറപ്പെടും.

പ്രധാന സ്റ്റോപ്പുകള്‍: പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം.

തിരുവനന്തപുരം സെന്‍ട്രല്‍ – താംബരം – തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ (06110/06109)

ചെന്നൈ താംബരത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള പ്രതിവാര സര്‍വീസും ഈ പാക്കേജിന്റെ ഭാഗമായി ഉണ്ടാകും.

വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, സെങ്കോട്ട, തെങ്കാശി, ശിവകാശി, വിരുദുനഗർ, മധുര, തിരുച്ചിറപ്പള്ളി, വിഴുപുരം, ചെങ്കൽപ്പെട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ (ടിക്കറ്റ് ബുക്കിങ്) ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. യാത്രക്കാര്‍ക്ക് ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ റെയില്‍വേ കൗണ്ടറുകള്‍ വഴിയോ സീറ്റുകള്‍ ബുക്ക് ചെയ്യാം. എസി ടു ടയര്‍, ത്രീ ടയര്‍, സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ ഈ ട്രെയിനുകളില്‍ ലഭ്യമാണ്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ ജോലി നേടാം; പി ജി യോഗ്യത, യംഗ് പ്രൊഫഷണൽ നിയമനം

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ ജോലി നേടാം; പി ജി യോഗ്യത, യംഗ് പ്രൊഫഷണൽ നിയമനം

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC) യംഗ് പ്രൊഫഷണൽ (Young Professional) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ (JICA) സഹകരണത്തോടെ നടപ്പാക്കുന്ന ‘Capacity Enhancement for Effective Forest Management’ പദ്ധതിയുടെ ഭാഗമായാണ് നിയമനം. ബിരുദാന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത
പരിസ്ഥിതി മാനേജ്മെന്റ്, വന്യജീവി സംരക്ഷണം, പ്രകൃതി വിഭവ മാനേജ്മെന്റ്, ഫോറസ്ട്രി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയം
ബന്ധപ്പെട്ട മേഖലയിൽ 3 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം.

മികച്ച ആശയവിനിമയ, വിശകലന, പ്രോജക്ട് മാനേജ്മെന്റ് കഴിവ്.

JICA പദ്ധതികളിലെ പരിചയം ഉള്ളവർക്ക് മുൻഗണന.

ശമ്പളം
പ്രതിമാസം 60,000 രൂപ

നിയമന കാലാവധി
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവും പദ്ധതിയുടെ ആവശ്യകതയും പരിഗണിച്ച് കരാർ ദീർഘിപ്പിക്കാം.

പ്രധാന ചുമതലകൾ
പദ്ധതി ആസൂത്രണം, നടപ്പാക്കൽ, വിലയിരുത്തൽ എന്നിവയിൽ സഹായം നൽകുക.

ഗവേഷണം, ഡാറ്റാ വിശകലനം, സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കുക.

സംസ്ഥാന വനം വകുപ്പുകൾ, വിവിധ ഏജൻസികൾ എന്നിവയുമായി ഏകോപനം നടത്തുക.

പരിശീലന പരിപാടികൾ, ശിൽപശാലകൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവ ഏകോപിപ്പിക്കുക.

പുരോഗതി റിപ്പോർട്ടുകൾ, അവതരണങ്ങൾ, വിജ്ഞാന പ്രചാരണ സാമഗ്രികൾ തയ്യാറാക്കുക.

JICA മാർഗനിർദേശങ്ങളും പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുക.

നിയമന കാലാവധി
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവും പദ്ധതിയുടെ ആവശ്യകതയും പരിഗണിച്ച് കരാർ ദീർഘിപ്പിക്കാം.

ജോലിസ്ഥലം
ആർ.ടി. ഡിവിഷൻ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഇന്ദിര പര്യാവരൺ ഭവൻ, ജോർബാഗ് റോഡ്, ന്യൂഡൽഹി – 110003..

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://moef.gov.in/storage/tender/1783405917.pdf

കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിന്റെ ഞരമ്പില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവച്ച് നഴ്‌സ്; കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിന്റെ ഞരമ്പില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവച്ച് നഴ്‌സ്; കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

തെലങ്കാന: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിന്റെ ഞരമ്പിലൂടെ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമബാദിലാണ് സംഭവം. കാമുകന്റെയും മറ്റൊരു യുവാവിന്റെയും സഹായത്തോടെയാണ് കൊലപാതകമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കൊല്ലപ്പെട്ട പ്രശാന്ത് അടുത്തിടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. ഭാര്യ സന്ധ്യയുടെ വിവാഹേതര ബന്ധത്തിന് ഭര്‍ത്താവ് തടസ്സമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്ധ്യയുടെ കാമുകനായ അനിലും വെങ്കട് സായി എന്ന യുവാവും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

പ്രശാന്തിന്റെ അമ്മയ്ക്ക് തോന്നിയ സംശയത്തിലൂടെയാണ് അപകടമരണമായി മാറേണ്ടിയിരുന്ന ഈ സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുവന്നത്. പ്രശാന്തിനെ അമിതമായി മദ്യപിപ്പിച്ച ശേഷമാണ് പ്രതികള്‍ കൊലപാതകശ്രമം നടത്തിയത്. പ്രശാന്ത് പൂസായതോടെ അനിലും വെങ്കട്ടും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും വീടിന്റെ ടെറസില്‍നിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രതികള്‍ പ്രതീക്ഷിച്ചതുപോലെ പ്രശാന്ത് മരിച്ചില്ല. മദ്യപിച്ച് ബോധമില്ലാതെ പ്രശാന്ത് അബദ്ധത്തില്‍ കെട്ടിടത്തില്‍നിന്ന് വീണതാണ് എന്നാണ് പ്രതികള്‍ എല്ലാവരോടും പറഞ്ഞത്.

പ്രശാന്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഘട്ടത്തിലാണ് പ്രതികള്‍ വീണ്ടും കൊലപാതകം ആസൂത്രണം ചെയ്തത്്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന സന്ധ്യ ഭര്‍ത്താവിന്റെ ഐവി ലൈനിലൂടെ ടോയ്ലറ്റ് ക്ലീനര്‍ കുത്തിവെക്കുകയായിരുന്നു. ഈ വിഷാംശമാണ് മരണത്തിന് കാരണമായത്.

മകന്റെ മരണത്തിലെ അസ്വാഭാവികതയില്‍ സംശയം തോന്നിയ പ്രശാന്തിന്റെ അമ്മ ജൂലൈ ഒന്നിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വിവരം പുറത്തറിയുന്നത്. പ്രശാന്തിനെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തില്‍ അയാളെ വീടിന്റെ ടെറസില്‍നിന്ന് തള്ളിയിടാന്‍ സഹായിച്ചതായി വെങ്കട്ട് സായ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സന്ധ്യ, അനില്‍, വെങ്കട്ട് സായ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധനകള്‍ നടക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.