നിങ്ങളുടെ ആധാര്‍ കാര്‍ഡ് എങ്ങനെ സുരക്ഷിതമാക്കാം? അറിയേണ്ടതെല്ലാം

നിങ്ങളുടെ ആധാര്‍ കാര്‍ഡ് എങ്ങനെ സുരക്ഷിതമാക്കാം? അറിയേണ്ടതെല്ലാം

ഡല്‍ഹി: മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നേടുന്നതിനും വേണ്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. എന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആധാര്‍ കാര്‍ഡ് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. ആധാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം? ആധാര്‍ കാര്‍ഡ് എങ്ങനെ സുരക്ഷിതമാക്കാമെന്നും അറിയാം.

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

മൈ ആധാര്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക- ആധാര്‍ വിശദാംശങ്ങള്‍ നല്‍കുക- നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക, കാപ്ച്ച കോഡ് നല്‍കുക – ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക, (നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ആകും ഒടിപി വരുക) – ഒതന്റിഫിക്കേഷന്‍ ഹിസ്റ്ററി പരിശോധിക്കുക, അവിടെ, ആധാര്‍ ഉപയോഗിച്ച എല്ലാ സന്ദര്‍ഭങ്ങളും കാണാം. എന്തെങ്കിലും അനധികൃത ഉപയോഗം കണ്ടെത്തിയാല്‍, അത് ഉടന്‍ തന്നെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിക്കുക.

ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി എങ്ങനെ ലോക്ക് ചെയ്യാം?

മൈ ആധാര്‍ പോര്‍ട്ടലില്‍ കയറി ആധാര്‍ ലോക്ക്/അണ്‍ലോക്ക് സെലക്ട് ചെയ്യുക- വെര്‍ച്വല്‍ ഐഡി നല്‍കുക(പൂര്‍ണ്ണമായ പേര്, പിന്‍ കോഡ്, കാപ്ച കോഡ്) – നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കുക- സബ്മിറ്റ് ചെയ്യുക- ബയോമെട്രിക് ലോക്ക് ആക്ടീവാക്കുക.

എസ്എഫ്‌ഐഒ അന്വേഷണം: സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

എസ്എഫ്‌ഐഒ അന്വേഷണം: സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

ഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആര്‍എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു. എക്‌സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്‌ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആര്‍എല്‍ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്റെ അപേക്ഷയിലും വാദം കേള്‍ക്കും.

കേസില്‍ സ്വതന്ത്ര അന്വേഷണമാണ് നടക്കുന്നതെന്നും ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷണന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ എസ്എഫ്‌ഐഒ നേരത്തെ വ്യക്തമാക്കിയിരുന്നു.തങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നുമായിരുന്നു എസ്എഫ്‌ഐഒ വ്യക്തമാക്കിയത്. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് സിഎംആര്‍എല്ലും ആവശ്യപ്പെട്ടിരുന്നു.

വൈദ്യുതി മോഷണകേസ്: എംപിക്ക് 1.91 കോടി രൂപ പിഴ

വൈദ്യുതി മോഷണകേസ്: എംപിക്ക് 1.91 കോടി രൂപ പിഴ

ലഖ്‌നൗ: വൈദ്യുതി മോഷ്ടിച്ച കേസില്‍ സംഭാല്‍ എംപിക്ക് രണ്ടു കോടിയോളം രൂപ പിഴ. ലോക്‌സഭാംഗവും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാ ഉര്‍ റഹ്മാനാണ് വൈദ്യുതി വകുപ്പ് പിഴ ചുമത്തിയത്. 1.91 കോടി രൂപ പിഴ അടയ്ക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. എംപിയുടെ വസതിയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

വൈദ്യുതി മോഷണത്തില്‍ എംപി സിയാ ഉര്‍ റഹ്മാനെതിരെ ഇലക്ട്രിസിറ്റി ആക്റ്റ് 2003 സെക്ഷന്‍ 135 പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സിയാ ഉര്‍ റഹ്മാന്റെ പിതാവ് മംലുക്കൂര്‍ റഹ്മാന്‍ ബാര്‍ഖിനെതിരെയും കേസെടുത്തിട്ടുണ്ട്.

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മീറ്ററുമായി കണക്ട് ചെയ്യാതെ സിയാ ഉര്‍ റഹ്മാന്‍ വൈദ്യുതി മോഷ്ടിച്ചിരുന്നത് കണ്ടെത്തുന്നത്. എന്‍ജിനീയര്‍മാരായ വി കെ ഗംഗല്‍, അജയ് കുമാര്‍ ശര്‍മ എന്നിവരെ പരിശോധനയ്ക്കിടെ എംപിയുടെ പിതാവ് അധിക്ഷേപിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍

കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍

പട്‌ന: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍. മുട്ട സ്വന്തം ബാഗിലാക്കി വീട്ടിയേ്ക്ക് കൊണ്ടു പോവുകയാണ് ചെയ്തത്. മുട്ടകള്‍ കട്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചിരിച്ചതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി സംഭവം നടന്നത് തന്നെയാണെന്ന് ഉറപ്പിച്ചു. വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധ പ്രകടനം നടത്തി.

