3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

ടെഹ്റാന്‍: ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വിലാപയാത്രയോടനുബന്ധിച്ച് രാജ്യത്ത് അതീവ ജാഗ്രത. തലസ്ഥാനമായ ടെഹ്റാനില്‍ നടക്കുന്ന വിലാപയാത്രയില്‍ ജനത്തിരക്ക് മൂലമുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളില്‍ 1,500 മുതല്‍ 3,000 വരെ മരണങ്ങള്‍ സംഭവിച്ചേക്കാമെന്ന നിഗമനത്തില്‍ ഇറാന്‍ അധികൃതര്‍ വലിയ ഒരുക്കങ്ങള്‍ നടത്തിയതായി ജര്‍മ്മന്‍ മാധ്യമമായ ‘ഡി വെല്‍റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കാലങ്ങളില്‍ പ്രമുഖ നേതാക്കളുടെ വിലാപയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍.

ഇറാനിയന്‍ റെഡ് ക്രസന്റും നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് ഓര്‍ഗനൈസേഷനും തയാറാക്കിയ രഹസ്യ രേഖകള്‍ ഉദ്ധരിച്ചാണ് ജര്‍മ്മന്‍ മാധ്യമം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വിലാപയാത്രയ്ക്കിടെയുണ്ടാകുന്ന കൂട്ടമരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ടെഹ്റാന്‍ മുന്‍സിപ്പാലിറ്റി പ്രത്യേക വിഭാഗം രൂപീകരിക്കുകയും നഗരത്തിലെ ബെഹെഷ്ത്-ഇ സഹ്ര സെമിത്തേരിയില്‍ ആയിരക്കണക്കിന് പുതിയ കല്ലറകള്‍ സജ്ജമാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍കാലങ്ങളിലുണ്ടായ വന്‍ ദുരന്തങ്ങളാണ് ഇത്തരമൊരു സുരക്ഷാ മുന്‍കരുതലിലേക്ക് ഇറാനെ നയിച്ചത്. 2020ല്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വിലാപയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 56 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1989ല്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുള്ള ഖമേനിയുടെ വിലാപയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരിക്കുകയും പതിനൊന്നായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇവ കൂടാതെ മറ്റൊരു ആഭ്യന്തര ആശങ്കയും നിലവിലെ ഇറാന്‍ സര്‍ക്കാരിനുണ്ട്. യുഎസുമായി ഒപ്പുവെച്ച സമാധാനക്കരാറിനെതിരെ വിമതര്‍ രംഗത്തുവരാനും, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ലമെന്റ് സ്പീക്കര്‍, വിദേശകാര്യ മന്ത്രി എന്നിവര്‍ക്കെതിരെ വിലാപയാത്രയ്ക്കിടെ പ്രതിഷേധങ്ങളോ ആക്രമണങ്ങളോ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തിലൊന്നുണ്ടായാല്‍ ജനം പരിഭ്രാന്തരാകാനും ഇതുമൂലമുണ്ടാകാനുള്ള തിക്കിലും തിരക്കിലും ആളുകള്‍ കൊല്ലപ്പെടാനും സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു.

ഫെബ്രുവരി 28ന് ഇസ്രായേല്‍-യുഎസ് വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിലാപയാത്രയ്ക്ക് ശേഷം ജൂലൈ 9ന് സ്വദേശമായ മഷാദില്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കും. ഷിയാ മുസ്ലിംകളുടെ പ്രധാന പുണ്യസ്ഥലങ്ങളായ ഇറാനിലെ ഖോം, ഇറാഖിലെ നജാഫ്, കര്‍ബല എന്നിവിടങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും. ജൂലൈ 6 വരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി മൃതദേഹം ടെഹ്റാനിലെ ഗ്രാന്‍ഡ് പ്രയര്‍ ഹാളില്‍ സൂക്ഷിക്കും.

ടെഹ്റാനിലെ ചടങ്ങുകളില്‍ മാത്രം കുറഞ്ഞത് രണ്ട് കോടിയിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടല്‍. തിരക്ക് നിയന്ത്രിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമായി 24 മണിക്കൂറും സൗജന്യ മെട്രോ, ബസ് സര്‍വീസുകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലാപയാത്രയ്ക്കായി മാത്രം 1.7 കോടി ഡോളര്‍ (ഏകദേശം 140 കോടിയിലധികം രൂപ) ടെഹ്റാന്‍ നഗരസഭ മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം.

