by Midhun HP News | Jan 2, 2025 | Latest News, Tech News, ദേശീയ വാർത്ത
പട്‌ന: ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ കെ വിനോദ് ചന്ദ്രന്‍ പുതിയ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരള ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്.
26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. തിങ്കളാഴ്ചയാണ് പട്‌നയിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, സ്പീക്കര്‍ നന്ദ കിഷോര്‍ യാദവ് തുടങ്ങിയവര്‍ സ്വീകരിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാർ നിയുക്ത ഗവർണറെ സന്ദർശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാൻ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി എന്നിവരെ വസതിയിലെത്തി സന്ദർശിച്ചു. പുതുവത്സരാശംസ നേരാനാണ് ലാലുവിന്റെ വീട്ടിലെത്തിയതെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ആരിഫ് മുഹമ്മദ് ഖാനുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മനാട്ടിലെത്തി, നിതീഷിന്റെ അമ്മയുടെ ചരമവാർഷിക ചടങ്ങുകളിലും ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തിരുന്നു.
by Midhun HP News | Jan 2, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (മെയ്ന്‍) ജനുവരി 22 മുതല്‍ 30 വരെ നടക്കും. എന്‍ടിഎ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ആദ്യ സെഷനിലെ പേപ്പര്‍ 1 (BE/BTech) ജനുവരി 22, 23, 24, 28, 29 തീയതികളില്‍ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ്.
പേപ്പര്‍ 2A (BArch), പേപ്പര്‍ 2B (B.Planning), പേപ്പര്‍ 2A, 2B (BArch, B Planning) ഒരുമിച്ച് എന്നിവയ്ക്കുള്ള പരീക്ഷ ജനുവരി 30 ന് നടക്കും. പേപ്പര്‍ 2A, പേപ്പര്‍ 2B എന്നിവയ്ക്കുള്ള പരീക്ഷ ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6:30 വരെ നടത്തുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഉടന്‍ എന്‍ടിഎ പുറത്തിറക്കും. സ്ലിപ്പ് പുറത്തിറക്കി കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് സ്ലിപ്പുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ജനുവരി ആദ്യ വാരത്തോടെ തന്നെ സ്ലിപ്പുകള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജെഇഇ മെയിന്‍ പരീക്ഷയുടെ തീയതിക്ക് മൂന്ന് ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ എന്‍ടിഎ ഒരുക്കും. പരീക്ഷയുടെ ആദ്യ സെഷന്റെ ഫലം ഫെബ്രുവരി 12ന് പ്രഖ്യാപിക്കും.
പേപ്പര്‍ 1
എന്‍ഐടികള്‍, ഐഐഐടികള്‍, മറ്റ് കേന്ദ്ര സാങ്കേതിക സ്ഥാപനങ്ങള്‍ (സിഎഫ്ടിഐകള്‍) എന്നിവയിലെ ബിരുദ എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്ക് (ബിഇ/ബിടെക്) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന പരീക്ഷയാണിത്. ജെഇഇ മെയിന്‍ (പേപ്പര്‍ 1) യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടികള്‍) പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡിലും പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്.
പേപ്പര്‍ 2
രാജ്യത്തുടനീളമുള്ള വിവിധ സര്‍വകലാശാലകളില്‍ ബി.ആര്‍ക്ക്, ബി.പ്ലാനിംഗ് കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് പേപ്പര്‍ 2 പരീക്ഷ.
by Midhun HP News | Jan 2, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തിന് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പിഎംഎഫ്ബിവൈ) നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതി 2025-2026 സാമ്പത്തിക വര്‍ഷം വരെ തുടരാനാണ് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയത്. തടയാന്‍ കഴിയാത്ത പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള വിള നാശത്തിന് കര്‍ഷകര്‍ക്ക് പരിരക്ഷ ലഭിക്കുന്നത് തുടരുമെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
2021-22 മുതല്‍ 2025-26 വരെയുള്ള പദ്ധതിക്ക് ആകെ 69,515.71 കോടി രൂപയാണ് ചെലവഴിക്കുന്നത്. വിള ഇന്‍ഷുറന്‍സിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ക്ലെയിമുകളില്‍ സംയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനുമായി ഫണ്ട് ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി (എഫ്‌ഐഎറ്റി) രൂപീകരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനായി 824.77 കോടി രൂപ നീക്കിവെക്കും.
