പാര്‍ലമെന്റിന് മുന്നില്‍ യുവാവ് സ്വയം തീകൊളുത്തി

പാര്‍ലമെന്റിന് മുന്നില്‍ യുവാവ് സ്വയം തീകൊളുത്തി

ഡല്‍ഹി: പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൈകിട്ട് നാലോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബാഗ്പദ് സ്വദേശി ജിതേന്ദ്ര ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ പക്കല്‍നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പെട്രോള്‍ പോലെയുള്ള വസ്തു ദേഹത്ത് ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി കട്ടിയുള്ള തുണി ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.

പൊള്ളലേറ്റ യുവാവിനെ ഉടന്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളുടെ ഒരു ബാഗ് റോഡില്‍ വച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിലെ വിശദാംശങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ഫോറന്‍സിക് സംഘവും ഡല്‍ഹി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ഒന്നാം റാങ്ക് നിലനിര്‍ത്തി, ചരിത്ര നേട്ടത്തില്‍ ബുംറ

ഒന്നാം റാങ്ക് നിലനിര്‍ത്തി, ചരിത്ര നേട്ടത്തില്‍ ബുംറ

ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ ഒന്നാം റാങ്കില്‍ സ്ഥാനം നിലനിര്‍ത്തി, ചരിത്ര നേട്ടത്തിനൊപ്പമെത്തി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ. ഏറ്റവും പുതിയ ഐസിസി റാങ്കിങില്‍ താരം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒപ്പം ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിനൊപ്പവും താരമെത്തി.

ഇതിഹാസ സ്പിന്നര്‍ ആര്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പമാണ് ബുംറയും പേരെഴുതി വച്ചത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റുകളാണ് ബുംറ ഇത്തവണ കുറിച്ചത്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബുംറ 9 വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെ താരത്തിന് 14 റേറ്റിങ് പോയിന്റുകള്‍ അധികമായി ലഭിച്ചു. മൊത്തം 904 പോയിന്റുകളോടെയാണ് താരം ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. രണ്ടാം റാങ്കിലുള്ള കഗിസോ റബാഡയേക്കാള്‍ 48 റേറ്റിങ് പോയിന്റുകളാണ് ബുംറയ്ക്കുള്ളത്.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് മൂന്നാം റാങ്കില്‍. സമീപ കാലത്ത് വിരമിച്ച ആര്‍ അശ്വിനാണ് നാലാം റാങ്കില്‍.

ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് വന്‍ നഷ്ടം സംഭവിച്ചു. താരം ആറാം സ്ഥാനത്തു നിന്നു നാല് സ്ഥാനമിറങ്ങി പത്തിലേക്ക് വീണു.

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പുഞ്ചില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പുഞ്ചില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയിലാണ് സംഭവം.

സൈനികര്‍ സഞ്ചരിച്ച ട്രക്ക് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് അടിയന്തരസഹായം നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്

അല്ലു അർജുൻ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ ഹാജരായി

അല്ലു അർജുൻ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ ഹാജരായി

‘പുഷ്പ 2’ സിനിമയുടെ പ്രിമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. സ്റ്റേഷന്റെ പരിസരത്തും അല്ലുവിന്റെ ആരാധകർ തമ്പടിച്ചിരിക്കുകയാണ്.

അറസ്റ്റിലായ താരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു. താൻ കേസന്വേഷണത്തിന് പൂർണമായും സഹകരിക്കുമെന്നും നിയമത്തെ ബഹുമാനിക്കുന്നുവെന്നും ജയിൽ മോചിതനായതിന് ശേഷം അല്ലു അർജുൻ പറഞ്ഞിരുന്നു.

മൂന്ന് വർഷത്തെ അധ്വാനത്തിന്റെ ഫലം കാണാൻ ആണ് തീയേറ്ററിൽ എത്തിയത്.തിയേറ്ററിൽ സിനിമ കാണാൻ വരുന്നതിന് മുന്നേ തീയേറ്റർ ഉടമകൾ അനുമതി തേടിയിരുന്നു എന്ന് അല്ലു അർജുൻ കഴിഞ്ഞ ദിവസം പറഞ്ഞു. തിരക്കിൽപ്പെട്ട് യുവതി മരിച്ചു എന്നറിഞ്ഞത് പിറ്റേദിവസമാണ് ആശുപത്രിയിൽ എത്താതിരുന്നത് പൊലീസ് അഭ്യർത്ഥന മാനിച്ചാണെന്നും സെക്കന്തരാബാദിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഒൻപത്കാരൻ ശ്രീതേജിന്റെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നുണ്ട്. തനിക്കും അതേ പ്രായത്തിൽ ഒരു കുട്ടിയുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു . കഴിഞ്ഞ ദിവസം ശ്രീതേജ് ചികിത്സയിൽ കഴിയുന്ന ആശുപത്രി പുഷ്പയുടെ സംവിധായകൻ സുകുമാര്‍ സന്ദർശിച്ചിരുന്നു. ശ്രീതേജിൻ്റെ പിതാവ് ബാസ്‌ഖറിന് 5 ലക്ഷം രൂപയുടെ ധനസഹായവും കൈമാറി.

