by Midhun HP News | Jul 12, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കുത്തനെ ഉയരുമോ എന്ന് ആശങ്ക. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 76 ഡോളറാണ്. ഇടക്കാലത്ത് മേഖലയില്‍ സമാധാന്തരീക്ഷം നിലനിന്നിരുന്ന സമയത്ത് ഒരു ഘട്ടത്തില്‍ 70 ഡോളറിന് താഴേക്ക് എണ്ണവില നീങ്ങുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അമേരിക്ക- ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ എണ്ണവില ബാരലിന് നൂറിന് മുകളിലേക്ക് വീണ്ടും പോകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
ഹോര്‍മുസ് കടലിടുക്ക് ‘ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ’ അടച്ചിടുകയാണെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ, ഞായറാഴ്ച പുലര്‍ച്ചെ ഇറാനില്‍ അമേരിക്ക വീണ്ടും ആക്രമണം അഴിച്ചുവിട്ടതോടെ സ്ഥിതിഗതികള്‍ വീണ്ടും വഷളായിരിക്കുകയാണ്. ഇതിന് മറുപടിയായി ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി.
അനുമതിയില്ലാത്ത റൂട്ടിലൂടെ സഞ്ചരിച്ച കപ്പലിന് നേരെ വെടിയുതിര്‍ത്തതിന് ശേഷമാണ് കടലിടുക്ക് അടച്ചുപൂട്ടുന്നതെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഒന്നിലധികം കപ്പലുകള്‍ തങ്ങളുടെ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അവഗണിച്ച് മുന്നോട്ട് പോയെന്നും അതിലൊന്നിന് നേരെ മുന്നറിയിപ്പ് വെടിവെയ്പ്പ് നടത്തി തടഞ്ഞുവെച്ചതായും ഇറാന്‍ അറിയിച്ചു. ഈ പ്രദേശത്തെ അമേരിക്കന്‍ ഇടപെടലുകള്‍ അവസാനിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും ഒരു കപ്പലിനെയും കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് ഇറാനില്‍ അമേരിക്ക വീണ്ടും ആക്രമണം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ഏതാണ്ട് 140 ഓളം ഇറാനിയന്‍ ലക്ഷ്യസ്ഥാനങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറാന്‍ തെറ്റായ തീരുമാനമാണ് എടുത്തതെന്നും ഇപ്പോള്‍ അതിനുള്ള വില നല്‍കുകയാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ഭീഷണികളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം നേരിടുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അയല്‍രാജ്യമായ ബഹ്റൈനിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. പൗരന്മാരോട് ശാന്തരായിരിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെ മിസൈല്‍ മുന്നറിയിപ്പ് നല്‍കി. കുവൈറ്റ് സൈന്യവും തങ്ങള്‍ക്ക് നേരെ വന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി അറിയിച്ചു.

by Midhun HP News | Jul 12, 2026 | Latest News, ദേശീയ വാർത്ത
മൈസൂരു : ഇന്നലെ അന്തരിച്ച തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് നടക്കും. സംസ്‌കാരം വൈകീട്ട് മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ നടക്കും. ജാനകിയമ്മയുടെ ആഗ്രഹം അനുസരിച്ചാണ് ഹുണ്ഡിയില്‍ സംസ്‌കരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ എട്ടു മണി മുതല്‍ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടില്‍ പൊതു ദര്‍ശനം ആരംഭിക്കും. കലാ- സാഹിത്യ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് വിഖ്യാത ഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് തെന്നിന്ത്യന്‍ വാനമ്പാടി എന്നറിയപ്പെടുന്ന എസ് ജാനകി (88) വിടവാങ്ങിയത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകിയെ മൈസൂരു അപ്പോളേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഐസിയുവിലേക്ക് മാറ്റിയിരുന്നു. രാത്രി ഏഴരയോടെ മരണം സ്ഥിരീകരിച്ചതായി മൈസൂരു അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ജനുവരിയില്‍ ഏകമകന്‍ മുരളീകൃഷ്ണയുടെ മരണശേഷം ചെറുമകള്‍ അപ്‌സര വൈദ്യുലയ്‌ക്കൊപ്പമായിരുന്നു എസ് ജാനകി താമസിച്ചിരുന്നത്. ഇരുപതോലം ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ എസ് ജാനകി ആലപിച്ചിട്ടുണ്ട്. 2017 ഒക്ടോബറില്‍ 79-ാം വയസ്സിലാണ് ജാനകിയമ്മ പൊതുവേദിയില്‍ നിന്നും വിരമിച്ചത്. ആന്ധ്രയിലെ ഗുണ്ടൂരില്‍ ഡോക്ടര്‍ ശിസ്തില രാമമൂര്‍ത്തിയുടേയും സത്യവതിയുടേയും മകളായി 1938 ഏപ്രില്‍ 23 നാണ് ജാനകിയുടെ ജനനം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പിന്നണിഗായികമാരിലൊരാളായ ജാനകി, മലയാളത്തില്‍ 1200 ഓളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.


