രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘മോദിയുടെ ഗ്യാരണ്ടി’ മുദ്രാവാക്യം പാഴാകും. 2004 ലെ സാഹചര്യം ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്ക് അംഗീകാരം കൊടുക്കാന്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായിട്ടാണ് 2004 ല്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരം നിലനിര്‍ത്താനായി തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതേഫലമാകും ഇത്തവണ ബിജെപിയെ കാത്തിരിക്കുന്നത്. ഇന്ത്യ മാറ്റം തേടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ വീടുകളിലും എത്തിക്കാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. പ്രകടന പത്രികയിലെ നിര്‍ദേശങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും കഴിയുന്നത്ര പ്രചാരം നല്‍കണം. പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം അധികാരം ലഭിച്ചാല്‍ നടപ്പാക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉറപ്പു നല്‍കി.

രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രഖ്യാപിച്ച അഞ്ച് ന്യായ് പദ്ധതികള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ ഹൈലൈറ്റ് എന്നാണ് സൂചന. പ്രകടനപത്രികയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രകടനപത്രിക ഇന്നോ നാളെയോ കോണ്‍ഗ്രസ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം ഇന്നു വൈകീട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗവും ചേരുന്നുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത ഇന്നത്തെ യോഗത്തോടെ അവസാനിച്ചേക്കും. റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി താല്‍പ്പര്യം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പൊതു തെരഞ്ഞെടുപ്പു തീയതികള്‍ ഉടന്‍

പൊതു തെരഞ്ഞെടുപ്പു തീയതികള്‍ ഉടന്‍

ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിന്റെയും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ വാര്‍ത്താ സമ്മേളനം തുടങ്ങി. തെരഞ്ഞെടുപ്പു നടത്തുന്നതിന് കമ്മിഷന്‍ പൂര്‍ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

പതിനാറാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കുകയാണ്. ആന്ധ്ര, ഒഡിഷ, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളുടെ കാലാവധി ജൂണ്‍ 24നും അവസാനിക്കും. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പും നടത്താനുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ പറഞ്ഞു.

ചലച്ചിത്രം ‘വ്യാജവാര്‍ത്ത’; ആശുപത്രിയില്‍ അല്ല, സച്ചിനും അഭിഷേകിനും ഒപ്പമിരുന്ന് കളി കണ്ട് അമിതാഭ് ബച്ചന്‍

ചലച്ചിത്രം ‘വ്യാജവാര്‍ത്ത’; ആശുപത്രിയില്‍ അല്ല, സച്ചിനും അഭിഷേകിനും ഒപ്പമിരുന്ന് കളി കണ്ട് അമിതാഭ് ബച്ചന്‍

മുംബൈ: ആരോഗ്യനില മോശമെന്ന വാര്‍ത്തകള്‍ തള്ളി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബച്ചന്‍ ആശുപത്രിയിലാണെന്നും കാലിലെ രക്തക്കുഴലുകളിലെ തടസം നീക്കുന്നതിനായി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്.

വാര്‍ത്തകള്‍ വന്ന് മണിക്കൂറുകള്‍ക്ക് ശേഷം ബച്ചന്‍ ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം വീക്ഷിക്കാനായി മുബൈയിലെ സ്റ്റേഡിയത്തിലേക്കെത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു ആരാധകന്‍ താരത്തോട് ആരോഗ്യ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ബച്ചന്‍ ‘വ്യാജ വാര്‍ത്ത’ എന്ന് മറുപടി നല്‍കുന്നതായാണ് വിഡിയോയില്‍ കാണാനാവുന്നത്. മകന്‍ അഭിഷേക് ബച്ചന്റെ കൂടെയാണ് അമിതാബ് ബച്ചന്‍ മത്സരം കാണാനെത്തിയത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി; ജെകെഎല്‍എഫിനും ഫ്രീഡം ലീഗിനും നിരോധനം

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി; ജെകെഎല്‍എഫിനും ഫ്രീഡം ലീഗിനും നിരോധനം

ഡല്‍ഹി: യാസീന്‍ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള ജെകെഎല്‍എഫിനെയും കശ്മീര്‍ പീപ്പിള്‍സ് ഫ്രീഡം ലീഗിനെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിവരം ട്വിറ്ററില്‍ കുറിച്ചത്. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, അഖണ്ഡത എന്നിവയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ കടുത്ത നിയമ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമിത് ഷാ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക വിജ്ഞാപനത്തില്‍ ജെ-കെ പീപ്പിള്‍സ് ലീഗിന്റെ നാല് വിഭാഗങ്ങളെയും നിരോധിച്ചു. ജെകെപിഎല്‍ (മുക്താര്‍ അഹമ്മദ് വാസ), ജെകെപിഎല്‍ (ബഷീര്‍ അഹമ്മദ് ടോട്ട), ജെകെപിഎല്‍ (ഗുലാം മുഹമ്മദ് ഖാന്‍), യാക്കൂബ് ഷെയ്ഖ് നയിക്കുന്ന ജെകെപിഎല്‍ (അസീസ് ഷെയ്ഖ്) എന്നിവയെയും നിരോധിച്ചു.

ജമ്മു കാശ്മീരിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു

ജമ്മു കാശ്മീരിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു

ജമ്മു കാശ്മീരിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്. 27 വയസായിരുന്നു. വിപിന്റെ മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. ഈ മാസം 12ന് രാത്രിയാണ് വിപിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവധിക്ക് നാട്ടിലായിരുന്ന വിപിൻ 20 ദിവസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിക്കാനായി കാശ്മീരിലേക്ക് പോയത്. എട്ട് വർഷം മുമ്പാണ് വിപിൻ ജോലിക്ക് കയറിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ, മൂന്ന് മണിക്ക് കമ്മീഷന്റെ വാര്‍ത്താസമ്മേളനം

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ, മൂന്ന് മണിക്ക് കമ്മീഷന്റെ വാര്‍ത്താസമ്മേളനം

ഡല്‍ഹി: 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികള്‍ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കൂടെ ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പുകളാണ് നടക്കാന്‍ പോകുന്നത്. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താനും കമ്മീഷന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. പുതിയ രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇന്ന് ചുമതലയേറ്റതോടെ തെരഞ്ഞെടുപ്പിന് സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.