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ട് 4 വിക്കറ്റിനു വിജയം പിടിച്ചു. അയര്‍ലന്‍ഡിനെതിരെ തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് പരമ്പര സംപൂര്‍ണമായി അടിയറവ് വച്ച് ഇംഗ്ലണ്ടിലേക്ക് വന്ന ഇന്ത്യക്ക് അവിടെയും തോല്‍വി തന്നെ. ഇതോടെ തുടരെ മൂന്ന് ടി20 അന്താരാഷ്ട്ര മ്ത്സരങ്ങളായി ഇന്ത്യ തോല്‍ക്കുന്നു. ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ നായകനായ ശേഷം തുടരെ മൂന്ന് മത്സരങ്ങളായി തോല്‍ക്കുന്നു എന്നതും സവിശേഷതയാണ്. നായകനായി ജയം ആഘോഷിക്കാന്‍ ശ്രേയസ് ഇനിയും കാത്തിരിക്കണം.

ടോസ് നേടി ബാറ്റിങെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ഇംഗ്ലണ്ട് 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു വിജയം സ്വന്തമാക്കി. 15ാം വയസില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറി പുതിയ ചരിത്രം എഴുതിയ വൈഭവ് സൂര്യവംശിയാണ് ഇന്നത്തെ ശ്രദ്ധേയ താരം. പക്ഷേ അരങ്ങേറ്റ മത്സരത്തില്‍ താരത്തിനു നിരാശയായിരുന്നു. പിന്നാലെ ടീമിന്റെ തോല്‍വിയും.

191 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേടുത്ത ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ അര്‍ഷ്ദീപ് സിങ് ഞെട്ടിച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപ് സിങ് ഇംഗ്ലീഷ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ മടക്കി. പിന്നാലെ ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ മറ്റൊരു ഓപ്പണര്‍ ജോസ് ബട്‌ലറേയും അര്‍ഷ്ദീപ് കൂടാരം കയറ്റി. ഒരു റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് കളി തിരികെ പിടിക്കുന്നത്.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ജോക്കബ് ബേതേല്‍ സഖ്യവും നാലാം വിക്കറ്റില്‍ കൂട്ടുകെട്ടുയര്‍ത്തിയ ജേക്കബ് ബേതേല്‍ ടോം ബാന്റണ്‍ സഖ്യവും ഇംഗ്ലണ്ടിനെ ജയ വഴിയിലെത്തിച്ചാണ് മടങ്ങിയത്. ജേക്കബ് ബേതേൽ ഒരു വശത്ത് പുറത്താകാതെ നിന്നു.

ബോതേലാണ് ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 46 പന്തില്‍ 5 വീതം സിക്‌സും ഫോറും സഹിതം ബേതേല്‍ 76 റണ്‍സെടുത്തു. ഹാരി ബ്രൂക്ക് 15 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 39 റണ്‍സും ബാന്‍ണ്‍ 32 പന്തില്‍ 6 ഫോറുകള്‍ സഹിതം 39 റണ്‍സും അടിച്ചെടുത്തു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 3 വിക്കറ്റെടുത്തു. ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.നേരത്തെ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും വൈഭവും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. 4.5 ഓവറില്‍ ഇരുവരും 50 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലാണ് വൈഭവ് സീനിയര്‍ ടീമില്‍ റെക്കോര്‍ഡ് നേട്ടത്തോടെ അരങ്ങേറിയത്. താരം രണ്ട് സിക്‌സുകള്‍ തൂക്കി ഗംഭീരമായി തുടങ്ങിയെങ്കിലും ഇന്നിങ്‌സ് അധികം നീണ്ടില്ല. 10 പന്തില്‍ 14 റണ്‍സുമായി വൈഭവ് പുറത്തായി. താരത്തെ വില്‍ ജാക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. കയറി അടിക്കാന്‍ നോക്കിയതാണ് വൈഭവിനു വിനയായത്.