ക്ലെയിം സെറ്റില്‍മെന്റുകളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള YES-TECH (സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിളവ് കണക്കാക്കല്‍ സംവിധാനം), WINDS (കാലാവസ്ഥാ വിവരവും നെറ്റ്വര്‍ക്ക് ഡാറ്റാ സിസ്റ്റംസ്) എന്നിവയും പോലുള്ള സാങ്കേതിക സംരംഭങ്ങള്‍ക്ക് ഈ ഫണ്ട് വിനിയോഗിക്കാനാകും. കൂടാതെ ഡൈ അമോണിയം ഫോസ്‌ഫേറ്റ് വളങ്ങളുടെ സബ്‌സിഡി തുടരാന്‍ 3850 കോടിയും അനുവദിച്ചിട്ടുണ്ട്.
by Midhun HP News | Jan 2, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.73 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ റെക്കോര്‍ഡ് ഓരോ ദിവസം കഴിയുന്തോറും തിരുത്തി കൂടുതല്‍ ഇടിവിലേക്ക് രൂപ പോകുന്നതില്‍ സാമ്പത്തിക രംഗം ആശങ്കയിലാണ്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതുമാണ് രൂപയെ ബാധിക്കുന്നത്. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
അതേസമയം ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. വിപണിയുടെ തുടക്കത്തില്‍ 242 പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഒഎന്‍ജിസി ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. സണ്‍ ഫാര്‍മ, എന്‍ടിപിസി, അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ നഷ്ടം നേരിട്ടു.
by Midhun HP News | Jan 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പുതുവര്‍ഷത്തിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അഞ്ചുപൈസയുടെ നഷ്ടത്തോടെ 85.69 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്.
ചൊവ്വാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളര്‍ ഒന്നിന് 85.64 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ ഈ റെക്കോര്‍ഡ് ആണ് ഇന്ന് വീണ്ടും തിരുത്തിയത്. ഈ രീതിയില്‍ പോയാല്‍ അടുത്തുതന്നെ 86 കടന്നും രൂപയുടെ ഇടിവ് തുടരാമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അസംസ്‌കൃത എണ്ണ വില കൂടുന്നതും രൂപയെ സ്വാധീനിക്കുന്നുണ്ട്. എണ്ണവില ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 74.64 ഡോളര്‍ എന്ന നിലയിലാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില.
അതേസമയം ഓഹരി വിപണി നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് ഏകദേശം 400 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. അദാനി എന്റര്‍പ്രൈസസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
by Midhun HP News | Jan 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടര്‍ വില 14.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. റെസ്‌റ്റോറന്റുകള്‍ക്കും കാറ്ററിങ് സര്‍വീസ് നടത്തുന്നവര്‍ക്കുമാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക.
തുടര്‍ച്ചയായി അഞ്ചു മാസം വില വര്‍ധിപ്പിച്ച ശേഷമാണ് ആദ്യമായി വിലയില്‍ കുറവ് വരുത്തിയത്. അഞ്ചുമാസം കൊണ്ട് 173 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. വില കുറച്ചതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1804 രൂപയായി. മുംബൈ 1756, ചെന്നൈ 1966, കൊല്‍ക്കത്ത 1911 എന്നിങ്ങനെയാണ് പുതിയ നിരക്ക്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
ഒരു കിലോലിറ്റര്‍ വിമാന ഇന്ധന വിലയില്‍ 1400ലധികം രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ എടിഎഫ് വില കിലോലിറ്ററിന് 90,455.47 രൂപയായി. 1401 രൂപയാണ് കുറഞ്ഞത്. കൊല്‍ക്കത്ത 93,059, മുംബൈ 84,511, ചെന്നൈ 93,670 എന്നിങ്ങനെയാണ് പുതിയ വിമാന ഇന്ധനവില.
Recent Comments