by Midhun HP News | Jul 11, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തലമുറകളെ താരാട്ടുപാട്ട് പാടി ഉറക്കിയ വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ശ്വസനസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയില്‍ ഇരുപതിലധികം ഭാഷകളിലായി ആയിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.
1957ൽ 19ആം വയസിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നു. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞ് അവരെ മലയാളത്തിലേക്കെത്തിച്ചത്.
മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നാലു തവണയാണ് എസ്.ജാനകിയെ തേടിയെത്തി. 1976-ൽ `പതിനാറു വയതിനിലേഎന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം. 1980-ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ… എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര’യിൽ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ് ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.
മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്‌നാട് സർക്കാരിൻറെ അവാർഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിൻറെ അവാർഡ് പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട് സർക്കാരിൻറെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുർ സിംഗർ അവാർഡ് 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ് 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ് അവാർഡ് 2005-ലും ലഭിച്ചു.
1938-ൽ ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്.
മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കുവേണ്ടിയും ജാനകി പാടിയിട്ടുണ്ടെങ്കിലും എംഎസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികൾക്ക് ഏറ്റവുമധികം അനുഭവവേദ്യമായത്. തളിരിട്ട കിനാക്കൾതൻ..(മൂടുപടം), അഞ്ജന കണ്ണെഴുതീ…(തച്ചോളി ഒതേനൻ), സൂര്യകാന്തീ..(കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം.
മഞ്ഞണിപ്പൂനിലാവിൽ (നഗരമേ നന്ദി, സംഗീതം– കെ. രാഘവൻ), നിദ്രതൻ നീരാഴി (പകൽക്കിനാവ്, സംഗീതം ചിദംബരനാഥ്), ഇന്നലെ നീയൊരു സുന്ദര രാഗമായെൻ (സ്ത്രീ, സംഗീതം ദക്ഷിണമൂർത്തി), സന്ധ്യേ കണ്ണീരിതെന്തേ (മദനോത്സവം, സലീൽ ചൗധരി), ഉണരൂ വേഗം നീ (മൂടൽമഞ്ഞ്, ഉഷാഖന്ന), ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം, എംഎസ് വിശ്വനാഥൻ), ഇളം മഞ്ഞിൻ കുളിരുമായി (എന്നിഷ്ടം നിന്നിഷ്ടം, കണ്ണൂർ രാജൻ), മാനത്തിൻ മുറ്റത്ത് (കറുത്ത പൗർണമി, എംകെ അർജുനൻ), ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ (കടൽ, എംബി ശ്രീനിവാസൻ), മഞ്ഞണിക്കൊമ്പിൽ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ജെറി അമൽദേവ്), ഗോപികേ നിൻ വിരൽ (കാറ്റത്തെ കിളിക്കൂട്, ജോൺസൺ), തേനും വയമ്പും (തേനും വയമ്പും, രവീന്ദ്രൻ) മൈനാകം (തൃഷ്ണ, ശ്യാം) നാഥാ നീവരും കാലൊച്ച (ചാമരം, എംജി രാധാകൃഷ്ണൻ) തുടങ്ങിയ നൂറുകണക്കിന് അനശ്വരഗാനങ്ങളിലൂടെ എസ് ജാനകിയുടെ മാന്ത്രികശബ്ദം മലയാളിഹൃദയങ്ങളെ തലോടി.