കനത്ത ഇടിവില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി

കനത്ത ഇടിവില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ ഓഹരി വിപണി തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. കനത്ത ഇടിവിന് ശേഷം അമേരിക്കന്‍ വിപണി തിരിച്ചുവന്നത് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട അനുകൂലമായ ഘടകമാണ് അമേരിക്കന്‍ വിപണിയില്‍ പ്രതിഫലിച്ചത്. നിലവില്‍ സെന്‍സെക്‌സ് 78,000ന് മുകളിലാണ്. നിഫ്റ്റി 23500ന് മുകളിലുമാണ് വ്യാപാരം തുടരുന്നത്.

റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.സിപ്ല, ഹീറോ മോട്ടോകോര്‍പ്പ്, അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.അതിനിടെ രൂപയുടെ മൂല്യത്തില്‍ കാര്യമായ മാറ്റമില്ല. ഒരു പൈസയുടെ നേട്ടത്തോടെ 85.03 എന്ന നിലയിലാണ് രൂപ.

പുതുവര്‍ഷത്തില്‍ കുട്ടികളുടെ ഭാവിക്കായി ഒരു നിക്ഷേപ പദ്ധതി!എന്‍പിഎസ് വാത്സല്യ, സവിശേഷതകള്‍

പുതുവര്‍ഷത്തില്‍ കുട്ടികളുടെ ഭാവിക്കായി ഒരു നിക്ഷേപ പദ്ധതി!എന്‍പിഎസ് വാത്സല്യ, സവിശേഷതകള്‍

പുതുവര്‍ഷത്തില്‍ കുട്ടികളുടെ ഭാവിക്കായി ഒരു നിക്ഷേപ പദ്ധതി ആലോചിക്കുന്നുണ്ടോ? കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നോണ്‍ എന്‍പിഎസ് പ്ലാനിലേക്ക് മാറും. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്ക് അവരുടെ എന്‍പിഎസ് അക്കൗണ്ട് സ്വതന്ത്രമായി മാനേജ് ചെയ്യാന്‍ കഴിയും. ഈ സ്‌കീം മാതാപിതാക്കളെ അവരുടെ കുട്ടികളുടെ വിരമിക്കല്‍ മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ സേവിംഗ്സ് ആരംഭിക്കാന്‍ സഹായിക്കുന്നു.

ആധാര്‍, പാന്‍ കാര്‍ഡുകളുള്ള 18 വയസിന് താഴെയുള്ള ഇന്ത്യക്കാര്‍ , വിദേശ ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ എന്നിവരുടെ മാതാപിതാക്കള്‍ക്ക് ഈ നിക്ഷേപം ആരംഭിക്കാന്‍ കഴിയും. നോമിനിയായി രക്ഷാകര്‍ത്താവിന്റെ പേര് തന്നെ നല്‍കാം. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കും.

പ്രമുഖ ബാങ്കുകളുടെ ശാഖകള്‍, പോസ്റ്റ് ഓഫീസ് എന്നിവയില്‍ കൂടിയും പിഎഫ്ആര്‍ഡിഎ വെബ്‌സൈറ്റ് വഴിയും അക്കൗണ്ട് ആരംഭിക്കാം.

കൈവശം ആയിരം രൂപ ഉണ്ടെങ്കില്‍ തന്നെ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഉയര്‍ന്ന തുകയ്ക്ക് പരിധിയില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുക അടയ്ക്കാന്‍ കഴിയാതെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടാല്‍ പോലും അടയ്ക്കാത്ത വര്‍ഷങ്ങളിലെ തുക ഒരുമിച്ച് അടച്ച് അക്കൗണ്ട് പിന്നിട് പുനരുജ്ജീവിപ്പിക്കാനാകും.

ഓരോരുത്തരുടെ താത്പര്യം അനുസരിച്ച് റിസക് കൂടിയ മേഖലയിലും സുരക്ഷിതമായ മേഖലയിലും നിക്ഷേപിക്കാനാകും. റിസ്‌ക് കൂടിയ, അതേപോലെ തന്നെ ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കാവുന്ന ഓഹരിയില്‍ നിക്ഷേപിക്കാവുന്നതാണ്. അതേപോലെ തന്നെ റിസ്‌ക് കുറഞ്ഞ എന്നാല്‍ നിശ്ചിത വരുമാനം പ്രതീക്ഷിക്കാവുന്ന കമ്പനി കടപ്പത്രങ്ങള്‍, റിസ്‌ക് തീരെ കുറഞ്ഞ എന്നാല്‍ പ്രതീക്ഷിക്കാവുന്ന വരുമാനവും തീരെ കുറഞ്ഞ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റമെന്റ് ട്രസ്റ്റ്, ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സ് തുടങ്ങിയ ബദല്‍ നിക്ഷേപ മാര്‍ഗങ്ങള്‍ എന്നിങ്ങനെ നാലു ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുത്ത് നിക്ഷേപം നടത്താവുന്നതാണ്. അംഗീകൃത പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരുടെ പട്ടികയില്‍ നിന്ന് ഇഷ്ടമുള്ള ഫണ്ട് മാനേജറെ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്. ആദായനികുതി നിയമത്തിലെ 80സി വകുപ്പ് അനുസരിച്ച് നികുതി ഇളവിന് പ്രയോജനപ്പെടുത്താം.

അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ഇവയില്‍ ഏതെങ്കിലുമൊരു നിക്ഷേപ സ്‌കീം തെരഞ്ഞെടുത്ത നിക്ഷേപകന് പിന്നീട് അതില്‍ നിന്ന് മാറണമെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണ ഇങ്ങനെ മാറാനുള്ള അവസരവും എന്‍പിഎസ് ഒരുക്കിയിട്ടുണ്ട്.