ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്: മുംബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്: മുംബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

മുബൈ: ക്രിസ്മസ്-പുതുവത്സര അവധിയില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നാട്ടിലെത്താന്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സഹായകരമാകും. മുബൈ എല്‍ടിടിയില്‍ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിന്‍ പ്രഖ്യാപിച്ചത്. കോട്ടയം വഴിയായിരിക്കും ട്രെയിന്‍ തിരുവനന്തപുരം കൊച്ചുവേളിയിലെത്തുക.

ഡിസംബര്‍ 19, 26, ജനുവരി 2, 9 തീയതികളില്‍ വൈകിട്ട് നാലിനായിരിക്കും മുബൈ എല്‍ടിടിയില്‍ നിന്ന് ട്രെയിന്‍ കൊച്ചുവേളിയിലേക്ക് പുറപ്പെടുക. തിരിച്ച് കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 21,28, ജനുവരി 4, ജനുവരി 11 തീയതികളില്‍ വൈകിട്ട് 4.20ന് മുബൈ എല്‍ടിടിയിലേക്കും ട്രെയിന്‍ പുറപ്പെടും.

പൂജ ചെയ്തിട്ടും കാളി പ്രത്യക്ഷപ്പെട്ടില്ല; പുരോഹിതന്‍ കഴുത്തറുത്ത് ജീവനൊടുക്കി

പൂജ ചെയ്തിട്ടും കാളി പ്രത്യക്ഷപ്പെട്ടില്ല; പുരോഹിതന്‍ കഴുത്തറുത്ത് ജീവനൊടുക്കി

വാരാണസി: 24 മണിക്കൂറും പൂജ ചെയ്തിട്ടും കാളിദേവി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് പുരോഹിതന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നാല്‍പ്പതുകാരനായ പുരോഹിതന്‍ അമിത് ശര്‍മയാണ് കഴുത്തറുത്ത് ജീവനൊടുക്കിയത്.

പൂജാമുറിയില്‍ നിന്ന് ‘അമ്മേ കാളി പ്രത്യക്ഷപ്പെടൂ’ എന്ന നിലവിളി കേട്ട് അടുക്കളയില്‍ നിന്ന് ഭാര്യ ഓടിയെത്തിയപ്പോഴാണ് ഇയാളെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. ഓടിയെത്തിയ അയല്‍വാസികളും ചേര്‍ന്ന് പുരോഹിതനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാളി പ്രത്യക്ഷപ്പെടുമെന്ന് കരുതി പൂജാമുറി പൂട്ടിയിട്ട് ഭര്‍ത്താവ് കഠിനമായ പൂജകള്‍ ചെയ്തിരുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞു. കഠിനമായ പൂജകള്‍ നടത്തിയിട്ടും കാളിദേവി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് ഇയാള്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് നിഗമനം. കട്ടര്‍ ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

മാധവ് ഗാഡ്ഗില്ലിന് 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം

മാധവ് ഗാഡ്ഗില്ലിന് 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം

നെയ്‌റോബി: യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ(യുഎന്‍ഇപി) 2024ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്. പരിസ്ഥിതി മേഖലയില്‍ യുഎന്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്. ഈ വര്‍ഷം ആറുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നവരെയാണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

2005 മുതല്‍ പ്രചോദനാത്മകമായ രീതിയില്‍ പാരിസ്ഥിതിക മേഖലയില്‍ ഇടപെടല്‍ നടത്തിയിട്ടുള്ള 122 പേരെ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഗവേഷണത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും വര്‍ഷങ്ങളായി അദ്ദേഹം മുന്‍പന്തിയിലുണ്ട്. ഗാഡ്ഗില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനാഭിപ്രായത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായുള്ള ഔദ്യോഗിക നയങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണെന്നും യുഎന്‍ഇപി പറയുന്നു.

ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കമ്പനികള്‍

ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കമ്പനികള്‍

ഡല്‍ഹി: ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന മലയാളികൾക്ക് തിരിച്ചടിയായി ആഭ്യന്തര വിമാന നിരക്ക് വര്‍ധന. ജനുവരി ആറു വരെ മൂന്നിരട്ടിയാണ് വിമാന കമ്പനികൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതൽ 29,000 വരെയാണ്. 22,000 രൂപയിൽ താഴെ നേരിട്ടുള്ള സർവീസില്ല. പുലർച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങൾ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക. ബാക്കി സമയങ്ങളിൽ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും. 20,000 രൂപ മുതലാണ് ജനുവരിയിൽ കൊച്ചിയിൽ നിന്ന് ഡൽഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകൾ. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ലാതായതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികൾക്ക് യാത്ര ബുദ്ധിമുട്ടിലാകും. ദിവസേന കേരളത്തിലേക്കു സർവീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളിൽ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്. ഡിസംബർ 15നു ശേഷം തേഡ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളും കിട്ടാനില്ല.

സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ

സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ

ന്യൂഡല്‍ഹി: സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ എട്ടുപൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. 84.78 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഇന്നലെ 20 പൈസയുടെ ഇടിവ് നേരിട്ടത്തോടെയാണ് രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. 84.86 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഓഹരി വിപണിയില്‍ വീണ്ടും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ഉണ്ടായത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. 0.36 ശതമാനം വില കുറഞ്ഞ് ഒരു ബാരല്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില 71.88 ഡോളറായി.

ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 83 പോയിന്റ് ആണ് കുതിച്ചത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 724 കോടിയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നടത്തിയത്.

മുല്ലപ്പൂവിന് തീവില; കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു

മുല്ലപ്പൂവിന് തീവില; കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ മുല്ലപ്പൂവ് വില കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ മുല്ലപ്പൂക്കൃഷി നശിച്ചതും വിവാഹ സീസണായതിനാലുമാണ് വില കൂടിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാടിന്റെ തെക്കന്‍ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ പെയ്ത മഴയില്‍ കൃഷിനാശം വ്യാപകമായിരുന്നു. ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതേത്തുടര്‍ന്ന് വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. ജനുവരി വരെ വിലയുയര്‍ന്നുതന്നെ തുടരുമെന്നും വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മുല്ലപ്പൂവ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാസങ്ങളിലൊന്നാണ് ഡിസംബര്‍.