by Midhun HP News | Jul 11, 2026 | Latest News, ദേശീയ വാർത്ത
തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ രാജ്യം പൂർണമായും തകർക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ലക്ഷ്യമിട്ട് 1,000 മിസൈലുകൾ ഇതിനകം സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ആയിരക്കണക്കിന് മിസൈലുകൾ കൂടി പ്രയോഗിക്കാൻ അമേരിക്ക തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Truth Social-ലൂടെയാണ് ട്രംപ് പ്രതികരിച്ചത്. “അമേരിക്കയുടെ നിലവിലെ പ്രസിഡന്റായ എന്നെ വധിക്കാനോ അതിന് ശ്രമിക്കാനോ ഇറാൻ മുതിർന്നാൽ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും. നിലവിൽ 1,000 മിസൈലുകൾ ഇറാനെ ലക്ഷ്യമിട്ട് ലോക്ക് ചെയ്ത് സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. അതിന് പിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ കൂടി പ്രയോഗിക്കാൻ തയ്യാറാണ്,” എന്നാണ് ട്രംപ് കുറിച്ചത്.
വധശ്രമമുണ്ടായാൽ ഇറാനെതിരെ ഉടൻ സൈനിക നടപടി സ്വീകരിക്കാൻ യുഎസ് സൈന്യത്തിന് മുൻകൂർ ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു വർഷത്തേക്ക് നീളുന്ന സൈനിക നടപടിക്കാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നതെന്നും ആവശ്യമെങ്കിൽ അതിന്റെ കാലാവധി നീട്ടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ എല്ലാ മേഖലകളെയും ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകാൻ യുഎസ് സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം അമേരിക്കയെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

by Midhun HP News | Jul 11, 2026 | Latest News, ദേശീയ വാർത്ത
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ കൾച്ചറൽ റിസോഴ്‌സസ് ആൻഡ് ട്രെയിനിംഗ് (CCRT) 2026-27 ബാച്ച് വർഷത്തെ ജൂനിയർ, സീനിയർ ഫെലോഷിപ്പുകൾക്കായി അപേക്ഷ ക്ഷണിച്ചു. കലാ- സാംസ്‌കാര മേഖലകളുമായി ബന്ധപ്പെട്ട വിവിധ ഗവേഷണാധിഷ്ഠിത പ്രോജക്റ്റുകൾ ചെയ്യുന്നവർക്ക് ആണ് ഈ ഫെലോഷിപ്പുകൾ നൽകുന്നത്. തപാൽ വഴി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.
ജൂനിയർ ഫെലോഷിപ്പ്
കലാ-സാംസ്‌കാരിക രംഗത്ത് മികച്ച കഴിവ് തെളിയിച്ചിട്ടുള്ള 25 നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് ജൂനിയർ ഫെലോഷിപ്പ് നൽകുന്നത് (01-04-1986 നും 31-03-2001 നും ഇടയിൽ ജനിച്ചവരായിരിക്കണം).
ആകെ 200 ഫെലോഷിപ്പുകളാണ് ഈ വിഭാഗത്തിലുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ വീതം പരമാവധി രണ്ട് വർഷത്തേക്ക് ഫെലോഷിപ്പ് ലഭിക്കും.
മുൻപ് ജൂനിയർ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ളവർ ഇതിലേക്ക് അപേക്ഷിക്കാൻ യോഗ്യരല്ല.
