മുംബൈ ബോട്ടപകടം: മലയാളി കുടുംബത്തെ കണ്ടെത്തി

മുംബൈ ബോട്ടപകടം: മലയാളി കുടുംബത്തെ കണ്ടെത്തി

മുംബൈ: മുംബൈ ബോട്ടപകടത്തില്‍ കാണാതായെന്ന് സംശയിച്ച മലയാളി കുടുംബത്തെ കണ്ടെത്തി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസ്സുകാരന്‍ ഏബിള്‍ മാത്യുവാണ് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നത്.

പത്തനംതിട്ട സ്വദേശിയായ മാത്യു ജോര്‍ജ്, ഭാര്യ നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ മഹാരാഷ്ട്രയിലുള്ള ബന്ധുക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഉറാന്‍ പൊലീസാണ് മാതാപിതാക്കള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി, കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. മാതാപിതാക്കള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുമായി പൊലീസ് വീഡിയോ കോളിലൂടെ കുട്ടിയെ കാണിച്ചു. ഇതിനുശേഷമാണ് ബന്ധുക്കളുടെ കൂടെ കുട്ടിയെ വിട്ടയച്ചത്. ജെഎന്‍പിടി ആശുപത്രിയിലായിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. പത്തനംതിട്ട സ്വദേശികളായ ഇവര്‍ വിനോദസഞ്ചാരത്തിനാണ് മുംബൈയിലെത്തിയത്.

വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിയുകയും, പൂര്‍ണമായി മുങ്ങുകയുമായിരുന്നു. അപകടത്തില്‍ 13 പേർ മരിച്ചു.

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി: ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഹര്‍ജി നല്‍കിയത്. ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഹൈക്കോടതി ഉത്തരവു പ്രകാരം ആന എഴുന്നള്ളിപ്പ് നടത്താനാകില്ലെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടില്ല. അധികാര പരിധിയും കടന്ന് ഹൈക്കോടതി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരം നടത്തുന്ന മേഖലയിലെ സ്ഥലപരിമിതി പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ഹൈക്കോടതി നിലപാടെടുത്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സ്വദേശികളും വിദേശികളുമായി 5 ലക്ഷത്തിലധികം പേര്‍ വരുന്ന പൂരമാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ അനുഭവിച്ചറിയുക കൂടിയാണ് കാഴ്ചക്കാരുടെ ലക്ഷ്യം. ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷിക്കാനുള്ള ഉത്തരവിനെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷിക്കാനുള്ള ഉത്തരവിനെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബഞ്ചാണ് ഹർ​ജി പരി​ഗണിക്കുന്നത്.

നിർമാതാവ് സജിമോൻ പാറയിലാണ് ​ഹർജി സമർപ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരി​ഗണിക്കവേ ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള കേസുകളിൽ മൊഴി കൊടുക്കാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും ഇന്നു പരി​ഗണിക്കുന്നുണ്ട്. 32 കേസുകളുകളിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നു നേരത്തെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കേസുകളിലെ അന്വേഷണ പുരോ​ഗതി കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിക്കും. ‌

അതിജീവിതമാർ നേരിടുന്ന ഭീഷണിയുമായി ബന്ധപ്പെട്ട പരാതികളിൽ നോ‍ഡൽ ഓഫീസറെ നിയമിക്കുന്നതിലെ പുരോ​ഗതിയും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജികൾ പരി​ഗണിക്കുന്നത്.

മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്

മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരന്‍ അറിയിച്ചു. ജെഎന്‍പിടി ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്.

മുംബൈയില്‍ വിനോദസഞ്ചാരത്തിനെത്തിയതാണ് മലയാളി കുടുംബം. കുട്ടിയുടെ മാതാപിതാക്കള്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ ചികിത്സയിലുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ചു വരികയാണ്. വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിയുകയും, പൂര്‍ണമായി മുങ്ങുകയുമായിരുന്നു. അപകടത്തില്‍ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചികില്‍സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 101 പേരെ രക്ഷപ്പെടുത്തി.