സഞ്ജു സാംസണു പകരമാണ് വൈഭവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അരങ്ങേറിയത്. ഇന്ത്യക്കായി അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവിനു സ്വന്തമായി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് വൈഭവ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 15 വയസും 3 മാസവും 7 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറിയത്. സച്ചിന്‍ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യക്കായി അരങ്ങേറിയത്.

സ്‌കോര്‍ 65ല്‍ എത്തിയപ്പോള്‍ അഭിഷേകും വീണു. താരം 24 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്തു മടങ്ങി.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തിയത്. തിലക് വര്‍മയും നിര്‍ണായക സംഭാവന നല്‍കി. ഇഷാനാണ് ടോപ് സ്‌കോറര്‍. താരം 40 പന്തില്‍ 6 ഫോറുകള്‍ സഹിതം 49 റണ്‍സെടുത്തു.

ശ്രേയസ് അയ്യര്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 പന്തില്‍ 37 റണ്‍സ് കണ്ടെത്തി. തിലക് 11 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ എന്നിവര്‍ നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി സാം കറന്‍ 3 വിക്കറ്റുകള്‍ പിഴുതു. ജോഫ്ര ആര്‍ച്ചര്‍, വില്‍ ജാക്‌സ്, ലിയാം ഡോവ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

തകര്‍ന്നുവീണ ബഹുനില കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നത് എട്ടുദിവസം

തകര്‍ന്നുവീണ ബഹുനില കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നത് എട്ടുദിവസം

ഹോളിവുഡ് തിരക്കഥകളെ വെല്ലുന്ന രീതിയില്‍ 43കാരന് അത്ഭുത രക്ഷപ്പെടല്‍. വെനസ്വേലയിലെ മഹാദുരന്തത്തില്‍ 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ യുവാവ് എട്ടുദിവസമാണ് കുടുങ്ങിക്കിടന്നത്. നൂറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ പുറത്തത്തിച്ചത്.

ഭൂകമ്പത്തില്‍ തകര്‍ന്ന ഷോപ്പിങ് മാളിന്റെ ബേസ്‌മെന്റില്‍ പെട്ടുപോകുയയായിരുന്നു. 43കാരനായ ഗില്‍ ഫ്‌ലോറസ് സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്നു. ഭൂകമ്പം നടന്ന് എട്ടുദിവസങ്ങള്‍ക്ക് ശേഷമാണ് യുവാവിനെ അത്ഭുതകമായി രക്ഷിക്കാന്‍ കഴിഞ്ഞത്. ശക്തമായ മഴ, തുടര്‍ ചലനങ്ങള്‍ എന്നിവയെയെല്ലാം അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ഗില്ലിനടുത്ത് എത്തിയത്.

ഭൂചലനത്തിന് ദിവസങ്ങള്‍ക്കുശേഷം ഞായറാഴ്ചയാണ് കോസ്റ്റാറിക്കന്‍ റെഡ് ക്രോസിലെ പാരാമെഡിക് അല്ലന്‍ മാഡ്രിഗല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നേരിയ സഹായവിളി കേട്ടത്. കേട്ടത് യാഥാര്‍ഥ്യമാണോയെന്ന് സംശയിച്ച അദ്ദേഹം സഹപ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയും ജീവനുണ്ടെന്ന് സ്ഥീകരിക്കുകയും ചെയ്തു. അതോടെ ഗില്ലിനെ ജീവനോടെ രക്ഷിക്കാനുള്ള പ്രത്യേക ദൗത്യം ആരംഭിച്ചു. ഗില്ലിനെ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനുമുകളിലായി ഏകദേശം 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായി.

രക്ഷാപ്രവര്‍ത്തനത്തിനിടെ ചെറിയ ദ്വാരത്തിലൂടെ യുവാവിന് കുടിവെള്ളം, ഭക്ഷണം, മരുന്നുകള്‍ എന്നിവ എത്തിച്ചു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇന്‍ട്രാവീനസ് ദ്രാവകവും നല്‍കി. പൊടിയില്‍ നിന്ന് സംരക്ഷിക്കാനായി മുഖാവരണവും പിന്നീട് കണ്ണുകള്‍ക്കായി സുരക്ഷാ കണ്ണടയും കൈമാറി. ചെറിയ ക്യാമറ ഉപയോഗിച്ച് അദ്ദേഹവുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ആരോഗ്യനില നിരന്തരം വിലയിരുത്തുകയും ചെയ്തു.