വൈശാലിയിലെ ലാല്‍ഗഞ്ച് ബ്ലോക്കിലെ സര്‍ക്കാര്‍ സകൂളിലാണ് സംഭവം. ഡിസംബര്‍ 12 ന് എടുത്തതാണെന്ന് പറയപ്പെടുന്ന വീഡിയോയില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി കൊണ്ടു വന്ന മുട്ടകള്‍ പ്രിന്‍സിപ്പല്‍ തന്റെ ബാഗിലിട്ട് വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നത് കാണാം. എന്നാല്‍ താന്‍ മുട്ടകള്‍ വീട്ടിലേയ്ക്ക് കൊണ്ടുപോയിട്ടില്ലെന്നും സ്‌കൂളിലെ പാചകക്കാരന് നല്‍കിയതാണെന്നും പ്രിന്‍സിപ്പല്‍ സുരേഷ് സഹാനി പറഞ്ഞു. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിച്ചുവെന്നും പ്രിന്‍സിപ്പലിനെതിരെ മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കുള്ള ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്.

ആറ്റിങ്ങലുകാരൻ നേതൃത്വം നൽകിയ കേരള ടീമിന് മികച്ച വിജയം

ആറ്റിങ്ങലുകാരൻ നേതൃത്വം നൽകിയ കേരള ടീമിന് മികച്ച വിജയം

ഡൽഹി: വിജയ് മർച്ചൻ്റ് ട്രോഫിയിൽ മേഘാലയക്കെതിരെ ആറ്റിങ്ങലുകാരൻ നേതൃത്വം നൽകിയ കേരളത്തിന് ഉജ്ജ്വല വിജയം. ഇന്നിങ്സിനും 391 റൺസിനുമാണ് കേരളം മേഘാലയയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 25 റൺസിന് പുറത്തായ മേഘാലയക്കെതിരെ കേരളം എട്ട് വിക്കറ്റിന് 478 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട മേഘാലയ 62 റൺസിന് പുറത്തായതോടെയാണ് കേരളം കൂറ്റൻ വിജയം സ്വന്തമാക്കിയത്. ഒരു ദിവസത്തെ കളി ബാക്കിയിരിക്കെയാണ് കേരളത്തിൻ്റെ വിജയം.

ആറ് വിക്കറ്റിന് 252 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടർന്ന കേരളത്തിന് ക്യാപ്റ്റൻ ആറ്റിങ്ങൽ സ്വദേശി ഇഷാൻ രാജിൻ്റെയും തോമസ് മാത്യുവിൻ്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കൂറ്റൻ ലീഡ് നൽകിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു. തോമസ് മാത്യു സെഞ്ച്വറിയടിച്ച് കളം വാണു. 143 പന്തിൽ 152 റൺസുമായി തോമസ് മാത്യു പുറത്താകാതെ നിന്നു. 25 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു തോമസ് മാത്യുവിൻ്റെ ഇന്നിങ്സ്.

ഇഷാൻ രാജ് സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ പുറത്തായി. 140 പന്തുകളിൽ നിന്ന് 10 ഫോറടക്കം ഇഷാൻ രാജ് 93 റൺസ് നേടി. നേരത്തെ ലെറോയ് ജോക്വിൻ ഷിബുവും കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 38 റൺസെടുത്ത നെവിൻ, 24 റൺസെടുത്ത ദേവഗിരി എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയ മറ്റ് ബാറ്റർമാർ. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ വീണ്ടും തകർന്നടിഞ്ഞു. സ്കോർ ബോർഡ് തുറക്കും മുൻപെ ക്യാപ്റ്റൻ സുരനയുടെ വിക്കറ്റ് നഷ്ടമായ മേഘാലയക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. 14 റൺസെടുത്ത എസ് ചൗധരിയാണ് മേഘാലയയുടെ ടോപ് സ്കോറർ. 26ാം ഓവറിൽ വെറും 62 റൺസിന് മേഘാലയയുടെ ഇന്നിങ്സിന് അവസാനമായി.

കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ നാലും നന്ദൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നന്ദൻ ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു. 7.3 ഓവറിൽ ഒരു റൺ പോലും വിട്ട് കൊടുക്കാതെയാണ് നന്ദൻ്റെ ആറ് വിക്കറ്റ് നേട്ടം. വിജയ് മർച്ചൻ്റ് ട്രോഫിയിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് നന്ദൻ. നേരത്തെ ഹൈദരാബാദിനെതിരായ വിജയത്തിലും ഏഴ് വിക്കറ്റുകളുമായി നന്ദൻ നിർണയക പങ്കു വഹിച്ചിരുന്നു.

എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

ബംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.