സൗജന്യമായി നല്‍കും; സ്വന്തമായി കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ

സൗജന്യമായി നല്‍കും; സ്വന്തമായി കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ

മോസ്‌കോ: സ്വന്തമായി കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ. എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു.

നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാക്‌സിന്‍ വികസിപ്പിച്ചതെന്നും 2025ന്റെ ആദ്യം വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. വാക്സിന്‍ ട്യൂമര്‍ വളര്‍ച്ചയെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു.

കാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നേരത്തെ അറിയിച്ചിരുന്നു. ‘നമ്മള്‍ ഒരു പുതിയ തലമുറയുടെ കാന്‍സര്‍ വാക്‌സിനുകളുടെയും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളുടെയും സൃഷ്ടിയോട് വളരെ അടുത്തെത്തിയിരിക്കുന്നു’ എന്നും പുടിന്‍ അറിയിച്ചിരുന്നു.

ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും; ഭക്ഷ്യ എണ്ണയായി കണക്കാക്കണമെന്ന് സുപ്രീംകോടതി

ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും; ഭക്ഷ്യ എണ്ണയായി കണക്കാക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: രാജ്യത്ത് ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും. 15 വര്‍ഷം നീണ്ട തര്‍ക്കത്തിന് ഒടുവില്‍ ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെയും ഭക്ഷ്യ എണ്ണയായി സുപ്രീംകോടതി അംഗീകരിച്ചു. ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക വസ്തുവായാണോ കാണേണ്ടത് എന്ന തര്‍ക്കത്തിനാണ് പരിഹാരമായത്.

ചെറിയ പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന വെളിച്ചെണ്ണ (സാധാരണയായി 200 മില്ലി അല്ലെങ്കില്‍ 500 മില്ലിയില്‍ താഴെ) ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക എണ്ണയായാണോ തരംതിരിക്കേണ്ടത് എന്ന കാര്യത്തില്‍ ദീര്‍ഘകാലമായി നിലനിന്ന അവ്യക്തതയാണ് സുപ്രീംകോടതിയുടെ ഉത്തരവോടെ ഇല്ലാതായത്. ഭക്ഷ്യേതര എണ്ണകളെ അപേക്ഷിച്ച് ഭക്ഷ്യ എണ്ണകള്‍ക്ക് സാധാരണയായി കുറഞ്ഞ ജിഎസ്ടി ആണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളായോ വ്യാവസായിക ഉല്‍പ്പന്നങ്ങളായോ കണ്ട് ഭക്ഷ്യേതര എണ്ണകള്‍ക്ക് ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നത്. നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യുന്ന തരത്തില്‍ ചെറിയ പായ്ക്കറ്റ് വെളിച്ചെണ്ണയുടെ നികുതി കുറയുന്നതിലേക്ക് ഈ തീരുമാനം നയിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഭക്ഷ്യ എണ്ണയ്ക്ക് പത്തുശതമാനത്തില്‍ താഴെയാണ് ജിഎസ്ടി.സൗന്ദര്യവര്‍ദ്ധക വസ്തുവായി കണക്കാക്കുമ്പോള്‍ 18 ശതമാനമാണ് ജിഎസ്ടി വരിക.

ചെറിയ പായ്ക്കറ്റുകളിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായാണോ അതോ ഭക്ഷ്യേതര എണ്ണയായാണോ കാണേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെ അവ്യക്തത നിലനിന്നിരുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ അവരുടേതായ വ്യാഖ്യാനമാണ് നടത്തിയിരുന്നത്. ഇത് പ്രധാന നാളികേര ഉല്‍പ്പാദക സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വെളിച്ചെണ്ണ ഉല്‍പ്പാദകര്‍ക്ക് നിയമപരമായും സാമ്പത്തികമായും വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ നികുതി അധികാരികളുമായുള്ള തര്‍ക്കങ്ങള്‍ കുറയാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.