കൂടുതൽ നിബന്ധനകൾ അറിയാൻ CCRT ജൂനിയർ ഫെലോഷിപ്പ് നിർദ്ദേശങ്ങൾ പരിശോധിക്കാവുന്നതാണ്.
https://ccrtindia.gov.in/wp-content/uploads/2026/06/Junior-Instructions-for-Fellows.pdf
സീനിയർ ഫെലോഷിപ്പ്
40 വയസ്സിന് മുകളിൽ പ്രായമുള്ള കലാകാരന്മാർക്കും ഗവേഷകർക്കുമാണ് സീനിയർ ഫെലോഷിപ്പ് അനുവദിക്കുന്നത് (01-04-1986-ലോ അതിന് മുൻപോ ജനിച്ചവരായിരിക്കണം).
ഈ വിഭാഗത്തിലും 200 ഒഴിവുകളാണുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ വീതം രണ്ട് വർഷത്തേക്ക് ഫെലോഷിപ്പ് തുകയായി ലഭിക്കുന്നതാണ്.
മുൻപ് ഈ പദ്ധതി പ്രകാരം സീനിയർ ഫെലോഷിപ്പ് കൈപ്പറ്റിയിട്ടുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.
ഇതിന്റെ പൂർണ്ണമായ വിവരങ്ങൾ CCRT സീനിയർ ഫെലോഷിപ്പ് നിർദ്ദേശങ്ങൾ എന്നതിൽ ലഭ്യമാണ്.
https://ccrtindia.gov.in/wp-content/uploads/2026/06/Senior-Instructions-for-Fellows.pdf
വിഷയങ്ങളും യോഗ്യതകളും
പെർഫോമിംഗ് ആർട്സ്, ലിറ്റററി ആർട്സ്, വിഷ്വൽ/പ്ലാസ്റ്റിക് ആർട്സ് എന്നിവയ്‌ക്കൊപ്പം സംസ്കാരവുമായി ബന്ധപ്പെട്ട വിവിധ ഗവേഷണ മേഖലകളിലെയും പ്രോജക്ടുകൾക്ക് ഫെലോഷിപ്പ് ലഭിക്കും.
ഇൻഡോളജി (ഇന്ത്യൻ പഠനം), എപിഗ്രാഫി (ശിലാലിഖിത പഠനം), സാംസ്കാരിക സമൂഹശാസ്ത്രം (Sociology of Culture), സാംസ്കാരിക സാമ്പത്തികശാസ്ത്രം (Cultural Economics), നുമിസ്മാറ്റിക്സ് (പുരാതന നാണയ പഠനം), ആർക്കൈവ്സ്, മ്യൂസിയോളജി, പൈതൃക സംരക്ഷണം (Heritage Conservation) തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഈ ഗവേഷണാധിഷ്ഠിത മേഖലകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
എന്നാൽ സംഗീതം, നൃത്തം, നാടകം, നാടൻ കലാരൂപങ്ങൾ തുടങ്ങിയ പരമ്പരാഗത കലാരംഗങ്ങളിൽ അപേക്ഷിക്കുന്നവർക്ക് ഈ ബിരുദ യോഗ്യത നിർബന്ധമല്ല.
നിലവിൽ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവർ അപേക്ഷിക്കുന്നുവെങ്കിൽ, തിരഞ്ഞെടുപ്പ് നടപടിയുടെ ഭാഗമായി നടക്കുന്ന അഭിമുഖ സമയത്ത് തൊഴിലുടമയിൽ നിന്നുള്ള എതിർപ്പില്ലാ സർട്ടിഫിക്കറ്റ് (No Objection Certificate – NOC) ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച്, തങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രോജക്റ്റിന്റെ 1000 മുതൽ 1500 വാക്കുകളിലുള്ള സിനോപ്സിസ് സഹിതം തപാൽ മാർഗ്ഗം അയക്കേണ്ടതാണ്. സിനോപ്സിസ് ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കാം, എന്നാൽ സാഹിത്യ വിഭാഗത്തിൽ (Field of Literature) അപേക്ഷിക്കുന്നവർക്ക് പ്രാദേശിക ഭാഷയിലും സിനോപ്സിസ് തയ്യാറാക്കി അയക്കാവുന്നതാണ്.