ജൂണ്‍ 24നാണ് വെനസ്വേലയെ നടുക്കിയ ഭൂകമ്പമുണ്ടായത്. ശക്തമായ ഭൂകമ്പത്തില്‍ 2,595 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് വെനസ്വേലയെ ഉലച്ചത്. രാജ്യത്ത് ഒട്ടേറെ തുടര്‍ചലനങ്ങളും ഉണ്ടായി.

വിമാനത്താവളങ്ങളില്‍ തിരക്കേറുന്നു; യാത്രക്കാര്‍ക്കായി നൂതന ബയോമെട്രിക് സാങ്കേതികവിദ്യകള്‍

വിമാനത്താവളങ്ങളില്‍ തിരക്കേറുന്നു; യാത്രക്കാര്‍ക്കായി നൂതന ബയോമെട്രിക് സാങ്കേതികവിദ്യകള്‍

ദുബൈ: 25-ാമത് ആഗോള എയര്‍പോര്‍ട്ട് ഷോ ഒക്ടോബര്‍ 12 മുതല്‍ 14 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. വിമാനത്താവളങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കുമ്പോള്‍ നൂതന ബയോമെട്രിക് സാങ്കേതികവിദ്യകളും യാത്രക്കാര്‍ക്കായുള്ള നവീന മാറ്റങ്ങളും ഷോയില്‍ ശ്രദ്ധനേടും. 30ലേറെ രാജ്യങ്ങളില്‍നിന്നുള്ള 150ലധികം പ്രദര്‍ശകരും 120 ഔദ്യോഗിക പര്‍ച്ചേസിങ് പ്രതിനിധികളും മേളയില്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി ഏഴായിരത്തിലേറെ സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്‌സ് ഫോറം, എയര്‍പോര്‍ട്ട് സെക്യൂരിറ്റി മിഡില്‍ ഈസ്റ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫോറം, വുമണ്‍ ഇന്‍ ഏവിയേഷന്‍ മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സ് തുടങ്ങിയ പ്രമുഖ രാജ്യാന്തര സമ്മേളനങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും. മധ്യപൂര്‍വദേശം, ദക്ഷിണേഷ്യന്‍ മേഖലകളിലെ വിമാനത്താവളങ്ങളുടെ നവീകരണത്തിന് ഈ മേള വലിയ പങ്കുവഹിക്കും.

ബയോമെട്രിക് സാങ്കേതികവിദ്യ – ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുള്ള മിഡില്‍ ഈസ്റ്റ്, യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ബയോമെട്രിക് സാങ്കേതികവിദ്യകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. 2026 ആകുമ്പോഴേക്കും മേഖലയിലുടനീളമുള്ള യാത്രക്കാരുടെ എണ്ണം 240 ദശലക്ഷം യാത്രക്കാരില്‍ എത്തുമെന്ന് പ്രതീക്ഷ.അതുകൊണ്ട് വേഗതയേറിയതും കാര്യക്ഷമവുമായ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കേണ്ട ആവശ്യം വര്‍ദ്ധിപ്പിക്കുന്നു.

യാത്രാസമയം 40 ശതമാനം വരെ കുറയും

പരമ്പരാഗത പരിശോധനാ രീതികള്‍ക്ക് പകരം മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള ബയോമെട്രിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വഴി വിമാനത്താവളങ്ങളിലെ പരിശോധനാ സമയം 40 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് രാജ്യാന്തര വ്യോമയാന സംഘടനയായ ‘അയാട്ട’ വ്യക്തമാക്കുന്നു. തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഗതാഗതം സുഗമമാക്കാനും നീണ്ട ക്യൂ ഒഴിവാക്കാനും ഇത് സഹായിക്കും.

ഈ മേഖലയിലെ ബയോമെട്രിക് വിപണി 2030നകം വന്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആഗോളതലത്തില്‍ 43 ശതമാനം വിമാനത്താവളങ്ങളും ബയോമെട്രിക് ബോര്‍ഡിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 2027ഓടെ മുക്കാല്‍ പങ്ക് വിമാനത്താവളങ്ങളും ഈ സാങ്കേതികവിദ്യയിലേക്ക് മാറും.

