സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 10ന് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്ന അധികാരമേറ്റടുത്തത്.

രാഷ്‌ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. 2025 മെയ് 13 വരെയായാണ് സഞ്ജീവ് ഖന്നയുടെ കാലാവധി. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രിമാരും സന്നിഹിതരായിരുന്നു. 2019ൽ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഖന്ന ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതടക്കമുള്ള പല നിർണായ തീരുമാനങ്ങളും കൈക്കൊണ്ട ന്യായാധിപനാണ്. കള്ളപ്പണ നിരോധന നിയമം പകരമുള്ള കേസുകളിൽ അന്വേഷണം വൈകുന്നത് ജാമ്യം നൽകാൻ കാരണമാകുമെന്ന സുപ്രധാന നിരീക്ഷണവും ഖന്ന നടത്തിയിരുന്നു.

‘ഞാന്‍ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പൊലീസ് ഇല്ലാക്കഥകള്‍ മെനയുന്നു’; സിദ്ദിഖ് സുപ്രീം കോടതിയില്‍

‘ഞാന്‍ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പൊലീസ് ഇല്ലാക്കഥകള്‍ മെനയുന്നു’; സിദ്ദിഖ് സുപ്രീം കോടതിയില്‍

ഡല്‍ഹി: ബലാത്സംഗക്കേസില്‍ പൊലീസിനും സർക്കാരിനുമെതിരെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍. പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

തനിക്കെതിരെ ഇല്ലാക്കഥകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മെനയുന്നത്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ല. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എട്ടര വര്‍ഷം കാലതാമസമുണ്ടായതില്‍ പൊലീസിന്റെ വാദം നിലനില്‍ക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് പൊലീസ് നടത്തുന്നതെന്നും സിദ്ദിഖ് ആരോപിക്കുന്നു. കേസില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന് നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ ആരോപണം. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് നാളെ കേസ് പരിഗണിക്കും.

ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും രാഹുല്‍ഗാന്ധിയുടെ കത്ത്

ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും രാഹുല്‍ഗാന്ധിയുടെ കത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും കത്തയച്ച് രാഹുല്‍ഗാന്ധി. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് കത്ത്.

ഇന്ത്യയും അമേരിക്കയും ചരിത്രപരമായ സൗഹൃദമാണ് പങ്കിടുന്നതെന്ന് ഡോണള്‍ഡ് ട്രംപിനയച്ച കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ട്രംപിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകും എന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ കത്തില്‍ പറയുന്നു. ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കുമുള്ള അവസരങ്ങളും മറ്റും വിശാലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ കത്തില്‍ പറയുന്നു.

ആവേശകരമായ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തില്‍ കമല ഹാരിസിനെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു അവര്‍ക്കുള്ള കത്ത്. ഐക്യത്തിനായുള്ള കമലഹാരിസിന്റെ സന്ദേശം അനേകര്‍ക്ക് പ്രചോദനം ആകുമെന്നും രാഹുല്‍ഗാന്ധി കുറിച്ചു. ബൈഡന്‍ ഭരണത്തിന് കീഴില്‍ ഇന്ത്യയും യുഎസും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളോടുള്ള ഇരുകൂട്ടരുടെയും പ്രതിബദ്ധത മ്മുടെ സൗഹൃദത്തെ മുന്നോട്ട് നയിക്കുന്നത് തുടരും – രാഹുല്‍ കുറിച്ചു.

കശ്മീരിലെ സോപോറില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ സോപോറില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കല്‍ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു.

പ്രദേശത്ത് രണ്ടിലേറെ ഭീകരര്‍ തമ്പടിച്ചതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് ആക്രമണം അഴിച്ചു വിട്ടു. തുടര്‍ന്ന് സുരക്ഷാസേനയും തിരിച്ചടിക്കുകയായിരുന്നു.

മാധ്യമപ്രവർത്തനത്തിന് മാർഗ നിർദേശം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

മാധ്യമപ്രവർത്തനത്തിന് മാർഗ നിർദേശം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശമാണ്.

അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ഭരണഘടനാപരമായ മാർഗമുണ്ടെന്നും കോടതി പറഞ്ഞു. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്ന് ഉണ്ടായാൽ കോടതിയെ സമീപിക്കാം. അതിനുള്ള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ട്.

ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരനെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന തരത്തിൽ വാർത്തകൾ നൽകരുതെന്നും കോടതി ചൂണ്ടിക്കാട്ടി

തിരിച്ചുകയറി രൂപ; അഞ്ചുപൈസയുടെ നേട്ടം

തിരിച്ചുകയറി രൂപ; അഞ്ചുപൈസയുടെ നേട്ടം

മുംബൈ: റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി ഇന്ത്യന്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ അഞ്ചുപൈസയുടെ നേട്ടത്തോടെ 84.26 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്നലെ 84.31 എന്ന നിലയില്‍ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്.ഇന്നലെ ഡോളര്‍ ഒന്നിന് 84.23 രൂപ എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് രൂപയുടെ മൂല്യം ഇന്നലെ ഇടിയാന്‍ കാരണം.

ഓഹരി വിപണി മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ രൂപയൂടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നതാണ് ഇന്നലെ കണ്ടത്. ബുധനാഴ്ച 20 പൈസയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്.