അപേക്ഷകൾ അയക്കേണ്ട വിലാസം:
Director, CCRT, 15A, Sector-7, Dwarka, New Delhi-110075.
അപേക്ഷാ ഫോമിനും മറ്റ് വിശദവിവരങ്ങൾക്കുമായി CCRT ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
https://ccrtindia.gov.in/
by Midhun HP News | Jul 11, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡിയില്‍ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം. തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ കൗമാരക്കാരിയെയും അവളുടെ കുടുംബത്തെയും കൊലപ്പെടുത്തിയതിന് പുറമേ 35കാരനായ പ്രതി സ്വന്തം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജ്കുമാറിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറയുന്നു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഷാബാദിലെ തങ്ങളുടെ വസതിയില്‍ വെച്ച് ആദ്യം 30 വയസ്സുള്ള ഭാര്യ പാര്‍വതി സരിതയെയും നാലും ഒന്നും വയസുള്ള രണ്ട് ആണ്‍മക്കളെയുമാണ് ആക്രമിച്ചത്. തുടര്‍ന്ന്, ഒരു മാസം മുന്‍പ് തനിക്കെതിരെ പോക്സോ കേസ് കൊടുത്ത 17 വയസുകാരിയുടെ വീട്ടിലേക്ക് ഇയാള്‍ പോയി. അവിടെ നിന്നും പെണ്‍കുട്ടിയെ കാറില്‍ കയറ്റി വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൂടാതെ, പെണ്‍കുട്ടിയുടെ 45 വയസ്സുള്ള അമ്മയെയും 65 വയസ്സുള്ള അമ്മൂമ്മയെയും ഇയാള്‍ കൊലപ്പെടുത്തി. സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന, 17കാരിയുടെ സഹോദരിയായ 20കാരിയെ ഉപദ്രവിച്ചില്ല. ഇവര്‍ ഭിന്നശേഷിക്കാരിയാണ്.
ആറുപേരെ വെട്ടിക്കൊന്ന ശേഷം രാജ്കുമാര്‍ തന്റെ പിതാവിനെ വിളിച്ചാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ‘ഞാന്‍ ഇത് ചെയ്തു. ഞാന്‍ ആ മനുഷ്യരെയെല്ലാം കൊലപ്പെടുത്തി’- അവന്‍ അച്ഛനോട് പറഞ്ഞു. ‘അതിനുശേഷം പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും പ്രതി പറഞ്ഞിരുന്നു, എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,’- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ തരുണ്‍ ജോഷി പറഞ്ഞു.

‘പ്രതി നിലവില്‍ ഒളിവിലാണ്. പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ പിടികൂടും,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും ലൈംഗികാതിക്രമത്തിനും മെയ് മാസത്തിലാണ് രാജ്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
‘പ്രതി പെണ്‍കുട്ടിയെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വീട് വരെ പിന്തുടരുകയും തന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു,’- ജോഷി പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ രാജ്കുമാര്‍, വകുപ്പുകള്‍ പ്രകാരം ലഭിക്കാവുന്ന ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയായതിനാല്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഈ ദാരുണമായ കൊലപാതകങ്ങള്‍ക്ക് ഒരാഴ്ച മുന്‍പാണ് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
പ്രതിക്ക് മുന്‍പും പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് ഓഫീസര്‍ വ്യക്തമാക്കി. ‘കൗണ്‍സിലിങ്ങിനായി ഞങ്ങള്‍ രണ്ട് മൂന്ന് തവണ ഇയാളെ വിളിച്ചിരുന്നു. ഇയാളുടെ മാനസികനില തകരാറിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ക്ക് ചൂതാട്ട ശീലവും കടബാധ്യതകളും ഉണ്ടായിരുന്നു,’- അദ്ദേഹം പറഞ്ഞു.

Recent Comments