യുഎഇ വിമാനത്താവളങ്ങള്‍

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 10-ലധികം യാത്രക്കാരെ ഒരേസമയം പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന എഐ പവര്‍ഡ് ‘റെഡ് കാര്‍പെറ്റ്’ സ്മാര്‍ട്ട് ടണല്‍ അവതരിപ്പിച്ചു കഴിഞ്ഞു. എമിറേറ്റ്‌സ് എയര്‍ലൈന്‍ 2017 മുതല്‍ തന്നെ ദുബൈ എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് ബോര്‍ഡിങ് കാമറകള്‍ക്കായി കോടിക്കണക്കിന് ദിര്‍ഹം നിക്ഷേപിച്ചിട്ടുണ്ട്. ഫ്‌ലൈദുബായ് തങ്ങളുടെ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളില്‍ ഈ സംവിധാനം ഉള്‍പ്പെടുത്തിക്കഴിഞ്ഞു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഒന്‍പത് പരിശോധനാ ഘട്ടങ്ങളില്‍ അഞ്ചിലും മുഖം തിരിച്ചറിയുന്ന ബയോമെട്രിക് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ, ഇത്തിഹാദ് എയര്‍വേയ്സും ഈ സാങ്കേതികവിദ്യ പരീക്ഷിച്ചുവരികയാണ്.

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ഒരു പശുവിനെയോ കന്നുകുട്ടിയെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യുന്നത് പൂര്‍ണമായും നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ വിവാദമായതോടെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 1958 ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജോലിക്കും പ്രജനനത്തിനും യോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ 10 വയസ്സിന് മുകളിലുള്ള പശുക്കളെ കശാപ്പ് ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ട്. നിയമത്തിന് അതീതമായ ഒരു സമ്പൂര്‍ണ്ണ നിരോധനമാണ് ഹൈക്കോടതി ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ബക്രീദിന് കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളില്‍ കശാപ്പ് ചെയ്യുന്നത് തടയാന്‍ മാത്രമാണ് ഹൈക്കോടതി മുമ്പാകെയുള്ള ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തമിഴ്നാട്ടിലുടനീളം ഗോവധം പൂര്‍ണ്ണമായും നിരോധിക്കുന്ന ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കോടതി ഉത്തരവ് പ്രകാരം, മുസ്ലീങ്ങള്‍ക്ക് മാത്രമല്ല, ഇപ്പോള്‍ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ ഒരു ബലിയര്‍പ്പണവും നടത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള പറഞ്ഞു.

മുത്തശ്ശിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി; ഒളിവില്‍ പോയ ചെറുമകനെ പൊലീസ് വെടിവെച്ചു വീഴ്ത്തി

ബംഗലൂരു: മുത്തശ്ശിയെ ചെറുമകന്‍ കല്ലു കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. സുശീല എന്ന 60 കാരിയാണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ചെറുമകന്‍ കിഷോറിനെ പൊലീസ് വെടിവെച്ചു വീഴ്ത്തി കീഴ്‌പ്പെടുത്തി. 25 കാരനായ കിഷോര്‍ ഇന്നലെ വൈകീട്ട് വീട്ടില്‍ വെച്ച് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത സുശീലാമ്മ, വിവരം പൊലീസിനെ അറിയിക്കുമെന്നും പറഞ്ഞു.

അതുകേട്ടു പ്രകോപിതനായ കിഷോര്‍ മുത്തശ്ശിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കുശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. ഷിമോഗയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് രാവിലെ പൊലീസ് കെട്ടിടം വളഞ്ഞപ്പോള്‍ കിഷോര്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആകാശത്തേക്ക് വെടിവെച്ച പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂട്ടാക്കാതെ അക്രമത്തിനു മുതിര്‍ന്നതോടെ, പ്രതിയുടെ വലത്തേ കാല്‍മുട്ടിന് താഴെ പൊലീസ് വെടിവെച്ചു വീഴ്ത്തി സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ലഹരിക്ക് അടിമയായ കിഷോര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട സുശീലാമ്മ തന്നെ കിഷോറിനെതിരെ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു തരത്തിലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കിഷോര്‍ സൃഷ്ടിച്ചിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി.