by Midhun HP News | Jul 6, 2026 | Latest News, ദേശീയ വാർത്ത
കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിലുണ്ടായ തടവുകാരുടെ കലാപത്തില്‍ 4 ജയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 25 പേര് കൊല്ലപ്പെട്ടു. നൂറിലധികം തടവുകാര്‍ക്കും ഗാര്‍ഡുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ജയില്‍ കലാപമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ലഹരിമരുന്ന് മാഫിയയിലെ രണ്ട് എതിര് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വലിയ രീതിയിലുള്ള സായുധ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. തലസ്ഥാനമായ കൊളംബോയ്ക്ക് വടക്കുള്ള നെഗോംബോ ജയിലില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെയോടെ സ്ഥിതിഗതികള്‍ പൂര്‍ണമായും കൈവിട്ടുപോവുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാല് ജയില്‍ ഗാര്‍ഡുമാര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റവരെ നെഗോംബോയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലര്‍ക്കും വെടിയേറ്റ മുറിവുകളുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആണ് തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷം പടര്‍ന്നതോടെ, ഇതിനോട് ചേര്‍ന്നുള്ള വിഭാഗത്തിലെ വനിതാ തടവുകാരും തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തിറങ്ങി. ജയിലിന്റെ മേല്‍ക്കൂരയില്‍ കയറി ഇവര്‍ പ്രതിഷേധിക്കുന്നതിനിടയില്‍ ഒരുഭാഗം തകര്‍ന്നു വീഴുകയും ഏതാനും വനിതാ തടവുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജയിലിനുള്ളില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് കമാന്‍ഡോകളെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചെങ്കിലും അവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചിട്ടില്ല. വ്യോമസേനയുടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് നിലവില്‍ പ്രദേശം നിരീക്ഷിക്കുന്നത്. ജയിലിന് പുറത്ത് തടവുകാരുടെ ബന്ധുക്കള്‍ തടിച്ചുകൂടിയിട്ടുണ്ട്.
ലങ്കന്‍ ജയിലുകളിലെ സ്ഥലപരിമിതിയാണ് ഇത്തരം അക്രമങ്ങള്‍ വഷളാകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അനുവദനീയമായ പരിധിയേക്കാള്‍ നാലിരട്ടിയോളം തടവുകാരാണ് നിലവില്‍ ശ്രീലങ്കയിലെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത്, 2020 ഡിസംബറില്‍ ശ്രീലങ്കയിലെ മറ്റൊരു ജയിലിലുണ്ടായ സമാനമായ കലാപത്തില്‍ 11 തടവുകാര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

by Midhun HP News | Jul 6, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും പാചകവാതക വിതരണത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ഇന്ത്യ നിര്‍ണായക നീക്കത്തിലേക്ക്. അമേരിക്കയില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയാക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ പ്രതിവര്‍ഷം 2.2 മില്യണ്‍ ടണ്‍ എല്‍പിജി ആണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ വിതരണ സ്രോതസ്സുകളില്‍ വൈവിധ്യം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇത് ഇരട്ടിയാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കൂടാതെ അള്‍ജീരിയ, അര്‍ജന്റീന, നൈജീരിയ, മലേഷ്യ തുടങ്ങിയ മറ്റ് വിപണികളില്‍ നിന്നും എല്‍പിജി എത്തിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള എല്‍പിജി വിതരണമാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. 2025ല്‍ ഇന്ത്യയുടെ ആകെ എല്‍പിജി ഇറക്കുമതിയുടെ എട്ട് ശതമാനത്തില്‍ താഴെ മാത്രമായിരുന്ന അമേരിക്കയുടെ പങ്ക്, 2026 ജൂണ്‍ ആയപ്പോഴേക്കും 65 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായാലും രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടാകാതിരിക്കാന്‍ 30 ദിവസത്തേക്കുള്ള എല്‍പിജി ശേഖരം ഉറപ്പാക്കാനും പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

by Midhun HP News | Jul 6, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസ്.
പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും സ്പെഷല്‍ ട്രെയിനുകളുടെ പ്രഖ്യാപനം. ആഘോഷവേളകളില്‍ പലപ്പോഴും മാസങ്ങള്‍ക്ക് മുന്‍പേ ട്രെയിന്‍ ബുക്കിങ്ങുകള്‍ മുഴുവനാകുന്നതിനാല്‍ ഏറെ യാത്രാദുരിതം നേരിടാറുണ്ടായിരുന്നു.

by Midhun HP News | Jul 6, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: എഥനോള്‍ മിശ്രിത ഇന്ധന (E20) പദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം ഇന്ത്യന്‍ സര്‍ക്കാരും ഭൂട്ടാനിലെ പ്രമുഖ മാധ്യമവും തമ്മിലുള്ള പുതിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഭൂട്ടാന് E20 പെട്രോള്‍ വിതരണം ചെയ്യാന്‍ ഇന്ത്യയിലെ ഓയില്‍ കമ്പനികള്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നോ ഇല്ലയോ എന്നതിനെച്ചൊല്ലിയാണ് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം മുറുകുന്നത്. ‘ദി ഭൂട്ടാനീസ്’ എന്ന പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഇന്ത്യയുടെ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പൂര്‍ണ്ണമായും തള്ളിയിരുന്നു. ഭൂട്ടാന് E20 പെട്രോള്‍ നല്കാന് ഇന്ത്യയിലെ ഒരു എണ്ണക്കമ്പനിയും തയ്യാറായിട്ടില്ലെന്നും അത്തരമൊരു കയറ്റുമതി നിര്‍ദ്ദേശത്തിന് ഔദ്യോഗിക രൂപം നല്‍കിയിട്ടില്ലെന്നുമാണ് ഇന്ത്യയുടെ വാദം.
എന്നാല്‍, ഇതിന് പിന്നാലെ പത്രത്തിന്റെ എഡിറ്ററായ ടെന്‍സിങ് ലാംസാങ് തന്റെ റിപ്പോര്‍ട്ടിനെ ന്യായീകരിച്ച് രംഗത്തെത്തി. ഭൂട്ടാന് വാണിജ്യ വകുപ്പില്‍ നിന്ന് തനിക്ക് ലഭിച്ച ഔദ്യോഗിക രേഖകള്‍ ലാംസാങ് എക്സിലൂടെ പുറത്തുവിട്ടു. ഇന്ത്യയില്‍ നിന്ന് E20 പെട്രോള്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഭൂട്ടാന് സര്‍ക്കാര്‍ വ്യക്തമാക്കുന്നതാണ് ഈ കത്ത്. അന്തരീക്ഷത്തിലെ ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കുന്ന സ്വഭാവം ഉള്ളതിനാല്‍ ഇത്തരത്തിലുള്ള ഇന്ധനത്തില്‍ വെള്ളം കലരാന്‍ സാധ്യത കൂടുതലാണെന്നും ഇത് ഇന്ധനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഭൂട്ടാന് വാണിജ്യ വകുപ്പ് വ്യക്തമാക്കുന്നു. കൂടാതെ തങ്ങളുടെ നിലവിലുള്ള ഭൂഗര്‍ഭ സംഭരണ ടാങ്കുകള്‍ എഥനോള്‍ മിശ്രിത ഇന്ധനം കൈകാര്യം ചെയ്യാന്‍ അനുയോജ്യമല്ലെന്നും, അതിനാല്‍ സാധാരണ പെട്രോള്‍ തന്നെ വിതരണം ചെയ്യുന്നത് തുടരണമെന്ന് ഇന്ത്യന്‍ കമ്പനികളോട് അഭ്യര്‍ഥിച്ചിരുന്നതായും ഭൂട്ടാന് സര്‍ക്കാര്‍ കത്തില്‍ പറയുന്നു.
ഇന്ത്യന്‍ ഇന്ധന വിതരണക്കാരോട് സാധാരണ പെട്രോള്‍ നല്‍കുന്നത് തുടരാന്‍ ഭൂട്ടാന് അധികൃതര്‍ ആവശ്യപ്പെട്ടതായി ഭൂട്ടാന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുമ്പോള്‍, അത്തരമൊരു ഓഫര്‍ ഭൂട്ടാന് മുന്നില്‍ വെച്ചിട്ടേ ഇല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഭൂട്ടാന് ഇന്ത്യയുടെ ഇന്ധന കയറ്റുമതി നിര്‍ദ്ദേശം നിരസിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഞായറാഴ്ച പെട്രോളിയം മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം, ഇന്ത്യന്‍ കമ്പനികള്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയിരുന്നതായും തങ്ങള്‍ അത് നിരസിച്ച് സാധാരണ പെട്രോള്‍ ആവശ്യപ്പെട്ടതായും ഭൂട്ടാന് വാണിജ്യ വകുപ്പ് വ്യക്തമാക്കിയ കത്ത് പുറത്തുവിട്ട് ലാംസാങ് പത്രത്തിലെ വാര്‍ത്ത സത്യമാണെന്ന് വാദിക്കുകയാണ്.
ഇന്ത്യയില്‍ തന്നെ E20 പെട്രോള്‍ വിതരണം ചെയ്യുന്നതിനെതിരെ, വാഹന ഉടമകള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്ന സമയത്താണ് പുതിയ വിവാദം പുകയുന്നത്. ഇന്ധനക്ഷമത കുറയുമെന്നും എന്ജിന് പെട്ടെന്ന് കേടാകുമെന്നുമാണ് ചില ഉപഭോക്താക്കളുടെ പരാതി. എന്നാല്‍ എഥനോള്‍ മിശ്രിത ഇന്ധനം പരിസ്ഥിതിക്കും രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്കും ഗുണം ചെയ്യുമെന്നും മൈലേജില്‍ നേരിയ കുറവുണ്ടാകാമെങ്കിലും എന്ജിന് പെര്‍ഫോമന്‍സ് മെച്ചപ്പെടുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

by Midhun HP News | Jul 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.
കമ്പനികളുടെ ഒന്നാം പാദ ഫലങ്ങള്‍ ഈ മാസം പുറത്തുവരും. ഇതിനകം പുറത്തുവന്ന ചില ബാങ്കുകളുടെ ത്രൈമാസ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ് എന്ന വിലയിരുത്തലാണ് വിപണിയില്‍ പ്രതിഫലിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിന്റെയും ആക്സിസ് ബാങ്കിന്റെയും കൊട്ടക് മഹീന്ദ്രയുടെയും വായ്പ വളര്‍ച്ചയില്‍ ഉണ്ടായ വര്‍ധനയാണ് വിപണിക്ക് പ്രതീക്ഷ നല്‍കുന്നത്. കൂടാതെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 72 ഡോളറില്‍ നില്ക്കുന്നതും ഒരു അനുകൂല സാഹചര്യമായാണ് വിപണി കാണുന്നത്.
ഇതിന് പുറമേ വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ വിപണിയിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 1355 കോടി മൂല്യമുള്ള ഓഹരികളാണ് ഇവര്‍ വാങ്ങിക്കൂട്ടിയത്. പ്രധാനമായി എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവയാണ് നേട്ടം സ്വന്തമാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവ നഷ്ടം നേരിട്ടു.

by Midhun HP News | Jul 6, 2026 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട് പരസ്യവിമര്‍ശനം ഉന്നയിച്ച കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെത്തന്നെയാണ് പറയേണ്ടതെന്നും ഇത്തരം വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നതിനോട് തനിക്ക് യോജിക്കാനാകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ശേഷാദ്രിനാഥന് സംഘപരിവാര്‍ പശ്ചാത്തലമുള്ളയാളാണെന്നും ഈ തീരുമാനത്തിലൂടെ യുഡിഎഫ് വലിയ വില കൊടുക്കേണ്ടി വരുമെന്നുമായിരുന്നു നിയാസിന്റെ പ്രധാന വിമര്‍ശനം. ഇതിനെതിരെയാണ് കെപിസിസി അധ്യക്ഷന്‍ നേരിട്ട് അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കെപിസിസി നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും, പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാത്തതിനാലാണ് കത്ത് വാര്‍ത്തയായപ്പോള്‍ പ്രതികരിക്കേണ്ടി വന്നതെന്നും പിഎം നിയാസ് പ്രതികരിച്ചു. ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിന് ഇ-മെയില്‍ വഴിയും വാട്സ്ആപ്പ് ഗ്രൂപ്പിലും നേരിട്ടുമാണ് താന്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പരാതിയുടെ പകര്‍പ്പുകള്‍ മുഖ്യമന്ത്രി, എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് മാത്രമാണ് അയച്ചതെന്നും നിയാസ് പ്രതികരിച്ചു.
പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ച ഒരു വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും, ഇതിനോട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പ്രതികരിക്കുകയും ചെയ്തപ്പോഴാണ് താന്‍ വിഷയത്തില്‍ വിശദീകരണം നല്‍കിയത്. താന്‍ ഉന്നയിച്ച ആരോപണത്തെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ച് മോശക്കാരനാക്കാന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമങ്ങളോട് സംസാരിക്കേണ്ടി വന്നത്. പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് അത് എഐസിസി കോര്‍ കമ്മിറ്റിയിലോ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റിയിലോ ചര്‍ച്ച ചെയ്തിരുന്നോ എന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ദ്രുതഗതിയിലുള്ള ഓണ്‍ലൈന്‍ അംഗീകാരം സംശയങ്ങള്‍ക്കിടയാക്കുന്നതാണെന്നും, താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Recent Comments